ad
Deshabhimani

സർവകലാശാലകൾ പോർട്ടൽ തുടങ്ങും; നാലുവർഷ ബിരുദ സിലബസുകൾക്ക് ഫീഡ്ബാക്ക് സംവിധാനം: ആർ ബിന്ദു

minister r bindu

ഫയൽ ചിത്രം

വെബ് ഡെസ്ക്

Published on Feb 06, 2025, 08:51 PM | 1 min read

തേഞ്ഞിപ്പലം: വിവിധ സർവകലാശാലകൾ തയ്യാറാക്കിയ നാലുവർഷ ബിരുദ പ്രോഗ്രാം സിലബസുകൾ സമഗ്രമായി സർവകലാശാലാ തലത്തിൽ അവലോകനം ചെയ്യാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ- വകുപ്പ്‌ മന്ത്രി ഡോ. ആർ ബിന്ദു. സർവകലാശാലകൾ ഇതിനായി പോർട്ടൽ ആരംഭിക്കും. തിരുവനന്തപുരത്ത് നടന്ന നാലു വർഷ ബിരുദ പ്രോഗ്രാമിന്റെ അവലോകനയോഗത്തിലാണ്‌ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്‌.


സിലബസുകളുടെ ഗുണ നിലവാരം ഉറപ്പു വരുത്തുന്നതിനും ഓരോ കോഴ്‌സുമനുസരിച്ച് വിദ്യാർഥികൾ ആർജിക്കേണ്ട ജ്ഞാനം, നൈപുണി, അഭിരുചി എന്നിവ ഉറപ്പു വരുത്താനുമാണ് സിലബസ് അവലോകനം - മന്ത്രി പറഞ്ഞു. തെരഞ്ഞെടുത്ത കോഴ്സുകൾ സംസ്ഥാന തലത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ റിവ്യൂ ചെയ്യും. വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുസമൂഹത്തിനുമടക്കം സർവകലാശാലാ സിലബസിനെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനാണ് പോർട്ടൽ തുടങ്ങുക. ഈ പോർട്ടലുകളിൽ വരുന്ന അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അതത് പഠനബോർഡുകൾ പരിഗണിക്കും. തുടർന്ന് എല്ലാ സർവകലാശാലാ പഠന ബോർഡുകളും സ്വന്തം സിലബസ് സമഗ്രമായി അവലോകനം ചെയ്ത് ആവശ്യമായ നടപടികൾ സ്വീകരിക്കും.


കരിക്കുലം കമ്മിറ്റി ചെയർമാനായിരുന്ന പ്രൊഫ. സുരേഷ് ദാസിന്റെ അധ്യക്ഷതയിൽ സംസ്ഥാന തലത്തിൽ പ്രധാനപ്പെട്ട കോഴ്‌സുകളുടെ അവലോകനം ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.


നാലുവർഷ ബിരുദം നടപ്പിലാക്കിയതിന്റെ ഭാഗമായി നിലവിലെ പഠന-പാഠ്യേതര- പരീക്ഷാ-മൂല്യനിർണ്ണയ രീതികളിൽ വലിയ മാറ്റങ്ങളാണ് നിർദ്ദേശിച്ചിട്ടുള്ളത്. ഇവയിൽ സംസ്ഥാനത്തെ മുഴുവൻ സർക്കാർ-എയ്ഡഡ്-സ്വാശ്രയ കോളേജുകളിലെ അധ്യാപകർക്കും പരിശീലനം നല്കാനും യോഗം തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. പുതുതായി ആരംഭിച്ച ടീച്ചിങ്‌ ആൻഡ് ലേണിങ്‌ സെന്റർ ഓഫ് എക്സലൻസിന്റെയും സർവകലാശാലയുടെയും കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാവും പരിശീലനപരിപാടികൾ.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home