print edition ചെലവ് ചുരുക്കിയിട്ടും രക്ഷയില്ല; പരിധിവിട്ട് കടമെടുപ്പ്

ഒ വി സുരേഷ്
Published on Aug 26, 2026, 01:30 AM | 1 min read
തിരുവനന്തപുരം: സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി അക്കൗണ്ടന്റ് ജനറൽ പുറത്തുവിട്ട ജൂലൈയിലെ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിലേക്ക് കടമെടുക്കാൻ കേന്ദ്ര സർക്കാർ അനുവാദം നൽകിയ 32,464 കോടി രൂപയിൽ 30,462 കോടിയും ഇതിനകം കഴിഞ്ഞു. നാലുമാസത്തേക്ക് 2,002 കോടിമാത്രമെന്ന ഗുരുതര സാഹചര്യമാണുള്ളത്. ശമ്പളം, പെൻഷൻ തുടങ്ങിയ വലിയ ചെലവുകൾകൂടാതെ വികസനാവശ്യങ്ങൾക്കും പണം കണ്ടെത്താതിരിക്കുമ്പോൾ സംസ്ഥാനം വലിയ ഭരണസ്‌തംഭനത്തെ നേരിടേണ്ടിവരും.
വി ഡി സതീശൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ കടമെടുപ്പിനെ നിശിതമായി വിമർശിച്ചിരുന്നു. സംസ്ഥാന ഖജനാവിൽ പൂച്ച പെറ്റുകിടക്കുകയാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ പണംകൊണ്ടു നിറയ്‌ക്കുമെന്നുമായിരുന്നു വാഗ്‌ദാനം. ഭരണത്തിലേറി മൂന്നുമാസം കഴിഞ്ഞപ്പോഴേക്കും അത് പൊള്ളയെന്ന് തെളിഞ്ഞു. പ്രഥമ ബജറ്റിൽതന്നെ ആറായിരം കോടിയുടെ പദ്ധതി അടങ്കൽ വെട്ടിക്കുറച്ചു. എല്ലാത്തിലും യു ടേൺ അടിക്കുന്നതിനാൽ കടമെടുപ്പിനോടുള്ള അലർജിയും ഇല്ലാതായി. കേന്ദ്ര ധനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്‌ചയിലെ ആവശ്യം കടമെടുപ്പ് പരിധി മൂന്നിൽനിന്ന് നാലുശതമാനമാക്കണമെന്നായിരുന്നു.
എജിയുടെ കണക്കുപ്രകാരം ജൂലൈവരെയുള്ള കടമെടുപ്പ് 26,461.75 കോടിയാണ്. ഇത് ആകെ വരുമാനമായ 70,779.32 കോടിയുടെ 37.4 ശതമാനമാണ്. ആഗസ്‌തിൽ രണ്ടുതവണയായി നാലായിരം കോടിയുമെടുത്തു. എൽഡിഎഫ് ഭരണത്തിലുണ്ടായിരുന്ന കഴിഞ്ഞ സാമ്പത്തിക വർഷം കടംവഴിയുള്ള വരുമാനം 21,206 കോടിയായിരുന്നു; ആകെ വരുമാനം 60,981 കോടിയും. ആകെ വരുമാനത്തിന്റെ 34.77 ശതമാനമായിരുന്നു വായ്‌പ. ഇപ്പോൾ കടം വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 2.63 ശതമാനം അധികമാണ്. ബജറ്റ് ലക്ഷ്യമായ റവന്യൂ വരുമാനത്തിൽ 33,311 കോടി എപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽതന്നെ ഖജനാവിലെത്തിയിരുന്നു. ഇതിൽ 28,060 കോടിയും നികുതി വരുമാനമാണ്. എൽഡിഎഫ് സർക്കാർ ജിഎസ്ടി വകുപ്പിൽ നടത്തിയ ഘടനാപരമായ മാറ്റവും നികുതി ചോർച്ച തടയാൻ ഐടി അധിഷ്ഠിതമായി സ്വീകരിച്ച കർശന നടപടികളുമാണ് വരുമാനവർധനവിന് കാരണം.









0 comments