25 September Monday

ചരിത്രത്തിലേക്കൊരു പെണ്‍നാടകക്കാലം

ജിഷ അഭിനയ abhinayatsr@gmail.comUpdated: Sunday Jan 29, 2023

അരങ്ങുനിറയേ പെൺനാടകങ്ങൾ. നാടക ചർച്ചകൾ. നാടക സ്വപ്‌‌നങ്ങൾ. തിരുവനന്തപുരം നിരീക്ഷ സ്‌ത്രീ നാടകവേദി സംഘടിപ്പിച്ച ദേശീയ സ്‌ത്രീ നാടകോത്സവം കേരളത്തിലെ സ്‌‌ത്രീ നാടകവേദിയിൽ പുതിയ വെളിച്ചം പകർന്നു. ഇതിന്‌ ചുക്കാൻ പിടിച്ചതാകട്ടെ നാടകത്തെ എന്നും നെഞ്ചോട്‌  ചേർത്തുപിടിച്ച രണ്ട്‌ വനിതകൾ. സുധി ദേവയാനി, രാജരാജേശ്വരി. ഇവർക്കൊപ്പം കുറച്ചു നല്ല സുഹൃത്തുക്കളും കൈകോർത്തപ്പോൾ ചരിത്രത്തിൽ ഒരു പുത്തനേടും തുന്നിച്ചേർത്തു. 2022 ഡിസംബർ 23, 24, 25 തീയതികളിലാണ്‌ തിരുവനന്തപുരത്ത്‌ നാടകോത്സവം സംഘടിപ്പിച്ചത്‌. തലസ്ഥാനത്ത് ആദ്യമായി നടന്ന ദേശീയ സ്‌ത്രീ  നാടകോത്സവത്തിൽ കേരളത്തിനകത്തും പുറത്തുമായുള്ള 14 സ്‌ത്രീ സംവിധായകരുടെ നാടകങ്ങളാണ് അരങ്ങിലെത്തിയത്.

സാഭിമാനം ഓരോ ചുവടും

എന്തുകൊണ്ട്‌ ഇത്തരത്തിൽ സ്‌ത്രീ നാടകോത്സവങ്ങൾ കേരളത്തിൽ ഉണ്ടാകുന്നില്ലെന്ന ചോദ്യമാണ്‌ ആദ്യം ഉയർന്നുവരേണ്ടത്‌. നാടകങ്ങളോടുള്ള സമീപനങ്ങളിൽ, ചിന്തകളിൽ എല്ലാം പുരുഷനൊപ്പം സ്‌ത്രീയും കൂടിച്ചേരുന്നുവെങ്കിലും എവിടെയൊക്കെയോ നമുക്ക്‌ നഷ്‌ടമാകുന്ന, ബോധപൂർവം കൂട്ടിച്ചേർക്കാൻ  താൽപ്പര്യപ്പെടാത്ത കുറച്ചു സമീപനങ്ങളുടെ ആകെത്തുകയാണ്‌ ഇത്തരം നിരാസങ്ങളെന്ന്‌ തിരിച്ചറിയേണ്ടിയിരിക്കുന്നു.  

വൈവിധ്യമാർന്ന പരിപാടികൾ

മാനവീയം വീഥിയിൽ മന്ത്രി ആന്റണി രാജു നാടകോത്സവം ഫ്ലാഗ് ഓഫ് ചെയ്‌തു. തുടർന്ന് എംഎംസി കളരി സംഘത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടികൾ അവതരിപ്പിച്ച കളരിപ്പയറ്റും ടിഎസ്‌എസ്‌എസ്‌  വലിയതുറയിലെ പെൺകുട്ടികൾ അവതരിപ്പിച്ച ‘തീക്കടൽ' എന്ന തെരുവ് നാടകവും അരങ്ങേറി. വിവിധ വിഷയങ്ങളിൽ സെമിനാർ, കുട്ടികൾക്ക് വേണ്ടി  നാടകക്കളരി കവിയരങ്ങ് എന്നിവയുമുണ്ടായി.

വേറിട്ട നാടകങ്ങൾ

വിവിധ തലങ്ങളിലുള്ള കുടുംബശ്രീ പ്രവർത്തകർ നാടകോത്സവത്തിന്റെ ഭാഗമായി. അധ്യാപകർ, നാടക ഗവേഷകർ എന്നിവരെല്ലാം പങ്കാളികളായി. അരങ്ങിനെ വ്യത്യസ്‌തമായ തലങ്ങളിലൂടെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യം സാർഥകമാക്കുന്നതായിരുന്നു ഓരോ നാടകവും. അഭിനേത്രി എന്നതിനപ്പുറം സംഘാടക, രചയിതാവ്‌, എന്നീ തലങ്ങളിലെല്ലാം പ്രവർത്തിക്കുന്ന സ്‌ത്രീകളെ മുന്നോട്ടു കൊണ്ടുവരാൻ നാടകോത്സവത്തിലൂടെയായി.

ശ്രീജ ആറങ്ങോട്ടുകര സംവിധാനം ചെയ്‌ത ‘നിശ്ശബ്ദതയുടെ മ്യൂസിയം’ നാടകമാണ്‌  ആദ്യദിവസം അരങ്ങേറിയത്‌. നിശ്ശബ്ദമാക്കപ്പെട്ട ,  മറയ്ക്കപ്പെട്ട , മാറ്റപ്പെടുന്ന ചരിത്രത്തെ ഓർമപ്പെടുത്തുന്ന ഇടമാണിത്‌. കാലത്തെയും ദേശത്തെയും മറികടന്ന്  ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടവരും അല്ലാത്തവരുമായ വ്യക്തികൾ, ചരിത്രം അന്വേഷിച്ചെത്തുന്ന വിദ്യാർഥികൾക്കിടയിലൂടെ കടന്നുപോകുന്നു. വൈവിധ്യമാർന്ന ഭാഷകളിലൂടെ, താളങ്ങളിലൂടെ, പാട്ടുകളിലൂടെ, നൃത്തങ്ങളിലൂടെ പുതിയ ലോകം സ്വപ്നം കാണാൻ അവർ ശ്രമിക്കുന്നു.

അതിരുകളില്ലാതെ സ്വപ്നം

അഷിമ ഒരുപേരല്ല,  ഒരു യാഥാർഥ്യമാണ്‌. പാലക്കാട്‌ നവരംഗ്‌ അരങ്ങിലെത്തിച്ച അഷിമ നാടകം സംവിധാനവും രചനയും നിർവഹിച്ചത്‌  ആർ എം നയനയാണ്‌. അഷിമ എന്നാൽ അനന്തമായത് എന്നർഥം. അതിരുകളില്ലാതെ സ്വപ്നം കാണുന്ന അഷിമ എന്ന മുസ്ലിം പെൺകുട്ടിയുടെ കഥയാണിത്. എന്നെങ്കിലും അഷിമ ഉയിർത്തെഴുന്നേൽക്കും, അന്തമില്ലാത്ത ആകാശത്തിലൂടെ പറന്നുയരും. സ്വാതന്ത്ര്യം രുചിച്ചറിയും. പക്ഷേ, എന്ന്  എന്ന ചോദ്യം അവശേഷിക്കുന്നു.

ഏലി ഏലി ലാമ സബക്താനി നാടകത്തിലെ രംഗം

ഏലി ഏലി ലാമ സബക്താനി നാടകത്തിലെ രംഗം

ഏലി ഏലി ലമാ സബക്താനി

പാലക്കാട്‌ ത്രാങ്ങാലി  വാമനൻ സ്‌മാരക യുവജന കലാസമിതി  അവതരിപ്പിച്ച ‘ഏലി ഏലി ലമാ സബക്താനി’ നാടകം വർത്തമാന സാമൂഹ്യ അവസ്ഥയും സ്‌ത്രീയും ബൈബിളും ചേർന്നുള്ള സംവാദമാണ്‌. രചന–സംവിധാനം: ജിഷ അഭിനയ. ഏലി ഏലി ലമാ സബക്താനി...  ‘എന്റെ  ദൈവമേ, എന്റെ  ദൈവമേ... നീയും എന്നെ കൈ വിട്ടതെന്ത്?' ലോകം കേട്ട ഏറ്റവും വാചാലവും ഹൃദയഭേദകവുമായ വിലാപം. കുരിശിൽ മരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യപുത്രന്റെ വിലാപമാണത്. ഏതോ പെൺവഴികളിൽ നിന്നും ഉയർന്നുകേൾക്കുന്നതും ഇതേ നിലവിളി തന്നെയല്ലേ. ഒരർഥത്തിൽ കഥാനായികയായ അന്നയും യേശുവും അണിഞ്ഞത്‌ പീഡിതരുടെ കുപ്പായങ്ങളായിരുന്നല്ലോ. മതത്തിന്, സമൂഹത്തിന്‌, എല്ലാമെല്ലാം മദമിളകി പെൺവേട്ടയുടെ പുതിയ പുതിയ തലങ്ങൾ പരമ്പരകളാകുമ്പോൾ ഒരൊറ്റ ചോദ്യം–- ഇനിയും ഒരു മനുഷ്യപുത്രൻ ലോക നന്മയ്‌ക്കായി പിറവിയെടുക്കുമോ? നാടകം ചോദിക്കുന്നു.

അന്ധത സ്വയം വരിക്കുന്നവൾ

മഹാഭാരതത്തിലെ ചില കഥാപാത്രങ്ങളെയും സന്ദർഭങ്ങളെയും അവലംബിച്ചുള്ള നാടകമാണ് നിരീക്ഷ സ്ത്രീ നാടകവേദി അവതരിപ്പിച്ച ‘അന്ധിക’. ആണധികാര സമൂഹത്തിൽ സ്വന്തം സൗകര്യങ്ങൾക്കായി അന്ധത സ്വയം വരിക്കുന്നവളാണ് സൗബലി. മറ്റ് സ്ത്രീകളിലും അധികാരമില്ലാത്തവരിലും  സമൂഹം നടത്തുന്ന നീതി നിഷേധങ്ങളോടും അക്രമങ്ങളോടും കണ്ണടയ്‌ക്കുന്നവൾ.  ഏതോ ഒരു നിമിഷത്തിൽ സൗബലിയുടെ ഈ കണ്ണടയ്‌ക്കൽ യഥാർഥത്തിൽത്തന്നെ അവളെ അന്ധയാക്കിയിരിക്കുന്നു എന്ന  തിരിച്ചറിവ്‌ സമ്മാനിക്കുന്നു. നാടക  രചന രാജ രാജേശ്വരി, സംവിധാനം സുധി ദേവയാനി.

അധികാരം അടിമകളാക്കി

പുരാണത്തിലെ ഒരു കഥാസന്ദർഭത്തെ സമകാലിക രഷ്‌ട്രീയ സൂചനകളോടെ വായിക്കാനുള്ള ശ്രമമാണ്‌ ‘ കാട്‌’ എന്ന ഏകപാത്ര നാടകം.  അധികാരം ഒരു ജനതയെ എപ്രകാരമെല്ലാം അടിമകളാക്കി  നിലനിർത്തുന്നുവെന്ന്‌ നാടകം ചൂണ്ടിക്കാണിക്കുന്നു. ഡോ. എം എസ്‌ സുരഭിയാണ്‌ നാടക രചനയും സംവിധാനവും അവതരണവും നിർവഹിച്ചത്‌.  

ഏക പാത്ര നാടകമായിരുന്ന ‘ഡയാന’ കാണികളിൽ  വേറിട്ട ചിന്ത പകർന്നു. ഡയാന രാജകുമാരിയുടെ  ജീവിതത്തെയും അവരുടെ ജീവിതത്തെയും നാടകം തുറന്നുകാട്ടുന്നു.  ഗായത്രി പ്രഭ ബാബുവാണ്‌ നാടകം അരങ്ങിലെത്തിച്ചത്‌. യഥാർഥ ജീവിത കഥയെ ആസ്പദമാക്കിയുള്ളതാണ്  ഷീ എന്ന ഏകപാത്ര നാടകം. രക്ഷാകർതൃത്വം എന്നത് ഒരു കുട്ടിയുടെ വളർച്ചയെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്. എന്നാൽ തെറ്റായ രക്ഷാകർതൃത്വവും അതോടൊപ്പം അവർ  നിർബന്ധിച്ചു മുന്നോട്ടുവയ്ക്കുന്ന മതപഠനവും ഒരു കുട്ടിയുടെ  ജീവിതത്തെ എങ്ങനെ മുന്നോട്ടു നയിക്കുന്നു എന്നും നാടകം പറയുന്നു. അവതരണം: ഗാഥ ആർ കൃഷ്ണൻ.

സംഗീതവും ശരീര ചലനങ്ങളും ഉപയോഗിച്ചാണ് സോളോഗാമി  ഏക പാത്ര നാടകം. അവതരണം: റോണാ തെരേസ. സൈക്, സൈക്കിൾ, സൈക് ഏക പാത്ര നാടകം വി എച്ച്‌ നിഷാദിന്റെ ആതിര സൈക്കിൾ എന്ന ചെറുകഥയുടെ ഏകപാത്ര നാടകാവിഷ്കാരമാണ്‌. എങ്ങനെ ജീവിക്കണം, വസ്ത്രം ധരിക്കണം, ഏത് സമയത്ത് പുറത്തിറങ്ങണം എന്നിങ്ങനെയുള്ള അനേകം നിയന്ത്രണങ്ങളും കഥാപാത്രമായ ആതിരയെപ്പോലെ എല്ലാ സ്ത്രീകൾക്ക് ചുറ്റിലും ഉണ്ടെന്നും നാടകം ഓർമിപ്പിക്കുന്നു.  അവതരണം: രേഷ്മ രാജൻ.

‘ആമി’ ഏക പാത്ര നാടകം ആദിത്യ ബേബിയാണ്‌ അവതരിപ്പിച്ചത്‌. ‘അമേസിങ്ങ്‌ ആമി’ എന്ന് ലോകം പറയുമ്പോഴും പ്രശംസിക്കപ്പെടുമ്പോഴും താനൊരു പൂർണ പരാജയം ആണെന്ന് ആമിക്കറിയാം. ഈ ബോധ്യങ്ങളൊക്കെ അവൾക്കു നൽകുന്ന നിരാശ. അമ്മയാകാനുള്ള  ആഗ്രഹവും  വിവാഹബന്ധത്തിൽ താൽപ്പര്യമില്ലാതെ മറ്റൊരു സ്ത്രീയുമായി അവളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഭർത്താവും അതവളിൽ ഉളവാക്കുന്ന പകയും പര്യവസാനവുമാണ് നാടകം.  

‘ഒടിവിദ്യ’ എന്ന  -കവിതാവിഷ്കാരവും വേറിട്ടതായി. അവതരണം: അശ്വനി ചന്ദ്. ആശാലതയുടെ ഒടിവിദ്യ എന്ന കവിത ഒടിവിദ്യ എന്ന മിത്തിനെ സമകാലീന രാഷ്ട്രീയ പശ്ചാത്തലത്തിൽ വ്യാഖ്യാനിക്കുന്നു. ഗതകാല അധികാര പ്രയോഗങ്ങളെ നേരിടാൻ കാളയായും പാമ്പായും കല്ലായും മുള്ളായുമെല്ലാം മറു വിദ്യ നടത്തുന്ന അടിയാള വർഗത്തിന്റെ ചെറുത്തു നിൽപ്പാണോ ഒടിവിദ്യ?

നിറഞ്ഞ കൈയടിയോടെയാണ്‌ ‘ ആൾ മോസ്‌റ്റ്‌ ആന്റിഗണി’ നാടകത്തെ സദസ്സ്‌ സ്വീകരിച്ചത്‌.  ആശയം, അവതരണം :- പാപ്പൂരി മേധി-.
മൂന്നു ദിവസം. മനം നിറയേ നാടക ഓർമകളുമായാണ്‌ ഓരോ സ്‌ത്രീയും അവിടം വിട്ടത്‌. ഒരു പെണ്ണ്‌ അരങ്ങ്‌ കാണുകയെന്നാൽ അവൾ ഉൾപ്പെടുന്ന ഒരു സമൂഹമൊന്നാകെയാണ്‌ കണ്ണും കാതും  തുറന്നുമെത്തുക. നാടകം ഒരു വഴിവിളക്കാകുന്നതും ഈ വേളയിലാണല്ലോ. പെണ്ണെന്ന വെളിച്ചം ഓരോ പന്തമായി ആളിക്കത്തുക തന്നെ ചെയ്യും. സ്വയം വെളിച്ചമായി .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top