21 July Sunday

സത്യന്റെ സ്മരണയ്ക്ക് അനിതയുടെ സോക്കര്‍ സ്കൂള്‍

മിഥുന്‍കൃഷ്ണUpdated: Wednesday Jul 12, 2017


അനിതാ സത്യന്‍, ഇന്ത്യന്‍ ഫുട്ബോള്‍ മൈതാനിയിലെ തീപ്പൊരിയായിരുന്ന ക്യാപ്ടന്‍ വി പി സത്യന്റെ ഭാര്യ. ആ തീ എന്നെന്നേക്കുമായി കെട്ടുപോയപ്പോള്‍ ചടുലമായ ആ ഓര്‍മകളും സ്നേഹവും ഒരു ഫുട്ബോളുകണക്കെ മനസ്സിന്റെ കോണുകളില്‍ ഇടക്കിടെ ഉയര്‍ന്നുപൊങ്ങി; ആ ബൂട്ടുകള്‍ പ്രകമ്പനംകൊള്ളിച്ചു. ആ നീറ്റലില്‍ പറക്കമുറ്റാത്ത മകളെ നെഞ്ചോട് ചേര്‍ത്ത് ആളും ആരവവും ഒഴിഞ്ഞ ജീവിതക്കളത്തില്‍ ഒറ്റപ്പെട്ടുപോയവള്‍.. വി പി സത്യന്‍ എന്ന ഫുട്ബോള്‍ ഇതിഹാസം മരണംകൊണ്ട് തോല്‍പ്പിച്ചുകളഞ്ഞപ്പോള്‍ ആ സ്മരണ എന്നെന്നേക്കുമായി നിലനില്‍ക്കണമെന്ന ആഗ്രഹത്തോടെ സത്യന്‍ സോക്കര്‍ സ്കൂള്‍ ആരംഭിച്ചു ജയിച്ചുകേറാന്‍ ദൃഢനിശ്ചയംചെയ്ത സ്ത്രീ. വിവാഹംവരെ ഫുട്ബോളുമായി ബന്ധമില്ലാതിരുന്ന അവരുടെ മനസ്സില്‍ ഇന്ന് ഫുട്ബോള്‍മാത്രം. ആദ്യമത് പ്രിയപ്പെട്ടവന്റെ ഓര്‍മകള്‍ നിലനിര്‍ത്തുക എന്ന ചെറിയ ലക്ഷ്യം; പക്ഷേ ഇന്നത് ഫുട്ബോളില്‍ ലോകം അറിയുന്ന, ഇന്ത്യന്‍ പുല്‍മൈതാനങ്ങളെ മാറ്റിമറിക്കുന്ന കുട്ടികള്‍ ഇനിയും ഉണ്ടാകണം എന്ന വലിയ ലക്ഷ്യം.

സോക്കര്‍ സ്കൂളിന് കിക്കോഫ്
വി പി സത്യന്റെ മരണശേഷം കോഴിക്കോട് സ്പോര്‍ട്സ് കൌണ്‍സില്‍ ഓഫീസില്‍ എനിക്ക് ക്ളാര്‍ക്കായി ജോലി ലഭിച്ചു. ഇവിടെ നിന്നാണ് സത്യന്‍ സോക്കര്‍ സ്കൂള്‍ എന്ന ചിന്തയുണ്ടായത്. സത്യേട്ടന്റെ ഓര്‍മ നിലനിര്‍ത്താന്‍ സ്കൂള്‍ അക്കാദമി തുടങ്ങണമെന്ന എന്റെ ആഗ്രഹത്തിന് അന്നത്തെ കോഴിക്കോട് ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ പ്രസിഡന്റ് കെ ജെ മത്തായി കരുത്തുപകര്‍ന്നു. നഗരത്തിലെ സെപ്റ്റ് സെന്ററുമായും മറ്റും സഹകരണം ആവശ്യപ്പെട്ടു. അങ്ങനെ 2013 നവംബര്‍ 24ന് മാനാഞ്ചിറ മൈതാനത്ത് സോക്കര്‍ സ്കൂള്‍ പിറവിയെടുത്തു. സെപ്റ്റ് കോഴിക്കോട് സിറ്റി സെന്ററിന്റെ 29 കുട്ടികളെ ദത്തെടുത്താണ് സത്യന്‍ സോക്കര്‍ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങിയത്. അണ്ടര്‍ 14, 12, 10 എന്നീവിഭാഗങ്ങളിലേക്കാണ് കുട്ടികളെ സെലക്ഷനിലൂടെ തെരഞ്ഞെടുക്കുന്നത്. നിലവില്‍ നാല് ബാച്ചുകളിലായി 140 കുട്ടികളുണ്ട്. സെപ്റ്റിന്റെ മൂന്ന് സെന്ററുകളിലും സോക്കര്‍ സ്കൂള്‍ ഉണ്ട്. മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ട്, സെന്റ് ജോസഫ് ജൂനിയര്‍ ഗ്രൌണ്ട്, റെയില്‍വേ ഗ്രൌണ്ട് എന്നിവിടങ്ങളിലാണ് പരിശീലനം. ഞാന്‍ പ്രസിഡന്റും എ ജെ സണ്ണി സെക്രട്ടറിയുമായ കമ്മിറ്റിയാണ് സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. സത്യേട്ടന്റെ സഹോദരി വി പി സീന വൈസ്പ്രസിഡന്റാണ്. കെ ജെ മത്തായിയും കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഐ മേത്തറുമാണ് രക്ഷാധികാരികള്‍. സോക്കര്‍ സ്കൂളിന്റെ നടത്തിപ്പിന് ആവശ്യമായ ഫണ്ട് വഹിക്കുന്നത് പിടിഎ ആണ്. 2002 ബാച്ച് ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലിന്റെ ഡേ ബോര്‍ഡിങ് സെന്ററാണ്. അവിടെനിന്നും ചെറിയ തോതിലുള്ള സാമ്പത്തിക സഹായം ലഭിക്കുന്നു.


കുതിപ്പിലേക്ക്...
സെപ്റ്റിന്റെ കോഴിക്കോട് സെന്ററും ജില്ലാ സ്പോര്‍ട്സ് കൌണ്‍സിലിന്റെ ഡേ ബോര്‍ഡിങ് സെന്ററുമാണ് ഇന്ന് സത്യന്‍ സോക്കര്‍ സ്കൂള്‍.
സെപ്റ്റ് സോണല്‍ ഫെസ്റ്റില്‍ അണ്ടര്‍ 10, അണ്ടര്‍ 12 വിഭാഗങ്ങളില്‍ കീരിടം, എബിസി പൊയില്‍ക്കാവ് സംഘടിപ്പിച്ച ഓള്‍ ഇന്ത്യാ ടൂര്‍ണമെന്റില്‍ അണ്ടര്‍ 12 വിഭാഗത്തില്‍ റണ്ണേഴ്സ് അപ്പ്, ഫുട്ബോള്‍ പ്ളയേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓള്‍ കേരള ടൂര്‍ണമെന്റില്‍ കീരിടം, സെപ്റ്റിന്റെ തന്നെ വിവിധ സെന്ററുകള്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റുകളില്‍ കീരിടവും റണ്ണേഴ്സ് അപ്പുമായി. ഐഎസ്എല്‍ റിലയന്‍സ് അക്കാദമിയിലേക്ക് സെലക്ഷന്‍ കിട്ടിയ മുഹമ്മദ് നെമില്‍ സോക്കര്‍ സ്കൂളിന്റെ താരമാണ്. കൂടാതെ കെഎഫ്എയുടെ അക്കാദമി ലീഗില്‍ 2002 ബാച്ചിലെ മൂന്ന് കുട്ടികളും 2004 ബാച്ചിലെ നാലു കുട്ടികളും കളിക്കുന്നുണ്ട്. സെപ്റ്റ് എലൈറ്റ് സെന്ററില്‍ 2002 ബാച്ചിലെ മൂന്നുപേര്‍ സോക്കര്‍ സ്കൂളിന്റെ സംഭാവനയാണ്.

സത്യന്റെ വാക്കുകള്‍
'ഞാന്‍ കളികണ്ടുപഠിച്ചതാണ്. അത് ശരിയായ രീതിയില്‍ ആയിരുന്നില്ല. കുട്ടികള്‍ കളിച്ചാണ് പഠിക്കേണ്ടത്. അതിനുള്ള പരിശീലനം അഞ്ച് വയസ്സുമുതല്‍ ആരംഭിക്കണം. എതിരാളി ഒരുക്കുന്ന പ്രതിബന്ധങ്ങളില്‍ തകര്‍ന്നുപോകരുത്'- സത്യേട്ടന്റെ ഈ വാക്കുകളാണ് സോക്കര്‍ സ്കൂളിന്റെ ജീവന്‍. ഏതുപ്രതിസന്ധി ഘട്ടങ്ങളിലും എനിക്ക് താങ്ങാകുന്നത് ഈ വാക്കുകളാണ്.

ബുള്ളറ്റില്‍ പറന്നിറങ്ങിയ ആദ്യകാഴ്ച
ഒരു വൈകുന്നേരം പൊടിപാറിച്ച് പറന്നെത്തിയ ഒരു ബുള്ളറ്റിലാണ് സത്യേട്ടനെ ഞാനാദ്യമായി കാണുന്നത്. പെണ്ണുകാണാന്‍ വീട്ടിലെത്തിയപ്പോഴായിരുന്നു അത്. അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു യുവാവാണ് തന്നെ കാണാന്‍ വന്നിരിക്കുന്നത് എന്നും അദ്ദേഹം ഒരു ഫുട്ബോള്‍ കളിക്കാരന്‍ ആണെന്നും മാത്രം അറിയാം. എനിക്കെന്തോ തീരെ താല്‍പര്യം തോന്നിയില്ല. എനിക്ക് ഫുട്ബോള്‍ കളിയോട് താല്‍പര്യം ഉണ്ടായിരുന്നില്ല. ഒരു വലിയ മൈതാനത്തിന്റെ ഇരുവശത്തും രണ്ട് വലിയ കാല് കുഴിച്ചിട്ട് ഒരു പന്തിന് പിന്നാലെ കുറേയാളുകള്‍ ഓടുന്ന ഒരു കളി. അതുമാത്രമായിരുന്നു എനിക്ക് ഫുട്ബോള്‍. കോളേജില്‍ പഠിക്കുന്ന സമയത്ത് ഷട്ടിലും ടേബിള്‍ ടെന്നീസും കളിച്ചിരുന്നു. ഒരുതവണ യൂണിവേഴ്സിറ്റി ടേബിള്‍ ടെന്നീസില്‍ ചാമ്പ്യനുമായി. പക്ഷേ, ഒരിക്കലും പുല്‍മൈതാനത്ത് വിയര്‍ത്തുകുളിച്ച് ഓടിനടന്നിരുന്ന കാല്‍പ്പന്തുകളിക്കാരെ എനിക്ക് ഇഷ്ടമേആയിരുന്നില്ല.
ജോലി സമ്പാദിക്കണം, ഇത്രയൊക്കെ പഠിച്ചത് ഒരു കളിക്കാരനെ കല്യാണംകഴിക്കാന്‍ വേണ്ടിയാണോ?. എന്റെ മനസ്സില്‍ കുറേ ചോദ്യങ്ങള്‍ നിറഞ്ഞു. എന്റെ ആശങ്കയ്ക്ക് മറുപടിയെന്നോണം ഒരിക്കല്‍ അച്ഛന്‍ പറഞ്ഞു. അവന്‍ വെറും കളിക്കാരന്‍ മാത്രമല്ല, പൊലീസില്‍ സിഐയാണ്. ലോകംഅറിയുന്ന ഒരു കളിക്കാരനാണെന്നും അച്ഛന്‍ പറഞ്ഞു. പതിയെ ഞാന്‍ സത്യേട്ടനെ ഇഷ്ടപ്പെട്ടുതുടങ്ങി; മുറിച്ചുമാറ്റാന്‍ പറ്റാത്തവിധം. 1992 ഏപ്രില്‍ 19നായിരുന്നു വിവാഹം. മകള്‍ ആതിര ചെന്നൈയില്‍ ഐടി കമ്പനിയില്‍ ജോലിചെയ്യുന്നു.

സത്യന്റെ മരണം
2006 ജൂലൈ 18 ചൊവ്വാഴ്ച പകല്‍ 11.30ന് ചെന്നൈ പല്ലാവരം റെയില്‍വേ സ്റ്റേഷനിലായിരുന്നു ആ ദുരന്തം. മകള്‍ ആതിര ഏഴാംക്ളാസില്‍ പഠിക്കുകയായിരുന്നു. സത്യന്‍ ട്രെയിനിന് മുന്നില്‍ ചാടിയതായിരുന്നുവെന്ന് അന്ന് മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തത്. സത്യന്റെ പാന്റിന്റെ പോക്കറ്റില്‍നിന്നും കണ്ടെടുത്ത നാല് കുറിപ്പുകളായിരുന്നു ഈ വാര്‍ത്തയ്ക്ക് ആധാരം. കന്യാകുമാരി- ചെന്നൈ എഗ്മോര്‍ എക്സ്പ്രസിലായിരുന്നു അപകടം. പോക്കറ്റില്‍നിന്ന് കിട്ടിയ ഐഡന്റിറ്റികാര്‍ഡില്‍ നിന്നാണ് റെയില്‍വേ അധികൃതരും നാട്ടുകാരും സത്യനെ തിരിച്ചറിഞ്ഞത്. ഭാര്യ അനിത, കേന്ദ്രമന്ത്രിയും ഓള്‍ ഇന്ത്യാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റുമായിരുന്ന പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി, സുഹൃത്തുക്കള്‍- മാധ്യമപ്രവര്‍ത്തകര്‍, ഇന്ത്യന്‍ ബാങ്ക് സ്പോര്‍ട്സ് ഓഫീസര്‍ സുന്ദര്‍ എന്നിവര്‍ക്കായിരുന്നു കത്തുകള്‍.

midhunrain@gmail.com


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top