നിങ്ങളീ കേൾക്കുന്നതു മാത്രമല്ല പലസ്‌തീൻ- ഇനാത് വീസ്‌മാനുമായി കെ ഗിരീഷ് നടത്തിയ അഭിമുഖം

എന്റെ എല്ലാ അവതരണങ്ങളും ഇസ്രയേലി യാഥാർഥ്യത്തിലേക്ക് വെളിച്ചംവീശുന്ന രാഷ്ട്രീയ ഡോക്യുമെന്ററി തിയേറ്റർ അവതരണങ്ങളാണ്. സാമൂഹിക സാംസ്കാരിക സമവായത്തിനു പുറത്തുള്ള, പരമ്പരാഗത ചിന്താഗതിയെ വെല്ലുവിളിക്കുന്ന, വിഭിന്ന ശബ്ദങ്ങൾ കേൾക്കുന്നതിനുള്ള ഒരു വേദിയാണ് എനിക്ക് തിയറ്റർ.
‘ഞാൻ ടെൽ അവീവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിനേത്രിയും നാടക സംവിധായകയും നാടകകൃത്തുമാണ്. അതിനേക്കാളുപരി പലസ്തീൻ പൗരവകാശ പ്രവർത്തകയാണ്. എന്റെ എല്ലാ അവതരണങ്ങളും ഇസ്രയേലി യാഥാർഥ്യത്തിലേക്ക് വെളിച്ചം വീശുന്ന രാഷ്ട്രീയ ഡോക്യുമെന്ററി തിയേറ്റർ അവതരണങ്ങളാണ്.
സാമൂഹിക സാംസ്കാരിക സമവായത്തിന് പുറത്തുള്ള, പരമ്പരാഗത ചിന്താഗതിയെ വെല്ലുവിളിക്കുന്ന, വിഭിന്ന ശബ്ദങ്ങൾ കേൾക്കുന്നതിനുള്ള ഒരു വേദിയാണ് എനിക്ക് തിയറ്റർ. ഒരു അഭിനേതാവെന്ന നിലയിൽ ഞാൻ നിരവധി ഇസ്രായേലി സിനിമകളിലും ടിവി സീരിയലുകളിലും തിയേറ്റർ പ്രൊഡക്ഷനുകളിലും പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.’
ഈനാത് വീസ്‌മാൻ സംസാരിക്കുമ്പോൾ കുറുകിയ കണ്ണുകളിൽ അനുഭവിച്ചതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ ആക്രമണങ്ങളുടെ വേദനയുണ്ട്. എന്നാൽ അതിനപ്പുറത്ത് കത്തുന്ന ഗാസയുടെ നെഞ്ചിലെ തീനാളങ്ങളുണ്ട്.
പലസ്‌തീൻ സ്വതന്ത്രമാവുകതന്നെ ചെയ്യും എന്നു പറയുമ്പോൾ, മരണത്തെ മുന്നിൽ കാണുമ്പോഴും, ആത്മവിശ്വാസത്തിൽ പിന്നോട്ടുപോവാത്ത, ദൃഢനിശ്‌ചയത്തിൽനിന്ന് വ്യതിചലിക്കാനാവാത്ത ഒരു ഇസ്രയേലി ജൂതപ്പെണ്ണിന്റെ കരുത്തുണ്ട്.
തൃശൂരിൽ അന്തരാഷ്‌ട്ര നാടകോത്സവത്തിനെത്തിയ ഇനാത് വീസ്‌മാനുമായി നടത്തിയ അഭിമുഖം‐
? രാഷ്‌ട്രീയരംഗവേദി തന്നെയാണ് മാധ്യമം എന്നു പറഞ്ഞതിൽനിന്നു തന്നെ ആരംഭിക്കട്ടെ, പലസ്‌തീനിന്റെ പുതിയ അവസ്ഥയെ വിവരിക്കാമോ
= അതെ, എല്ലാവർക്കും അറിയേണ്ടത് 2023 ഒക്‌ടോബർ 7 ലെ ഹമാസ് ആക്രമണത്തെക്കുറിച്ചു തന്നെയാണ്. കേരളത്തിലെത്തിയ ശേഷം എന്നെ കണ്ട മാധ്യമപ്രവർത്തകരൊക്കെ തികച്ചും ശാന്തമായ അന്തരീക്ഷത്തിൽ ഹമാസ് തുടങ്ങിവച്ച യുദ്ധം എന്ന നിലയിലാണ് ചോദ്യങ്ങൾ ചോദിച്ചത്. തീർച്ചയായും ലോകമാധ്യമങ്ങൾ അങ്ങനെത്തന്നെയാണ് സംഭവങ്ങളെ വർണിച്ചിട്ടുള്ളത്.
മാധ്യമരംഗത്ത് ലോകമെമ്പാടും ബാധിച്ച തീവ്ര വലതുപക്ഷ വൽക്കരണം ആ കഥകൾ ഏറ്റുപാടുകയുമാണ്. കൂട്ടക്കൊലകളുടെ ചിത്രങ്ങളും വിവരങ്ങളും മരിച്ചവരുടെ എണ്ണവും മാത്രമാണ് മാധ്യമങ്ങളിൽ വരുന്നതെന്ന് അറിയാം. എന്നാൽ അതിനപ്പുറത്ത് വേറൊരു ഭീകരത പലസ്‌തീനിൽ നടമാടുന്നുണ്ട്. ദൃശ്യമല്ലാത്ത ആ ഭീകരത ആരും അറിയുന്നുമില്ല.
2023 ഒക്‌ടോബർ ഏഴുമുതൽ ഞങ്ങൾ പുതിയ അവസ്ഥയെ അഭിമുഖീകരിക്കുന്നുണ്ട്. തിരിച്ചറിയേണ്ട ഒന്ന് ഒക്‌ടോബർ ഏഴിലെ ഹമാസ് ആക്രമണം പെട്ടെന്നുണ്ടായ, പ്രകോപനമില്ലാത്ത ആക്രമണമല്ല. തുടർച്ചയായി ഇസ്രയേൽ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങൾക്കുള്ള ഒരു മറുപടി മാത്രമായിരുന്നു അത്.
ഇസ്രയേലി മാധ്യമങ്ങളും അവയെ ഉദ്ധരിച്ച് ലോകത്തെമ്പാടുമുള്ള മാധ്യമങ്ങളും ഹമാസ് ആക്രമണമാണ് പുതിയ പ്രശ്‌നങ്ങൾക്ക് കാരണമെന്ന് പറയുന്നു.
ഇക്കാലമത്രയും പരസ്യമായും രഹസ്യമായും ഇസ്രയേൽ നടത്തിവന്ന എല്ലാ ക്രൂരതകളും റദ്ദ് ചെയ്യപ്പെടുന്നു.
? ‘ഞാൻ രാഷ്‌ട്രീയകല സൃഷ്‌ടിക്കുന്നത് ഇസ്രയേലി യാഥാർഥ്യങ്ങളുടെ തമോഗർത്തങ്ങളെ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ’‐ വിശദമാക്കാമോ.
ഞാൻ മുൻപേ പറഞ്ഞതുതന്നെയാണത്.
പലസ്‌തീൻ ജനതയുടെ മേലുള്ള ഇസ്രയേലി അടിച്ചമർത്തലിന്റെ രൂപം നിങ്ങൾ കാണുന്ന ബോംബിങ്ങും കൂട്ടക്കൊലകളും മാത്രമല്ല. അതിനേക്കാൾ ഭീതിദമായ, ലോകത്തിന് അദൃശ്യമായ അടിച്ചമർത്തലുകളുടെ പരമ്പരകളുണ്ട്. പൊതുശ്രദ്ധയിൽ വരാതെയാണിത് പ്രവർത്തിക്കുന്നത്.
പലസ്‌തീൻ ജനതയുടെ മേലുള്ള ഇസ്രയേലി അടിച്ചമർത്തലിന്റെ രൂപം നിങ്ങൾ കാണുന്ന ബോംബിങ്ങും കൂട്ടക്കൊലകളും മാത്രമല്ല. അതിനേക്കാൾ ഭീതിദമായ, ലോകത്തിന് അദൃശ്യമായ അടിച്ചമർത്തലുകളുടെ പരമ്പരകളുണ്ട്. പൊതുശ്രദ്ധയിൽ വരാതെയാണിത് പ്രവർത്തിക്കുന്നത്. ഇസ്രയേലികൾക്ക് രാജ്യത്തെ നിയമമനുസരിച്ച് കോടതിയെ സമീപിക്കാനും വാദിക്കാനും തങ്ങളുടെ നിലപാടുകൾ ബോധ്യപ്പെടുത്താനും അവസരമുണ്ട്.
എന്നാൽ പലസ്‌തീനികളുടെ വിചാരണ നടക്കുന്നത് സൈനിക കോടതികളിലാണ്. അവിടെ വിചാരണകളില്ല. കോടതിയിൽ ഹാജരാക്കും മുമ്പേ ശിക്ഷ നിശ്‌ചയിക്കപ്പെട്ടിരിക്കും. ഒരു തരത്തിലുമുള്ള മനുഷ്യാവകാശങ്ങളും സംരക്ഷിക്കപ്പെടാറില്ല. സൈനിക കോടതിയാകട്ടെ, ജയിലുകളാകട്ടെ, ചെക്ക്‌പോസ്‌റ്റുകളാകട്ടെ പലസ്‌തീനികളുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെടുന്ന ഇടങ്ങളാണ്.
ഈ സംവിധാനങ്ങളെ പുറത്തുകാണിക്കാനുള്ള ശ്രമമാണ് ഞാൻ നാടകങ്ങളിലൂടെ നടത്തുന്നത്. ഇസ്രയേലികളുടെ പേരിൽ എന്താണിവർ നടത്തുന്നതെന്ന് ആദ്യം ഇസ്രയേലി പ്രേക്ഷകർ അറിയും. പിന്നെ ലോകം മുഴുവൻ അറിയണം അതാണ് ലക്ഷ്യം.
അത്തരമൊരു ട്രൈയോളജിയിൽ മൂന്നാമത്തേതാണ് ഇറ്റ്‌ഫോക്കിൽ അരങ്ങേറിയ ‘ഹൗ ടു മെയ്‌ക്ക് റവലൂഷൻ’.
? ഈ മൂന്ന് രംഗാവതരണങ്ങളെക്കുറിച്ച് പറയാമോ.
= ഇക്കൂട്ടത്തിൽ ആദ്യത്തേത് ‘പ്രിസണേഴ്‌സ് ഓഫ് ദ ഓക്യുപേഷൻ’ (അധിനിവേശത്തിന്റെ തടവുകാർ) ആണ്. പലസ്‌തീനി രാഷ്‌ട്രീയത്തടവുകാരാണ് ഇസ്രയേലി അധിനിവേശത്തിന്റെ മറഞ്ഞിരിക്കുന്ന ഏറ്റവും വലിയ ഇരകൾ. രാഷ്‌ട്രീയത്തടവുകാരെന്ന് പറയുമ്പോൾ പലരും സായുധസമരങ്ങളിൽ പങ്കെടുത്തവരാണ്.
പ്രകടനങ്ങൾ നയിച്ചവരും മുദ്രാവാക്യം വിളിച്ചവരും ആക്രമിക്കാൻ വന്നവരെ ചെറുത്തവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഈ നാടകത്തിൽ തടവുകാരും മുൻതടവുകാരും നൽകിയ ജയിലനുഭവങ്ങളുടെ നേർച്ചിത്രങ്ങളാണുള്ളത്.
ഇവരിൽ പലരേയും കണ്ട് ശേഖരിച്ച വിവരങ്ങൾ അപ്പാടെ ഉൾപ്പെടുത്തുകയാണ്. ചോദ്യം ചെയ്യലുകൾ, നിരാഹാര സമരം, ഏകാന്ത തടവ്, കുടുംബ സന്ദർശനങ്ങൾ, തടവുകാരന്റെ ബോധത്തിലേക്ക് കടന്നുചെല്ലൽ എന്നിവയുൾപ്പടെ കഠിനവും ക്രൂരവുമായ യാഥാർഥ്യത്തെ വെളിപ്പെടുത്തുന്നതാണ്. നീണ്ട ഒരു ഗവേഷണമായിരുന്നു അത്. ഓർക്കേണ്ട കാര്യം ഇസ്രയേലി ജയിലുകളിൽ ചില ഭാഗങ്ങളുടെ ചിത്രീകരണം കഠിനമായ പരിശോധനകൾക്ക് വിധേയമാണ്.
മറ്റു ചിലേടത്താകട്ടെ കടന്നുചെല്ലാൻ പോലും അനുവാദമില്ല. ഇതിനെയൊക്കെ മറികടന്നാണ് മനുഷ്യത്വ ധ്വംസനത്തിന്റെ കഥ പറഞ്ഞത്. 2017ലെ ഏക്ക്‌ർ ഫെസ്‌റ്റിവലിൽ നിരോധിക്കപ്പെട്ട നാടകം നിരവധി പോരാട്ടങ്ങൾക്കു ശേഷം 2019ൽ ടെൽ അവീവിലെ ത്‌മുന തിയറ്ററിൽ അരങ്ങേറി.
രണ്ടാമത്തേത് ഫെയ്‌സ് ബുക്കിൽ എഴുതിയ കവിതയുടേയും രണ്ട് പോസ്‌റ്റുകളുടേയും പേരിൽ ശിക്ഷിക്കപ്പെട്ട ഡാരിൻ ടാറ്റൂരിന്റെ കഥ പറയുന്ന ഏകപാത്ര ഡോക്യു നാടകമാണ്. എന്റെ അന്വേഷണങ്ങൾക്കിടയിലാണ് അവളെ ഞാൻ കണ്ടു മുട്ടിയത്. വീട്ടുതടങ്കലിലായിരുന്ന ഡാരീൻ നീണ്ട നിയമപോരാട്ടങ്ങൾ നടത്തി.
ഒടുവിൽ 5 മാസം തടവിന് ശിക്ഷിക്കപ്പെട്ടു. വീട്ടുതടങ്കലിലിരുന്ന് ഡാരീൻ എഴുതിയ ഓർമക്കുറിപ്പുകൾ, അവളുടെ കവിതകൾ, എന്റെ നീരീക്ഷണങ്ങൾ എല്ലാം ചേർന്നാണ് നാടകം രൂപം കൊണ്ടത്. എന്നാലിത് കേവലം വൈയക്തികമായ അനുഭവ വിരണമല്ല.
പലസ്‌തീനികളുടേയും ഒപ്പം സ്‌ത്രീകളുടേയും മേലുള്ള ഇസ്രയേൽ നിയന്ത്രണവും പുരുഷാധിപത്യ സമൂഹത്തിലെ അടിച്ചമർത്തലുമെല്ലാം നാടകത്തിൽ കടന്നു വരുന്നു. നാടകത്തിന്റെ പലസ്‌തീൻ ഭാഷ്യം നിരവധി നിരോധനങ്ങളെ നേരിട്ടു.
മൂന്നാമത്തേതാണ് ‘ഹൗ ടു മെയ്‌ക്ക് റവലൂഷൻ’. ഇത് ഇസ്രായേലി അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ മറ്റൊരു മുഖത്തേയാണ് കാണിക്കുന്നത്. ഐക്യരാഷ്‌ട്ര സഭ മനുഷ്യാവകാശ പോരാളിയെന്നും ഇസ്രയേൽ ഭീകരവാദിയെന്നും വിളിക്കുന്ന ഇസ അമ്‌റോയുടെ കഥയാണിത്.
ഇസയുടെ പോരാട്ടം വേറിട്ട വഴിയിലാണ്. മഹാത്മാ ഗാന്ധിയുടെ സമരപാത അനുസ്‌മരിപ്പിക്കുന്ന ഒന്ന്. നിസ്സഹകരണവും അക്രമരഹിതമായ സമരങ്ങളുമാണ് ഇസ്സയുടെ പ്രക്ഷോഭമാർഗങ്ങൾ. അയാൾ എത്ര തവണ ശിക്ഷിക്കപ്പെട്ടെന്നൊ മർദനമേറ്റെന്നോ എത്ര കേസുകൾ ചുമത്തിയെന്നോ അയാൾക്കുപോലും ഓർമയില്ല. ഇസ്സയുടെ വിചാരണയിലാണ് നാടകമൂന്നുന്നത്.
2016 ഫെബ്രുവരിയിൽ, ഹെബ്രോണിലെ സൈനിക, കുടിയേറ്റ അക്രമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കൽ, സൈനികനെ അപമാനിക്കൽ, അറസ്റ്റിനെ പ്രതിരോധിക്കൽ തുടങ്ങി പതിനെട്ട് കുറ്റങ്ങൾ ചുമത്തി ആറ് വർഷത്തോളം അദ്ദേഹത്തെ തടങ്കലിൽ വച്ചു. 2021 ജനുവരിയിൽ, അദ്ദേഹം ശിക്ഷിക്കപ്പെട്ടു.
കുപ്രസിദ്ധമായ ഓഫർ മിലിട്ടറി കോടതിയിലെ ഇസയുടെ വിചാരണയിൽ നിന്നുള്ള ട്രാൻസ്‌ക്രിപ്റ്റുകൾ ഞാനീ നാടകത്തിൽ ഉപയോഗിക്കുന്നു. ഇവിടെ 99.7 ശതമാനം പലസ്‌തീനികളും ശിക്ഷിക്കപ്പെടുന്നു എന്നതാണ് ഞെട്ടിപ്പിക്കുന്ന ഒരു കാര്യം. ജഡ്‌ജിമാരും പ്രോസിക്യൂട്ടർമാരും അധിനിവേശ പക്ഷക്കാരാണ്. തന്റെ പേര് വിളിക്കും മുമ്പ്‌തന്നെ കുറ്റാരോപിതന് തന്റെ ശിക്ഷ എന്തെന്ന് അറിയാവുന്ന തരത്തിലാണതിന്റെ പ്രവർത്തനം.
നാടകത്തിന്റെ കേന്ദ്രം സൈനിക കോടതിയാണ്. അവിടെ നടക്കുന്ന വ്യാപാരങ്ങൾ മാധ്യമങ്ങളിലെത്താറില്ല. ദിവസങ്ങളോളം ഞാൻ ഈ കോടതിയിൽ ചെലവഴിച്ചാണ് അവിടെ കണ്ട കാഴ്‌ചകൾ പ്രേക്ഷകരിലേക്ക് എത്തിച്ചത്. അതോടൊപ്പം പലസ്‌തീനി അധികൃതർ ഇസ്സക്കെതിരെ നടത്തിയ നീക്കങ്ങളും നാടകം പറയുന്നു.
? താങ്കളുടെ നാടകങ്ങൾ ഭുരിപക്ഷവും ഡോക്യുമെന്ററി തിയറ്റർ നിർമാണങ്ങളാണ്. പറയാനുദ്ദേശിക്കുന്ന വിഷയങ്ങൾക്ക് ഏറ്റവും ശക്തമായ ഭാഷ ഡോക്യു തിയറ്റർ ആണെന്നു കരുതുന്നുണ്ടോ.
= ഞാൻ പറയുന്നത് ജീവിതമാണ്. ലോകത്ത് എല്ലാവരും അനുഭവിക്കുന്ന ജീവിതമല്ലത്. ഇത് ഒരു ദേശത്തിന്റെ ഒരു ജനതയുടെ തന്നെ അനുഭവങ്ങളാണ്, അതിലധിഷ്‌ഠിതമാണ് ഇവിടുത്തെ ഓരോരോ മനുഷ്യന്റേയും ജീവിതം.
വ്യക്തിപരമായ നഷ്‌ടങ്ങളും വേദനകളും ഉള്ളപ്പോൾ തന്നെ അതെല്ലാം അവരുടെ ജന്മനാട് നേരിടുന്ന അടിച്ചമർത്തലിൽ ഊന്നിയുള്ളതാണ്. അവർക്ക് പറയാനുള്ളതെല്ലാം വൈയക്തികമായ അനുഭവങ്ങളാണെങ്കിലും ആത്യന്തികമായി പലസ്‌തീൻ നേരിടുന്ന നീതിനിഷേധത്തിന്റെ ഭാഗമായാണ്.
ആ അനുഭവിവരണത്തിന് അഭിനയത്തിന്റേയോ, വർണങ്ങളുടേയോ ആടയാഭരണം അണിയിക്കാൻ ആവില്ല. എന്റെ നാടകം ഈ അനുഭവങ്ങൾ ലോകവുമായി പങ്കുവയ്‌ക്കാനുള്ളതാണ്. അതിന് കാര്യകാരണങ്ങളും തെളിവുകളും രേഖകളുമുണ്ട്.
അതൊരു മുഖാമുഖ സംസാരമാണ്. അതിനേറ്റവും മൂർച്ചയേറിയ ഭാഷ ഡോക്യു തിയറ്ററിന്റേതുതന്നെ എന്നു ഞാൻ കരുതുന്നു.
ആസ്വാദനത്തിനേക്കാൾ ഉപരി അനുഭവത്തിന്റെ ഐക്യദാർഢ്യത്തിന്റെ, പ്രതിഷേധത്തിന്റെ അന്തരീക്ഷമാണ് പ്രേക്ഷകനിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്.
ആസ്വാദനത്തിനേക്കാൾ ഉപരി അനുഭവത്തിന്റെ ഐക്യദാർഢ്യത്തിന്റെ, പ്രതിഷേധത്തിന്റെ അന്തരീക്ഷമാണ് പ്രേക്ഷകനിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നത്.
പരമ്പരാഗത ഡോക്യുമെന്ററിയിൽനിന്നും വിട്ട് എന്റെ നാടകം വിവിധ ഡോക്യുമെന്ററി അടരുകളിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്. സൈന്യത്തിൽ നിന്നുള്ള നടപടിക്രമങ്ങൾ, കോടതി, അതു മാത്രമല്ല, നാടകം എങ്ങനെ എഴുതി, അതിനുണ്ടായ തടസ്സങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും നൽകുന്നു. നാടകത്തിൽ വാട്ട്‌സ്ആപ്പുകളും യൂട്യൂബ് വീഡിയോകളും സംഭാഷണങ്ങളുടെ റീപ്ലേകളും ഉണ്ട്.
? സമൃദ്ധസംസ്‌കാരത്തിന്റെ ഭൂമിയാണല്ലോ പലസ്‌തീൻ. ഏങ്ങനെയാണ് ഇസ്രയേലി അധിനിവേശം പലസ്‌തീനിന്റെ സാംസ്‌കാരിക ധാരയെ ബാധിച്ചത്.
= സാംസ്‌കാരികമായി. പലസ്‌തീനിനെ ഒറ്റ യൂണിറ്റായി കാണുക ബുദ്ധിമുട്ടാണ്. സയണിസ്‌റ്റുകൾ അതിനെ തുണ്ടുകളാക്കി വേർതിരിച്ചു നിർത്തുകയാണ്. ഓരോ പ്രദേശത്തും ഇസ്രയേലി അധികാരപ്രയോഗം എത്രത്തോളം ആഴത്തിലുണ്ട് എന്നതനുസരിച്ച് ഓരോ ദേശവാസികളും വ്യത്യസ്‌തമായിത്തന്നെയാണ് പ്രതികരിക്കുന്നതും പ്രവർത്തിക്കുന്നതും.
യുദ്ധം ഇപ്പോഴും തുടരുന്ന ഗാസ മുനമ്പിൽ ഹമാസ്സിന്റേയോ, ഇതര പോരാളികളുടേയോ ശക്തികേന്ദ്രങ്ങളിലോ, പലസ്‌തീൻ ജനതയുടെ ആവാസകേന്ദ്രങ്ങളിലോ മാത്രമല്ല നാശം വിതയ്‌ക്കുന്നത്.
സർവകലാശാലകൾ, സാംസ്‌കാരികസ്ഥാപനങ്ങൾ, ആർക്കൈവുകൾ തുടങ്ങി പലസ്‌തീൻ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും അതേക്കുറിച്ച് അറിവു പകരുകയും ചെയ്യുന്നതെല്ലാം തകർക്കപ്പെടുകയാണ്.
അത് കോളനി ഭരണത്തിന്റെ അനിവാര്യ സ്വഭാവവുമാണ്. ഉദാഹരണത്തിന് വെസ്‌റ്റ് ബാങ്കിലെ ജനീൻ നഗരം കേന്ദ്രീകരിച്ചുള്ള ലോകപ്രശസ്‌തമായ നാടക സംഘം ഫ്രീഡം തിയറ്ററിനെ സൈന്യം ആക്രമിക്കുകയും കലാകാരന്മാരെ അറസ്‌റ്റു ചെയ്യുകയുമുണ്ടായി.
ഇസ്രയേൽ അധിനിവേശ പ്രദേശങ്ങളിലെ പലസ്‌തീനിയൻ കലാകാരന്മാർ മാത്രമല്ല പൗരന്മാരും ഫേസ്‌ബുക്കിൽ അഭിപ്രായപ്രകടനം നടത്തിയതിന്റെ പേരിൽ പോലും അറസ്‌റ്റു ചെയ്യപ്പെട്ടു. ശബ്‌ദിക്കാൻ ഭയക്കുന്ന കാലമാണ്.
കടുത്ത രാഷ്‌ട്രീയപീഡനമാണ് നടക്കുന്നത്. ഹൗ ടു മെയ്‌ക്ക് റവലൂഷൻ എന്ന നാടകത്തിൽ ഇസ്സ ആംറോയുടെ വേഷം അഭിനയിക്കുന്നത്, ടമർ നഫറാണ്. പലസ്‌തീനിലെ എറെ പ്രശസ്‌തനായ റാപ്പറാണ് അദ്ദേഹം. നിരന്തര പീഡനത്തിന്റെ ഇരയാണ് ആ ചെറുപ്പക്കാരൻ. യഹൂദവിരോധം പോലും ചാർത്തിയാണ് അയാളെ ആക്രമിക്കുന്നത്.
? പലസ്‌തീനിലെ കുട്ടികളും സ്‌ത്രീകളും അനുഭവിക്കുന്ന മാനസികാഘാതം വിവിരിക്കാമോ.
= പതിനായിരക്കണക്കിന് കുട്ടികളാണ് കൊല്ലപ്പെടുന്നത്. പ്രസവാശുപത്രികളിൽപോലും നിർദാക്ഷിണ്യം ബോംബിങ്ങ് നടത്തി. ഇതൊരു വെറും കൊലയല്ല. മറിച്ച് വംശീയമായി ഒരു സമൂഹത്തെ ഇല്ലാതാക്കലാണ്.
ഒരു വംശത്തെ ഇല്ലാതാക്കാൻ കുഞ്ഞുങ്ങളെയും സ്‌ത്രീകളെയും കൊല്ലുക എന്ന തന്ത്രമാണ് പയറ്റുന്നത്. ഒരു വശത്ത് പലസ്‌തീനിയൻ പുരുഷന്മാരെയും ഇല്ലാതാക്കുന്നു. കൊല്ലപ്പെട്ട കുട്ടികളേക്കാൾ ഭയാനകമാണ് ജീവിച്ചിരിക്കുന്നവരുടെ അവസ്ഥ.
അച്ഛനും അമ്മയും കൊല്ലപ്പെട്ട, കൈയും കാലും കാഴ്‌ചയും നഷ്‌ടപ്പെട്ട, വീടില്ലാതെ തെരുവിലേക്കെറിയപ്പെട്ട, ആവശ്യത്തിന് ചികിത്സയോ മരുന്നോ, ഭക്ഷണമോ, വെള്ളമോ ഇല്ലാത്ത ആയിരക്കണക്കിന് കുട്ടികളുടേതു കൂടിയാണ് ഇപ്പോൾ ഗാസ.
തെരുവിലൂടെ കടന്നുപോകുന്ന വാഹനത്തിന്റേയോ, ആകാശത്തിലൊരു വിമാനത്തിന്റേയോ ഇരമ്പൽ കേൾക്കുമ്പോൾ ഉറക്കെ നിലവിളിക്കുന്ന, ബാല്യത്തിന്റെ ഒരു കൗതുകങ്ങളും അവശേഷിക്കാത്ത ഈ കുഞ്ഞുങ്ങളുടെ മനോനിലയെക്കുറിച്ച് വിവരിക്കാൻ എനിക്കാവില്ല.
ഇസ്രയേലി അക്രമത്തിനൊപ്പം പുരുഷകേന്ദ്രീകൃത വ്യവസ്ഥയുടെ ചൂഷണവും അനുഭവിക്കുന്നവരാണ് പലസ്‌തീനി പെണ്ണുങ്ങൾ. ഏതു സമയവും കടന്നുവരാവുന്ന ഇസ്രയേലി സേനയെ ഭയക്കുന്നവർ. ഭർത്താവും കുടുംബവുമുൾപ്പടെ ഒരു നിമിഷത്തിൽ ഇല്ലാതായവർ. സ്വന്തം കൈകളിൽ കിടന്ന് പിഞ്ചുകുഞ്ഞുങ്ങൾ വെന്തു മരിക്കുന്നത് കാണേണ്ടിവന്നവർ പതിനായിരങ്ങളാണ്.
? പലസ്‌തീനെ പിന്തുണയ്‌ക്കുന്ന ഇസ്രയേലി എന്ന നിലയിൽ നിങ്ങളെ അവർ എങ്ങനെയാണ് നേരിടുന്നത്.
= എന്റെ കലാപ്രവർത്തനങ്ങളെ തടയാനുള്ള എല്ലാ ശ്രമവും അവർ നടത്തുന്നുണ്ട്. എനിക്കുള്ള സഹായങ്ങൾ നിർത്തലാക്കുക, എന്നെ സഹായിക്കുന്ന തിയറ്റർ ഗ്രൂപ്പുകളെ തടയുക എന്നിവ അവയിൽ ചിലതാണ്. ആദ്യഘട്ടങ്ങളിൽ കുടുംബത്തിനുൾപ്പടെ സോഷ്യൽ മീഡിയയിൽ വധഭീഷണിയും ബലാൽസംഗ ഭീഷണിയും ഉണ്ടായി.
എന്നാൽ ‘കൈകളിൽ രക്തം പുരണ്ട ഭീകരവാദികളെ വെളുപ്പിക്കുന്നവൾ’ എന്ന വിശേഷണം സാംസ്‌കാരികമന്ത്രി എനിക്ക് ചാർത്തി തന്നതോടെ ഭീഷണി പരസ്യമായി. എന്റെ രണ്ടു പെൺമക്കളെ സ്‌കൂളിൽ നിരന്തരം പീഡിപ്പിക്കുന്നുണ്ട്. എന്നാൽ മരണം പോലും എന്നെ ഭയപ്പെടുത്തുന്നില്ല. കാരണം പലസ്‌തീനി സഹോദരങ്ങൾ അനുഭവിക്കുന്ന വേദനയോളം വരില്ല എന്റെ വൈയക്തികാനുഭവങ്ങൾ.
? ഒടുവിൽ, എന്താണ് പലസ്‌തീനിന്റെ യഥാർഥ നില, ഭാവി
= ലോകത്തിന് ഇപ്പോഴും പലസ്‌തീനിലെ യഥാർഥനില അറിയില്ല. അറിയിക്കില്ല എന്നതാകും ശരി. ആരാണോ പിന്തുണയേകേണ്ടത് അവർ മടിച്ചുനിൽക്കുകയാണ്. വ്യവസായ വാണിജ്യത്തിലൂന്നിയ ലോകക്രമത്തിന്റെ ഫലമാണത്.
പലസ്‌തീനിനെ പിന്തുണച്ചിരുന്ന പല രാജ്യങ്ങളും ഇപ്പോൾ ഇസ്രയേലിനോടൊപ്പമാണ്. അതിനു പല കാരണങ്ങളുണ്ട്. ലോകമെങ്ങും പടർന്നു കയറിയ തീവ്രവലതുപക്ഷവാദം ഉണ്ടാക്കിയ ഇസ്ലാമോഫോബിയ, ഫാസിസം നടപ്പിലാക്കാൻ ഇസ്രയേൽ നൽകുന്ന വിവിധങ്ങളായ സഹായങ്ങൾ, അതിലുമുപരി നവമുതലാളിത്ത വ്യവസ്ഥയിൽ ലോകരാഷ്‌ട്രങ്ങൾക്കുമേൽ അമേരിക്കയും ബ്രിട്ടനും ചെലുത്തുന്ന സ്വാധീനം എന്നിവ അവയിൽ ചിലതു മാത്രമാണ്.
പലസ്‌തീനിനെ പിന്തുണച്ചിരുന്ന പല രാജ്യങ്ങളും ഇപ്പോൾ ഇസ്രയേലിനോടൊപ്പമാണ്. അതിനു പല കാരണങ്ങളുണ്ട്. ലോകമെങ്ങും പടർന്നു കയറിയ തീവ്രവലതുപക്ഷവാദം ഉണ്ടാക്കിയ ഇസ്ലാമോഫോബിയ, ഫാസിസം നടപ്പിലാക്കാൻ ഇസ്രയേൽ നൽകുന്ന വിവിധങ്ങളായ സഹായങ്ങൾ, അതിലുമുപരി നവമുതലാളിത്ത വ്യവസ്ഥയിൽ ലോകരാഷ്‌ട്രങ്ങൾക്കുമേൽ അമേരിക്കയും ബ്രിട്ടനും ചെലുത്തുന്ന സ്വാധീനം എന്നിവ അവയിൽ ചിലതു മാത്രമാണ്.
ഗാസയിലെ യഥാർഥ നിലയറിയണമെങ്കിൽ വിവിധ വാർത്താ ഏജൻസികളിലൂടെ കടന്നുപോകേണ്ടിവരും. മിഡിൽ ഈസ്‌റ്റ് ഐ പൊലുള്ള മാധ്യമങ്ങൾ കുറേക്കൂടി കൃത്യതയോടെ കാര്യങ്ങൾ പറയുന്നുണ്ട്.
76 വർഷമായി ഒരു ജനത തങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്. മാന്യമായ ഒരു ജീവിതത്തിനും, സുരക്ഷിതത്വത്തിനും സമത്വത്തിനും വേണ്ടി. അധിനിവേശത്തിനും അടിച്ചമർത്തലിനും എതിരായ അവരുടെ പ്രതിരോധത്തിന്റെ രൂപങ്ങൾ വൈവിധ്യപൂർണമാണ്.
സായുധ ചെറുത്തുനിൽപ്പ് മുതൽ കവിതയെഴുതുന്നത് വരെ. എന്നാൽ അവയൊന്നും ഇസ്രയേലിന്റെ കാഴ്ചപ്പാടിൽ നിയമാനുസൃതമല്ല. ഇന്ന് ഇസ്രയേൽ ഫലസ്തീനികളെ അവരുടെ ചിന്തകളുടെ പേരിൽ പീഡിപ്പിക്കുന്നു. എനിക്ക് തോന്നുന്നു അങ്ങനെയൊരു ജീവിതം അവരെ ശക്തിപ്പെടുത്തുകയേ ഉള്ളൂ. എനിക്കുറപ്പാണ് ‘ഒടുവിൽ പലസ്തീൻ സ്വതന്ത്രമാകും’.
(ദേശാഭിമാനി വാരികയിൽ നിന്ന്)










0 comments