മദ്യ നികുതി ഇളവ്, കരിമണൽ: അതൃപ്തി പരസ്യമാക്കി വേണുഗോപാൽ; സർക്കാരിന് മുന്നറിയിപ്പ്

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപ്പന നികുതി പകുതിയിലേറെയായി വെട്ടിക്കുറയ്ക്കാനും ധാതു മണൽ ഖനനത്തിനുമുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മദ്യ നയത്തിലും ധാതു മണലിന്റെ കാര്യത്തിലും ചില ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ആ ആശങ്കകൾ ദൂരികരിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. മദ്യനയം അടക്കം നയപരമായ കാര്യങ്ങളിൽ പാർടിക്കുള്ളിൽ കൂടിയാലോചനകൾ ഉണ്ടാകുമെന്നും ഇത്തരം കാര്യങ്ങളിൽ ചർച്ച ചെയ്യേണ്ട രീതിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. .
പുതിയ സർക്കാർ വന്നതേയുള്ളൂ. സർക്കാരെടുക്കുന്ന നിലപാടുകളിൽ ആർക്കെങ്കിലും പരാതികളുണ്ടെങ്കിൽ പാർടി തലത്തിൽ ചർച്ച ചെയ്യും. കരിമണൽ ഖനനത്തിൽ കോൺഗ്രസിന് ദേശീയ തലത്തിൽ ഒരു നിലപാടുണ്ട്. സംസ്ഥാന തലത്തിലും കോൺഗ്രസിനും യുഡിഎഫിനും നയമുണ്ട്. അതിനുള്ളിൽ നിന്നുകൊണ്ടു മാത്രമേ മുന്നോട്ടുപോകാൻ സാധിക്കുകയുള്ളൂ എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനം തള്ളി മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം ലിജുവും രംഗത്തെത്തിയിരുന്നു. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെപിസിസി മുൻ പ്രസിഡന്റ് വി എം സുധീരൻ സതീശന് കത്തയച്ചു. വകുപ്പും മന്ത്രിസഭയും മുന്നണിയും കോൺഗ്രസും അറിയാതെ സതീശൻ വൻകിട മദ്യക്കമ്പനികൾക്കുവേണ്ടി തീരുമാനം ബജറ്റിൽ തിരുകിക്കയറ്റിയതാണ് ഇവരെ ചൊടിപ്പിച്ചത്.
ലഹരി വിരുദ്ധപോരാട്ടത്തിന്റെ പേരിൽ ആഭ്യന്തര, എക്‌സൈസ് മന്ത്രിമാർ ഒരുവശത്തും മുഖ്യമന്ത്രി മദ്യലോബിക്കായി മറുവശത്തുമാണ് നിൽക്കുന്നത്. ടീം യുഡിഎഫ് എന്നത് വി ഡി സതീശനിൽ ഒതുങ്ങിയെന്ന ആരോപണം നേരത്തേയുണ്ട്. ഇത് ശരിവയ്‌ക്കുന്നതാണ് പുറത്തുവരുന്ന ഡീൽ കഥകൾ. മദ്യവ്യാപനം പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് നിർദേശം പിൻവലിക്കുന്നതോടൊപ്പം കരിമണൽ ഖനനം സ്വകാര്യമേഖലയ്‌ക്ക് കൈമാറുന്നതിനെയും വി എം സുധീരൻ എതിർത്തിട്ടുണ്ട്. മന്ത്രിമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, എം ലിജു, ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ എന്നിവർക്കും കത്തിന്റെ പകർപ്പ് അയച്ചു.










0 comments