സാക്കിയ ജഫ്രി... പോരാട്ടങ്ങളുടെ അമ്മ

zakia jafri
വെബ് ഡെസ്ക്

Published on Feb 15, 2025, 10:33 PM | 4 min read

ഫെബ്രുവരി 28, 2002

ഗുൽബർഗ് സൊസൈറ്റിയിലെ കത്തിയമർന്ന അവശിഷ്ടങ്ങളിലൂടെ ഞാൻ ആദ്യം നടക്കുന്നത് 2002 മാർച്ച് നാലിനാണ്. ഒരു കൈയിൽ ടേപ്‌ റെക്കോഡർ, മറുകൈയിൽ നോട്ടുപുസ്തകം. അണയാത്ത കനലുകളുടെ വിചിത്ര വിസ്തൃതിയിലൂടെ മുന്നോട്ടുപോകുമ്പോൾ കരിപുരണ്ട കുപ്പിച്ചില്ലുകൾ. പൊടിഞ്ഞ ചെറിയ മരുന്നു കുപ്പികളും അവയുടെ മൂടികളും നിലത്ത്‌ പതിഞ്ഞു കിടപ്പുണ്ടായിരുന്നു.


ഫെബ്രുവരി 28നോ അതിനുശേഷമോ തീയണയ്‌ക്കാൻ അഗ്നിരക്ഷാ സേനക്കാർ അവിടെ വന്നില്ല. വംശഹത്യയുടെ പ്രതീകമായ ആ പത്തൊമ്പതാം നമ്പർ വസതിയുടെ നേർക്ക്‌ നടക്കുമ്പോൾ എഹ്‌സാൻ ജാഫ്രിയും അദ്ദേഹത്തിന്റെ ബന്ധുക്കളും അയൽക്കാരും ക്രൂരമായി കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ള വിവരങ്ങളിൽ ഞാൻ വിങ്ങുകയായിരുന്നു.


ആ വീട് വീടല്ലാതായി മാറിക്കഴിഞ്ഞു. നമ്മെ നിരന്തരം വേട്ടയാടുന്ന തീക്കുടുക്കപോലെ അത് ചുരുങ്ങിപ്പോയി. നിറമിറ്റിരുന്ന ചുമരുകളിൽ നിറയെ പുകപ്പൊടി. ഗ്യാസ് കുറ്റികൾ കത്തിച്ചു ചുഴറ്റി മുകളിലേക്ക്‌ എറിഞ്ഞതിനാലാകണം, ഫാനുകൾ കരിഞ്ഞുപിണഞ്ഞ്‌ കിടന്നു. അത്ഭുതമെന്നു പറയട്ടെ, ജാഫ്രി സാബിന്റെ പേരിൽ വന്ന ദീപാവലി ആശംസാ കാർഡ് കോണിക്കൂട്ടിൽനിന്ന് എനിക്ക് കിട്ടി. അതിൽ ഒരു പരിക്കും തട്ടാതെ ചെരാതിന്റെ ചിത്രവും സ്വസ്‌തിക്‌ മുദ്രയും.


ആ വീട്ടിലേക്കുള്ള 12 സന്ദർശനങ്ങളിൽ ആദ്യത്തേതിന്റെ സ്മാരകചിഹ്നം. കഷ്ടിച്ച് അതിജീവിച്ച ഇലകൾകൊണ്ടും തൂങ്ങിക്കിടക്കുന്ന കുറച്ചു പൂക്കുലകൾകൊണ്ടും അവിടെയുള്ള കടലാസുചെടി ധിക്കാരത്തിന്റെ ചെന്നിറം പകർന്നു. 2002 ഫെബ്രുവരി 28നെയും തുടർന്നുള്ള ദിനങ്ങളെയും ആ പൂക്കൾക്ക് എങ്ങനെ അതിജീവിക്കാനായെന്ന് പരിഭ്രാന്തിയോടെ ഞാൻ എന്നോടുതന്നെ ചോദിച്ചു, പലവട്ടം.


ആ രാത്രി ഒറ്റയ്‌ക്ക്‌

ചമൻപുരയിലെ ഗുൽബർഗ് സൊസൈറ്റിയിൽനിന്ന് രണ്ടു കിലോമീറ്റർമാത്രം അകലെയുള്ള ഷാഹിബാഗ് പൊലീസ് സ്റ്റേഷനിൽ സാക്കിയ ജാഫ്രി ആ രാത്രി ഒറ്റയ്‌ക്ക്‌ കഴിച്ചുകൂട്ടി. അടുത്ത ദിവസം മാത്രമാണ് അകന്ന ബന്ധുവിന്റെ വീട്ടിലേക്ക് അവർക്ക്‌ മാറാനായത്. മകൻ തൻവീറിനെ രണ്ടു നാൾക്കുശേഷം അവിടെവച്ചാണ് കണ്ടത്. പിന്നീട് എത്രയോ തവണ അമ്മ ആ അനുഭവം എനിക്കു മുന്നിൽ ഓർത്തെടുത്തിരുന്നു. ഘോരമായ അട്ടഹാസങ്ങളും നിലവിളികളും ഉയർന്നുകേട്ട, ചോര ചാലിട്ടൊഴുകിയ ആ ദിവസം ഉറ്റവർ മരിച്ചുവീഴുന്നതിന്‌ സാക്ഷിയായ അമ്മ.


മരിക്കുമ്പോൾ സാക്കിയക്ക്‌ പ്രായം 86. ജാഫ്രി സാബ്‌ മരിച്ചുവീഴുന്നതിന്‌ സാക്ഷിയാകുമ്പോൾ പ്രായം 63. പകൽ 11ന്‌ സായുധരായ 1500 പേർ എത്തി ആക്രമണം തുടങ്ങി. വൈകിട്ട് ആറുവരെ ഒരു പൊലീസുകാരൻപോലും വന്നില്ല. ‘‘എന്റെ ഭർത്താവിനെയും അയൽക്കാരെയും കൊന്നു തള്ളുമ്പോൾ മക്കളേ, നിങ്ങളെന്തേ തടയാൻ വന്നില്ല, എത്രവട്ടം സ്‌റ്റേഷനിലേക്ക് ഫോൺ വിളിച്ചു’’ എന്നവർ പറഞ്ഞപ്പോൾ തങ്ങൾക്കന്ന്‌ അവധി തന്നിരുന്നു എന്നായിരുന്നു ഒരു പൊലീസുകാരന്റെ ലാഘവത്തോടെയുള്ള മറുപടി. മനസ്സിനെ കരണ്ടുതിന്നുന്ന നിസ്സംഗത.


ആറുവർഷത്തിനുശേഷം 2009 ഒക്ടോബർ 18ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേകാന്വേഷക സംഘം മൊഴിയെടുക്കാനെത്തിയപ്പോൾ സാക്കിയ ഇങ്ങനെ പറഞ്ഞു. ‘‘അപ്പോൾ പൊലീസുകാർ ആരും വന്നില്ല. ആറുമണിക്ക് അവരെത്തി എന്നെ ഷാഹിബാഗ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വീടിനടുത്തു കണ്ട പൊലീസുകാരൻ പറഞ്ഞത് അന്ന് ഡ്യൂട്ടി ചെയ്യേണ്ടെന്ന് നിർദേശം കിട്ടിയിട്ടുണ്ട്'' എന്നാണ്.


ആദ്യാനുഭവമല്ല

ആ ദിവസം എഹ്സാൻ ജാഫ്രി ആയിരുന്നു ആൾക്കൂട്ടത്തിന്റെ ലക്ഷ്യം. കൊല്ലപ്പെടുമ്പോൾ അദ്ദേഹത്തിന് പ്രായം 72 . മുമ്പ് സിപിഐ നേതാവായിരുന്നു. പിന്നീട് കോൺഗ്രസിന്റെ അഹമ്മദാബാദ് സിറ്റി പ്രസിഡന്റായി. പാർലമെന്റ്‌ അംഗം, അഭിഭാഷകൻ, ചിന്തകൻ, കവി എല്ലാമായിരുന്നു ജാഫ്രി. ഭർത്താവും ഗുരുവും സുഹൃത്തും വഴികാട്ടിയുമായ ജാഫ്രിക്കൊപ്പം ഇപ്പോൾ ഖബറിൽ വിശ്രമിക്കുകയാണ് സാക്കിയ.


മധ്യപ്രദേശിൽനിന്ന് അഹമ്മദാബാദിലെ ബുർഹാൻപുരിൽ വധുവായെത്തിയ അവർക്ക് 2002ലെ കലാപം ആദ്യാനുഭവമല്ല.1969ൽ 500 പേർ (അവരിൽ ബഹുഭൂരിപക്ഷവും മുസ്ലിങ്ങൾ) കൊല്ലപ്പെട്ട കലാപത്തിന് സാക്ഷിയാകുമ്പോൾ അവർക്ക് വയസ്സ് 22. മകൻ തൻവീറിന് ആറു വയസ്സ്. വിഭജനത്തിനുശേഷം ഗുജറാത്ത് കണ്ട ഏറ്റവും ഭയാനകമായ കലാപമായിരുന്നു അത്. അന്ന് ജാഫ്രിയും സാക്കിയയും കുഞ്ഞിനെയെടുത്ത് ഉദയ്‌പുരിലേക്കുള്ള റെയിൽവേ പാലത്തിലൂടെ അഭയം തേടി കിലോമീറ്ററുകൾ ഓടി. അന്ന് ജാഫ്രിയെയും കുടുംബത്തെയും പൊലീസുകാർ അവരുടെ വാഹനത്തിൽ രക്ഷപ്പെടുത്തി ഷാഹിബാഗിലുള്ള ദുരിതാശ്വാസ ക്യാമ്പിൽ സുരക്ഷിതമായി എത്തിച്ചു. 33 വർഷത്തിനുശേഷം 2002 ഫെബ്രുവരി 28ന് നിരാശ്രയയായി രാത്രി മുഴുവൻ കഴിച്ചുകൂട്ടേണ്ടി വന്ന പൊലീസ് സ്റ്റേഷന് അടുത്തുതന്നെ.


ഇത്രയും ക്രൂരമാകാമോ

അവരുടെ മകൻ തൻവീറിനെ ഞാൻ കാണുന്നത്‌ 2002 മാർച്ചിലെ ആദ്യദിവസങ്ങളിൽ. സൂറത്തിൽനിന്ന്‌ തൻവീർ അഹമ്മദാബാദിലേക്ക്‌ കുതിച്ചെത്തിയത്‌ അമ്മയുടെ മുറിവുണക്കാനായിരുന്നു. ജനിച്ചു വളർന്ന ഗുൽബർഗ്‌ സൊസൈറ്റിയിലേക്ക്‌ തൻവീർ മാർച്ച്‌ നാലിന്‌ നടന്നുനീങ്ങി. ജാഫ്രിസാബിന്റെ ശരീരാവശിഷ്ടങ്ങൾ വിതുമ്പലോടെ ശേഖരിച്ചത്‌ തൻവീർ ആയിരുന്നു. അവിടെവച്ച്‌ ശേഖരിച്ചതിനേക്കാൾ കുറച്ച്‌ അവശിഷ്ടങ്ങളാണ്‌ ജാഫ്രി സാബിന്റേതെന്നു പറഞ്ഞ്‌ ആശുപത്രിയിൽനിന്ന്‌ കൈമാറിയത്‌.


മരണത്തെ അതിജീവിച്ചതിലുള്ള കുറ്റബോധവുമായി ദുഃഖഭരിതമായ 22 വർഷം അവർ എങ്ങനെയായിരിക്കും ജീവിച്ചിട്ടുണ്ടാകുക? സാക്കിയയെയും ഡസൻകണക്കിനു സ്‌ത്രീകളെയും കുട്ടികളെയും സുരക്ഷിതരായി മുകൾ നിലയിലേക്ക്‌ പറഞ്ഞയച്ചത്‌ പ്രിയഭർത്താവായിരുന്നു. താഴെ നിലയിൽ അപ്പോൾ ജാഫ്രിസാബും മറ്റുള്ളവരും കത്തിയമരുകയായിരുന്നു. സ്വന്തം ജീവൻ നഷ്ടപ്പെട്ടാലും സഹജീവികൾ രക്ഷപ്പെടുമെന്ന പ്രതീക്ഷയോടെയായിരുന്നു അദ്ദേഹം അക്രമികൾക്കു മുന്നിൽ നിന്നുകൊടുത്തത്‌. സ്‌ത്രീകളെ ബലാത്സംഗം ചെയ്‌തശേഷമാണ്‌ കൊലപ്പെടുത്തിയത്‌. അവിടെ ഒരിടത്തുമാത്രം 69 മൃതദേഹങ്ങൾ. എന്നിട്ടും, ഗുജറാത്തിലെമ്പാടും വംശഹത്യയിൽ കൊല്ലപ്പെട്ടവർ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക്‌ പ്രകാരം രണ്ടായിരത്തിൽ താഴെ!


എത്ര മായ്‌ച്ചാലും തെളിയും

രക്തസ്‌നാതമായ ഈ സംഭവത്തെ ചരിത്രത്തിൽനിന്ന്‌ മായ്‌ച്ചുകളയാനാണ്‌ മാധ്യമങ്ങൾ ഇത്രയുംകാലം ശ്രമിച്ചത്‌. അവർ ഭാഗികമായി മാത്രമേ വംശഹത്യ റിപ്പോർട്ട്‌ ചെയ്‌തുള്ളൂ. വാസ്‌തവത്തിൽ ഈ ഭയാനകമായ ഹത്യകൾക്ക്‌ അവരും കൂട്ടുനിൽക്കുകയായിരുന്നു. എത്രതന്നെ മറച്ചുവച്ചാലും ജാഫ്രിമാരുടെ ധീരതയെ എങ്ങനെ അവഗണിക്കാനാകും. സാക്കിയയുടെ വിയോഗ വാർത്തപോലും


അനാഥമാക്കപ്പെട്ടപോലെയായിരുന്നു. ഭരണകൂടത്തിന്റെ വഞ്ചന മറച്ചുവയ്‌ക്കാനും സാക്കിയയുടെ തത്വാധിഷ്‌ഠിതമായ നിയമപോരാട്ടത്തെ നിസ്‌തേജമാക്കാനുള്ള ശ്രമം നടത്തിയവർ ഗുജറാത്ത്‌ വംശഹത്യയുടെ തീവ്രത നേർപ്പിച്ച്‌ അവതരിപ്പിക്കാനാണ്‌ എക്കാലവും ശ്രമിച്ചത്‌.


2002ലെ വംശഹത്യയെ അതീജിവിച്ചവർക്ക്‌ നീതിലഭിക്കാനുള്ള ദീർഘമായ പോരാട്ടങ്ങൾ ജയപരാജയങ്ങളുടേതായിരുന്നു. സാക്കിയയുടെ മരണശേഷം അതെക്കുറിച്ചോർക്കുമ്പോൾ ഗ്ലാസ്‌ പാതി നിറഞ്ഞതോ അതോ പാതി ഒഴിഞ്ഞതോ. ആ പോരാട്ടത്തിന്‌ മൂല്യമുണ്ടായിരുന്നോ. 172 പേർക്ക്‌ ശിക്ഷ, അതിൽ 124 പേർക്ക്‌ ജീവപര്യന്തം വാങ്ങിക്കൊടുക്കാൻ ഞങ്ങൾക്ക്‌ സാധിച്ചു. മേൽക്കോടതികൾ ശിക്ഷ ഇളവ്‌ നൽകിയതിനെയൊന്നും കാര്യമാക്കേണ്ട. തത്വത്തിൽ നമ്മൾ വധശിക്ഷയ്‌ക്ക്‌ എതിരാണല്ലോ.


ഭരണകൂടത്തിന്റെ ഒത്താശ, അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും നിസ്സംഗത, ഇന്റലിജന്റ്‌സിന്റെയും പൊലീസിന്റെയും കൈവശമുള്ള തെളിവുകൾ എല്ലാം അന്വേഷകർ അവഗണിച്ചു, ദൗർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ കോടതികളും അതുതന്നെ ചെയ്‌തു.

2016 ജൂൺ 17ന് ഗുൽബർഗ് സൊസൈറ്റി കൂട്ടക്കൊലയുടെ പ്രതികളിൽ 11 പേരെ വിചാരണക്കോടതി ജഡ്ജി ജീവപര്യന്തം ശിക്ഷിച്ചു. 13 പ്രതികൾക്ക് 10 വർഷംവരെ തടവ് ശിക്ഷയും നൽകി. ഗൂഢാലോചനക്കുറ്റം നിരാകരിക്കപ്പെട്ടു. ‘‘കോടതിയിലെ വിജയങ്ങൾ കഥയിലെ പാതിമാത്രം. ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമാണ് നമ്മുടെ കൂട്ടായ പോരാട്ടം. അത്‌ മറ്റുള്ളവർക്ക് പോരാടാനുള്ള ആത്മവിശ്വാസം നൽകി.’’ തൻവീർ അതിനോട്‌ പ്രതികരിച്ചത്‌ ഇങ്ങനെയായിരിന്നു.


(ടീസ്റ്റ സെതൽവാദ്‌ thewire.inൽ എഴുതിയ ലേഖനത്തിന്റെ പ്രസക്തഭാഗം)

മൊഴിമാറ്റം: എൻ എസ് സജിത്



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home