23 March Thursday

പെണ്‍മണം പേറുന്നവന്‍

ഡോ. പി മഞ്ജുള manjulap0111@gmail.comUpdated: Sunday Jan 15, 2023

Santhosh Keezhattoor/www.facebook.com/photo

ഓച്ചിറ വേലുക്കുട്ടിയാശാൻ എന്ന അതുല്യ നാടകപ്രതിഭയുടെ ജീവിതപഥങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺനടൻ' എന്ന ഏകപാത്ര നാടകം. കാലാന്തരത്തിൽ അവഗണിക്കപ്പെട്ട അനേകം കലാകാരന്മാരുടെ പ്രതീകമാണ് വേലുക്കുട്ടിയാശാൻ. ‘ആണെ'ന്ന ആന്തരിക സ്വത്വത്തിൽനിന്ന് വേഷഭൂഷാദികളാലും ശരീരചലനങ്ങളാലും പെണ്ണെന്ന ബാഹ്യരൂപത്തെ തന്റെ അഭിനയ നിപുണതയാൽ പല വേദികളിൽ അനശ്വരമാക്കി  ആ പ്രതിഭ.

എടുത്തണിഞ്ഞ വേഷത്തിലേക്ക് സന്നിവേശിക്കപ്പെട്ട് തിരിച്ചറിയാനാകാത്തവിധം സമൂഹം കൽപ്പിച്ചുകൊടുത്ത പെൺനടനെന്ന ഖ്യാതിയോടൊപ്പം കുടുംബത്തിനകത്തുനിന്നും ‘പെൺമണം' മാറാത്തവനെന്ന അധിക്ഷേപംകൂടി അദ്ദേഹത്തിന് ചാർത്തിക്കിട്ടി. കുടുംബം/സമൂഹം, ആൺ/പെൺ ദ്വന്ദ്വങ്ങൾ പിടിമുറുക്കിയപ്പോൾ ‘വ്യക്തി'യെന്ന നിലയിൽ അദ്ദേഹത്തിന് സ്വതസിദ്ധമായ ജീവിതാവസ്ഥ നഷ്ടപ്പെടുകയും  ജീവിതം ദുരന്തപൂർണമാകുകയും ചെയ്‌തു. കാലയവനികയ്ക്കുള്ളിൽ മറഞ്ഞുകിടന്ന അവഗണന നിറഞ്ഞ ആ ജീവിതത്തിന്റെ നേർക്കാഴ്ചയായി മാറുകയാണ് സന്തോഷ് കീഴാറ്റൂരിന്റെ ‘പെൺനടൻ' എന്ന നാടകം.

സന്തോഷ് കീഴാറ്റൂര്‍

സന്തോഷ് കീഴാറ്റൂര്‍

വേലുക്കുട്ടിയാശാൻ പകർന്നാടിയ കുമാരനാശാന്റെ കരുണയിലെ ‘വാസവദത്ത' എന്ന സൗന്ദര്യധാമത്തെ തന്മയഭാവത്തോടെ അനുഭവവേദ്യമാക്കുന്ന അഭിനയപാടവമാണ്  പെൺനടനിൽ. ‘കണ്ടമാത്രയിൽ തന്നെ തന്റെ ഹൃദയത്തെ അനുരാഗത്തിന്റെ ഉത്തുംഗതയിലെത്തിച്ച ഉപഗുപ്തനെന്ന ബുദ്ധഭിക്ഷു; അദ്ദേഹത്തെ കണ്ട്  തന്റെ പ്രണയം ധരിപ്പിക്കാൻ തോഴിയെ പറഞ്ഞുവിട്ട്  അക്ഷമയായിരിക്കുന്ന  വാസവദത്ത'. അവളുടെ അംഗചലനങ്ങളും പ്രണയാർദ്രമായ മുഖഭാവവും പ്രതീക്ഷയും നാണവും നിരാശയുമെല്ലാം അതിമനോഹരമായാണ് സന്തോഷ്‌ കീഴാറ്റൂർ അവതരിപ്പിച്ചിരിക്കുന്നത്.

വാസവദത്തയിൽനിന്ന് വേലുക്കുട്ടിയാശാനിലേക്കുള്ള  പരിവർത്തനത്തിന് അനുവാചകർ സാക്ഷിയാകുന്നു. ഉടയാടകളും ആഭരണാദികളും മാറ്റി ആശാനിലേക്ക്‌ എത്തുമ്പോൾ അദ്ദേഹം വ്യക്തിജീവിതത്തിൽ നേരിട്ട ദുരവസ്ഥ കാണികളിൽ വിഷാദഭാവം പടർത്തുന്നു. കുമാരനാശാന്റെ സ്ത്രീ കഥാപാത്രങ്ങളായ സീതയും ലീലയും സാവിത്രിയുമെല്ലാം രംഗത്ത് ജന്മം കൊള്ളുമ്പോൾ വേലുക്കുട്ടിയാശാന്റെ നടന ജീവിതത്തോടൊപ്പം കുമാരനാശാന്റെ കാവ്യജീവിതംകൂടി പ്രതിഫലിപ്പിക്കുകയാണ് പെൺനടനിൽ. കഥാപാത്രങ്ങളിലൂടെ വേലുക്കുട്ടിയാശാനോട് അഭിനിവേശം തോന്നിയ ശാരദ എന്ന സ്ത്രീയുമായി അദ്ദേഹം ശാരീരികബന്ധത്തിൽ ഏർപ്പെടുകയും വിവാഹമെന്ന അവരുടെ അഭ്യർഥനയെ കലയോടുള്ള ആഭിമുഖ്യം കാരണം നിരസിക്കുകയും ചെയ്യുന്നുണ്ട്.

പിന്നീട് അമ്മയുടെ താൽപ്പര്യം അനുസരിച്ച് വിവാഹംചെയ്തു കൊണ്ടുവരുന്ന സ്ത്രീയിൽനിന്ന്‌ ആശാൻ അനുഭവിക്കേണ്ടിവരുന്ന അവഗണനയും പരിഹാസവുമെല്ലാം അനുവാചക ഹൃദയത്തിൽ നൊമ്പരമായി അവശേഷിക്കുന്നു. നാടകശാലയിൽ താൻ സ്ത്രീയാണോ പുരുഷനാണോ എന്നതിനെ ചൊല്ലി വാഗ്വാദത്തിൽ ഏർപ്പെട്ടവരുടെ നിർബന്ധത്തിനു വഴങ്ങി അവസാനം ‘ഉടുമുണ്ട് പൊക്കി കാട്ടികൊടുക്കേണ്ടിവന്നു' എന്ന നിവൃത്തികേടിനെ വേദന മറച്ചുവച്ച് തമാശരൂപേണ തന്റെ ഭാര്യയോട് പങ്കുവയ്ക്കുമ്പോൾ, കോപാകുലയായ അവരിൽനിന്നു പുറത്തു വരുന്നത് കടുത്ത പരിഹാസവാക്കുകളാണ്. ‘ആദ്യംതൊട്ടെ നിങ്ങൾക്ക് പെൺമണമാണെന്ന' അധിക്ഷേപം കേട്ട ആശാന്  ഒരിക്കൽപ്പോലും തന്റെ അഭിലാഷംപോലെ പൗരുഷമുള്ള ഒരു കഥാപാത്രത്തെ അരങ്ങിൽ അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

ഓച്ചിറ വേലുക്കുട്ടിയാശാൻ

ഓച്ചിറ വേലുക്കുട്ടിയാശാൻ

ജന്മംകൊണ്ട് താനാെരു പുരുഷനാണെന്ന് അദ്ദേഹം ജീവിതത്തിൽ ശാരദയിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടും അതുകണ്ട് നിർവൃതിയടയാൻ വേലുക്കുട്ടിയാശാന് സാധിക്കുന്നുമില്ല. ഒരിക്കൽ ആശാന് വന്ന കത്തിൽ ‘ശാരദ ഒരു കുഞ്ഞിന്‌ ജന്മം നൽകിയതുമുതൽ ചിരിയോ വർത്തമാനമോ ഇല്ലാതെ നിർജീവാവസ്ഥയിലാണെന്നും താങ്കൾ വന്നൊന്ന് അവരെ കാണണ'മെന്നുമുള്ള ശാരദയുടെ ഭർത്താവ് ഉണ്ണി മേനോന്റെ അപേക്ഷയായിരുന്നു. അപ്പോൾത്തന്നെ അവിടേക്ക് പുറപ്പെട്ട ആശാൻ, ശാരദയെ ചെന്നുകണ്ട്  അവർക്ക്‌ പ്രിയപ്പെട്ട തന്റെ വേഷങ്ങളാടി അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നു.

എന്നാൽ, ശാരദയുടെ കുഞ്ഞിനെ ഒരുനോക്ക് കണ്ടാൽ കൊള്ളാമെന്ന് ആശാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, അത് സാധ്യമല്ലെന്നും അവനെന്നും ശാരദയുടെയും ഉണ്ണി മേനോന്റെയും കുഞ്ഞായി വളരുമെന്നും പറഞ്ഞ് തിരിച്ചയക്കുകയാണ് അയാൾ ചെയ്യുന്നത്. തന്റെ ആൺജന്മത്തിന്റെ ശേഷിപ്പാണ് ആ കുഞ്ഞെന്ന്‌ അറിയുമ്പോഴും ഒന്നുകാണാൻപോലും സാധിക്കാതെ പിന്തിരിഞ്ഞു നടക്കേണ്ടിവന്നു ആശാന്. വളരെ ഹൃദയസ്പർശിയായാണ് സന്തോഷ് കീഴാറ്റൂർ ഈ ഭാഗങ്ങളൊക്കെ അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്. ജീവിതനാടകത്തിൽ ‘താൻ കെട്ടിയാടിയ വേഷങ്ങളെല്ലാം അഴിഞ്ഞുവീണ' ആ മഹാനടനോടുള്ള ആദരവും സ്നേഹവും കാലത്തിനിപ്പുറത്തുനിന്നു കൊണ്ട് അതേ വേഷഭാവത്തിലൂടെ ഒട്ടും ചോർന്നുപോകാതെ അർപ്പിക്കുകയാണ് ആ അഭിനയപ്രതിഭ.

പുരുഷന്മാർ സ്ത്രീവേഷമാടിയ കാലത്തിന് വിരാമമിട്ടുകൊണ്ട് അഭിനേത്രിമാരുടെ കടന്നുവരവ് പ്രതീക്ഷാവഹമായ മാറ്റമാണെങ്കിലും വേലുക്കുട്ടിയാശാനെ പോലുള്ള പെൺവേഷധാരികളെ അത്‌ എങ്ങനെ ബാധിച്ചിരുന്നുവെന്ന് നാടകം കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. നൃത്തസംഗീത നാടകത്തിന്റെ സ്വഭാവ സവിശേഷതകളോട്‌ അടുത്തുനിൽക്കുന്ന ‘പെൺനടനി'ൽ കുമാരനാശാന്റെ കവിതാശകലങ്ങളെ സന്ദർഭോചിതമായി ഉപയോഗിച്ചിട്ടുണ്ട്. മികച്ച അഭിനയചാതുരിയിലൂടെയും മിതമായ സംഭാഷണങ്ങളിലൂടെയും ഏകപാത്ര നാടകത്തിന്റെ പരിമിതികളെ അതിജീവിക്കാനും കാഴ്ചക്കാരിൽ ആകാംക്ഷ നിലനിർത്താനും  അഭിനേതാവിന് സാധിച്ചു. ശരീരഭാഷ ഉപയോഗിച്ചുള്ള ഇതിലെ ദൃശ്യബിംബങ്ങൾ അവഗണനയ്ക്കു നേരെയുള്ള  ശക്തമായ ആയുധമാകുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top