05 June Monday

കാക്കിയിലെ പെൺവീര്യം

സിജി ഗോവിന്ദ് sijivg@gmail.comUpdated: Sunday May 21, 2023

അച്ഛന്റെ  എയർഫോഴ്‌സ് യൂണിഫോം നോക്കി കുഞ്ഞുന്നാളിൽ ഒരിക്കൽ താനും ഇതുപോലെയൊന്നണിയുമെന്ന് മനസ്സിൽ കുറിച്ചിട്ടവൾ. വർഷങ്ങൾക്കുശേഷം ആ പെൺകുട്ടിയെ കാണുന്നത് കേരളത്തിലെ ആദ്യ വനിതാ എക്‌സൈസ് ഇൻസ്‌പെക്ടറെന്ന പദവിയിൽ. തൃശൂർ തൈക്കാട്ടുശേരി സ്വദേശിനി ഒ സജിത നടന്നുകയറിയത് ചരിത്രത്തിലേക്കാണ്. എയർഫോഴ്‌സിലായിരുന്ന അച്ഛൻ ദാമോദരന്റെ  യൂണിഫോം കണ്ടുതുടങ്ങിയ ആഗ്രഹമാണ് 2014ൽ സിവിൽ എക്‌സൈസ് ഓഫീസറായതോടെ സാക്ഷാൽക്കരിക്കപ്പെട്ടതെന്ന് സജിത പറയുന്നു.

അമ്മ മീനാക്ഷിയും സഹോദരി വിനോദിനിയും അധ്യാപികമാരായിരുന്നതിനാൽ ബിഎസ്‌സി കെമിസ്ട്രി  പൂർത്തിയാക്കിയശേഷം ബിഎഡ് എടുത്തു. തുടർന്ന് കൊടുങ്ങല്ലൂർ അമൃത വിദ്യാലയത്തിൽ അധ്യാപികയായി. 2011ലാണ്  വനിതാ സിവിൽ എക്‌സൈസ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷിച്ചത്. പരീക്ഷയിൽ സജിത  ജില്ലയിൽ രണ്ടാം റാങ്കോടെ 24 പേരിലൊരാളായി. സ്പിരിറ്റ് മയക്കുമരുന്ന് കേസുകളിൽ സ്ത്രീ കുറ്റവാളികളേറിയപ്പോൾ വനിതാ ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന കേരള സർക്കാർ തീരുമാനപ്രകാരമായിരുന്നു നിയമനം. 2014 ൽ തൃശൂർ ഡിവിഷനിൽ തൃശൂർ റെയ്ഞ്ചിൽ ജോലിയിൽ പ്രവേശനം. 2016ലാണ് ബൈ ട്രാൻസ്ഫർ ടെസ്റ്റിലൂടെ ലഭിച്ച ആദ്യ അവസരത്തിൽത്തന്നെ മികവുപുലർത്തി സജിത സംസ്ഥാനത്തെ ആദ്യ വനിതാ എക്‌സൈസ് ഇൻസ്‌പെക്ടറെന്ന അഭിമാന നേട്ടം സ്വായത്തമാക്കിത്. അതും പുരുഷന്മാരെയും ഒപ്പമെഴുതിയ വനിതകളെയും കടത്തിവെട്ടി ജനറൽ വിഭാഗത്തിൽ ഒന്നാംറാങ്കോടെ. എക്‌സൈസ് അക്കാദമിയിലെ ഒരു വർഷത്തെ കഠിന പരിശീലനത്തിനുശേഷം, 2020 ജൂലൈ മാസത്തിൽ തിരൂർ സർക്കിൾ ഓഫീസിലാണ് ചാർജെടുത്തത്. പിന്നെ റെയ്ഞ്ച് ഓഫീസിലേക്ക് മാറി.

2021ൽ  51.5 കി.ഗ്രാം കഞ്ചാവ് തിരൂർ കോട്ടുകല്ലിങ്കലിലെ ഒരുവീട്ടിൽ ഒളിച്ചുസൂക്ഷിച്ചത് പിടികൂടിയതാണ് കരിയറിലെ പ്രധാന ദൗത്യ നിർവഹണം. വനിതാ എക്‌സൈസ് ഇൻസ്‌പെക്ടറായശേഷം എല്ലാ ഭാഗത്തുനിന്നും പ്രോത്സാഹനം മാത്രമേ ലഭിക്കുന്നുള്ളൂ. നിലവിൽ പഴയന്നൂർ എക്‌സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടറാണ്. പാലക്കാട് ജില്ലയിലെ ഷൊർണൂർ ചുഡുവാലത്തൂർ അഭിനത്തിലാണ് താമസം. ഭർത്താവിന്റെയും കുടുംബത്തിന്റെയും പൂർണ പിന്തുണയുണ്ടായതുകൊണ്ട് മാത്രമാണ് സ്വപ്‌നം സഫലമായതെന്നും സജിത പറഞ്ഞു. സ്റ്റാർ പിവിസി പൈപ്‌സിൽ മാനേജരായ കെ ജി അജിയാണ് ഭർത്താവ്. മകൾ: ഇന്ദു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top