പ്രതിബദ്ധതയുടെ മുറിവുകൾ : ജിന പനെ ; കലകൊണ്ടു പൊരുതി മുറിഞ്ഞ കലാകാരി

സമൂഹത്തിന്റെയും വ്യക്തിയുടെയും നേരെ ഉയർന്നുവന്ന വിലക്കുകളെ നേരിടാൻ ജിന പനെ സ്വന്തം ശരീരത്തിൽ മുറിവുകൾ സൃഷ്ടിച്ചുകൊണ്ടാണ് കലാവിഷ്കാരങ്ങൾ നടത്തിയത്. ഭരണകൂട സൃഷ്ടിയായ മഹാദുരന്തങ്ങളുടെയും അതിന്റെ താല്പര്യങ്ങൾക്കുവേണ്ടിയുള്ള യുദ്ധങ്ങളുടെയും നടുവിൽ പ്രതികരിക്കാനാവാതെ നിഷ്‌ക്രിയമാകുന്ന സമൂഹത്തെ ഉണർത്തുന്നതിനുവേണ്ടിയായിരുന്നു സ്വന്തം ശരീരത്തെ പീഡിപ്പിച്ചുകൊണ്ട് അവർ കലാപ്രവർത്തനത്തിൽ ഏർപ്പെട്ടത്.
കലയിൽ ജീവിതാനുഭവത്തിന് പകരം ഭരണകൂട താല്പര്യങ്ങൾക്ക് ഊന്നൽ നൽകിയുള്ള ആവിഷ്കാരങ്ങൾ സമൂഹത്തെ നിഷ്ക്രിയത്വത്തിലേക്കും അന്യവൽക്കരണത്തിലേക്കും നയിക്കുമെന്ന് ഉറച്ചുവിശ്വസിക്കുകയും സാമ്രാജ്യത്വത്തിനെതിരെ കലകൊണ്ടുപൊരുതി മുറിവുകൾ ഏറ്റുവാങ്ങുകയും ചെയ്‌ത കലാകാരിയാണ് ജിന പനെ.
കലയിൽ മനുഷ്യരുടെ ജീവിതാനുഭങ്ങൾക്ക് പകരം കമ്പോള താൽപ്പര്യങ്ങളെ ആവിഷ്കരിക്കുവാനുള്ള സമ്മർദത്തിനുവഴങ്ങി കലാലോകം കോർപറേറ്റുകളുടെ മുന്നിൽ നട്ടെല്ല് വളച്ചു വിധേയമായി നിൽക്കുന്ന വർത്തമാനത്തിലൂടെയാണ് കാലം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 'വിധേയത്വം’ ഇപ്പോൾ കലാലോകത്ത് പകർച്ചവ്യാധിയായി പടരുകയാണ്. കോർപ്പറേറ്റ് ഏജൻസികളുടെ ബ്രോക്കർമാരാണിപ്പോൾ ഇന്ത്യയിൽ കലയുടെ മൂല്യം നിർണയിക്കുന്നത്.
ആർട്ട് പ്രൊമോട്ടമാരുടേയും ക്യുറേറ്റർമാരുടെയും വേഷമണിഞ്ഞവരും ഈ ബ്രോക്കർമാരിൽ പെടും. കലയുടെ പേരിൽ ഖജനാവ് കൊള്ളയടിച്ചുകൊണ്ടിരിക്കുന്ന ഇത്തരക്കാർ കെട്ടുകാഴ്ചകളെയും, ബ്രാഹ്മണ്യത്തിന്റെ അറപ്പുളവാക്കുന്ന വേഷം കെട്ടലുകളെയും ആനുകാലിക കലകളായി വ്യാഖ്യാനിക്കുക മാത്രമല്ല ഈ അരാഷ്ട്രീയ കോമാളിത്തങ്ങളെ കാലാസ്ഥാപനങ്ങളുടെ നിയമാവലികളിൽ എഴുതിച്ചേർക്കുവാൻ നിർദേശിക്കുകയും ചെയ്യുന്നു. അധികാരി വർഗത്തിന്റെ വംശീയ നിലപാടുകൾക്ക് കലാ ഭാഷ്യങ്ങൾ ചമയ്ക്കുവാൻ ഇവർ എറിഞ്ഞു കൊടുക്കുന്ന എല്ലിൻ കഷണങ്ങൾക്കു വേണ്ടിയുള്ള തിക്കും തിരക്കും ഇന്ത്യൻ നഗരങ്ങളിൽ നടക്കുന്ന കലാമേളകളിൽ നിരന്തരം കാണുന്ന ദുരന്ത ദൃശ്യങ്ങളാണ്.
കാലം കരുവാളിച്ചു നിൽക്കുമ്പോൾ, പ്രതിഷ്ഠാപന കലകൾക്കും പെർഫോമൻസ് ആർട്ടിനും ഉള്ളടക്കത്തിൽ ഉണ്ടാവേണ്ട ചരിത്രപരവും രാഷ്ട്രീയവുമായ സത്തയെ ചോർത്തിക്കളയുന്ന അവതരണങ്ങൾ കലാ മാമാങ്കങ്ങളിൽ ഇത്തരം ബ്രോക്കർമാരുടെ കാർമികത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന സന്ദർഭത്തിൽ സ്വന്തം ശരീരം മുറിപ്പെടുത്തി ഒലിച്ചിറങ്ങുന്ന ചോരയിലൂടെ ലോകത്തോട് സംവദിച്ച ജിന പനെയുടെ ആവിഷ്കാരങ്ങൾക്ക് പ്രസക്തിയേറെയാണ്.
സമൂഹത്തിന്റെയും വ്യക്തിയുടെയും നേരെ ഉയർന്നുവന്ന വിലക്കുകളെ നേരിടാൻ ജിന പനെ സ്വന്തം ശരീരത്തിൽ മുറിവുകൾ സൃഷ്ടിച്ചുകൊണ്ടാണ് കലാവിഷ്കാരങ്ങൾ നടത്തിയത്.
ഭരണകൂട സൃഷ്ടിയായ മഹാദുരന്തങ്ങളുടെയും അതിന്റെ താല്പര്യങ്ങൾക്കുവേണ്ടിയുള്ള യുദ്ധങ്ങളുടെയും നടുവിൽ പ്രതികരിക്കാനാവാതെ നിഷ്‌ക്രിയമാകുന്ന സമൂഹത്തെ ഉണർത്തുന്നതിനുവേണ്ടിയായിരുന്നു സ്വന്തം ശരീരത്തെ പീഡിപ്പിച്ചുകൊണ്ട് അവർ കലാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. ചോരകൊണ്ടാണവർ സമൂഹത്തെ ചോദ്യം ചെയ്തത്.
ആദിവാസികളും, ദളിതരും, കുട്ടികളും, സ്ത്രീകളും, കർഷകരും ഇന്ത്യയിൽ കൊടിയ പീഡനത്തിനു വിധേയമായിക്കൊണ്ടിരിക്കുമ്പോൾ മൗനത്തിന്റെ മുനിയറകളിലേക്ക് ഒട്ടകപ്പക്ഷിയെപ്പോലെ തല പൂഴ്ത്തുന്ന ഇന്ത്യൻ കലാലോകം ഉഷാറാകുന്നത് ബ്രോക്കർമാരും കോർപറേറ്റുകളും സംഘടിപ്പിക്കുന്ന കലാമേളകളിൽ മാത്രമാണ്.
ഇങ്ങനെയുള്ളവർക്ക് ജിന പനെയുടെ കലാ ജീവിതം പാഠമാകേണ്ടതാണ്. പ്രതികരണശേഷി നഷ്ടപ്പെട്ട സമൂഹത്തിനു മുന്നിൽ അവർ സ്വന്തം മാംസത്തിൽ കത്തിയാഴ്ത്തി മുറിവുകൾ സൃഷ്ടിച്ചു. അധികാരി വർഗത്തിന്റെ പൊതു നയത്തെയും കപടമായ ധാർമികതയെയും, ഭരണകൂട ചൂഷണങ്ങളേയും ജിന പനെ തന്റെ കലയിലൂടെ നിരന്തരം തുറന്നുകാട്ടി.
ഭരണകൂടത്തിന്റെ കയ്യേറ്റങ്ങളെയും അനീതിയെയും ചോദ്യം ചെയ്തവരും, നീതി നടപ്പാക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരും, പത്രപ്രവർത്തകരും, എഴുത്തുകാരും ഇന്ത്യയിൽ കൊല്ലപ്പെടുകയോ ജയിലിൽ അടയ്ക്കപ്പെടുകയോ ചെയ്യുന്നു.
മണിപ്പുർ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കൽബുർഗി, പൻസാരെ, ധൽബോൾക്കർ മുതൽ ഗൗരി ലങ്കേഷ് വരെയുള്ള മനുഷ്യസ്നേഹികൾ ഹൃദയാഘാതം മൂലം മരിച്ചവരല്ല. അവർ ഭരണകൂടത്തിന്റെ ഒത്താശയോടെ ഇന്ത്യയിൽ കൊലചെയ്യപ്പെട്ടവരാണ്.
സമൂഹത്തിനുവേണ്ടി ധൈഷണിക ജീവിതം അവസാനിപ്പിക്കേണ്ടിവന്ന രക്തസാക്ഷികളാണവർ. ജീവത്തായ ആവശ്യങ്ങൾ ഉയർത്തി സമരം ചെയ്യുന്ന കർഷകരെ ഭരണകൂടം വെടിവെച്ചു കൊല്ലുമ്പോഴും ഇന്ത്യൻ കലാലോകം തളർവാതം പിടിപെട്ട് കിടപ്പിലാണ്.
1970കളിലെഅടിയന്തരാവസ്ഥയിൽ മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിച്ച ഭരണകൂടത്തിനെതിരെ പൊരുതിനിന്ന പാരമ്പര്യമാണ് ഇന്ത്യയിലെ കലാകാരന്മാർക്കുള്ളത്. എന്നാൽ ഒരു വ്യാഴവട്ടക്കാലമായി അടിമത്തത്തിന്റെ നുകം ചുമക്കുന്നത് ഇക്കിളിയിൽ കുതിർന്ന അനുഭൂതിയായി ആസ്വദിക്കുകയാണ് ഇന്ത്യൻ കലാലോകം.
കോഴിമുട്ടയും തലയോട്ടിയും കൈയിലേന്തി ദുർമന്ത്രവാദിയെപ്പോലെ മെലോഡ്രാമ നിറഞ്ഞ അലർച്ചകളും, മെഴുകുതിരി വെട്ടത്തിൽ ഹസ്തരേഖകൾ കാട്ടലും, വായ വിടർത്തി പല്ലുകൾ ഇളച്ചുകാട്ടിക്കൊണ്ടു നടത്തുന്ന മിമിക്രിയും മറ്റും 'പെർഫോമൻസ് ആർട്ട്’ എന്ന ലേബലിൽ അവതരിപ്പിക്കുന്ന അരാഷ്ട്രീയമായ പ്രകടനങ്ങളല്ല കാലം ഇപ്പോൾ ആവശ്യപ്പെടുന്നത്.
കലാപ്രയോഗങ്ങളുടെ അധീശത്വവും ആശയാധികാരവും, ജ്ഞാനവും തന്നിൽ മാത്രം നിക്ഷിപ്തമാണെന്ന് സ്ഥാപിച്ചെടുക്കാനായി, അൻസെലം കൈഫെർ എന്ന ജർമൻ കലാകാ
കൈഫെർ
രന്റെ ഇൻസ്റ്റലേഷൻ (ദൃശ്യ സത്തയും) ഘടന അതേപടി പകർത്തിയും, പുസ്തകങ്ങൾ വിലയ്ക്കുവാങ്ങി ഷെൽഫുകളിൽ നിറച്ച് ഗ്യാലറികളിൽ ‘ദൃശ്യ കലയുടെ പരീക്ഷണശാല’ എന്ന ശീർഷകത്തിൽ പ്രതിഷ്ഠാപന കലയെന്ന പേരിൽ പ്രദർശിപ്പിച്ചും, ദരിദ്രരായ കലാകാരന്മാരെക്കൊണ്ട് ദിവസക്കൂലിക്ക് നിർമിക്കുന്ന കൃതികളുടെ താഴെ ഒപ്പു ചാർത്തി ഗാലറികളിൽ പ്രദർശിപ്പിച്ച് പണവും പ്രശസ്തിയും നേടുന്നവരും, അബനീന്ദ്രനാഥിന്റെയും നന്ദലാൽ ബോസിന്റെയും ചിത്രങ്ങൾ കോപ്പി ചെയ്യിപ്പിച്ചു ഒറിജിനലാണെന്നു പറഞ്ഞു ആർട്ട് കളക്ടർമാർക്ക് വിറ്റ് പണം സമ്പാദിക്കുന്ന വിരുതന്മാരും കലാലോകം നിയന്ത്രിക്കുന്നവരായി മാറിക്കൊണ്ടിരിക്കുമ്പോൾ ജിന പനെയുടെ പെർഫോമൻസുകളും അവരുടെ കലാ ലോകവും വർത്തമാന സമൂഹം അറിഞ്ഞിരിക്കേണ്ടതിന്റെ പ്രസക്തി വർധിക്കുന്നു.
ഇറ്റാലിയൻ വംശജയായ പ്രശസ്ത ഫ്രഞ്ച് കലാകാരിയായിരുന്നു ജിന പനെ. 1939 മെയ് 24ന് ഫ്രാൻസിലെ കടലോര നഗരമായ ബിയറിസിലാണ് അവർ ജനിച്ചത്. പാരീസിലെ എക്കോൾ ഡെസ് ബ്യൂക്സ് ആർട്‌സിലായിരുന്നു അവരുടെ കലാ പഠനം. സ്വവർഗാനുരാഗിയായിരുന്ന അവർ നയിച്ചിരുന്നത് ലെസ്ബിയൻ ജീവിതമായിരുന്നു.
ഫെമിനിസ്റ്റും ഫോട്ടോഗ്രാഫറുമായ ആനി മർച്ചന്റ് ആയിരുന്നു ജീവിത പങ്കാളി. പ്രേക്ഷകരില്ലാതെ തന്റെ കല നിലനിൽക്കില്ലെന്നും, സമൂഹമാണ് തന്നിലൂടെ നിരന്തരം കലകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും അവർ വിശ്വസിച്ചു.
1962 മുതൽ 1967 വരെ, ജിന ജ്യാമിതീയ ചിഹ്നങ്ങളിലൂടെ അമൂർത്തമായ നിരവധി ചിത്രങ്ങൾ നിർമിച്ചു. പ്രാഥമിക നിറങ്ങളിലൂടെ ലളിതമായ പാനലുകളായിരുന്നു അവരുടെ ചിത്രങ്ങൾ.
അക്കാദമിക പരിശീലനത്തിൽനിന്നു ലഭിച്ച അനുഭവങ്ങളിലൂടെ ജിന മനുഷ്യശരീരത്തിൽ താൽപ്പര്യം വളർത്തിയെടുക്കുകയും ശിൽപ നിർമിതിയിലേക്കും ഇൻസ്റ്റലേഷനിലേക്കും തിരിയുകയും ചെയ്തു. ലോഹത്തിന്റെ ഷീറ്റുകൾ ലളിതമായ ആകൃതികളിൽ ക്രമീകരിച്ചതായിരുന്നു അവരുടെ ലോഹ ശിൽപങ്ങൾ. ചെമ്പും ഇരുമ്പുപാളികളും ശില്പ നിർമിതിക്കായി ഉപയോഗിച്ചു. ദാരു ശില്പങ്ങളും നിർമിക്കുകയുണ്ടായി.
ഈ കൃതികൾ മനുഷ്യ ശരീരവും പ്രകൃതിയും തമ്മിലുള്ള ബന്ധങ്ങളും വൈരുധ്യങ്ങളും പ്രശ്നവൽക്കരിക്കുന്നവയായിരുന്നു. 1968 മുതൽ ജീവിതത്തിലെ ഓരോ സന്ദർഭത്തിലും സംഭവിക്കുന്ന ശരീരത്തിന്റെ സൂക്ഷ്‌മ ചലനങ്ങളെ പോലും അനുഷ്ഠാനപരമായ മാനം നൽകിക്കൊണ്ട് കലാവതരണത്തിന്റെ പ്രാഥമികമായ രൂപരേഖ തയ്യാറാക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ ജിന ആരംഭിച്ചു.
തന്റെ ശരീരം ആവിഷ്കാരങ്ങളുടെ മാധ്യമമാക്കിയുള്ള ജിനയുടെ ചലനങ്ങൾ ജീവിതസഖിയായ ആനി മർച്ചന്റ് ക്യാമറയിലൂടെ രേഖപ്പെടുത്തി ഡോക്കുമെന്റ് ചെയ്തുകൊണ്ടിരുന്നു.ജിനയുടെ കലാ ജീവിതത്തിന്റെ നിരവധിയായ പരിണാമ ഘട്ടങ്ങൾ കടന്നാണ് പീഡനാത്മകമായ കലാവിഷ്കാരങ്ങളിലേക്ക് അവർ എത്തിച്ചേരുന്നത്. 1970ൽ ഫ്രാൻസിലെ ‘ആർട്ട് കോർപറൽ’എന്ന ബോഡി ആർട്ട് പ്രസ്ഥാനത്തിൽ അവർ അംഗമായി.
1968മുതൽ ജിന പനെ സ്വന്തം ശരീരത്തിൽ മുറിവുകൾ സൃഷ്ടിച്ചുകൊണ്ട് നടത്തിയ പെർഫോമൻസുകൾ കലാ ചരിത്രകാരന്മാരുടെ ഗവേഷണത്തിന്റെ പ്രധാന വിഷയമായിരുന്നു.ജിനയുടെ സൃഷ്ടികളുടെ വിഷയവും ലക്ഷ്യവും പ്രധാനമായും സാമൂഹ്യമാറ്റം ആഗ്രഹിച്ചുകൊണ്ടുള്ളതായിരുന്നു.
പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തോട് സംവദിക്കുവാൻ വ്യവസ്ഥാപിത കലാരീതികൾ മതിയാവില്ല എന്ന ബോധ്യത്തിൽനിന്നാണ് സ്വന്തം ശരീരത്തെ മുറിവേൽപ്പിച്ചുകൊണ്ടുള്ള ആവിഷ്കാര രീതി അവർ സ്വീകരിക്കുന്നത്.
പ്രതികരണശേഷി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സമൂഹത്തോട് സംവദിക്കുവാൻ വ്യവസ്ഥാപിത കലാരീതികൾ മതിയാവില്ല എന്ന ബോധ്യത്തിൽനിന്നാണ് സ്വന്തം ശരീരത്തെ മുറിവേൽപ്പിച്ചുകൊണ്ടുള്ള ആവിഷ്കാര രീതി അവർ സ്വീകരിക്കുന്നത്.
പെയിന്റിങ്, ഡ്രോയിങ്, ഫോട്ടോഗ്രാഫി, വീഡിയോ, ശിൽപം, ഇൻസ്റ്റലേഷൻ, പെർഫോമൻസ്, ടെക്സ്റ്റുകൾ തുടങ്ങിയ വൈവിധ്യങ്ങളായ മാധ്യമങ്ങൾ നിറഞ്ഞതായിരുന്നു ജിനയുടെ ആവിഷ്കാര ലോകം. ബഹുമുഖങ്ങളായ അവതരണങ്ങൾ ഷൂട്ട് ചെയ്തും, റെക്കോഡു ചെയ്തും അവർ അവതരിപ്പിച്ചുകൊണ്ടിരുന്നു.
അത് മനുഷ്യ മനസ്സിനെ ചുട്ടുപൊള്ളിക്കുന്ന കലാനുഭവങ്ങളുടെ ചരിത്രരേഖകളാണ്. ആ സൃഷ്ടികളെ അതിന്റെ എല്ലാ സങ്കീർണതയിലും സമഗ്രതയിലും ശരിയായി വിശകലനവും പഠനവും നടത്തിയവർ ഒരുപോലെ ഉയർത്തിക്കാട്ടിയത് അവരുടെ സമാനതകളില്ലാത്ത സാമൂഹിക പ്രതിബദ്ധതയായിരുന്നു.
അപകട സാധ്യതകൾ നിറഞ്ഞതായിരുന്നു ജിനയുടെ ആവിഷ്കാരങ്ങൾ. ശരീരത്തിൽ മുറിവുകൾ സൃഷ്ടിച്ച ആവിഷ്കാരങ്ങൾ നിസ്സംഗതയിലാണ്ടുപോയ പ്രേക്ഷകരെ അമ്പരപ്പിച്ചു. 1971ലെ ജിനയുടെ 'എസ്കലേഡ് നോൺ അനസ്തേഷ്യ’ അഥവാ അനെസ്‌തെറ്റൈസ്ഡ് എസ്‌കലേഷൻ എന്ന പെർഫോമൻസ് പാരീസിലെ ഒരു സ്റ്റുഡിയോയിലാണ് സജ്ജീകരിച്ചത്.
മൂർച്ചയേറിയ ബ്ലേഡുകൾ ചവിട്ടുപടികളായി ലോഹത്തിൽ നിർമിച്ച ഒരു ഗോവണിയിൽ ജീൻസും ഷർട്ടും ധരിച്ചുകൊണ്ട് നഗ്നപാദയായി അവർ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഇത് ഗോവണിയല്ല മറിച്ച് സ്വയം പീഡനത്തിനുള്ള ഒരു ഉപാധിയാണ്.
മൂർച്ചയേറിയ ബ്ലേഡുകൾ ചവിട്ടുപടികളായി ലോഹത്തിൽ നിർമിച്ച ഒരു ഗോവണിയിൽ ജീൻസും ഷർട്ടും ധരിച്ചുകൊണ്ട് നഗ്നപാദയായി അവർ കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരുന്നു. ഇത് ഗോവണിയല്ല മറിച്ച് സ്വയം പീഡനത്തിനുള്ള ഒരു ഉപാധിയാണ്.
കൈകാലുകളിൽ മുറിവേറ്റ വേദന സഹിച്ചുകൊണ്ട് ഗോവണിയുടെ പടികൾ കയറിയ ജിന ഒരു ചുവന്ന റോസാപ്പൂവ് പല്ലിനിടയിൽ കടിച്ചു പിടിച്ചിരുന്നു. വേദന അനുഭവിക്കുമ്പോഴും പ്രത്യാശയെ പുണരുന്ന മനുഷ്യജീവിതത്തിന്റെ പ്രതീകമായിരുന്നു ആ റോസാപ്പൂവ്.
ഒരു മണിക്കൂറുള്ള അവതരണം ജിന ക്ഷീണിതയായതിനെ തുടർന്ന് ഇടയ്ക്ക് നിർത്തേണ്ടി വന്നു. അമേരിക്ക വിയറ്റ്നാമിൽ നടത്തിക്കൊണ്ടിരുന്ന ആക്രമണങ്ങൾക്കെതിരെയുള്ള അവരുടെ പ്രതികരണമായിരുന്നു ഈ ആവിഷ്കാരം. അമേരിക്കയുടെ യുദ്ധവെറി പൂണ്ട സംസ്കാരത്തിനെതിരെ സമൂഹമനഃസാക്ഷിയെ ഉണർത്തുകയായിരുന്നു ജിനയുടെ ലക്ഷ്യം.
1955ൽ വിയറ്റ്നാമിനെതിരെ അമേരിക്ക തുടങ്ങിയ യുദ്ധം 1975 ലാണ് അവസാനിച്ചത്. ഇരുപതു വർഷം നീണ്ടുനിന്ന ഈ യുദ്ധത്തിനെതിരെ പതിനാറു വർഷത്തോളം അമേരിക്കക്കെതിരെ പ്രതിഷേധിച്ചുകൊണ്ടിരുന്ന സംഘർഷഭരിതമായ ജീവിതമായിരുന്നു ആ കലാകാരിയുടേത്.
എസ്കലേഡ് നോൺ അനസ്തേഷ്യ എന്ന ആവിഷ്കാരത്തിന്റെ ഫോട്ടോഗ്രാഫുകളും, വീഡിയോകളും, ഡോക്യുമെന്ററി ഫിലിമുകളും ലോകമാകെ പ്രചരിച്ചു. ഈ പ്രദർശനത്തിൽ ജിന സഹിച്ച വേദന നിറഞ്ഞ ഭാവങ്ങളുടെ ക്ലോസപ്പിലുള്ള ഫോട്ടോഗ്രാഫുകൾ യൂറോപ്പിലെ പ്രശസ്തങ്ങളായ ഗാലറികളിൽ ഇപ്പോഴും പ്രദർശിപ്പിച്ചിട്ടുണ്ട്.
1977ൽ ജിന പനെ ഒരു ലേഖനത്തിൽ തന്റെ വേദനകൾ നിറഞ്ഞ 'എസ്കലേഡ് നോൺ അനസ്തേഷ്യ’ എന്ന ആവിഷ്കാരത്തെക്കുറിച്ച് ഇപ്രകാരം എഴുതി: ‘ഈ പ്രകടനങ്ങളിലൂടെ ഞാൻ അനുഭവിച്ച മാനസികവും ശാരീരികവുമായ പീഡനങ്ങളും പിരിമുറുക്കങ്ങളും മനുഷ്യരാശിക്ക് വേണ്ടിയുള്ള ധാർമികമായ വേദനയിൽ കുതിർന്ന എന്റെ സമർപ്പണമാണ്. പീഡനം അനുഭവിച്ചുകൊണ്ടിരിക്കുന്ന അനേകായിരം ശരീരങ്ങൾക്ക് വേണ്ടിയാണ് ഞാൻ എന്റെ ശരീരത്തെ മുറിവേൽപ്പിക്കുന്നത്.
വിയറ്റ്നാം ജനതയുടെ ജീവിതത്തിനു മുന്നിൽതടസ്സം നിൽക്കുന്ന അമേരിക്കയുടെ തീവ്രമായ രക്തദാഹത്തെ തുറന്നുകാട്ടുവാനുള്ള സ്വതന്ത്രമായ ഇച്ഛാശക്തിയാണ് എന്റെ ശരീരത്തിലെ മുറിവുകൾ’. അമേരിക്കൻ വിരുദ്ധ വികാരവും പ്രതീകാത്മകവുമായ ഈ കലാസൃഷ്ടിയുടെ വിപുലമായ ഡോക്യുമെന്റേഷനുകൾ ന്യൂയോർക്കിലെ ദി മ്യൂസിയം ഓഫ് മോഡേൺ ആർട്ടിൽ പ്രദർശിപ്പിച്ചു.
സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദം ഒരു വ്യക്തി എന്ന നിലയിൽ ജിന പനെ അനുഭവിച്ചതിന്റെ പ്രതിഫലനങ്ങളായായിരുന്നു അവരുടെ കലാവതരണങ്ങൾ. മനുഷ്യരാശിക്ക് വേണ്ടി പീഡനങ്ങൾ ഏറ്റുവാങ്ങിയ ക്രിസ്തുവിന്റെ സ്വാധീനം ജിനയുടെ കലാവതരണങ്ങളുടെ അന്തർധാരയായി ലയിച്ചിരിക്കുന്നത് ആ ആവിഷ്‌കാരങ്ങളിൽ ദൃശ്യമാണ്.
മുതലാളിത്ത കോർപറേറ്റ് നയങ്ങളാൽ പരിസ്ഥിതി നേരിടുന്ന ദുരന്തങ്ങൾ ജിനയുടെ ആത്മനൊമ്പരങ്ങളായിരുന്നു. പ്രകൃതിയുടെ മുറിവുകളും അവരുടെ കലാവിഷ്കാരങ്ങളിലെ പ്രമേയങ്ങളായിരുന്നു.
‘ഭൂമി കലാകാരി ആകാശം’ എന്ന കൃതിയിൽ മേഘങ്ങളില്ലാത്ത പ്രശാന്തമായ നീലാകാശത്തിനു കീഴിൽ വിത്തുവിതച്ച തവിട്ടുനിറമുള്ള വിശാലമായ കൃഷിഭൂമിയിൽ ഉറപ്പിച്ച പാദങ്ങളിൽ ജിന നിൽക്കുന്നു. അവളുടെ കൈകൾ പോക്കറ്റിൽ നിക്ഷേപിച്ചിരിക്കുന്നു. ജിന തന്റെ ഭാരം ഇടത് വശത്തേക്ക് അമർത്തി വലതുകാൽ മുന്നിൽ സ്ഥാപിച്ചുകൊണ്ട് ഭൂമിയേയും ആകാശത്തെയും തുല്യമായി വിഭജിച്ചിരിക്കുന്നു.
ചിത്രത്തിൽ ഭൂമിക്ക് തിരശ്ചീനമായി വൈരുധ്യമുള്ള ശക്തമായ ലംബ സാന്നിധ്യമാണ് അവർ. ആകാശവും ജിനയും ഭൂമിയും ഉൾക്കൊള്ളുന്ന വിദൂരക്കാഴ്ചയിൽ ഫ്രാങ്കോയിസ് മാസൻ ഷൂട്ട് ചെയ്തു സൃഷ്ടിച്ച ഫോട്ടോഗ്രാഫുകൾ ലോകപ്രശസ്തങ്ങളാണ്.
പ്രശസ്ത ഫോട്ടോഗ്രാഫറായ ഫ്രാങ്കോയിസ് മാസ്സനും ജിനയുടെ ആത്മസഖികളിൽ ഒരാളായിരുന്നു. 'രണ്ട് തിരശ്ചീനങ്ങൾക്കിടയിൽ ഭൂമിക്കും ആകാശത്തിനും അനുയോജ്യമായ ഒരു സാഹചര്യത്തെ സൃഷ്ടിക്കുവാൻ ഞാൻ എന്റെ ശരീരം ലംബമായി സ്ഥാപിച്ചു’ ജിന പിന്നീട് അഭിപ്രായപ്പെട്ടു.
ഇതേ വിഷയം തന്നെ ലോകത്തുള്ള നിരവധി കലാകാരന്മാർ പണം ധൂർത്തടിച്ചു പ്രകൃതിക്ക് ക്ഷതമേൽപ്പിച്ചുകൊണ്ട് ആവിഷ്കരിച്ചപ്പോൾ ജിന ലളിതമായ അവതരണത്തിലൂടെ പരിസ്ഥിതിയുടെ കാവലാളായി. ഈ ആവിഷ്‌കാരത്തിൽ ജിനയുടെ ശരീരം ഭൂമിക്കുവേണ്ടി മധ്യസ്ഥത വഹിക്കുകയാണ്. ഭൂമി, കലാകാരി ആകാശം എന്ന അവതരണത്തിന്റെ ആപേക്ഷികമായ ലാളിത്യം നിരവധിയായ വ്യാഖ്യാനങ്ങളുടെ സാധ്യതയാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.
ഇതിന്റെ ഫോട്ടോഗ്രാഫുകളും ഡോക്യുമെന്റേഷനുകളും പ്രകൃതിയുമായുള്ള ദൃഢമായ മനുഷ്യ ബന്ധത്തെ ആഴത്തിൽ രേഖപ്പെടുത്തി. ബൗദ്ധികമായ ആത്മീയതയിൽ നിന്നാണ് ജിന പനെയുടെ ആവിഷ്കാരങ്ങൾ രൂപംകൊള്ളുന്നതെന്ന് പ്രശസ്ത നിരൂപകനായ ഡീൻ ഡാഡെർകോ അഭിപ്രായപ്പെട്ടു.
പാരീസിലെ റോഡോൾഫ് സ്റ്റാഡ്‌ലർ ഗാലറിയിൽ ഇരുപത്തിയേഴു മിനിറ്റും മുപ്പത്തിരണ്ട് സെക്കൻഡും നീണ്ട പ്രകടനമായി രുന്നു ‘സൈക്ക്’ എന്ന ശീർഷകത്തിലുള്ള മനഃശാസ്ത്രപരമായ ബോഡി പെർഫോമൻസ്.സൈക്ക് അവതരിപ്പിക്കുവാൻജിനഅവരുടെ ശരീരം വേദനയുടെ പ്രതീകമായി
അടയാളപ്പെടുത്തി. അവർ മുഖം മറയ്ക്കാൻ ധരിച്ചിരുന്ന കണ്ണടയുടെ പ്രതലത്തിൽ ചുവന്ന ലിപ്സ്റ്റിക് പുരട്ടി, തുടർന്ന് പുരികങ്ങൾക്ക് താഴെ മുറിവുകളുണ്ടാക്കി. അവരുടെ കൺപോളകളിലൂടെ ചോരയൊഴുകി. ജിന അവരുടെ നാഭിയിലും മുറിവുകൾ സൃഷ്ടിച്ചു.
ഉദരത്തിൽ കുഞ്ഞിനെ ചുമക്കുന്ന അമ്മയുടെ ഭാവങ്ങൾ രക്തമൊഴുകുന്ന ശരീരത്തിലൂടെ അവർ ആവിഷ്കരിച്ചു.
സൃഷ്ടിയുടെ മനഃശാസ്ത്രപരമായ മണ്ഡലത്തിലേക്ക് കാഴ്ചക്കാരന്റെ ശ്രദ്ധ ക്ഷണിച്ച ഈ അവതരണം പുരുഷനോട്ടവും സ്ത്രീയുടെ ഉടലും തമ്മിലുള്ള ദൃശ്യ വൈരുധ്യങ്ങളുടെ ഉള്ളറ തുറന്നു.
അവരുടെ കൈയിലെ മുറിവുകളുടെ രൂപം റോസാപ്പൂവിന്റെ ഇതളുകളോടും തണ്ടിനോടും സാമ്യമുള്ളതായിരുന്നു. അമ്മയും കുട്ടിയും തമ്മിലുള്ള ബന്ധം കൈകാര്യം ചെയ്യുന്ന മാതൃത്വത്തിന്റെ പരിച്ഛേദം എന്നാണ് ഈ അവതരണത്തെ അവർ വിശേഷിപ്പിച്ചത്.
ലോകവുമായുള്ള തന്റെ ശരീരത്തിന്റെ ബന്ധവും ഇതിൽ അടങ്ങിയിരുന്നു. സൈക്ക് കാഴ്ചയുടെ രസാനുഭവത്തെ അട്ടിമറിക്കുകയും കാണികളെ ഭീതിയിലാഴ്ത്തുകയും ചെയ്തു. നിശ്ശബ്ദമായ ആവിഷ്കാരത്തിൽ ഭാഷയെ ഉപേക്ഷിച്ചുകൊണ്ട് അവർ ശരീരത്തിന്റെ വേദനകളെ സ്വയം പീഡിപ്പിക്കുന്ന ദൃശ്യരൂപമാക്കി മാറ്റി. സ്വന്തം ശരീരത്തെ ഒരേ സമയം പീഡിപ്പിക്കുകയും വേദനയിലൂടെ കാണികൾക്ക് മുന്നിൽ സ്വയം പുനർ സൃഷ്ടിക്കുകയും ചെയ്തു.
‘മെഴുകുതിരികളും കിടക്കയും’ അഥവ ‘ദി കണ്ടീഷനിംഗ്’ എന്ന ആവിഷ്കാരത്തിൽ നിരനിരയായി കത്തുന്ന മെഴുകുതിരികളുടെ മുകളിൽ സ്ഥാപിച്ച മെറ്റൽ ഷീറ്റിൽ നിശ്ശബ്ദമായി സ്വയം പീഡിപ്പിച്ചുകൊണ്ട് ജിന പനെ ശയിക്കുന്നു.
പൊള്ളിത്തുടങ്ങിയ ശരീരത്തിന്റെ വേദന അവർ കൈകൾ ഞെരുക്കുന്നതിലൂടെ കാണികൾക്ക് ബോധ്യമായി. പ്രകടനം അവസാനിപ്പിക്കുവാൻ കാണികൾ ആവശ്യപ്പെട്ടിട്ടും നിശ്ചയിച്ച അരമണിക്കൂറിന് ശേഷം മാത്രമാണ് അവർ അവസാനിപ്പിച്ചതും എഴുന്നേറ്റതും. ‘മെഴുകുതിരികളും കിടക്കയും’ ലൈംഗികതയുടെയും പ്രണയത്തിന്റെയും ആശയങ്ങളുടെ ഉള്ളടക്കമാണ്.
ശാരീരികമായി ക്ഷതമേറ്റ അവതരണത്തിൽ സുഖവും വേദനയും സംബന്ധിച്ച സ്ഥിരമായ സങ്കൽപ്പങ്ങൾക്ക് നേരെ അവർ നിരവധി ചോദ്യങ്ങളുയർത്തി. കിടക്കയിലും ലോകത്തും സ്ത്രീകൾ അനുഭവിച്ചിരുന്ന ലൈംഗികാതിക്രമങ്ങൾക്കുനേരെയുള്ള പ്രതിഷേധവും ജിനയുടെ ഈ പ്രകടനത്തിന്റെ ലക്ഷ്യമായിരുന്നു.
കാണികൾക്ക് ശരീരവേദനയും പീഡനവും തിരിച്ചറിയുന്നതിനുള്ള ഒരു ഉപാധിയായി മാറി ഈ അവതരണം. ഇന്ദ്രിയാനുഭവത്തോടൊപ്പം മാനസികവും വൈകാരികവുമായ പിരിമുറുക്കം സൃഷ്ടിച്ച വേദന നിറഞ്ഞ അവതരണം ഡോക്യുമെന്ററി ചിത്രങ്ങളിലൂടെ പുനരാവിഷ്കരിച്ചുകൊണ്ടിരുന്നു.
1974ൽ ‘അസിയോൺ സെന്റിമെന്റൽ’ സ്ത്രീകൾ മാത്രമുള്ള സദസ്സിനു മുന്നിൽ മിലാനിലെ ഗാലേറിയ ഡയഗ്രമയിൽ അവതരിപ്പിച്ചു. പൂർണമായും വെള്ള വസ്ത്രം ധരിച്ച്, ചുവന്ന റോസാപ്പൂക്കളുടെ പൂച്ചെണ്ടുമായി ജിന ഗാലറിയിൽ പ്രവേശിച്ചു. പൂച്ചെണ്ടുകൾ പലർക്കും കൈമാറുകയും തിരിച്ചുവാങ്ങുകയും ചെയ്തുകൊണ്ടിരുന്നു.
ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അവർ പൂച്ചെണ്ടിലെ മുള്ളുകൾ നീക്കം ചെയ്യുന്നതിനിടയിൽ മുള്ളുകൾ കൈത്തണ്ടയിൽ തറച്ചുകയറ്റി മുറിവേൽപ്പിച്ചു. തുടർന്ന് ഒരു റേസർ ബ്ലേഡുകൊണ്ട് കൈപ്പത്തിയിൽ മുറിവുകൾ സൃഷ്ടിച്ചു.
അവരുടെ രക്തം പുരണ്ട കൈകളിലേക്ക് വെളുത്ത റോസാപുഷ്പങ്ങളുടെ പൂച്ചെണ്ട് പിന്നീട് കൈമാറി. വെളുത്ത റോസാപ്പൂവുകളിലേക്ക് ചോര പടർന്നുകൊണ്ടിരുന്നപ്പോൾ രണ്ട് ശബ്ദങ്ങൾ മാറി മാറി അമ്മമാർക്കും, പെൺമക്കൾക്കും സുഹൃത്തുക്കൾക്കുമിടയിൽ കത്തുകൾ വായിച്ചു കൊണ്ടിരുന്നു.
അസിയോൺ സെന്റിമെന്റൽ സങ്കീർണവും ബഹുമുഖവുമായ പ്രമേയങ്ങളടങ്ങിയ അവതരണമാണ്. അത് സുഖവും വേദനയും, സ്ത്രീകൾ തമ്മിലുള്ള പ്രണയവും വിശദീകരിക്കുന്നു. സ്ത്രീയുടെ വേദന നിറഞ്ഞ അവസ്ഥകളെ വിശകലന വിധേയമാക്കി.
അനുഷ്ഠാനങ്ങളുടെയും മതത്തിന്റെയും ദൃശ്യഭാഷയിലൂടെയായിരുന്നു ഇതിന്റെ അവതരണം. വെള്ളയും ചുവപ്പും രക്തവും ഉപയോഗിച്ചുകൊണ്ട് കളങ്കം, ത്യാഗം തുടങ്ങിയ അവസ്ഥകളെ അവർ സൂചിപ്പിച്ചു. അതിലുപരി പ്രതിസന്ധികളെ നേരിടാൻ ക്രിസ്ത്യൻ ദൈവശാസ്ത്രത്തെ പിൻപറ്റിക്കൊണ്ടുള്ള സഹനത്തിന്റെയും വിമോചനത്തിന്റെയും മാർഗങ്ങൾ തിരയുകയും ചെയ്യുന്നതോടൊപ്പം ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രണയത്തിന്റെയും ശൃംഗാരത്തിന്റെയും വൈവിധ്യമാർന്ന ഭാവങ്ങൾ ആവിഷ്കരിക്കുകയും ചെയ്തു.
1985ലെ അവതരണത്തിൽ ജിന ബോഡി പെർഫോമൻസ് ഉപേക്ഷിച്ചു. കലാകാരന്റെ സാന്നിധ്യം ഒഴിവാക്കിക്കൊണ്ട് മിക്സഡ് മീഡിയ ആവിഷ്കാരങ്ങളിലേക്ക് തിരിഞ്ഞു. വിവിധങ്ങളായ മെറ്റീരിയലുകളുടെ സങ്കലനത്തിലൂടെ പുതിയ അർഥങ്ങൾ സൃഷ്‌ടിക്കാൻ അവർ ശ്രമിച്ചു. ‘വിഭജനം’ എന്ന പരമ്പരയിലെ ‘ലോ റിലീഫ് അസംബ്ലേജ്’ എന്ന കൃതി ഇറ്റാലിയൻ കലാകാരനായ പൗലോ ഉസെല്ലോ 1470ൽ രചിച്ച ‘സെയിന്റ് ജോർജ് ആൻഡ് ദി ഡ്രാഗൺ’ എന്ന പെയിന്റിങ്ങിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട രചനയാണ്.
പരമ്പരാഗത ചിത്രപരമ്പര പോലെയുള്ള അത് ഒരു വിസ്താരമുള്ള ചുവരിൽ അവതരിപ്പിച്ചു. ഈ ചിത്രത്തിൽ ഇടത്തുനിന്ന് വലത്തോട്ട്, ചുവന്ന നിറത്തിലുള്ള നാല് ത്രികോണങ്ങളും, ജ്യാമിതീയ രൂപങ്ങളിലുള്ള നിരവധി ചെറിയ കണ്ണാടികളും, കണ്ണാടിയിൽനിന്ന് മുകളിലേക്ക് നീളുന്ന നേർത്ത ഇരുമ്പ് തൂണും, തിളങ്ങുന്ന അലുമിനിയം കൊണ്ടുള്ള നിരവധി വൃത്തങ്ങളും, ഇതിനിടയിൽ വലതുഭാഗത്തേക്ക് തിരിച്ചുവച്ചിരിക്കുന്ന, നേർത്ത മരംകൊണ്ടു നിർമിച്ച ഒരു ഷെൽഫും ഉപയോഗിച്ചിരിക്കുന്നു.
സൈന്റ് ജോർജ് ഒരു കുതിരപ്പുറത്തു പ്രത്യക്ഷപ്പെട്ട് മനുഷ്യഭോജിയായ ഡ്രാഗനെ കുന്തംകൊണ്ട് കൊലപ്പെടുത്തി രാജകുമാരിയെ രക്ഷിക്കുന്നതാണ് 'സെയിന്റ് ജോർജ് ആൻഡ് ദി ഡ്രാഗണി’ലെ ഇതിവൃത്തം. വ്യത്യസ്‌ത മാധ്യമങ്ങളിൽ പൗലോ ഉസെല്ലോയുടെ പ്രമേയവും ഉൾപ്പെടുത്തിക്കൊണ്ടാണ് ജിന പനെ വിഭജനത്തിന്റെ പരമ്പരകളിൽ ഒന്നായ ഈ കലാസൃഷ്ടി പൂർത്തീകരിച്ചത്.
അവരുടെ ദീർഘകാല താൽപ്പര്യങ്ങളുടെ സംയോജനമാണ് ‘ലോ റിലീഫ് അസംബ്ലേജ്’. ലളിതമായ രൂപങ്ങൾ ഉപയോഗിച്ച്, പ്രസിദ്ധമായ ‘സെയിന്റ് ജോർജ് ആൻഡ് ദി ഡ്രാഗൺ’ എന്ന ചിത്രത്തിന്റെ ഉള്ളടക്കത്തെ ത്രികോണങ്ങൾ, രാജകുമാരി, തകർന്ന കണ്ണാടികൾ, മഹാസർപ്പം, ഇരുമ്പ് തൂണുകൾ, കുന്തം, കുതിര, അലുമിനിയം സർക്കിളുകൾ, കറുത്ത ചതുരം, ഇരുണ്ട മരങ്ങളുടെ ബിംബങ്ങൾ, മുറിവേറ്റ് രക്തം ഒഴുകുന്ന ജിനയുടെ രണ്ട് വലിയ ഫോട്ടോഗ്രാഫുകൾ തുടങ്ങിയ ഇമേജുകൾ ക്രമീകരിച്ചുകൊണ്ടാണ് നിർമിച്ചത്.
മനുഷ്യ ശരീരത്തിന്റെ കാമനകളും ബാഹ്യ പ്രേരണയും തമ്മിലുള്ള അടുപ്പവും അതുപോലെതന്നെ അകലവും ഈ കൃതിയിൽ ആവിഷ്കരിക്കുന്നതായി പ്രശസ്ത കലാ ചരിത്രകാരിയായ ആനി ട്രോഞ്ചെ വിലയിരുത്തി. ‘അറിയപ്പെടാത്ത ഒരു സ്ത്രീയുടെ ശരീരം’ എന്ന പരമ്പരയുൾപ്പെടെ പ്രതിബദ്ധത നിറഞ്ഞ നിരവധി കലാവതരണങ്ങൾ ജിന പനെ സമൂഹത്തിനു വേണ്ടി സമർപ്പിച്ചു.
'എന്റെ കലയുടെ ഭാഷ ഞാൻ എന്റെ ശരീരംകൊണ്ട് നിർമിച്ചെടുത്തതാണ്. ഞാൻസ്വവർഗാനുരാഗിയായ ഒരു ഫെമിനിസ്റ്റാണ്. പുരുഷാധിപത്യത്തിന്റെ നിയമവും സംസ്കാരവും വിഭിന്നമാണ്. അതിന്റെ കർക്കശമായ വ്യവഹാര ഘടനയ്ക്ക് പുറത്തുള്ളവരുടെ ശരീരവും മനസ്സും കീഴ്പ്പെടുത്തുവാനുള്ള ആലോചനകളാണ് പുരുഷ കേന്ദ്രീകൃതമായ ഈ ലോകത്ത് നിരന്തരം നടന്നുകൊണ്ടിരിക്കുന്നത്. സമരങ്ങൾകൊണ്ടു മാത്രമേ ഈ അനീതികളെ നേരിടാൻ കഴിയൂ. അതുകൊണ്ടാണ് എന്റെ ശരീരം കലാവതരണങ്ങളിൽ ചോരയൊലിക്കുന്ന സ്ത്രീരൂപങ്ങളായി നിലകൊണ്ടത്.
അതെനിക്ക് സാധിച്ചത് ആനി മർച്ചന്റും, ഫ്രാങ്കോയിസ് മാസനും എന്നോടൊപ്പമുണ്ടായിരുന്നതുകൊണ്ടു മാത്രമാണ്’‐ ജിന പനെ എഴുതിയ ഒരു കത്തിലെ വരികളാണിത്.
ലൈംഗിക ന്യൂനപക്ഷങ്ങളെ മനുഷ്യകുലത്തിന്റെ ഭാഗമായി കാണുന്ന ഒരു സംസ്കാരമുണ്ടായിട്ടില്ലാത്ത ലോകത്തിന്റെ കാഴ്ചപ്പാടിൽ തിരുത്തലുകൾ നടത്തിയ കലാകാരിയാണ് ജിന പനെ.
ലൈംഗിക ന്യൂനപക്ഷങ്ങളെ മനുഷ്യകുലത്തിന്റെ ഭാഗമായി കാണുന്ന ഒരു സംസ്കാരമുണ്ടായിട്ടില്ലാത്ത ലോകത്തിന്റെ കാഴ്ചപ്പാടിൽ തിരുത്തലുകൾ നടത്തിയ കലാകാരിയാണ് ജിന പനെ. സ്വയം പീഡിപ്പിച്ചുണ്ടാക്കിയ മുറിവുകളിലൂടെ മനുഷ്യരാശിക്കുവേണ്ടി ജീവിതം സമർപ്പിച്ച ജിനയുടെ ശരീരത്തിനു മാരകമായ ക്ഷതങ്ങളേറ്റിരുന്നു.
പതിതരായ മനുഷ്യർക്കും, സ്ത്രീകൾക്കും, യുദ്ധത്തിനിരയായവർക്കും വേണ്ടി മുറിവുകളിലൂടെ നിരന്തരം കലഹിച്ച ജിനെ പനെ ക്യാൻസർ ബാധിച്ചതിനെ തുടർന്ന് 1990 മാർച്ച് 26ന് അമ്പതാമത്തെ വയസ്സിൽ പാരീസിൽ അന്തരിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളെയും, സ്ത്രീകളെയും, ദളിതരെയും തുല്യരായി പരിഗണിക്കുവാൻ കഴിയാത്ത അധികാര ഘടന നിലനിൽക്കുന്ന ഇന്ത്യയിൽ ജിന പനെയുടെ ഓർമകൾക്ക് പ്രസക്തി ഏറെയാണ്. കലയെ ചരക്കായി മാത്രം പരിഗണിച്ചു തുടങ്ങിയ ഇന്നത്തെ ഇന്ത്യൻ കലാലോകത്തിനും ജിനയുടെ ജീവിതം ഒരു പാഠപുസ്തകമാണ് .
(ദേശാഭിമാനി വാരികയിൽ നിന്ന്)










0 comments