print edition ബിജെപി ഫണ്ട് കുംഭകോണം: നേതാക്കൾ ആഭ്യന്തര യുദ്ധത്തിലേക്ക്


വി എസ് വിഷ്‌ണുപ്രസാദ്
Published on Jul 15, 2026, 12:01 AM | 1 min read
തിരുവനന്തപുരം: ബിജെപിയിലെ ഫണ്ട് കുംഭകോണം നേതാക്കൾ തമ്മിലുള്ള ആഭ്യന്തര യുദ്ധത്തിലേക്ക് നീങ്ങുന്നു. ആരും അറിയാതെ ഒതുക്കിത്തീർക്കാൻ നോക്കിയ വന്പൻ തട്ടിപ്പ് നേതാക്കൾക്കിടയിൽനിന്നുതന്നെയാണ് ചോർന്നത്. അഖിലേന്ത്യാ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിന് ഒരു നേതാവ് അയച്ച പരാതിയുടെ പൂർണരൂപം പുറത്തുവന്നതോടെ ലക്ഷ്യം ആരെന്ന് ബോധ്യമായി. പിന്നാലെ, സംസ്ഥാന തെരഞ്ഞെടുപ്പ് മാനേജിങ് കമ്മിറ്റിയുടെ ചുമതലക്കാരുടെ പട്ടിക ഒരുവിഭാഗം പുറത്തുവിട്ടു.
ഇതോടെ ആരോപണമെല്ലാം ഒരാളുടെ നേർക്കുമാത്രമായി. പുറത്തുവന്ന ഭാരവാഹി പട്ടിക അനുസരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷാണ് തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റി കൺവീനർ. സംസ്ഥാന സെക്രട്ടറിയുൾപ്പെടെ നടപടിക്ക് വിധേയരായ മൂന്നുനേതാക്കളും വിവിധ കമ്മിറ്റികളുടെ ചുമതലക്കാരാണ്. ക്രമക്കേടുകൾ കണ്ടെത്തിയയാൾ എന്ന് കരുതുന്ന സംസ്ഥാന ട്രഷറർക്കെതിരെ ബിജെപി അനുകൂല ഓൺലൈൻ മാധ്യമത്തിൽ വാർത്ത നൽകിയതും പിന്നീട് അത് പിൻവലിച്ചതുമാണ് പുതിയ വിവാദം.
ഇൗ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്രഷറർ ഇ കൃഷ്‌ണദാസ് സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചു. വിശ്വസനീയമായ കേന്ദ്രത്തിൽനിന്നാണ് വാർത്ത കിട്ടിയതെന്നാണ് മാധ്യമത്തിന്റെ വിശദീകരണം. രാജീവ് ചന്ദ്രശേഖർ– എസ് സുരേഷ് കൂട്ടുകെട്ടിന്റെ കീഴിൽ അപ്രസക്തരാക്കപ്പെട്ട മറ്റുനേതാക്കൾക്ക് വീണുകിട്ടിയ അവസരമാണ് ഫണ്ട് കുംഭകോണം. ‘ബന്ധപ്പെട്ടവരോട് ചോദിക്ക്’ എന്ന വി മുരളീധരന്റെ പ്രതികരണംതന്നെ നിലവിലെ നേതൃത്വത്തോടുള്ള വെല്ലുവിളിയാണ്. ആഭ്യന്തര കലഹം രൂക്ഷമായതോടെ, കേന്ദ്രനേതൃത്വത്തിനുമുന്നിൽ കൂടുതൽ പരാതികളും തെളിവുകളും പ്രവഹിക്കുകയാണ്.











0 comments