04 October Wednesday

പതറരുത്‌, പൊട്ടിത്തെറിക്കരുത്‌

ആമി രാംദാസ്‌Updated: Sunday Feb 27, 2022


ആരോ​ഗ്യമില്ലാത്ത മനസ്സ്‌ മനുഷ്യനെക്കൊണ്ട് എന്താണ്‌ ചെയ്യിക്കാത്തത്‌?    ചോദ്യത്തിനുത്തരം വർത്തമാനകാലം നമുക്ക് തന്നുകൊണ്ടേയിരിക്കുന്നു.  സങ്കീർണമായ പല പ്രശ്നങ്ങളും നേരിടുന്നത് സ്‌ത്രീകളാണ്. സ്‌ത്രീകളുടെ വഴികളും ഇടങ്ങളും പലപ്പോഴും തങ്ങളിൽ ഒതുങ്ങി ഒടുങ്ങുന്നതാണ്  മൂലകാരണം. യാത്രയിൽ ഇനിയവർക്കൊരു താങ്ങുനൽകുകയും മാനസികാരോ​ഗ്യം മെച്ചപ്പെടുത്തി വിപരീത സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തരാക്കാക്കുകയുമാണ്‌ അയനിക.  

സ്‌ത്രീകളും മാനസികാരോ​ഗ്യവും തമ്മിലെന്ത്?
എളുപ്പം മനസ്സിലാകാൻ ഇങ്ങനെ വിശദീകരിക്കാം, എല്ലാവരും ഇപ്പോഴല്ലേ അടച്ചിടൽ അനുഭവിച്ചത്. എന്നിട്ടും എന്തെല്ലാം പ്രശ്നങ്ങൾ. മനസ്സ്‌ കൈവിട്ടെന്നും സ്വഭാവം മാറിയെന്നും എങ്ങനെയെങ്കിലും ഒന്ന് പുറത്തിറങ്ങിയാൽ മതിയെന്നും പറഞ്ഞിരുന്ന എത്ര സുഹൃത്തുക്കളുണ്ട്‌. ഈ അവസ്ഥയല്ലേ സ്‌ത്രീകൾ കാലങ്ങളായി അനുഭവിക്കുന്നത്.  പുറത്തിറങ്ങാതെ, സുഹൃത്തുക്കളോട് മനസ്സുതുറക്കാതെ, ഉല്ലസിക്കാതെ,  യാത്ര പോകാതെ അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞാൽ തട്ടുന്ന ചുവരുകളിൽ   മുഖം നോക്കിയുള്ള ജീവിതം.  കാലങ്ങളായി അവരറിഞ്ഞോ അറിയാതെയോ ഉള്ളിലൊതുക്കിയ ദുരനുഭവങ്ങളുടെ പൊട്ടിത്തെറി തന്നെയാണ് നമ്മെ ഉലച്ച മിക്ക സംഭവങ്ങളും.

പിഞ്ചു കുഞ്ഞിനെ ഉപദ്രവിക്കുന്ന അമ്മമാരും വീടുവിട്ടിറങ്ങുന്നവരും ആത്മഹത്യ ചെയ്യുന്നവരുമെല്ലാം ആരോ​ഗ്യമില്ലാത്ത തങ്ങളുടെ മനസ്സിനെ കൂട്ടുപിടിച്ച് എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിച്ചവരാകില്ലേ. കൈവിട്ടു പോകുന്ന ജീവിതങ്ങളെ തിരിച്ചുപിടിക്കാൻ ഇത്തിരി കരുതലിനും ക്ഷമയുള്ള  കേൾവിക്കാരനും കേൾവിക്കാരിക്കും കഴിയുമെങ്കിൽ അതിനൊന്ന് ശ്രമിക്കുന്നതിൽ എന്താണ് കുഴപ്പം?

എന്താണ് മാനസികാരോ​ഗ്യം
സമൂഹം ഇനിയും വ്യക്തമായി മനസ്സിലാക്കിയിട്ടില്ലാത്ത ഒരു വാക്കാണ് മാനസികാരോഗ്യം.  അതൊരു മാനസിക രോഗമല്ല. ചിലപ്പോൾ മാനസികാരോഗ്യമില്ലായ്‌മ മാനസിക രോഗത്തിലേക്ക് നയിച്ചേക്കാം. 

മാനസികാരോ​ഗ്യമെന്ന നല്ല ശീലത്തെ നമുക്കുള്ളിൽ ശക്തിപ്പെടുത്താനാണ് അയനികയുടെ ശ്രമം. ആരോ​ഗ്യമുള്ള മനസ്സിന് മാത്രം സാധ്യമാകുന്ന മികച്ച ജീവിതം നമുക്ക് തിരിച്ചുതരാൻ.

മാനസികാരോ​ഗ്യം എല്ലാവരിലും ഉള്ള ഒന്നാണെന്ന ബോധ്യം സൃഷ്ടിക്കുന്നതിന് ഒരു ചിത്രത്തിലൂടെയുള്ള ശ്രമം അയനിക ആരംഭിച്ചു കഴിഞ്ഞു. ‘ഹ്യൂമൻ സർക്കിൾ' എന്നാണ് പേര്. മനുഷ്യന്റെ ശരീരവും മനസ്സും പരസ്‌പരം ബന്ധപ്പെട്ടു കിടക്കുന്നു എന്നർഥം വരുന്ന ഒരു ഡിസൈൻ ആണിതിന് ഉപയോഗിച്ചിരിക്കുന്നത്. 

അയനിക
സ്‌ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക പരി​ഗണന നൽകി ആരംഭിച്ച എൻജിഒയാണ് അയനിക. ശരത് തേനുമൂലയാണ്  ഡയറക്ടർ. സാമൂഹ്യ പുനരധിവാസം പ്രൊഫഷനായി സ്വീകരിച്ച് നിരവധി  കേസ് സ്റ്റഡികളിലൂടെ പ്രത്യേക പരി​ഗണനാവിഷയങ്ങൾ കണ്ടെത്തി അയനികയെ ഇന്നുകാണും വിധം രൂപപ്പെടുത്തിയതും  ഇദ്ദേഹമാണ്. മനുഷ്യമനസ്സിനെ അടുത്തറിയാൻ പ്രയാസമാണ്. പുറമേ ശക്തമായി പ്രതിരോധിക്കുമ്പോഴും തരംകിട്ടിയാൽ അതേ തെറ്റുകൾ ചെയ്യാൻ മടിക്കാത്തവരാണ് പലരും. അതുകൊണ്ട് തന്നെ ഒരു കമ്യൂണിറ്റി അടിസ്ഥാനമാക്കിയ പഠനങ്ങൾക്കും അവർക്ക് മാത്രമായി തയ്യാറാക്കുന്ന മാനസികാരോ​ഗ്യം മെച്ചപ്പെടുത്താനുള്ള ഡിസൈനിനും വളരെ പ്രാധാന്യമുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളും കുടുംബ കൂട്ടായ്‌മകളും കേന്ദ്രീകരിച്ച് ഇത്തരം പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറയുന്നു. അയനിക പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്ന മേഖലയാണിത്. പഞ്ചായത്ത് അസോസിയേഷൻ, കുടുംബശ്രീ ഇവയുമായിസഹകരിച്ച് ‘ഉണർവ്, നാട്ടുകൂട്ടം’ എന്നിങ്ങനെ രണ്ട് പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
2016ൽ തുടങ്ങിയ അയനിക  റിസർച്ച് ഇപ്പോൾ  ഗവേഷണ കേന്ദ്രമായി  വളർന്നിട്ടുണ്ട്. ലിംഗ അസമത്വങ്ങൾ കൂടുതലായതുകൊണ്ടാണ് സ്‌ത്രീകളുമായി ബന്ധപ്പെട്ട് പ്രവർത്തനം തുടങ്ങാൻ അയനിക ഒരുങ്ങിയത്.

‘വർക്കിങ്ടുഗെതർ ഫോറം’ എന്ന പേരിൽ വ്യക്തികളുടെ പ്രശ്നങ്ങൾ കണ്ടെത്താനുള്ള ഒരു സംരംഭവും ‘മെന്റൽ ഹെൽത്ത് ആൻഡ് കെയർ സപ്പോർട്ടേഴ്‌സ്‌ കൗൺസിൽ എന്ന പേരിൽ പ്രശ്നങ്ങളെ അപഗ്രഥിക്കാനും പരിഹാരം കാണാനുമുള്ള ഇടവും അയനികയുടെ പ്രധാന പദ്ധതികളാണ്. സ്‌കൂൾ കുട്ടികളെ വ്യത്യസ്‌ത ഏജ്ഗ്രൂപ്പുകളാക്കി തിരിച്ചു കൊണ്ടുള്ള അപഗ്രഥനം ‘കരിക്കുലം@360’ എന്ന പദ്ധതിയിലൂടെ മുന്നോട്ടുവയ്‌ക്കുന്നു. പഠന വൈകല്യം, പെരുമാറ്റ വൈകല്യം തുടങ്ങിയവ മുതൽ കൗമാര കാലഘട്ടത്തിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളും ഉൽക്കണ്ഠകളും  ഇവിടെ ചർച്ച ചെയ്യും.

38–-48  പ്രായത്തിലുള്ളവരെ കേന്ദ്രീകരിച്ച് നടത്തുന്ന ‘കെയർ അറ്റ് ഫോർട്ടീസ്’ ക്യാമ്പയിൻ, കോളേജ്കുട്ടികൾക്കായുള്ള ‘ആസ്‌ക്‌ ഹെർ’ ക്യാമ്പയിൻ, പ്രായമായവർക്കുള്ള ‘വാത്സല്യത്തണൽ’ എന്നിവയും അയനികയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
പുരുഷന്മാരെ ഒഴിവാക്കിക്കൊണ്ട് സമൂഹത്തിന്റെ ഭാ​ഗമായിനിന്നുള്ള സ്‌ത്രീ അതിജീവനം സാധ്യമാക്കാനാകില്ലെന്ന ബോധ്യവും അയനികയ്‌ക്കുണ്ട്. അതുകൊണ്ടുതന്നെ ജൻഡർ ന്യൂട്രാലിറ്റി ഇതിവൃത്തമായി സ്വീകരിച്ചുകൊണ്ട് പീപ്പിൾസ് മെന്റൽ ഹെൽത്ത് ഇനീഷ്യേറ്റീവ് എന്ന വിപുലമായ ചുവടുവയ്‌പ്പിലേക്ക് കടന്നിരിക്കുകയാണ് അയനിക.

അടച്ചിടൽ മുതൽ മാനസിക സംഘർഷങ്ങൾ വന്നാൽ 24 മണിക്കൂർ പ്രയോജനപ്പെടുത്താവുന്ന ‘പ്രതീക്ഷ’ മെന്റൽ ഹെൽത്ത് ഹെൽപ് ലെൻ +91 6238273600 പ്രവർത്തിക്കുന്നുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top