25 July Thursday

ഷെറിൻ ഷഹാന ; ചക്രക്കസേരയിൽ പറക്കുന്ന ചിത്രശലഭം

സുജിത് ബേബി Sujith.baby2@gmail.comUpdated: Sunday May 28, 2023


ആറാണ്ട് മുമ്പൊരു ഉച്ചനേരം. വേനൽമഴ പെയ്ത് പായൽ കേറിയ വയനാട്ടിലെ വീടിന് മുകളിൽനിന്ന് കാൽവഴുതി വീണ അവളുടെ ജീവിതം പല പല അശുപത്രിക്കിടക്കകളിലേക്കും വീട്ടിലെ നാലുമുറി ചുവരിനുള്ളിലും ഒതുങ്ങി. ഏഴു ദിവസത്തിൽ കൂടുതൽ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ അവളിപ്പോൾ ചക്രക്കസേരയിലിരുന്ന് സിവിൽ സർവീസ്‌ എന്ന ഉയരവും കൈയെത്തിപ്പിടിച്ചു. പോരാട്ടവീര്യത്തിന്റെ മറുപേരാണ്‌ ഇപ്പോൾ ഷെറിൻ ഷഹാന. പരിമിതികളെയും തിരിച്ചടികളെയും ഊർജമാക്കി സിവിൽ സർവീസ് പരീക്ഷയിൽ 913–--ാം റാങ്ക്‌ എന്ന സ്വപ്നനേട്ടത്തിനു മുകളിലാണ്‌ ഇപ്പോൾ ഷെറിൻ.

വഴുതിപ്പോയ ജീവിതം
നിറയെ സ്വപ്നങ്ങൾ കണ്ടു നടന്നാരു പെൺകുട്ടിയായിരുന്നു വയനാട് കണിയാമ്പറ്റയിലെ തേനുട്ടി കല്ലിങ്കൽ ഉസ്മാന്റെയും ആമിനയുടെയും നാലാമത്തെ  മകൾ ഷെറിൻ ഷഹാന. ജീവിത പ്രാരാബ്ധങ്ങൾക്കിടയിലൂടെ മക്കളെ വളർത്തിയ ഉസ്മാൻ 2015ൽ ഹൃദയാഘാതംമൂലം മരിച്ചു. കുടുംബത്തിന്റെ ഉത്തരവാദിത്വം നിറവേറ്റാൻ ഒരു ജോലി എന്നതായിരുന്നു പിന്നീട് ഷെറിന്റെ ലക്ഷ്യം. 2017 മെയ് 22ന് പിജി കോഴ്സിന്റെ അവസാന പരീക്ഷയും കഴിഞ്ഞുവന്നൊരു  ഉച്ചതിരിഞ്ഞ നേരത്താണ് സ്വപ്നങ്ങളെല്ലാം നിമിഷാർധത്തിൽ തകർന്നുവീണത്. വീടിനു മുകളിൽ ഉണക്കാനിട്ടിരുന്ന തുണികൾ എടുക്കാനാണ് ഷെറിൻ മുകളിലേക്ക് കയറിയത്. മഴപ്പെയ്ത്തിൽ പടർന്നുകയറിയ പായലിൽ വഴുതിപ്പോയ അവൾ വീടിന് താഴേക്കു വീണു.

കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവർ കൈവിട്ടു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി. ഏഴു ദിവസംമാത്രം ജീവിതസാധ്യതയുള്ള ഒരു പെൺകുട്ടിക്ക് ആറുലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ നടത്തേണ്ടതുണ്ടോ എന്നായിരുന്നു ഡോക്ടർമാരുടെ ചോദ്യം. അതിനുമുന്നിൽ ആ നിർധന കുടുംബം തളർന്നില്ല. നന്മ വറ്റാത്ത സമൂഹം പിന്തുണ നൽകി ഒപ്പംനിന്നു. ശസ്ത്രക്രിയ കഴിഞ്ഞിട്ടും അരയ്ക്കുതാഴേക്ക് തളർന്നു. കിടക്കാൻ പോലും കഴിയാതെ യാതന അനുഭവിച്ച നാളുകൾ. പിന്നീട് മൂന്നരമാസം വെല്ലൂരിലെ ആശുപത്രിയിൽ ചികിത്സ കഴിഞ്ഞതോടെ ചക്രക്കസേരയിൽ പിടിച്ചിരിക്കാമെന്ന അവസ്ഥയിലെത്തി.
ദുരിതനാളുകളിൽ അവൾ മുഖപുസ്തകത്തിൽ ഇങ്ങനെ എഴുതി. "അതെ ശരിയാണ് എന്റെ കാലുകൾക്ക് ചലനം നഷ്ടപ്പെട്ടു പോയിരിക്കുന്നു... ഈ നാല്‌ വെളുത്ത ചുവരുകൾക്കപ്പുറത്തേക്ക്‌ എനിക്കൊരു ലോകമില്ല... പക്ഷികളുടെ ശബ്ദവും പൂവിന്റെ സുഗന്ധവും പൂമ്പാറ്റകളുടെ വർണവും എനിക്ക്‌ അപരിചിതമായിരിക്കുന്നു... മൂക്കിലത്രയും ത്രസിപ്പക്കുന്ന മരുന്നുകളുടെ മണം...’

അവൾ പതിയേ വായനയുടെ ലോകം കണ്ടത്തി. നേരമ്പോക്കിന് അടുത്ത വീട്ടിലെ കുട്ടികൾക്ക് ട്യൂഷൻ എടുത്തുതുടങ്ങി. നെറ്റ് പരീക്ഷ എഴുതാമെന്ന ആലോചന ഉദിച്ചതും ആ ട്യൂഷൻ ക്ലാസിനിടയിലായിരുന്നു. ആദ്യ പരിശ്രമത്തിൽത്തന്നെ നെറ്റും ജെആർഎഫും  സ്വന്തമാക്കി.

മനസ്സിനേറ്റ മുറിവുകൾ
ബിരുദാനന്തര ബിരുദപഠനത്തിനിടെ ആയിരുന്നു ഷെറിന്റെ വിവാഹം. സ്നേഹവും പരിചരണവുമായിരുന്നില്ല അവളെ കാത്തിരുന്നത്. മുറിവും ചതവുമേൽക്കാത്ത ഒരുഭാഗവും തന്റെ ശരീരത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഷെറിൻ പറയുന്നു. കൈയിലെ മുറിവുകൾ കണ്ടാണ് ഉമ്മയും സഹോദരിമാരും അവളെ തിരികെ വീട്ടിലേക്ക് കൂട്ടിയത്. ഗാർഹിക പീഡനത്തിനെതിരെ കേസ് നടക്കുന്നതിനിടെയാണ്  വീടിനു മുകളിൽനിന്ന് വീണത്. മരിച്ചുപോകുമെന്ന് ഭയപ്പെട്ട നാളുകളിൽപ്പോലും ആ മനുഷ്യൻ ഷെറിനെ വന്നുകാണാൻ തയ്യാറായില്ല. മനസ്സിനേറ്റ ക്ഷതങ്ങൾ തന്നെ പുതിയൊരു വ്യക്തിയായി പരുവപ്പെടുത്തിയെന്ന് ഷെറിൻ പറയുന്നു. "താങ്ങാൻ ആരുമില്ലാത്തിടത്ത്  ഞാനെങ്ങനെ തളരും? മുന്നേറുകയല്ലാതെ മാർഗമില്ല’ എന്ന ഷെറിന്റെ വാക്കുകൾക്ക് പാറക്കല്ലിനേക്കാൾ ഉറപ്പുണ്ട്.

പറന്നുയരുന്ന ചിത്രശലഭം
നെറ്റും ജെആർഎഫും നേടിയ ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെക്കുറിച്ച് ഒരു മാസികയിൽ വന്ന ഫീച്ചർ വായിച്ചാണ് സിവിൽ സർവീസ്  പരിശീലകനായ ജോബിൻ എസ് കൊട്ടാരം വിളിക്കുന്നത്. ഭിന്നശേഷിക്കാരായവർക്കായി താൻ നടത്തുന്ന ചിത്രശലഭം സിവിൽ സർവീസ് പരിശീലനത്തിൽ ചേരാനായിരുന്നു ക്ഷണം. ചക്രക്കസേരയിൽ ലോകം അവസാനിച്ച തനിക്ക് സിവിൽ സർവീസ് ചെയ്യാൻ കഴിയുമോ എന്നായിരുന്നു ഷെറിന്റെ ആദ്യ ചോദ്യം. ആത്മവിശ്വാസം ഉണ്ടെങ്കിൽ ഏത്‌ ഉയരവും എത്തിപ്പിടിക്കാമെന്ന മറുപടിയിൽ അവളുടെ ചക്രക്കസേര അബ്സല്യൂട്ട് സിവിൽ സർവീസ് അക്കാദമിയിലേക്ക്‌ ഉരുണ്ടു. കോവിഡ് കാലത്ത് ഓൺലൈനായും പിന്നീട് നേരിട്ട് തിരുവനന്തപുരത്തെ ക്യാമ്പസിൽ എത്തിയുമായിരുന്നു പഠനം.

അറിയാതെ പോയ ജയം
ആദ്യ പരിശ്രമത്തിൽ ഷെറിന് ജയം കാണാനായില്ല. രണ്ടാംതവണ പ്രാഥമിക പരീക്ഷ കഴിഞ്ഞപ്പോൾ ചില ഓൺലൈൻ ഉത്തരസൂചികയുമായി ഒത്തുനോക്കിയ ഷെറിൻ പരാജയം ഉറപ്പിച്ചു. ജയിക്കില്ലെന്ന പ്രതീക്ഷയിൽ പരീക്ഷാഫലം നോക്കാനും മെനക്കെട്ടില്ല. പിന്നീട് വിശദമായ ഫോം പൂരിപ്പിച്ചുനൽകാൻ മെയിൽ വന്നിരിക്കുന്നെന്ന് പറഞ്ഞപ്പോൾ ഒരു സുഹൃത്താണ്  ഷെറിനോട് പരീക്ഷ പാസായ വിവരം പറഞ്ഞത്. പിന്നീട് ഒരു നിമിഷംപോലും പാഴാക്കിയില്ല. വായിച്ചും നോട്ടുകൾ തയ്യാറാക്കിയും അവൾ മുന്നേറി. സിവിൽ സർവീസ് മെയിൻസ് പരീക്ഷയും പാസായതോടെ ആത്മവിശ്വാസം ഇരട്ടിച്ചു.

കൈപിടിച്ച് നടത്തിയോർ
വീഴ്ചയിൽ തളർന്നുപോയ ഷെറിനെ കൈപിടിച്ച് നടത്തിക്കാൻ ഒരു നാടും താൻ വിശ്വസിച്ച പ്രസ്ഥാനവും ഒപ്പംനിന്നു. ചക്രക്കസേരയിലെ ദുരിതജീവിതം കണ്ടറിഞ്ഞ് ആരോഗ്യ മന്ത്രിയായിരുന്ന കെ കെ ശൈലജയടക്കം മുൻകൈയെടുത്താണ് ഇലക്ട്രിക് വീൽച്ചെയർ സമ്മാനിച്ചത്. എംഎൽഎ ആയിരുന്ന സി കെ ശശീന്ദ്രനും നാട്ടിലെ പാർടി നേതൃത്വവുമാണ് ഇതിനെല്ലാം ഒപ്പംനിന്നത്. നാലു മുറിക്കുള്ളിൽ തീരേണ്ടതല്ല ജീവിതമെന്നും പഠിച്ചു മുന്നേറണമെന്നും  ഷെറിനോട് പറഞ്ഞുനൽകിയത് മുരളി തുമ്മാരുകുടിയടക്കമുള്ളവരാണ്. ആ പ്രേരണയാണ് ഇപ്പോൾ കലിക്കറ്റ് സർവകലാശാലയിലെ പിഎച്ച്ഡി പഠനത്തിലേക്കടക്കം നയിച്ചത്. ടി പി ശ്രീനിവാസൻ, എൻ പ്രശാന്ത്, രമ്യ റോഷ്‌നി തുടങ്ങി നിരവധിയാളുകൾ സഹായവുമായി എത്തി. എല്ലാത്തിനും മുകളിലായിരുന്നു ജോബിൻ എസ് കൊട്ടാരത്തിന്റെ ക്ലാസുകളും മോട്ടിവേഷനും.
മെയിൻ പരീക്ഷ പാസായശേഷം നജീബ് കാന്തപുരം എംഎൽഎയുടെ ക്ഷണപ്രകാരം ഒരു ദിവസം തിരുവനന്തപുരത്തു നടന്ന  മോക് ഇന്റർവ്യൂവിലും പങ്കെടുത്തു. പിന്നീട് പല ഇൻസ്റ്റിറ്റ്യൂട്ടുകൾ നൽകിയ മോക് ഇന്റർവ്യൂകളിലും പങ്കെടുത്തത്  അത്മവിശ്വാസം വർധിപ്പിച്ചു.

ഫലം അറിഞ്ഞത് ആശുപത്രിക്കിടക്കയിൽ
സിവിൽ സർവീസ് ജേതാവായത്‌ അറിഞ്ഞ് ഒന്ന് തുള്ളിച്ചാടണമെന്ന് ഉണ്ടായിരുന്നു ഷെറിന്. ആശുപത്രിക്കിടക്കയിൽ അവർക്ക്‌ അതിനുമാകുന്നില്ല. മെയ് 16ന് കോഴിക്കോട്ടു വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലാണ് ഷെറിനും ഉമ്മയും അടക്കമുള്ളവർ. കഴിഞ്ഞദിവസം ശസ്ത്രക്രിയ കഴിഞ്ഞ് സുഖംപ്രാപിച്ചു വരികയാണ്‌ ഇപ്പോൾ.

ഉള്ളിലെ മോഹങ്ങൾ
ഐഎഎസ് തെരഞ്ഞെടുത്ത് സമൂഹത്തിനുവേണ്ടി എന്ത് ചെയ്യാനാകുമെന്നാണ് ഷെറിൻ ഇപ്പോൾ ചിന്തിക്കുന്നത്. വേണ്ടവർക്ക് ഭിന്നശേഷി ഒന്നിനും തടസ്സമല്ലെന്ന് തെളിയിക്കാൻ തന്റെ ജീവിതത്തിലൂടെ തെളിയിച്ചെടുക്കാനായി. സമൂഹത്തിൽ താങ്ങുവേണ്ടവർക്കുനേരെ സഹായത്തിന്റെ കൈ നീട്ടുകയെന്നതാകും ജീവിതത്തിലങ്ങോട്ട് ലക്ഷ്യമെന്ന് ഷെറിൻ പറയുമ്പോൾ ആ വാക്കുകളിലൂടെ   അത്മവിശ്വാസത്തിന്റെ ഒരായിരം ചിത്രശലഭങ്ങൾ പറന്നുയരുകയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top