01 June Thursday

പെണ്ണിന്റെ ഫുട്‌ബോള്‍, പെണ്ണ് കാണുന്ന ഫുട്‌ബോള്‍

ഡോ. സംഗീത ചേനംപുല്ലിUpdated: Thursday Jul 12, 2018

 പുരുഷന്‍ കളിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പ് ഫുട്‌ബോളും, സ്ത്രീകള്‍ കളിക്കുന്നത് വനിതാ ലോകകപ്പും ആകുന്നതില്‍ നിന്നു തന്നെ സമൂഹത്തിന്റെ സമീപനം വ്യക്തമാണ്. പെണ്ണായിരിക്കുകയും കായികതാരമായിരിക്കുകയും ചെയ്യുക എന്നത്  വിപരീത നിലകളായിരിക്കുകയും, പുരുഷനായിരിക്കുകയും കായികതാരമായിരിക്കുകയും ചെയ്യുക എന്നത് പരസ്പരം പര്യായങ്ങളായിത്തീരുകയും ചെയ്യുന്നു.
 

   ഇരമ്പിത്തുളുമ്പുന്ന സ്റ്റേഡിയത്തില്‍ ഒരു പന്തിനു പിന്നാലെ പായുന്ന പതിനൊന്ന് ജോഡി കാലുകള്‍, ആര്‍പ്പുവിളികളും പരിഹാസങ്ങളും അധിക്ഷേപങ്ങളുമായി ആര്‍ത്തിരമ്പുന്ന പുരുഷാരം, വേഗതയുടെയും കായികശേഷിയുടെയും അരങ്ങായ ഒന്നര മണിക്കൂര്‍ ഇതിലെവിടെയാണ് സ്ത്രീക്ക് സ്ഥാനം? ആര്‍ത്തിരമ്പുന്ന പതിനായിരങ്ങളില്‍ ഒരാളായി അവളുമുണ്ടാകാം, ചിലരൊക്കെ ബാല്യം കഴിഞ്ഞും ഫുട്‌ബോള്‍ എന്ന സ്വപ്‌നത്തെ പിന്തുടര്‍ന്ന് പന്തിനുപിന്നാലെ പായുന്നുമുണ്ടാവാം. എന്നാല്‍ കായികലോകത്ത് ഫുട്‌ബോള്‍ അടക്കം സ്ത്രീകളുടെ ഗെയിംസ് ഇനങ്ങളുടെ സ്ഥാനം എന്താണ്? ജാഫര്‍ പനാഹി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രമായ 'ഓഫ്‌സൈഡ്' 2006 ലെ ബഹറിനും ഇറാനും തമ്മിലുള്ള ലോകകപ്പ് യോഗ്യതാമത്സരത്തെ മുന്‍നിര്‍ത്തിയാണ് ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. ഈ മത്സരം കാണാനെത്തുന്ന പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന അനുഭവങ്ങള്‍ ഈ സിനിമ ആവിഷ്‌കരിക്കുന്നു. ഈ പെണ്‍കുട്ടികളുടെ അനുഭവങ്ങള്‍ എന്തുകൊണ്ട് പ്രസക്തമാകുന്നു എന്നാല്‍ ഇറാനില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയത്തില്‍ പോയി ഫുട്‌ബോള്‍ കാണാന്‍ അനുവാദമില്ല. ഇങ്ങനെ കാഴ്ചപോലും അന്യമാകുംവിധം കായികലോകത്ത് സ്ത്രീ അന്യവത്കരിക്കപ്പെടുന്നത് എന്തുകൊണ്ടാവാം? പുരുഷന്‍ കളിക്കുന്ന ഫുട്‌ബോള്‍, ലോകകപ്പ് ഫുട്‌ബോളും സ്ത്രീകള്‍ കളിക്കുന്നത് വനിതാലോകകപ്പും ആകുന്നതില്‍ നിന്നുതന്നെ സമൂഹത്തിന്റെ സമീപനം വ്യക്തമാണ്. പെണ്ണായിരിക്കുകയും കായികതാരമായിരിക്കുകയും ചെയ്യുക എന്നത് വിപരീതനിലകളായിരിക്കുകയും പുരുഷനായിരിക്കുകയും കായികതാരമായിരിക്കുകയും ചെയ്യുക എന്നത് പരസ്പരം പര്യായങ്ങളായിത്തീരുകയും ചെയ്യുന്നു.

1985 ലെ ബ്രിട്ടീഷ് വനിതാ ഫുട്‌ബോള്‍ ടീം

1985 ലെ ബ്രിട്ടീഷ് വനിതാ ഫുട്‌ബോള്‍ ടീംചരിത്രത്തിലെ പെണ്ണിടങ്ങള്‍

 പുരുഷന്‍ പന്തിനു പിന്നാലെ പാഞ്ഞുതുടങ്ങിയ അതേകാലത്തുതന്നെ സ്ത്രീകളും പന്ത് കളിക്കാനാരംഭിച്ചിരുന്നു. ക്രിസ്തുവിന് അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പേ സ്ത്രീകള്‍ ഫുട്‌ബോളിന്റെ പ്രാഗ്‌രൂപങ്ങളായ പന്തുകളികളില്‍ ഏര്‍പ്പെട്ടിരുന്നത്രെ. ലഭ്യമായ ആദ്യ തെളിവാകട്ടെ ചൈനയിലെ ഹാന്‍ രാജവംശത്തിന്റെ കാലത്ത് സുജു എന്ന പന്തുകളിയിലേര്‍പ്പെട്ടിരിക്കുന്ന രണ്ട് സ്ത്രീകളുടെ ചുമര്‍ചിത്രമാണ്. കാല്‍പ്പന്തുകളിയുടെ ഇന്നത്തെ രൂപമായ സോക്കര്‍ തന്നെയും പന്ത്രണ്ടാം നൂറ്റാണ്ടുമുതലെങ്കിലും സ്ത്രീകള്‍ കളിച്ചുപോരുന്നുണ്ട്. നാട്ടാചാരങ്ങളുടെയും ആഘോഷങ്ങളുടെയും ഭാഗമായാണ് സ്ത്രീകളുടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ ഏറെയും നടന്നിരുന്നതെങ്കിലും അവര്‍ ഈ മത്സരങ്ങളില്‍ ആവേശപൂര്‍വം പങ്കെടുത്തിരുന്നു. 1881 ല്‍ സ്‌കോട്ട്‌ലന്റിലെ ഗ്ലാസ്‌ഗോയില്‍ മത്സരത്തിനിറങ്ങിയ വനിതാടീമംഗങ്ങള്‍ക്ക് നേരെ കൈയേറ്റശ്രമമുണ്ടാവുകയും കളി ഉപേക്ഷിക്കുകയും ചെയ്തതോടെ തുടങ്ങുന്നു വനിതാഫുട്‌ബോളിനോടുള്ള പുരുഷാധിപത്യസമൂഹത്തിന്റെ എതിര്‍പ്പിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രം. അക്കാലത്തെ സ്ത്രീകളുടെ പതിവുവേഷവിധാനത്തിന്റെ ഭാഗമായ മടമ്പുയര്‍ന്ന ചെരുപ്പും മാര്‍ക്കച്ചയും തൊപ്പിയുമൊക്കെ ധരിച്ചായിരുന്നു ഇവര്‍ കളിച്ചത്, എന്നിട്ടുപോലും പുരുഷന്മാരായ കാണികളുടെ കടുത്ത എതിര്‍പ്പും വിദ്വേഷവും ടീമംഗങ്ങള്‍ക്ക് നേരിടേണ്ടിവന്നു. തുടര്‍ന്നുള്ള മത്സരങ്ങളും ഗ്രൗണ്ട് കൈയേറ്റത്തിലും അക്രമങ്ങളിലും അവസാനിച്ചതോടെ സ്ത്രീകളുടെ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താനുള്ള ശ്രമം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണുണ്ടായത്. ബ്രിട്ടീഷ് ലേഡീസ് ഫുട്‌ബോള്‍ ക്ലബ് എന്ന പേരില്‍ സ്ത്രീകളുടെ മാത്രമായ ഒരു ടീം 1895 ലാണ് ആദ്യമായി രൂപം കൊണ്ടത്. പത്രത്തിലൂടെ പരസ്യം ചെയ്ത് സ്ത്രീകളെ കണ്ടെത്തി നെറ്റി ഹണിബാളിന്റെ നേതൃത്വത്തില്‍ ടീം രൂപീകരിക്കപ്പെട്ടു. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് നൂറിലേറെ മത്സരങ്ങള്‍ കളിച്ച ഈ ടീം സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള മുന്നേറ്റങ്ങള്‍ക്കും ഊര്‍ജം പകര്‍ന്നു. കടക്കെണിയില്‍ തകര്‍ന്നുപോയെങ്കിലും വസ്ത്രധാരണ സ്വാതന്ത്ര്യം, സ്ത്രീ ലൈംഗികത, സാമൂഹ്യ പ്രാതിനിധ്യം തുടങ്ങിയ നിരവധി പ്രശ്‌നങ്ങളെ യാഥാസ്ഥിതിക ബ്രിട്ടീഷ് സമൂഹത്തിനു മുന്നില്‍ ചര്‍ച്ചയ്ക്കുവയ്ക്കാന്‍ കഴിഞ്ഞു എന്നത് ബ്രിട്ടീഷ് ലേഡീസ് ഫുട്‌ബോള്‍ ക്ലബ്ബിന്റെ ചെറുതല്ലാത്ത വിജയമായിരുന്നു.

 ധനനഷ്ടത്തിനും ആള്‍നാശത്തിനുമെല്ലാം കാരണമായ ഒന്നാംലോകയുദ്ധം വനിതാഫുട്‌ബോളിന് ഊര്‍ജം പകര്‍ന്നു എന്നതാണ് രസകരമായ വസ്തുത. യുദ്ധത്തില്‍ പങ്കെടുക്കാനായി നിയോഗിക്കപ്പെട്ട പുരുഷന്മാര്‍ ഉപേക്ഷിച്ചുപോയ ഫാക്ടറി ജോലികള്‍ സ്ത്രീകള്‍ ഏറ്റെടുത്തു. അങ്ങനെ സ്ത്രീകളുടെ സാമൂഹ്യപദവിയില്‍ മാറ്റം കൊണ്ടുവരാന്‍ യുദ്ധം കാരണമായി. ഈ തൊഴിലാളി സ്ത്രീകളുടെ ഒഴിവുസമയ വിനോദമായി ഫുട്‌ബോള്‍ മാറിയപ്പോള്‍ ഫാക്ടറികളെ കേന്ദ്രീകരിച്ച് വനിതാഫുട്‌ബോള്‍ ടീമുകള്‍ വളര്‍ന്നുവന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യകാലത്ത് വനിതാഫുട്‌ബോള്‍ ഇംഗ്ലണ്ടില്‍ പുരുഷഫുട്‌ബോളിനോളമോ അതിലേറെയോ ജനപ്രീതി നേടിയിരുന്നു. 1920 ല്‍ നൂറ്റമ്പതോളം വനിതാടീമുകള്‍ ഇംഗ്ലണ്ടില്‍ കളിച്ചിരുന്നു. ആയിരത്തിലേറെ ഗോളടിച്ച ലിലി പാര്‍ ഉള്‍പ്പെട്ട ഡിക് കെര്‍ ലേഡീസ് എഫ് സി പോലെ നിരവധി വനിതാഫുട്‌ബോള്‍ ടീമുകള്‍ ഈ കാലത്ത് കളിക്കളത്തില്‍ നിറഞ്ഞുനിന്നു. പലമത്സരങ്ങള്‍ക്കും പുരുഷമത്സരങ്ങളെക്കാള്‍ കൂടുതല്‍ കാണികളുമുണ്ടായിരുന്നു. ഈ ജനപ്രീതി ഫുട്‌ബോളിലെ പുരുഷാധിപത്യത്തെ അസ്വസ്ഥരാക്കാതിരുന്നില്ല. 1921 ല്‍ ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഫുട്‌ബോള്‍ കൂട്ടായ്മയായ, ഇംഗ്ലണ്ടിലെ ഫുട്‌ബോളിനെ നിയന്ത്രിക്കുന്ന ഫുട്‌ബോള്‍ അസോസിയേഷന്റെ മൈതാനങ്ങളില്‍ വനിതാഫുട്‌ബോള്‍ നിരോധിക്കപ്പെട്ടു. യുവേഫയുടെ താക്കീത് ലഭിക്കും വരെ, അഞ്ച് പതിറ്റാണ്ടുകള്‍ ഈ നിരോധനം നീണ്ടു എന്നത് വനിതാഫുട്‌ബോളിനോടുള്ള പുരുഷസമീപനത്തിന് തെളിവാണ്. കളിയുടെ സൗന്ദര്യാത്മകതയെ വനിതാഫുട്‌ബോള്‍ വികലമാക്കുന്നു, സ്ത്രീകളുടെ ശരീരത്തെ ദോഷകരമായി ബാധിക്കും എന്നെല്ലാമായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ ഈ നിരോധനം കൊണ്ട് വനിതാഫുട്‌ബോളിനെ തളര്‍ത്താനായെങ്കിലും ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല. ഇംഗ്ലീഷ് ലേഡീസ് ഫുട്‌ബോള്‍ അസോസിയേഷന്‍ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച് റഗ്ബി ഗ്രൗണ്ടുകളില്‍ മത്സരം നടത്തിയാണ് വിലക്കിനെ നേരിട്ടത്. അമേരിക്കയിലും ഒന്നാംലോകയുദ്ധകാലത്ത് വനിതാഫുട്‌ബോളിന് അഭൂതപൂര്‍വമായ വളര്‍ച്ചയുണ്ടാവുകയും പുരുഷത്വത്തിന്റെ അവസാനിക്കുന്ന തുരുത്തിലേക്കുള്ള കടന്നുകയറ്റം എന്നുവരെ മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുകയും ചെയ്തു. ഇത്തരം നിരവധി എതിര്‍പ്പുകളെ നേരിട്ടാണ് ഇന്ന് നൂറ്റെണ്‍പത് രാജ്യങ്ങളിലായി മുപ്പത് ദശലക്ഷത്തോളം സ്ത്രീകള്‍ ഫുട്‌ബോള്‍ കളിക്കുന്ന അവസ്ഥയിലേക്ക് വനിതാഫുട്‌ബോള്‍ വളര്‍ന്നത്. പ്രതിവര്‍ഷം കളിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവാകട്ടെ ഇരുനൂറ് ശതമാനത്തിനു മുകളിലുമാണ്. 1991 ല്‍ ആരംഭിച്ച ലോകകപ്പടക്കം നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ നടക്കുകയും കാണികളെ ആകര്‍ഷിക്കുകയും ചെയ്യുന്നു.

വിവേചനത്തിനു പിന്നില്‍

 പൗരുഷം, സ്‌ത്രൈണം എന്ന് ശാരീരിക സവിശേഷതകളെയും സ്വഭാവങ്ങളെയും പെരുമാറ്റരീതികളെയും തരംതിരിക്കുന്ന പൊതുബോധത്തില്‍ നിന്നാണ്, സ്ത്രീകളുടെ കായികരംഗത്തെ പങ്കാളിത്തത്തിന് നേരെയുള്ള എതിര്‍പ്പുകള്‍ ഉടലെടുക്കുന്നത്. ക്ഷമ, വിനയം, അച്ചടക്കം, മന്ദഗതി, താമരത്തണ്ടുപോലെ ദുര്‍ബലമായ ശരീരം എന്നെല്ലാം സ്ത്രീകള്‍ക്കുണ്ടായിരിക്കേണ്ട ശാരീരികസ്വഭാവ വിശേഷങ്ങളെ സമൂഹം തരംതിരിച്ച് വയ്ക്കുന്നു. ശക്തി, വേഗത, ഭാരം താങ്ങാനുള്ള കഴിവ്, ഉറച്ച ശരീരം എന്നിവയെല്ലാം പുരുഷ ഗുണങ്ങളായും കരുതപ്പെടുന്നു. ഈ ഗുണങ്ങളെല്ലാം സ്ത്രീയില്‍ ആരോപിക്കപ്പെടുന്നത് കുടുംബത്തെ നിലനിര്‍ത്താന്‍ അവള്‍ക്കാവശ്യമായ സവിശേഷതകള്‍ എന്ന നിലയ്ക്ക് കൂടിയാണ്. ഉറച്ചതും പേശീബദ്ധവുമായ ശരീരം വീട്ടുപണിക്കോ പ്രസവത്തിനോ ശിശുപരിപാലനത്തിനോ അത്യന്താപേക്ഷിതമല്ലല്ലോ. മൃദുലയും ദുര്‍ബലയുമായ സ്ത്രീ മാത്രമേ പുരുഷന്റെ ആധിപത്യത്തിന് വഴങ്ങൂ എന്ന ധാരണയില്‍ നിന്നാണ് ശാരീരികമായി കരുത്തയായ സ്ത്രീയോടുള്ള സമൂഹത്തിന്റെ എതിര്‍പ്പ് രൂപംകൊള്ളുന്നത്. ദുര്‍ബലയായ സ്ത്രീ ശാരീരികമായി കീഴടക്കാന്‍ എളുപ്പമുള്ളവളാണെന്നതിനാല്‍ പുരുഷാധിപത്യം ദുര്‍ബലയായ സ്ത്രീയുടെ പതിപ്പുകളെ മാത്രം വീണ്ടുംവീണ്ടും നിര്‍മിച്ചെടുക്കാന്‍ ശ്രമിക്കുന്നു. ശാരീരികശേഷിക്ക് നിര്‍ണായകമായ സ്വാധീനമുള്ള കായിക ഇനങ്ങള്‍ സ്ത്രീക്ക് അനുയോജ്യമല്ലെന്ന് വിധിക്കപ്പെടുന്നതും ഇതേ കാരണത്താലാണ്. സ്ത്രീയുടെ അടിസ്ഥാന ധര്‍മമായി ആരോപിക്കപ്പെടുന്ന പ്രത്യുല്‍പ്പാദനത്തിന് തടസ്സമാകുമോ എന്ന ഭയവും വിലക്കിന് കാരണമാകുന്നു. നമ്മുടെ നാട്ടില്‍ സ്‌കൂള്‍ കാലഘട്ടങ്ങളില്‍ കായിക ഇനങ്ങളില്‍ മികവ് പ്രകടിപ്പിക്കുന്ന പല പ്രതിഭകളും പിന്നീട് അപ്രത്യക്ഷരാകുന്നതിന് ഒരു കാരണം കായികരംഗത്തെ പങ്കാളിത്തം വിവാഹമാര്‍ക്കറ്റില്‍ അവരുടെ വിലയിടിക്കുമെന്ന ഭയംകൊണ്ടുകൂടിയാണ്. ഓടിയും ചാടിയും ഗര്‍ഭപാത്രം സ്ലിപ്പാകരുതെന്ന രജത് കുമാറുമാരുടെ ഉപദേശങ്ങള്‍ക്ക് പിന്നിലും സമൂഹത്തിന്റെ വികലമായ ഈ ആണ്‍നോട്ടമാണ്. കായികരംഗത്തെ സ്ത്രീ പുരുഷാധിപത്യ സമൂഹത്തിന്റെ തിട്ടൂരങ്ങളെ ഏറ്റവും രൂക്ഷമായി, അടിസ്ഥാന തലത്തില്‍ത്തന്നെ  ലംഘിക്കുന്നവളാകയാല്‍ സമൂഹത്തിന്റെ കണ്ണില്‍ അവള്‍ അനഭിമതയായി മാറുന്നു. വിജയിയായ സ്ത്രീയാകുക എന്നതും വിജയിയായ കായികതാരമാവുക എന്നതും പരസ്പര വൈരുധ്യങ്ങളായി മാറുകയും, സ്ത്രീക്ക് ഇതില്‍ എതെങ്കിലുമൊന്ന് തെരഞ്ഞെടുക്കേണ്ടിവരികയും ചെയ്യുന്നു.

മിയാ ഹാം

മിയാ ഹാംസ്ത്രീകളുടെ കായികക്ഷമതയെയും സ്‌പോര്‍ട്‌സിലെ പങ്കാളിത്തത്തെയും പറ്റി ഫെമിനിസ്റ്റുകള്‍ക്കിടയില്‍ത്തന്നെ വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുണ്ടായിരുന്നത്. ലിബറല്‍ ഫെമിനിസ്റ്റുകളായ മേരി വോള്‍സ്റ്റണ്‍ ക്രാഫ്റ്റ്, എലിസബത്ത് കാഡി സ്റ്റാന്റണ്‍ തുടങ്ങിയവര്‍ സ്ത്രീകളുടെ വ്യക്തിസവിശേഷതകളുടെ ഭാഗമായി ശാരീരിക സവിശേഷതകളെ പരിഗണിക്കുന്ന സമീപനമല്ല സ്വീകരിച്ചത്. റാഡിക്കല്‍ ഫെമിനിസ്റ്റുകള്‍ സ്ത്രീയുടെ താഴ്ന്ന സാമൂഹ്യനിലക്ക് കാരണമായി പുരുഷന്റെ ശാരീരികമായ മേല്‍ക്കൈയെ തിരിച്ചറിയുന്നുണ്ട്. എന്നാല്‍ സ്‌ത്രൈണമായ സവിശേഷതകള്‍ സ്ത്രീയുടെ തനിമയെ സൂചിപ്പിക്കുന്നതിനാല്‍ അവ നിലനിര്‍ത്തുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന് ഇവരിലെ ഒരു വിഭാഗം വാദിക്കുന്നു. അതുകൊണ്ട് സ്ത്രീകളുടെ മാത്രം സ്‌പോര്‍ട്‌സ് ഇനങ്ങളിലാണ് അവര്‍ പങ്കെടുക്കേണ്ടതെന്ന് ഈ വിഭാഗം വാദിക്കുന്നു. പോസ്റ്റ്‌മോഡേണ്‍ ഫെമിനിസ്റ്റായ ജൂഡിത്ത് ബട്‌ലര്‍ പൗരുഷവും സ്‌ത്രൈണതയും ജന്മസിദ്ധമല്ലെന്നും ദൈനംദിന പരിശീലനത്തിലൂടെ കൈവരുന്നവയാണെന്നും അഭിപ്രായപ്പെടുന്നു (എലാശിശാെ മിറ വേല ീെരശീഹീഴ്യ ീള ുെീൃ)േ . ഇങ്ങനെ പരിശീലിപ്പിക്കപ്പെടുന്ന പൗരുഷം ശക്തിയിലേക്കും സ്‌ത്രൈണത ദൗര്‍ബല്യത്തിലേക്കും നയിക്കുന്നു. എന്നാല്‍ പില്‍ക്കാല ഫെമിനിസ്റ്റുകള്‍ സ്ത്രീയുടെ സമഗ്രവികാസത്തിന് സഹായകമാംവിധമുള്ള ശാരീരിക വിമോചനം സ്ത്രീവിമോചനത്തിന്റെ അവിഭാജ്യഘടകമാണെന്ന് തിരിച്ചറിയുന്നു.

വേഷത്തെച്ചൊല്ലി

 വനിതാഫുട്‌ബോള്‍ ആരംഭിച്ച കാലംതൊട്ടുതന്നെ കളിക്കുമ്പോള്‍ ധരിക്കേണ്ട വസ്ത്രങ്ങളെ ചൊല്ലിയുള്ള കോലാഹലങ്ങളും തുടങ്ങുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം സ്‌കോട്ട്‌ലന്റില്‍ നടന്ന മത്സരങ്ങളില്‍ പരമ്പരാഗത വിക്ടോറിയന്‍ രീതിയില്‍ കോര്‍സെറ്റും തൊപ്പിയും മടമ്പുയര്‍ന്ന ബൂട്ടുകളുമൊക്കെ ധരിച്ച് സ്ത്രീകള്‍ക്ക് കളിക്കേണ്ടി വന്നു. പിന്നീട് അല്ലറചില്ലറ മാറ്റങ്ങള്‍ വന്നെങ്കിലും പന്ത് ഹെഡ് ചെയ്യുമ്പോള്‍ തൊപ്പി ഇളകിപ്പോയി അത് പിന്‍ ചെയ്തുറപ്പിക്കാന്‍  സമയം അനുവദിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. എന്നാല്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ വനിതാഫുട്‌ബോളിനു കഴിഞ്ഞു. മാര്‍ക്കച്ചകളും പെറ്റിക്കൊട്ടും തൊപ്പിയും എല്ലാമായി വസ്ത്രങ്ങളുടെ ആധിക്യം കൊണ്ട് ചലനസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ട ഇംഗ്ലീഷ് സ്ത്രീകള്‍ക്ക് ലളിതവും സൗകര്യപ്രദവുമായ വേഷവിധാനത്തിലേക്ക് മാറാനുള്ള സാധ്യതകള്‍ തുറക്കാന്‍കൂടി ഫുട്‌ബോള്‍ കാരണമായി. കളിക്കുന്ന സ്ത്രീയെ കാണിയായ പുരുഷന്‍ കാണാന്‍ ആഗ്രഹിക്കുന്നതെങ്ങനെ എന്നത് ഇന്നും കളിക്കുപ്പായത്തെക്കുറിച്ചുള്ള ചര്‍ച്ചകളെ സ്വാധീനിക്കുന്നുണ്ട്. ഇറുകിയ ഷോര്‍ട്ട്‌സും കഴുത്തിറക്കിവെട്ടിയ കുപ്പായവും ധരിച്ച് കളിക്കാനിറങ്ങി, കൂടുതല്‍ കാണികളെ ആകര്‍ഷിക്കണം എന്ന ഫിഫ മുന്‍ പ്രസിഡന്റ് ആയ സെപ് ബ്ലാറ്ററിന്റെ പരാമര്‍ശം തന്നെ ഈ മനോഭാവത്തിന്റെ ഉദാഹരണമാണ്. മിനിസ്‌കര്‍ട്ട് ധരിക്കാനും ഹിജാബ് ധരിക്കാനുമൊക്കെയുള്ള അവകാശങ്ങള്‍ക്കായി അടുത്തകാലത്തും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ സ്ത്രീകളുടെ കായികരംഗത്തെ പങ്കാളിത്തം പലപ്പോഴും വസ്ത്രം എന്ന ഘടകത്തിലാണ് തടഞ്ഞുനില്‍ക്കുന്നത്. മാത്രമല്ല പുരുഷന് മുന്നില്‍വച്ച് കായികമത്സരങ്ങളില്‍ പങ്കെടുക്കാനുള്ള നിയന്ത്രണവും ഇവിടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തത്തിന് തടസ്സമാകുന്നു. സ്ത്രീകളുടെ കളിമികവിനേക്കാള്‍ അവരുടെ വസ്ത്രധാരണം ചര്‍ച്ചചെയ്യപ്പെടുന്ന  രീതിക്ക് മാറ്റം വരണമെങ്കില്‍ പൊതുസമൂഹത്തിന്റെ ലിംഗപദവീബോധങ്ങളാണ് മാറേണ്ടത്.

മുന്‍വിധികളും വാസ്തവങ്ങളും

സ്ത്രീയുടെയും പുരുഷന്റെയും കായികശേഷിയെക്കുറിച്ച് ഉള്ള ധാരണകള്‍ പലതും മുന്‍വിധികള്‍ മാത്രമാണെന്ന് പല പഠനങ്ങളും തെളിയിക്കുന്നു. കാലാകാലങ്ങളായി കൈമാറിവരുന്ന പൊതുബോധത്തെ ആണും പെണ്ണും ഒരേപോലെ പിന്‍പറ്റുകയാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. പുരുഷമത്സരയിനങ്ങളില്‍ നേടുന്ന കുറഞ്ഞ സ്‌കോറുകള്‍ കടുത്ത മത്സരത്തിന്റെ അടയാളമായി പരിഗണിക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ നേടുന്ന കുറഞ്ഞ സ്‌കോറുകള്‍ പ്രകടനശേഷിക്കുറവായി മാത്രം കരുതപ്പെടുന്നു. ഒളിമ്പിക്‌സ് മത്സരങ്ങളിലെ വിവിധ രാജ്യങ്ങളിലെ പുരുഷ, വനിതാ അത്‌ലറ്റുകളുടെ പ്രകടനം  താരതമ്യം ചെയ്ത് ഡയര്‍ നടത്തിയ പഠനം കായികരംഗത്തെ പുരുഷന്റെ മുന്‍തൂക്കത്തെക്കുറിച്ചുള്ള ധാരണകളെ പൊളിച്ചെഴുതുന്നുണ്ട് (Dyer, kenneth. (1976). social influence on female athletic performence. journal of biosocial science, 8, 123136). കായികരംഗത്തെ സ്ത്രീ പുരുഷ പ്രകടനങ്ങളിലെ അന്തരം ചില രാജ്യങ്ങളില്‍ തീരെക്കുറവും മറ്റു ചിലതില്‍ വളരെ കൂടുതലുമാണെന്ന് അദ്ദേഹം കണ്ടെത്തി. അതായത് സ്ത്രീയും പുരുഷനും തമ്മിലുള്ള കായികശേഷിയിലെ വ്യത്യാസമല്ല അതത് രാജ്യങ്ങളിലെ സ്ത്രീയുടെ സാമൂഹ്യാവസ്ഥയാണ് അവരുടെ കായികപ്രകടനങ്ങളില്‍ പ്രതിഫലിക്കപ്പെടുന്നത്. കായികരംഗത്തെ സ്ത്രീ പങ്കാളിത്തം പ്രോത്സാഹിപ്പിക്കപ്പെടുന്ന, ഗൗരവമായ പരിശീലനം ലഭ്യമാകുന്ന രാജ്യങ്ങളില്‍ സ്ത്രീകളുടെ പ്രകടനം പുരുഷന്മാരുടേതിന് ഒപ്പമെത്തുന്നുണ്ട് എന്നും ഈ പഠനം കണ്ടെത്തി. പല കായികതാരങ്ങളും സ്വന്തം പ്രകടനങ്ങള്‍ കൊണ്ടും സ്ത്രീ പുരുഷനേക്കാള്‍ കായികമായി പിന്നിലാണെന്ന മിത്തിനെ വെല്ലുവിളിച്ചിട്ടുണ്ട്. പുരുഷ മിഡില്‍വെയ്റ്റ് വെയ്റ്റ്‌ലിഫ്റ്റിങ്ങില്‍ പുരുഷന്മാരെ തോല്‍പ്പിച്ച് റെക്കോഡ് നേടിയ ഓസ്‌ട്രേലിയയിലെ ബെവര്‍ലി ഫ്രാന്‍സിസ്, ദീര്‍ഘദൂര സൈക്ലിങ്ങില്‍ ചരിത്രം തിരുത്തിക്കുറിച്ച ബ്രിട്ടന്റെ ബെറില്‍ ബര്‍ട്ടന്‍ തുടങ്ങിയവരൊക്കെ ഉദാഹരണം.

2015 ലെ വനിതാ ലോകകപ്പ് ഫൈനലില്‍ ജപ്പാനും അമേരിക്കയും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്

2015 ലെ വനിതാ ലോകകപ്പ് ഫൈനലില്‍ ജപ്പാനും അമേരിക്കയും തമ്മില്‍ നടന്ന മത്സരത്തില്‍ നിന്ന്പ്രതിഫലം, പരിശീലന സൗകര്യങ്ങള്‍ എന്നിവയില്‍ പുരുഷസ്ത്രീ കായികതാരങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അന്തരം വളരെ വലുതാണ്. വികസിത രാജ്യങ്ങളില്‍പ്പോലും വനിതാഫുട്‌ബോള്‍ താരങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലം കായികരംഗം ഒരു തൊഴിലായി സ്വീകരിക്കാന്‍ മതിയാവുന്നതല്ല. ഉപജീവനത്തിനായി അവര്‍ക്ക് മറ്റൊരു തൊഴില്‍ കൂടി കണ്ടെത്തേണ്ടിവരുന്നു. സര്‍ക്കാര്‍ ഏജന്‍സികളടക്കം വനിതകളുടെ  പരിശീലനത്തിനായി മാറ്റിവയ്ക്കുന്ന തുകയും പുരുഷന്മാരുടേതിനേക്കാള്‍ വളരെ കുറവാണ്. അമേരിക്കയിലെ സ്‌കൂളുകളില്‍ നടത്തിയ ഒരു പഠനമനുസരിച്ച് കായികരംഗത്ത് നല്‍കപ്പെടുന്ന സ്‌കോളര്‍ഷിപ്പുകളുടെ അറുപത്തൊന്ന് ശതമാനത്തോളം ആണ്‍കുട്ടികള്‍ക്കായി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു. വനിതാകായിക ഇനങ്ങള്‍ക്ക് ലഭിക്കുന്ന സമ്മാനത്തുകയും പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ഏറെക്കുറവാണ്. 2014 ലെ പുരുഷ ലോകകപ്പ് നേടിയ ടീമിന് 35 ദശലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചപ്പോള്‍ 2015 ലെ വനിതാലോകകപ്പില്‍ വിജയിച്ച ടീമിന് നല്‍കിയത് രണ്ട് ദശലക്ഷം ഡോളര്‍ മാത്രമാണ്. കുറഞ്ഞകാലത്തെ കരിയര്‍ മാത്രമാണ് വനിതാ കായികതാരങ്ങള്‍ക്ക് പൊതുവെ സാധ്യമാകാറുള്ളത്. വിവാഹം, പ്രസവം എന്നിവയെല്ലാം കരിയറിനെ പൂര്‍ണവളര്‍ച്ചയെത്തും മുമ്പേ നുള്ളിക്കളയുന്നു. വനിതാകായിക ഇനങ്ങള്‍ക്ക് ലഭിക്കുന്ന മാധ്യമശ്രദ്ധയാവട്ടെ പുരുഷമത്സരങ്ങളെ അപേക്ഷിച്ച് നാമമാത്രമാണ്. വളരെ കുറച്ച് മത്സരങ്ങള്‍ മാത്രമാണ് ദൃശ്യമാധ്യമങ്ങളില്‍  പ്രക്ഷേപണം ചെയ്യപ്പെടുന്നത് എന്നുമാത്രമല്ല ഇവരുടെ പ്രകടനങ്ങളെപ്പറ്റി ഗൗരവമായ വിലയിരുത്തലുകളോ പ്രോത്സാഹനമോ ഉണ്ടാകുന്നുമില്ല.

മെസിയുടെയും റൊണാള്‍ഡോയുടെയും ഊതിവീര്‍പ്പിച്ച ബിംബങ്ങളെ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍ മാര്‍ത്ത വിയേര ഡസില്‍വയെയോ, മിയാ ഹാമിനേയോ കാണാതെ പോകുന്നു. ശ്രദ്ധ ലഭിക്കുന്ന വനിതാകായികതാരങ്ങള്‍ തന്നെ സ്ത്രീയെക്കുറിച്ചുള്ള പുരുഷകാഴ്ചപ്പാടുകളെ തൃപ്തിപ്പെടുത്തുന്നവരാണ്. ടെന്നീസിലെ ഒന്നാം നമ്പര്‍ താരമായിരുന്ന സെറീന വില്യംസിനോടും സമകാലികയായിരുന്ന മരിയ ഷറപ്പോവയോടും ആസ്വാദക, മാധ്യമ സമൂഹം സ്വീകരിച്ച നിലപാടുകളില്‍ ഈ വസ്തുത തെളിഞ്ഞു കാണാം. കളിമികവിനെക്കാള്‍ പരമ്പരാഗത സങ്കല്‍പ്പങ്ങള്‍ക്കൊത്ത മേനിയഴക് താരമായി മാറുന്നു. പരസ്യവിപണിയുടെ പോന്നോമനകളായി മാറുന്നതും അതിലൂടെ കോടികള്‍ കൊയ്യുന്നതും ഇത്തരം താരങ്ങളാണെന്നതും പതിവ് കാഴ്ച്ച.

  കളിക്കപ്പുറവും

ഫുട്‌ബോള്‍ പരിശീലകരുടെയും റഫറിമാരുടെയും എണ്ണത്തിലും വലിയ സ്ത്രീപുരുഷ അന്തരം കാണാനാവും. വനിതാഫുട്‌ബോളിന് കൈവന്ന ഉണര്‍വ് പരിശീലകരാവുന്നതിനായി കടുത്ത മത്സരത്തിന് കാരണമാവുന്നു. എന്നാല്‍ തെരഞ്ഞെടുക്കപ്പെടുന്നത് ഏറെയും പുരുഷന്മാരാണ്. യൂറോപ്യന്‍ വനിതകളെ കളിക്കളത്തില്‍ പരിശീലിപ്പിക്കുന്നവരില്‍ എണ്‍പത് ശതമാനത്തിലധികം പുരുഷന്മാരാണെന്ന് യുവേഫയുടെ റിപ്പോര്‍ട് പറയുന്നു (WOMEN'S FOOTBALL ACROSS THE NATIONAL ASSOCIATIONS, UEFA report 2014-15). എന്നാല്‍ വനിതാഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമുകളായ യുഎസ്എയുടെയും ജര്‍മനിയുടെയും പരിശീലകര്‍  സ്ത്രീകളാണ്. വനിതാപരിശീലകര്‍ക്കാണ് വനിതാകളിക്കാരുടെ പ്രശ്‌നങ്ങളെ കൂടുതല്‍ കാര്യക്ഷമമായി തിരിച്ചറിയാന്‍ കഴിയുക. സ്ത്രീ എന്ന നിലയ്ക്കുള്ള അവരുടെ കളിയനുഭവങ്ങള്‍ പിന്‍തലമുറക്ക് പ്രചോദനവും മാതൃകയുമാകും. വനിതാഫുട്‌ബോളിലെങ്കിലും വനിതാകോച്ചുകള്‍ക്ക് മുന്‍തൂക്കം ലഭിക്കാനുള്ള നടപടികള്‍ അസോസിയേഷനുകള്‍ സ്വീകരിക്കേണ്ടതുണ്ട്. കറുത്തവര്‍ഗക്കാരായ കോച്ചുമാരുടെ പ്രാതിനിധ്യം ഉറപ്പാക്കാനായി ഏര്‍പ്പെടുത്തിയ റൂണി നിയമത്തിന് സമാനമായ രീതിയില്‍ ഇതിനായി നിയമങ്ങള്‍ രൂപീകരിക്കാവുന്നതേയുള്ളൂ. പല രാജ്യങ്ങളിലും ദേശീയ ഫുട്‌ബോള്‍ അസോസിയേഷനില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം കമ്മിറ്റികളില്ല. ഉള്ളവയില്‍ത്തന്നെ സ്ത്രീപ്രാതിനിധ്യം പരിമിതവുമാണ്. പരിശീലകസ്ഥാനങ്ങളിലേക്കും മറ്റുമുള്ള തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന ലഭിക്കാന്‍ കമ്മിറ്റികളില്‍ സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്തേണ്ടതാണ്. അന്താരാഷ്ട്രതലത്തില്‍ കളി നിയന്ത്രിക്കുന്ന വനിതാ റഫറിമാരുടെ എണ്ണവും വളരെ കുറവാണ്. ഈ രംഗത്തെത്തുന്നവര്‍തന്നെ പുരുഷ പരിശീലകരുടെയും കളിക്കാരുടെയും അധിക്ഷേപങ്ങള്‍ കാരണം മൈതാനത്തുനിന്ന് അപ്രത്യക്ഷരാകുന്നുവെന്ന് വനിതാ റഫറിമാര്‍ പറയുന്നു. കേരളത്തില്‍ നിന്ന് ഇന്റര്‍നാഷണല്‍ റഫറിയായി ചരിത്രം സൃഷ്ടിച്ച ബെന്റില ഡിക്കോത്തയെപ്പോലെ അപൂര്‍വം പേരാണ് ഇന്ത്യയില്‍  ഈ രംഗത്ത് പിടിച്ചുനില്‍ക്കുന്നത്.കാഴ്ചപോലും നിഷേധിക്കപ്പെടുന്നവര്‍

ശ്രദ്ധയാകര്‍ഷിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ച് തുള്ളിത്തുളുമ്പുന്ന പെണ്ണുടലുകളായാണ് സ്ത്രീകളായ കാണികളെപ്പോലും മാധ്യമങ്ങള്‍ അവതരിപ്പിക്കുന്നത്. അതായത് അങ്ങനെയല്ലാത്ത സ്ത്രീകളെ ക്യാമറകള്‍ കാണാതെ പോകുന്നു. 2014 ലെ ലോകകപ്പില്‍ നാല്‍പ്പത് ശതമാനം കാണികള്‍ സ്ത്രീകളായിരുന്നു. ഇത്തവണ അത് ഉയരാനേ സാധ്യതയുള്ളൂ. ഗൗരവമായി ഫുട്‌ബോള്‍ കാണുന്ന പെണ്ണ് പുരുഷലോകത്തിന് അത്ര പ്രിയമുള്ള കാഴ്ചയല്ല, കാരണം സ്‌പോര്‍ട്‌സ് അവളുടെ മേഖലയല്ലെന്ന് അവര്‍ നേരത്തെ തീരുമാനിച്ചുറപ്പിച്ചിട്ടുണ്ടല്ലോ. കിം ടോഫോലെറ്റി സ്‌ക്രോളില്‍ എഴുതിയ ലേഖനത്തില്‍ women football fans എന്ന് ഗൂഗിളില്‍ തെരയുമ്പോള്‍ കിട്ടുന്ന ചിത്രങ്ങള്‍, മാധ്യമങ്ങളുടെ ഈ ആണ്‍നോട്ടത്തിന് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ ഇറാന്‍ പോലെയുള്ള രാജ്യങ്ങളിലാകട്ടെ സ്ത്രീകള്‍ക്ക് കളി കാണാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. സ്റ്റേഡിയത്തിലെ അന്തരീക്ഷം സ്ത്രീകള്‍ക്കു നേരെയുള്ള മോശം പെരുമാറ്റത്തിലേക്ക് നയിക്കുമെന്നും ആണുങ്ങളായ കാണികള്‍ ഉപയോഗിക്കുന്ന അശ്ലീലവാക്കുകള്‍ സ്ത്രീകള്‍ കേള്‍ക്കാനിടയാകും എന്നുമാണ് കാരണമായി പറയുന്നത്. മാറേണ്ടത് ആണിന്റെ കാഴ്ചശീലവും പെരുമാറ്റവുമാണ് എന്ന് അധികൃതര്‍ അടുത്തകാലത്തൊന്നും മനസ്സിലാക്കുമെന്നും പ്രതീക്ഷിക്കേണ്ടതില്ല.  ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ഫിഫ പ്രസിഡന്റ് ഗിയാനി ഇന്‍ഫാന്റിനോ ഇറാന്‍ സന്ദര്‍ശിച്ചപ്പോള്‍ പ്രതിഷേധവുമായി മത്സരം കാണാനെത്തിയ മുപ്പത്തഞ്ച് സ്ത്രീകളെ അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീകളോടുള്ള വിവേചനങ്ങള്‍ക്കെതിരെ ലോകമെങ്ങും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. സ്ത്രീകള്‍ക്ക് ഫുട്‌ബോള്‍ കാണാനുള്ള വിലക്ക് സൗദിഅറേബ്യ അടുത്തയിടെ പിന്‍വലിച്ചു. പ്രതിഫലത്തിലെ രൂക്ഷമായ അന്തരത്തിനെതിരെ അമേരിക്കന്‍ വനിതാ സോക്കര്‍ ടീം ഗവണ്‍മെന്റിന് പരാതി നല്‍കിയിരുന്നു. ഫുട്‌ബോള്‍ രംഗത്തെ വനിതാ പ്രൊഫഷണലുകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ ഫുട്‌ബോള്‍ ഈ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ സഹായിക്കുകയും കൂടുതല്‍ സ്ത്രീകളെ മൈതാനത്തേക്ക് കടന്നുവരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. 

വേണം ജന്റര്‍ ന്യൂട്രല്‍ കളികള്‍

കായികലോകത്തെ ലിംഗപദവി മാതൃകകള്‍ മാറ്റിമറിക്കണമെങ്കില്‍ ടീമിനങ്ങളില്‍ ലിംഗവ്യത്യാസം പരിഗണിക്കാതെ പങ്കെടുക്കാന്‍ അനുവദിക്കുന്ന സാഹചര്യമുണ്ടാവണം. മെക്‌സിക്കോയിലെ ഒരു സെക്കന്റ് ഡിവിഷന്‍ ടീമില്‍ മെക്‌സിക്കന്‍ വനിതാഫുട്‌ബോളിലെ ശ്രദ്ധേയയായ താരമായ മരിബല്‍ ഡൊമിംഗസിനെ ഉള്‍പ്പെടുത്താനുള്ള നീക്കം പുരുഷഫുട്‌ബോളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താനാവില്ലെന്ന കാരണം കാണിച്ച് ഫിഫ തടഞ്ഞിരുന്നു. യുകെയിലെ നിയമമനുസരിച്ച് സ്ത്രീക്കും പുരുഷനും ഒരുമിച്ച് ഫുട്‌ബോള്‍ കളിക്കാവുന്നത് പതിനെട്ട് വയസ്സുവരെയാണ്. പോളണ്ട് പോലെ അപൂര്‍വം രാജ്യങ്ങളില്‍ ഉയര്‍ന്ന പ്രായപരിധി നിശ്ചയിക്കപ്പെട്ടിട്ടില്ല. മിക്ക രാജ്യങ്ങളിലും പ്രായപരിധി പതിനേഴ് വയസ്സില്‍ താഴെയാണെന്ന് മാത്രമല്ല പല രാജ്യങ്ങളിലും ഒരു പ്രായത്തിലും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് ഫുട്‌ബോള്‍ കളിക്കാന്‍ അനുവാദമില്ല. ജന്റര്‍ ന്യൂട്രലായ കളിയന്തരീക്ഷം ഉണ്ടായാല്‍ പ്രതിഫലം, ദൃശ്യത എന്നിവയിലെയെല്ലാം നിലനില്‍ക്കുന്ന അസമത്വം പരിഹരിക്കാനാകും. പ്രാദേശിക ക്ലബ്ബുകളിലും മറ്റുമായി കൂടുതല്‍ കളിയവസരങ്ങള്‍ സ്ത്രീകള്‍ക്ക് ലഭിക്കുകയും ചെയ്യും. കേരളത്തില്‍ സ്ത്രീ, പുരുഷ, ട്രാന്‍സ്‌ജെന്റര്‍ കളിക്കാരെ ഉള്‍പ്പെടുത്തിയുള്ള മത്സരങ്ങള്‍ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ യുവജനവിഭാഗമായ യുവസമിതിയുടെ ആഭിമുഖ്യത്തില്‍ പലയിടങ്ങളിലും സംഘടിക്കപ്പെട്ടിരുന്നു. ഇത്തരം കൂടുതല്‍ ശ്രമങ്ങള്‍ ലോകമെമ്പാടും ഉണ്ടായാലേ കളിയിടങ്ങളില്‍ ലിംഗ നീതിയുടെ അന്തരീക്ഷമുണ്ടാവൂ.

 ബൗദ്ധികശേഷിയെ ഒറ്റ ഗുണമായല്ലാതെ വിവിധതരം ശേഷികളുടെ സംഘാതമായി കണക്കാക്കുന്ന ഹോവാര്‍ഡ് ഗാര്‍ഡ്‌നറുടെ മള്‍ട്ടിപ്പിള്‍ ഇന്റലിജന്‍സ് തിയറി അനുസരിച്ച് കായികക്ഷമതയും ഒരു വ്യക്തിയുടെ ബൗദ്ധികശേഷിയുടെ ഭാഗമാണ്. കായികരംഗത്തെ സ്ത്രീയുടെ പങ്കാളിത്തത്തെ നിഷേധിക്കുമ്പോള്‍ കൂട്ടംചേരലിന്റെയും സ്വതന്ത്രമായ ശാരീരിക ചലനത്തിന്റെയും സ്വാതന്ത്ര്യം മാത്രമല്ല നിഷേധി ക്കപ്പെടുന്നത്, അവളുടെ സമഗ്ര വികാസത്തിനുള്ള അവസരം കൂടിയാണ്. അങ്ങനെ മുരടിപ്പിച്ച് കളയേണ്ടതാണോ അമ്പത് ശതമാനത്തിന്റെ സമഗ്രവികാസം എന്ന ചോദ്യംകൂടി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പുരുഷലോകകപ്പ് ഫുട്‌ബോള്‍ സമൂഹത്തിനു മുന്നില്‍ വയ്‌ക്കേണ്ടതുണ്ട് .


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top