04 October Wednesday

ആറ്റുകാല്‍ പൊങ്കാല അഥവാ ഒരു നഗരത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ്

രശ്‌മി രാധാകൃഷ്ണന്‍Updated: Saturday Mar 11, 2017

ആറ്റുകാല്‍ പൊങ്കാലയെപ്പറ്റി രശ്മി രാധാകൃഷ്ണന്‍ എഴുതുന്നു

മതപരമായ പ്രാധാന്യമോ പങ്കെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലെ ഗിന്നസ് വലുപ്പമോ ഒന്നുമല്ല,ഒരു നഗരത്തെ ഒരു ദിവസം എങ്കിലും അക്ഷരാര്‍ത്ഥത്തില്‍ സ്ത്രീസൌഹൃദമാക്കാന്‍ കാരണമാകുന്ന ഒരു മഹാസംഭവം എന്നത് തന്നെയാണ് എന്റെ കാഴ്ചപ്പാടില്‍ ആറ്റുകാല്‍ പൊങ്കാലയുടെ പ്രസക്തി.

പൊങ്കാല ദിവസം പുലരുന്നത് മുതല്‍ കാണാം നഗരത്തിന്റെ മുഖം മാറുന്നത്. പൊങ്കാലയുടെ തലേ രാത്രി മുതല്‍ തന്നെ സ്വന്തം വീട്ടിലെ ഒരു മുറിയുടെ സ്വാതന്ത്ര്യത്തോടെ വഴിയരികുകളിലും കടത്തിണ്ണകളിലും വിശ്രമിക്കുന്ന സ്ത്രീകളെ കാണാം.ചിലര്‍ സുഖമായി കിടന്നുറങ്ങുന്നു.മറ്റു ചിലര്‍ കുളി കഴിഞ്ഞു മുടി കോതുന്നു.പൊങ്കാലയ്ക്കുള്ള ശര്‍ക്കരയും തേങ്ങയും ഒരുക്കി വയ്ക്കുന്നു.വെളുത്തവരും ഇരുണ്ടവരും മെലിഞ്ഞവരും വണ്ണക്കാരും എന്നിങ്ങനെ പല തരക്കാരും പ്രായക്കാരുമായ സ്ത്രീകള്‍ വാതോരാതെ വര്‍ത്താനം പറഞ്ഞു കൊണ്ട് പൊങ്കാലയ്ക്ക് ഒരുങ്ങുന്നു..ശെരിക്കും പെണ്ണുങ്ങളുടെ ഒരു സാമ്രാജ്യം..ഒരു വര്‍ഷമായി അവര്‍ കാത്തിരുന്ന ദിവസമാണ്. കാരണം അന്നത്തെ ദിവസം തങ്ങള്‍ അത്രയും സുരക്ഷിതരാണെന്ന് അവര്‍ക്കറിയാം.ആ അറിവ് അവരെ സ്വയം സ്വതന്ത്രരാക്കിയിരിക്കുന്നു.നഗരത്തിന്റെ ഹൃദയ ഭാഗങ്ങളെല്ലാം തന്നെ സ്ത്രീകള്‍ സ്വാതന്ത്ര്യത്തോടെ സ്വന്തമാക്കുന്നു.പതിവിനു വിപരീതമായി പുരുഷന്മാരുടെ അകമ്പടിയില്ലാതെ രാത്രിയിലും സ്ത്രീകള്‍ നിര്‍ഭയമായി സഞ്ചരിക്കുന്ന കാഴ്ച പൊങ്കാലയുടെ മാത്രം പ്രത്യേകതയാണ്.

വളരെ ദൂരെ നിന്നും തലേ ദിവസം എത്തി സ്ഥാനം പിടിച്ച പലരും  രാവിലെ തന്നെ അടുത്തടുത്ത വീടുകളിലോ റെയില്‍വേ സ്റേഷന്‍ കംഫര്‍ട്ട് സ്റെഷനിലോ കുളിയും പ്രാഥമിക കാര്യങ്ങളും നടത്തി പൊങ്കാലയ്ക്ക് തയ്യാറായിരിക്കും.ആറ്റുകാല്‍ സ്ത്രീകളുടെ ശബരിമല എന്നാണു അറിയപ്പെടുന്നത്.പൊങ്കാല ദിവസത്തെ തിരുവനന്തപുരം നഗരത്തെ കേരളത്തിലെ ‘കോപ്പന്‍ ഹെയ്ഗന്‍’ എന്നു വിളിക്കാന്‍ തോന്നും.ലോകത്തിലെ ഏറ്റവും സ്ത്രീസുരക്ഷിതമായ നഗരം. പുരുഷന്മാര്‍ ഉത്സാഹത്തോടെ ഓടി നടക്കുന്നുണ്ടാകും സഹായവുമായി.ആരെങ്കിലും എന്തെങ്കിലും അനാവശ്യത്തിന്  മുതിര്‍ന്നാല്‍ ആളുകള്‍ കൂട്ടമായി അവന്റെ മുതുകത്ത് പൊങ്കാലയിടും.ആ ഒത്തൊരുമ കാണുമ്പോള്‍ എന്നും പൊങ്കാലയായിരുന്നെങ്കില്‍ എന്ന് നമ്മള്‍ ആഗ്രഹിച്ച് പോകും.ദേഹത്ത് അറിയാതെ പോലും മുട്ടാതെയും ഉരുമ്മാതെയും  പണിപ്പെട്ടു കരുതലോടെ കടന്നുപോകുന്ന പുരുഷന്മാരോട് ഒരു സ്നേഹവും ബഹുമാനവുമൊക്കെ  തോന്നിപ്പോകുന്ന  ദിവസമാണ് പൊങ്കാല.കണക്ക് പറഞ്ഞു തര്‍ക്കിക്കുന്ന ഓട്ടോ ടാക്സിക്കാരില്ലാത്ത , തുറിച്ച് നോട്ടക്കാരില്ലാത്ത നഗരം. അപ്പോള്‍ തോന്നും ആറ്റുകാല്‍ പൊങ്കാല ശരിക്കും സ്ത്രീകളുടെ ഉത്സവമല്ല. പുരുഷന്മാരുടെ ഉത്സവമാണ് എന്ന്..

ഞാനും ഒരു വര്ഷം പൊങ്കാലയിട്ടു.മറക്കാനാവാത്ത ഒരു ദിവസം.പുലര്‍ച്ചെ നാല് മണിക്ക് പഴവങ്ങാടി അമ്പലത്തിന്റെ മുന്നില്‍ ചെല്ലുമ്പോള്‍ തലേ ദിവസം വൈകുന്നേരം മുതല്‍ വന്നു സ്ഥാനം പിടിച്ചവര്‍ ഇരിപ്പുണ്ടായിരുന്നു.പഴയ ഒരു തിയേറ്ററിന്റെ മുന്നിലുള്ള സ്ഥലമാണ് ഞങ്ങള്‍ക്ക് കിട്ടിയത്.മുന്നില്‍ ഒരു കനാല്‍ ആണ്.അതില്‍ വെള്ളമില്ല,നിറയെ ചെളി മാത്രം.നേരം പുലര്‍ന്നപ്പോള്‍ മുതല്‍ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു.ഇരുണ്ട അന്തരീക്ഷം.ഓരോ ട്രെയിന്‍ വരുമ്പോഴും സ്ത്രീകളുടെ പുതിയ പുതിയ  സംഘങ്ങള്‍ വന്നു ചേര്‍ന്ന് കൊണ്ടേയിരുന്നു..തലേദിവസം തന്നെ ശര്‍ക്കരയും,തേങ്ങയും എല്ലാം ഒരുക്കിയിരുന്നു.കലം വരെ ഒരുക്കി വച്ചു കാത്തിരിക്കുകയാണ്..

പണ്ടാര അടുപ്പില്‍ തീ പകരുന്നതിനു മിനിട്ടുകള്‍ ബാക്കി നില്‍ക്കെ ദൂരെ കനാലിലേയ്ക്ക് എന്തോ ചാടുന്നതും ആളുകള്‍ ഓടിക്കൂടുന്നതും കണ്ടു.ഓടിച്ചെന്നു കമ്പിയഴികളിലൂടെ നോക്കി..അകലെയായത് കൊണ്ട് ഒന്നും മനസ്സിലാകുന്നില്ല.ആരോ പറഞ്ഞാണ് അറിയുന്നത്..ദിവസങ്ങളായി നഗരത്തിലൂടെ അലഞ്ഞു നടന്നിരുന്ന മനസ്സിന് സുഖമില്ലാത്ത  മധ്യവയസ്കയായ ഒരു സ്ത്രീ ,നഗ്നയായി കറുത്ത ചെളി നിറഞ്ഞ  കനാലിലേയ്ക്ക് എടുത്തു ചാടിയിരിക്കുകയാണ്.കുറച്ചുകൂടെ അടുത്തു ചെല്ലുമ്പോള്‍ കാണുന്നത് ആഴമില്ലാത്ത കനാലില്‍ ഇറങ്ങി ആ കറുത്ത ചെളി  ദേഹത്ത് വാരിപ്പൂശുകയും ഇരുകരയിലും നില്‍ക്കുന്ന ആളുകളെ നോക്കി എന്തൊക്കെയോ പുലന്പിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരാള്‍..എല്ലാവരും എന്ത് ചെയ്യണമെന്നറിയാതെ നോക്കി നില്‍ക്കുന്നുണ്ട്..താമസിയാതെ പോലീസ് വന്നു.ആരൊക്കെയോ അവരോടു കയറി വരാന്‍ വിളിച്ച് പറയുന്നുണ്ട്.പക്ഷെ അവര്‍ ആസ്വദിച്ച് ചെയ്യുന്ന ഒരു പ്രക്രിയ പോലെ ചെളിയില്‍ കിടന്നു മറിയുകയാണ്.ഫയര്‍ ഫോര്‍സ് എത്തി ക്രെയിന്‍ കൊണ്ട് ഉയര്‍ത്തിയെടുക്കാന്‍ ശ്രമിക്കുകയാണ് ചെളിയില്‍ പുതഞ്ഞ ആ രൂപം.ഒരാള്‍ ക്രെയിനില്‍ ഇറങ്ങി അവരെ ബലമായി പിടിച്ചു കയറ്റി..ക്രെയിന്‍ ഉയര്‍ന്നു  മുകളില്‍ എത്താറായപ്പോഴേക്കും അവര്‍ കുതറി വീണ്ടും താഴേക്ക്  എടുത്തു ചാടി. അപ്രതീക്ഷിതമായി മുന്നിലെത്തുന്ന ഞെട്ടിപ്പിക്കുന്ന ചില  കാഴ്ചകള്‍ നമ്മളെ ഇരുട്ടിലാക്കിക്കളഞ്ഞെക്കാം..ഭീകര കാഴ്ചയായിരുന്നു അത്.കമ്പിയഴിയുടെ ഒരു വശത്ത്‌ ,വ്രതശുദ്ധിയുടേയും ഭക്തിയുടെയും നിറവില്‍ പൊങ്കാലയിടാന്‍ കാത്തുനില്‍ക്കുന്ന സ്ത്രീകള്‍..മറുവശത്ത് നഗരത്തിലെ ഏറ്റവും മാലിന്യങ്ങള്‍ നിറഞ്ഞ കുഴിയില്‍  നഗ്നയായ ഒരു സ്ത്രീ..അവരും ഒരു പെണ്ണ് തന്നെയാണ്.. ഇപ്പുറത്ത് നിരന്നു നില്‍ക്കുന്ന കണ്ണിയിലെ മറ്റൊരാള്‍..ആ വൈരുധ്യവും ,അങ്ങനെയൊരു അവസ്ഥയിലേയ്ക്ക് ആ സ്ത്രീയെ നയിച്ച മാനസികാവസ്ഥയുമോര്‍ത്ത് എനിക്ക് ഭീതിയുളവായി.ഒടുവില്‍ വീണ്ടും ഒരു വിധത്തില്‍ കരയ്ക്കെത്തിച്ച് അവരെ ആരൊക്കെയോ ചേര്‍ന്ന ഒരു മുണ്ട് കൊണ്ട് പുതപ്പിക്കാന്‍ ശ്രമം നടത്തി.ബലം പിടിച്ച് എങ്ങോട്ടോ കൊണ്ട് പോയി.

സ്വബോധത്തിന്റെ ലക്ഷക്കണക്കിനുള്ള നേര്‍ത്ത ഞരമ്പുകളില്‍ ഒന്ന്  അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് ചാഞ്ചാടിയാല്‍ ഞാനുല്പ്പെടെ നമ്മള്‍ എല്ലാരും ഒരു പക്ഷെ ഇത്രേയുള്ളൂ.ആ അതിര്‍ത്തി വരെയേ സാമൂഹ്യ നിയമങ്ങളും വിലക്കുകളും ഉള്ളൂ..അതിനപ്പുറം എല്ലാവരും നഗ്നമായ ജീവശരീരങ്ങളുടെ നിസ്സാരത മാത്രമാണ്.നിമിത്തം പോലെ മുന്നില്‍ തെളിഞ്ഞ ആ നിമിഷങ്ങളെ വീണ്ടും മനസ്സിലേയ്ക്ക് കൊണ്ട് വരാന്‍ ഞാന്‍ ശ്രമിച്ചു.സ്ത്രീകള്‍ക്ക് ബാഹുല്യമുള്ള ആ അന്തരീക്ഷത്തില്‍,നിരുപാധികവും നിര്ഭയവുമായ സ്വാതന്ത്ര്യത്തിന്റെ അലകള്‍  അവരുടെ ഉപബോധമനസ്സില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടാകുമോ? അതോ ജീവിതത്തിന്റെ നിസ്സാരതയോ? പെട്ടെന്ന് പണ്ടാര അടുപ്പില്‍ തീ പകര്‍ന്നെത്തി.പൊങ്കാലയിടുമ്പോഴും എന്റെ മനസ്സ് നീറിക്കൊണ്ടിരുന്നു..ദുരിതക്കയങ്ങളില്‍ നീന്തുന്ന ,ചരിത്രത്താളുകളിലില്ലാത്ത എത്രയോ പെണ്ണുങ്ങളുണ്ട്..ശബ്ദമില്ലാത്ത അവരുടെ  നിലവിളികളും നൊന്പരങ്ങളുമല്ലേ  ഇവിടെ പൊങ്കാലയോടൊപ്പം പുകയുന്നത്. ഒന്നു പങ്ക്‌വയ്ക്കാന്‍ പോലും ആരുമില്ലാത്ത അവരുടെ വേദനകളല്ലേ ദേവിയ്ക്ക് നൈവേദ്യമാകുന്നത്?? ദയാവായ്പ്പോടെ കണ്ണ് നനയുന്ന ദേവിയുടെ അനുഗ്രഹമല്ലേ മുന്നോട്ടുള്ള അവരുടെ പ്രതീക്ഷകള്‍ക്ക് പുണ്യാഹമാകുന്നത്.

വിശാലമായ ഒരു നഗരത്തിന്റെ നല്ലൊരു ഭാഗവും ഒരു ദിനം ഇരുട്ടി വെളുക്കുമ്പോഴേക്കും സ്ത്രീ സൌഹൃദമാകുന്ന കാഴ്ച അത്ഭുതകരമാണ്.ഒന്നുറങ്ങി എണീക്കുമ്പോഴേക്കും ദേവിയായി മാറിയ ഒരു പാവം മനുഷ്യസ്ത്രീയുടെ കഥ ചെറുപ്പത്തില്‍ വായിച്ചതോര്‍ക്കുന്നു.ആ മായാജാലം ആണ്  ആറ്റുകാല്‍ പൊങ്കാലയുടെ ദിവസം തിരുവനന്തപുരത്ത് സംഭവിക്കുന്നത്.സ്വതന്ത്രമായി സഞ്ചരിക്കാനോ ഉറക്കെ സംസാരിക്കാനോ എഴുതാനോ സുരക്ഷിതമായി ജീവിക്കാനോ പോലും ഭയപ്പെടേണ്ടി വരുന്ന ഒരു കാലത്ത്  ഈയൊരു മാറ്റം ഒരു ദിവസം പോയിട്ട് ഒരു മണിക്കൂര്‍ പോലും ഒന്ന് നടപ്പില്‍ വരുത്താന്‍  നമ്മുടെ നിയമവ്യവസ്ഥയ്ക്കോ ഭരണ സംവിധാനങ്ങള്‍ക്കോ കഴിഞ്ഞിട്ടില്ല.ബലാല്‍സംഗം ചെയ്യുന്ന കുറ്റവാളിയെക്കാള്‍ അതിനിരയായ പെണ്‍കുട്ടി അപമാനിക്കപ്പെടുന്ന നാടാണിത്.അഭിപ്രായസ്വാതന്ത്ര്യങ്ങള്‍ക്കും ജീവിക്കാനുള്ള അവകാശങ്ങള്‍ക്കും വരെ പൊരുതേണ്ട ഒരു കാലവും..ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തില്‍ നിയമവ്യവസ്ഥയ്ക്ക് കഴിയാത്തത് മതത്തിന്റെ അടിവരയുള്ള ഒരു വിശ്വാസത്തിനു ഒരു ദിവസത്തെയ്ക്കെങ്കിലും കഴിഞ്ഞു എന്ന് പറയുന്നത്തില്‍ ഒരു പന്തികേട് ഉണ്ടെങ്കിലും..എപ്പോഴെങ്കിലും ‘അവള്‍’ നിര്ഭയയായിരിക്കട്ടെ .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top