print edition പാർടിയെ കൈപ്പിടിയിലൊതുക്കുന്നു; രാജീവ് ചന്ദ്രശേഖറിനെതിരെ കലാപക്കൊടി


സ്വന്തം ലേഖകൻ
Published on May 06, 2026, 12:00 AM | 1 min read
തിരുവനന്തപുരം: മൂന്ന് സീറ്റ് നേടാനായെങ്കിലും സംസ്ഥാനത്ത് പ്രതീക്ഷിച്ച വോട്ടുവിഹിതം നേടാൻ കഴിയാത്തതിനെച്ചൊല്ലി ബിജെപിയിൽ കലാപം ഉയരുന്നു. സ്വന്തം നേട്ടംമാത്രം ലക്ഷ്യമാക്കിയാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പ്രവർത്തിച്ചതെന്ന വികാരം ശക്തമാണ്. വിജയം പ്രതീക്ഷിച്ചിരുന്ന മഞ്ചേശ്വരത്തെയും പാലക്കാട്ടെയും തോൽവിയും വരുംദിവസങ്ങളിൽ വലിയ ചർച്ചയ്‌ക്ക് വഴിമരുന്നിടും. മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും പാലക്കാട്ട് ശോഭാ സുരേന്ദ്രനും എതിരെ ബിജെപിയിലെ ഒരുവിഭാഗം പ്രവർത്തിച്ചുവെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ് പുതിയ നേതൃത്വത്തിനെതിരെയുള്ള ഒളിയാക്രമണമാണ്. തോറ്റതെങ്ങനെയെന്ന് വോട്ടർമാർക്ക് ഇഷ്ടാനുസരണം വിലയിരുത്താമെന്നും പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും അവഗണിക്കപ്പെട്ടവരുടെയും ഒപ്പമുണ്ടാകുമെന്നുമാണ് സുരേന്ദ്രന്റെ കുറിപ്പ്.
രാജീവ് ചന്ദ്രശേഖറിന്റെ ഏകാധിപത്യ നടപടികൾക്കെതിരെ ശക്തമായ വികാരം ബിജെപിക്കുള്ളിലുണ്ട്. ഏറ്റവും സാധ്യതയുള്ള നേമം മണ്ഡലത്തിൽ സ്വയം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചാണ് രാജീവ് ചന്ദ്രശേഖർ കളത്തിലിറങ്ങിയത്. ബിജെപിയുടെ ഒൗദ്യോഗിക സംവിധാനമാകെ നേമം കേന്ദ്രീകരിച്ച് മാത്രമാണ് പ്രവർത്തിച്ചത്. ഇതിൽ മറ്റു മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർഥികൾക്ക് കടുത്ത അമർഷമുണ്ട്. കഴക്കൂട്ടത്ത് വി മുരളീധരൻ സ്വന്തം സംവിധാനം ഉപയോഗിച്ചാണ് പ്രവർത്തിച്ചത്. വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയെ സ്ഥാനാർഥിയാക്കിയതിലും ബിജെപിക്കുള്ളിൽ അമർഷമുണ്ട്. കഴിഞ്ഞ തവണ വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്തായിരുന്ന ബിജെപി ശ്രീലേഖയെ സ്ഥാനാർഥിയാക്കിയതിലൂടെ മൂന്നാം സ്ഥാനത്തുപോയി.
ട്വന്റി 20യെ മുന്നണിയിൽ ഉൾപ്പെടുത്തിയത് തികഞ്ഞ പരാജയമായെന്നാണ് വിലയിരുത്തൽ. ട്വന്റി 20യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട് മണ്ഡലത്തിൽപോലും എൻഡിഎയ്‌ക്ക് മേൽക്കൈ കിട്ടിയില്ല. രണ്ടു പാർടികളും വെവ്വേറെ മത്സരിച്ചപ്പോൾ നേടിയ വോട്ടുകൾപോലും ഇത്തവണ ഒരുമിച്ച് മത്സരിച്ചപ്പോൾ നേടാനായില്ല. ബിഡിജെഎസിന് നൽകിയ സീറ്റുകളിൽ പലയിടത്തും വോട്ടു കുറഞ്ഞു. ബിജെപിയുടെ വോട്ടുവിഹിതം കുറയാൻ ഇതൊക്കെ കാരണമായെന്ന് രാജീവ് ചന്ദ്രശേഖറിനെ എതിർക്കുന്ന പക്ഷം പറയുന്നു. ചാത്തന്നൂരിലെ വിജയം മുൻകൂട്ടി കാണാനാകാത്തതും നേതൃത്വത്തിന്റെ വീഴ്‌ചയായി വിലയിരുത്തുന്നു.











0 comments