‘അണലി’ക്ക് വിലക്കില്ല: കൂടത്തായി പ്രതി ജോളിയുടെ ഹർജി തീർപ്പാക്കി

കൊച്ചി: കൂടത്തായി കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ‘അണലി’ വെബ് സീരിസ് റിലീസ് ഹെെക്കോടതി തടഞ്ഞില്ല. പരാതിയിൽ തീർപ്പുകൽപിക്കാൻ ഐ ടി നിയമപ്രകാരം മറ്റ് സംവിധാനങ്ങൾ നിലവിലുണ്ടെന്ന് വ്യക്തമാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഹർജിയിലെ തുടർ നടപടികൾ തീർപ്പാക്കി.
ജിയോ ഹോട്ട്സ്റ്റാർ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ സീരീസ് പുറത്തിറക്കുന്നത് തടയണമെന്നാവശ്യപ്പെട്ട്, കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ജോളിജോസഫ് തന്നെയാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. വെബ് സീരീസ് തന്നെ അപകീർത്തിപ്പെടുത്തുമെന്നും വിചാരണയെ ബാധിക്കുമെന്നുമായിരുന്നു വാദം. ജോളിയുടെ പരാതി നേരത്തെ വാർത്താവിനിമയ മന്ത്രാലയം ജിയോ ഹോട്ട്സ്റ്റാറിന്റെ ഗ്രീവൻസ് സെല്ലിന് കൈമാറിയിരുന്നു. ഈ പരാതി കമ്പനി തള്ളിയിരുന്നു. തുടർന്നും ജോളിക്ക് ഇൻഫർമേഷൻ ടെക്നോളജി റൂൾസ് പ്രകാരം അപ്പീൽ നൽകാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കിയാണ് ഹർജി ഹെെക്കോടതി തീർപ്പാക്കിയത്.










0 comments