ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിന് തുടക്കം
print edition ആൻഡ്രോയ്‌ഡ് കുഞ്ഞപ്പനല്ല, ഇത് മെഡി റോളർ

ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ മെഡി റോളറുമായി പീലക്സി ഷിബു ജേക്കബ് ( എംജിഎച്ച്‌എസ്എസ്. തുമ്പമൺ, പത്തനംതിട്ട ), ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ സ്മാർട്ട് വേസ്റ്റ് കളക്റ്റിങ് റോബോട്ടുമായി ബി എസ് മാധവ് കൃഷ്ണ (ജിവിഎച്ച്‌എസ്എസ്, മടിക്കൈ, കാസർഗോഡ് )

സ്വന്തം ലേഖകൻ
Published on Apr 30, 2026, 12:01 AM | 1 min read
കൊച്ചി: വീട്ടിൽ പ്രായമായ അച്ഛനോ അമ്മയോ ഒറ്റയ്‌ക്കാണെന്ന വിഷമം വേണ്ട. അവരുടെ ആരോഗ്യനില പരിശോധിക്കാനും പ്രശ്‌നമുണ്ടെങ്കിൽ ഡോക്ടറെ അറിയിക്കാനും സാധിക്കുന്ന റോബോട്ടിനെ പരിചയപ്പെടുത്തുകയാണ് പത്തനംതിട്ട തുന്പമൺ എംജിഎച്ച്‌എസ്‌എസ് ഒന്പതാം ക്ലാസ് വിദ്യാർഥി പീലെക്‌സി ജേക്കബ് ഷിബു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) സംഘടിപ്പിക്കുന്ന ലിറ്റിൽ കൈറ്റ്സ് ദ്വിദിന സംസ്ഥാന ക്യാമ്പിലാണ് ‘മെഡി റോളർ’ റോബോട്ട് എത്തിയത്. മൊബൈലിൽ ആപ്പ് ഇൻസ്‌റ്റാൾ ചെയ്‌താൽ ചികിത്സിക്കുന്ന ഡോക്ടർക്കും നിങ്ങൾക്കും റോബോട്ടിനെ നിയന്ത്രിക്കാം. രോഗിയുടെ ഹൃദയമിടിപ്പ് കുറഞ്ഞാൽ റോബോട്ട് ഡോക്ടറെ എസ്‌എംഎസ് വഴി അറിയിക്കും. റോബോട്ടിനുള്ളിൽ ഗുളികകളും ദ്രവരൂപത്തിലുള്ള മരുന്നും നിറയ്‌ക്കാനാകും. ഡോക്ടർ നിർദേശം കൊടുത്താൽ റോബോട്ട് മരുന്ന് നൽകും. രോഗിയുടെ ശബ്ദം സെൻസർകൊണ്ട് തിരിച്ചറിഞ്ഞാണ് റോബോട്ട് അടുത്തേക്ക് ചെല്ലുക.
ജില്ലാ ക്യാമ്പുകളിൽനിന്ന് തെരഞ്ഞെടുത്ത 204 വിദ്യാർഥികളാണ് ക്യാന്പിൽ പങ്കെടുക്കുന്നത്. വന്യജീവി ആക്രമണങ്ങളിൽനിന്ന് കൃഷിഭൂമി സംരക്ഷിക്കുന്ന ‘സ്‌മാർട്ട് വൈൽഡ് ആനിമൽ അലർട്ട്’ സംവിധാനമാണ് മൂവാറ്റുപുഴ വാഴക്കുളം സെന്റ് ലിറ്റിൽ തെരേസാസ് ഹൈസ്‌കൂൾ ഒന്പതാം ക്ലാസ് വിദ്യാർഥി റെക്‌സ് ഡോജിൻസ് അവതരിപ്പിച്ചത്. വന്യമൃഗങ്ങൾ കൃഷിഭൂമിയിൽ കടന്നാലുടൻ ഫോട്ടോ കർഷകന്റെ വാട്‌സാപ്പിലെത്തും. വന്യമൃഗങ്ങളുടെ ശരീരോഷ്‌മാവ് തിരിച്ചറിയുന്ന സംവിധാനം ശബ്ദം പുറപ്പെടുവിച്ച് തുരത്തിയോടിക്കും.
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ വരുംവർഷങ്ങളിൽ യുപി, എച്ച്‌എസ്‌എസ് തലങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌ത കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. വൈവിധ്യ വിഷയങ്ങളിൽ അമ്പതോളം അനിമേഷൻ സിനിമകളും കുട്ടികൾ അവതരിപ്പിച്ചു. പ്രൊഫഷണൽ ആനിമേറ്റർ ഫെലിക്സ് ദേവസ്യ സംസാരിച്ചു.











0 comments