ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ എംബാങ്ക്‌മെന്റ് മത്സ്യകൃഷി

കോട്ടയം ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ എംബാങ്ക്മെന്റ് മത്സ്യകൃഷിയുടെ സംസ്ഥാനതല ഉദ്‌ഘാടനവും ആദ്യ വിൽപ്പനയും ശനിയാഴ്ച നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പകൽ 2.30ന് വൈക്കം ഉദയനാപുരത്ത് മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യും. സി കെ ആശ എംഎൽഎ അധ്യക്ഷയാകും. പടിഞ്ഞാറേക്കര നവോദയ ഫിഷ് ഫാമിങ് ക്ലബ്ബുമായി ചേർന്ന് വൈക്കം ഉദയനാപുരം ഏഴാംവാർഡിലെ ചെട്ടിച്ചാലിലെ 1.2 ഹെക്ടർ പ്രദേശത്താണ് എംബാങ്ക്മെന്റ് മത്സ്യകൃഷി. ആദ്യവിൽപന മന്ത്രിയിൽനിന്ന് സംവിധായകൻ എബ്രിഡ് ഷൈൻ ഏറ്റുവാങ്ങും. മത്സ്യകൃഷി വ്യാപിപ്പിക്കാൻ ജലാശയങ്ങളിൽ നീരൊഴുക്കിനെ തടസ്സപ്പെടുത്താതെ താൽക്കാലിക തടയണകൾ നിർമിച്ച് തദ്ദേശീയ മത്സ്യവിത്തുകൾ നിക്ഷേപിച്ച് ശാസ്ത്രീയ പരിപാലന രീതിയിൽ മത്സ്യകൃഷി സാധ്യമാക്കുക എന്നതാണ് ഫിഷറീസ് വകുപ്പ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നവോദയ ഫിഷ് ഫാമിങ് ക്ലബ്ബിന്റെ അംഗത്വവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ് ആർ രമേഷ് ശശിധരൻ, വാർഡംഗം രേവതി മനീഷ്, നവോദയ ഫിഷ് ഫാമിങ് ക്ലബ് ട്രഷറർ കെ ജി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.










0 comments