ആറാട്ടുപുഴയിൽ വ്യാജസർട്ടിഫിക്കറ്റിൽ കോൺഗ്രസ് നേതാവിന്റെ ഭാര്യയ്‌ക്ക് ജോലി

ആലപ്പുഴ: ആറാട്ടുപുഴ പഞ്ചായത്തിൽ കോൺഗ്രസ് നേതാവിന്റെ ഭാര്യ വ്യാജ ബിരുദസർട്ടിഫിക്കറ്റ് ഹാജരാക്കി തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം -ഡാറ്റ എൻട്രി ഓപ്പറേറ്ററായി ജോലിചെയ്‌തത് 10 വർഷത്തോളം. പഞ്ചായത്ത് പ്രസിഡന്റ് മൈമൂനത്ത് ഫഹദ്, സ്ഥിരംസമിതി ചെയർമാൻ ശ്യാംകുമാർ എന്നിവരടക്കം ക്രമക്കേടുകൾക്ക് കൂട്ടുനിന്ന മുഴുവൻ കോൺഗ്രസ് പഞ്ചായത്തംഗങ്ങളും രാജിവയ്‌ക്കണമെന്ന് എൽഡിഎഫ് പാർലമെന്ററി പാർടി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഇവർക്കെതിരെ കേസെടുക്കണം.വ്യാജ സർട്ടിഫിക്കറ്റിന്റെ ഉറവിടം ക്രൈംബ്രാഞ്ച് അന്വേഷിക്കണം. വാങ്ങിയ ശമ്പളത്തുകയും മറ്റാനുകൂല്യങ്ങളും പലിശ സഹിതം തിരിച്ചുപിടിയ്‌ക്കണം. യുഡിഎഫ് ഭരിച്ച 2015–-20 കാലത്താണ് വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി അന്നത്തെ ആസൂത്രണ സമിതി അധ്യക്ഷൻ അനിൽകുമാറിന്റെ ഭാര്യ ജെ നിമ്മി ജോലി നേടിയത്. മൈമൂനത്ത് ഫഹദ്, എസ് ശ്യാംകുമാർ, അന്നത്തെ പ്രസിഡന്റ് എസ് അജിത എന്നിവർക്ക് നിയമനത്തിൽ സുപ്രധാന പങ്കുണ്ട്. 2004ൽ കേരള സർവകലാശാലയിൽനിന്ന് ബികോമും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽനിന്ന് പിജിഡിസിഎയും ഫസ്റ്റ് ക്ലാസിൽ ജയിച്ചതായ സർട്ടിഫിക്കറ്റുകളാണ് നിമ്മി ഹാജരാക്കിയത്. ബികോം, പിജിഡിസിഎ സർട്ടിഫിക്കറ്റിൽ പഠന കാലയളവ് 2004 എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടിട്ടും സൂക്ഷ്മ പരിശോധന നടത്തിയില്ല.
നിമ്മി 2017ൽ ഹാജരാക്കിയ ബി കോം സർട്ടിഫിക്കറ്റ് വ്യാജമാണെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെ ഇവർ ജോലി രാജിവച്ചു. നിമ്മി നൽകിയ 109189 നമ്പർ ഒരു വിദ്യാർഥിക്കും 2004ൽ കേരള സർവകലാശാല നൽകിയിട്ടില്ല. പാർലിമെന്ററി പാർട്ടി ലീഡർ എം പ്രതാപൻ, അംഗങ്ങളായ പ്രിയരാജൻ, ജയ മനു, ലത തുളസിദാസ്, രമ്യജ്യോതി, സോമ സുനി, പ്രിയ സിപിഐ എം ആറാട്ടുപുഴ കിഴക്ക് ലോക്കൽ സെകട്ടറി ആർ രാജേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
വ്യാജ മസ്റ്റർ റോളുണ്ടാക്കിയും തട്ടിപ്പ്
വ്യാജ സർട്ടിഫിക്കറ്റിൽ ജോലിക്ക് കയറിയ നിമ്മി തൊഴിലുറപ്പ് പദ്ധതിയിൽ നിരവധി വ്യാജ മസ്റ്റർ റോളുകൾ സൃഷ്ടിച്ചു. 2018ൽ കോൺഗ്രസുകാരിയായ എകെജി നഗർ വാർഡംഗം സുനു ഭർത്താവ് ഉദയലാൽ ജൈവവേലി നിർമിച്ചെന്ന് വ്യാജ മസ്റ്റർ റോളുണ്ടാക്കി പണംതട്ടി. വിവാദമായതോടെ ഡിഡിപി നൽകിയ നിർദേശം അവഗണിച്ച് നിമ്മിയുടെ കരാർ പുതുക്കി. എൽഡിഎഫ് അംഗങ്ങളും പഞ്ചായത്ത് സെക്രട്ടറിയും വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. 2020ൽ എൽഡിഎഫ് ഭരണസമിതി ക്രമക്കേടുകൾ അന്വേഷിച്ച് കുറ്റക്കാരിയെന്നു കണ്ടെത്തി പിരിച്ചുവിട്ടു. നിമ്മി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ച് സ്റ്റേ വാങ്ങി.
വിചാരണ പുരോഗമിച്ചതോടെ ട്രൈബ്യൂണലിൽ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയ നിമ്മി കേസ് പിൻവലിച്ച് കേരളഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിമ്മി കുറ്റക്കാരിയെന്ന് കണ്ടെത്തുകയും ശിക്ഷ തീരുമാനിക്കാൻ കലക്ടറോട് നിർദേശിക്കുകയും ചെയ്തു. പഞ്ചായത്തിന് നഷ്ടമായതുക പലിശസഹിതം ഇൗടാക്കി ജോലിയിൽ തുടരാൻ അനുവദിക്കണമെന്ന വിചിത്രമായ ഉത്തരവാണ് കലക്ടർ നൽകിയത്. ഈ വിവരം ഉദ്യോഗസ്ഥർ മറച്ചുവച്ചു. ആഗസ്‌ത് 13ന് നിമ്മിയുടെ പെർഫോമൻസ് അപ്രൈസർ പുതുക്കി നൽകണമെന്ന് ജോയിന്റ് പ്രോഗ്രാം കോ–ഓർഡിനേറ്റർ നിർദേശിച്ചെങ്കിലും എൽഡിഎഫ് ഭരണസമിതി തയ്യാറായില്ല. 2025 ഡിസംബറിൽ അധികാരത്തിൽവന്ന യുഡിഎഫ് ഭരണസമിതി നിമ്മിയുടെ അപ്രൈസർ പുതുക്കി നൽകി.









0 comments