ഓരോ തുഴത്താളത്തിലും ആന്റണിയുടെ കരവിരുത്

കോട്ടയം ഇനി ദിവസങ്ങൾ മാത്രം... പുന്നമടക്കായലിന്റെ ഓളപ്പരപ്പിൽ തുഴയെറിയാൻ ജലരാജാക്കൻമാർ ഒരുങ്ങുകയായി. കൈക്കരുത്തിൽ തുഴയെറിഞ്ഞ് ചുണ്ടൻവള്ളങ്ങൾ പോരാട്ടത്തിനിറങ്ങുന്ന നാളിനായി നാട് കാത്തിരിക്കുമ്പോൾ ചിങ്ങവനം കുഴിമറ്റം മ്ലാന്തടത്തിൽ ആന്റണിയും തിരക്കിലാണ്. തുഴകൾ കണക്ക് തീർക്കുന്ന ജലോത്സവത്തിൽ വള്ളങ്ങളുടെ കുതിപ്പിനായി തുഴ തയ്യാറാക്കാനുള്ള പണിപ്പുരയിലാണ് അദ്ദേഹം. സ്‌കൂൾ പഠനകാലത്ത് അമ്മയുടെ അച്ഛൻ മോശയോടൊപ്പം തുഴ നിർമാണം ആരംഭിച്ച ആന്റണി 65–-ാം വയസിലും മേഖലയിൽ സജീവമാണ്. നടുഭാഗം ചുണ്ടനുമായി നെഹ്‌റു ട്രോഫി മത്സരത്തിന് ഒരുങ്ങുന്ന കുമരകം ടൗൺ ക്ലബിനായാണ് നിലവിൽ തുഴ നിർമാണം. കൂടാതെ രണ്ട് ചെറുവള്ളങ്ങൾക്കും തുഴകൾ ഒരുക്കുന്നു. വർഷങ്ങളായി ജലോത്സവത്തിന്റെ ആഘോഷത്തിനൊപ്പം ചേരുന്നുണ്ടെങ്കിലും പ്രായത്തിന്റെ പരിമിതികളാൽ നിർമാണത്തിൽ ഇപ്പോൾ പിന്നോട്ടാണെന്ന് അദ്ദേഹം പറയുന്നു. വർഷം 700മുതൽ 1000വരെ തുഴകൾ നിർമിക്കുന്നിടത്ത് ഇപ്പോൾ 500 തുഴകൾ മാത്രമാണ് ഉണ്ടാക്കാറുള്ളത്. നിർമാണത്തിനുള്ള ചൂണ്ടപ്പനയുടെ ലഭ്യതക്കുറവും ഉൽപാദനച്ചെലവും തിരിച്ചടിയാകുകയാണെന്ന് അദ്ദേഹം പറയുന്നു. ഈരാറ്റുപേട്ട, പാലാ, തൊടുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽനിന്നാണ് പനകൾ കൊണ്ടുവരുന്നത്. പന മുറിച്ച് പണിയിടങ്ങളിൽ എത്തിക്കുമ്പോഴേക്കും ചെലവ് ഏകദേശം 6000 രൂപയാകും. ഒരു പനയിൽനിന്ന് പരമാവധി 30 തുഴകളാണ് ഉണ്ടാക്കാനാകുക. ഒന്നിന് 700 രൂപയാണ് വില. പണിക്കൂലി കൂടിയാകുമ്പോൾ ഉൽപാദനച്ചെലവിൽ വലിയ വർധനയാണ്. പുതിയ തലമുറ മേഖലയിലേക്ക് കടന്നുവരാത്തതും തിരിച്ചടിയായി. ജലോത്സവങ്ങൾ കൂടാതെ കുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിലെ കടകളിലേക്കായും തുഴകൾ നിർമിക്കുന്നു. ആന്റണിയുടെ ബന്ധുവിന്റെ ഉൾപ്പെടെ നാല് തുഴ നിർമാണ യൂണിറ്റുകളാണ് ജില്ലയിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.










0 comments