27 July Saturday

പ്രേക്ഷകരുടെ പ്രിയപ്പെട്ട 'നീലു'

വെബ് ഡെസ്‌ക്‌Updated: Tuesday Feb 27, 2018

കൊച്ചുകുട്ടികൾ മുതൽ മുത്തശ്ശിമാർവരെ ഇഷ്ടപ്പെടുന്ന കഥാപാത്രമായി എന്നും മുന്നിൽ. സിനിമയെന്നോ സീരിയലെന്നോ നാടകമെന്നോ നൃത്തമെന്നോ ഭേദഭാവമില്ലാത്ത മനസ്സിന് വേണ്ടത് പ്രേക്ഷകരുടെ സന്തോഷം മാത്രം. അഭിനയത്തെ ഇത്ര തന്മയത്വത്തോടെയും ഗൗരവത്തോടെയും കാണുന്നു എന്നതാണ് മലയാളത്തിന്റെ പ്രിയ സിനിമാ സീരിയൽ നടി    നിഷ ശാരങിന്റെ വിജയം. തന്റെ അഭിനയചാരുതക്ക് നിറഞ്ഞ സംതൃപ്തിയേകുന്ന 'നീലു'വെന്ന കഥാപാത്രത്തിലൂടെ'ഉപ്പും മുളകു' മെന്ന മലയാളിയുടെ കുടുംബസീരിയലിന്റെ അഞ്ഞൂറിലധികം എപ്പിസോഡുകൾ പിന്നിടുമ്പോൾ നിഷ നെയ്‌തെടുക്കുന്നത് അഭിനയത്തിന്റെ പുതിയ തലങ്ങൾ.

വേഷമേതായാലും കഥാപാത്രത്തെ അവതരിപ്പിച്ച് വിജയിപ്പിക്കുകയാണ് പ്രധാനം. വിജയം നടന്റെയോ നടിയുടെയോ കഴിവിൽ കവിഞ്ഞ് സംവിധായകനെയും കഥയേയും ആശ്രയിക്കുന്നു. സത്യൻ അന്തിക്കാടിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട 'ഒരു ഇന്ത്യൻ പ്രണയകഥ' എന്ന സിനിമ ഉൾപ്പെടെ വലുതും ചെറുതുമായ തൊണ്ണൂറ് സിനിമകളിൽ വേഷമിട്ടു. മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞു. ഭാവുകത്വവും സംതൃപ്തിയുമുള്ള കഥാപാത്രം സിനിമയിൽ വീണ്ടും തേടിയെത്തുമെന്നുതന്നെയാണ് പ്രതീക്ഷ.
'സീരിയലുകൾ നിരവധി ചെയ്തിട്ടും ഉപ്പും മുളകുമാണ് എന്നെ ഞാനാക്കിയത്.

ഇതിൽ സംവിധായകൻ ആർ ഉണ്ണികൃഷ്ണന്റെ പങ്ക് വിസ്മരിക്കാനാകില്ല' നിഷ പറയുന്നു. മികച്ച ഹാസ്യനടിക്കുള്ള സംസ്ഥാന സർക്കാരിന്റെ സീരിയൽ അവാർഡിന് അർഹയായത് ഉപ്പും മുളകിലൂടെയാണ്. ഇതിനുപുറമെ പന്ത്രണ്ടോളം മറ്റ് അവാർഡുകളും ഈ സീരിയലിലെ അഭിനയത്തിന് ലഭിച്ചു. ജീവിതത്തെ അതുപോലെ ചിത്രീകരിക്കാൻ കഴിയുന്നതിനാലാണ് പ്രേക്ഷകശ്രദ്ധ നേടാൻ ഉപ്പും മുളകിലെ കഥാപാത്രങ്ങൾക്കാകുന്നത്. അഭിനയിപ്പിക്കുകയെന്നതിനെക്കാൾ അഭിനയത്തെ തിരിച്ചറിയുകയാണ് പ്രധാനം.

ഉപ്പും മുളകിലെ കഥാപാത്രങ്ങൾക്ക് ലഭിച്ച ഭാഗ്യവും അതുതന്നെ. ഇതോടൊപ്പം അതുവരെയുള്ള സീരിയൽ ധാരണകളെ ഹാസ്യത്തിലൂടെ പൊളിച്ചെഴുതി. കാണികളുടെ ജിജ്ഞാസ നശിപ്പിക്കാത്ത അഭിനയവും കഥാസന്ദർഭങ്ങളെ നീട്ടികൊണ്ടുപോകാൻ കഴിയുന്നതും പ്രത്യേകതയാകുന്നു. അഭിനയത്തെ നശിപ്പിക്കാത്ത സാങ്കേതികത എടുത്തുപറയേണ്ടതാണ്. ഇത് നടീ നടന്മാരുടെ  മാത്രം കഴിവല്ലല്ലോ?

അഭിനയം എല്ലായ്‌പ്പോഴും മോഹം വളർത്തുന്നതാണ്. ഇതാണ് വിരസത ഇല്ലാതെ പ്രവർത്തിക്കാനും പഠിക്കാനും പ്രചോദനമാകുന്നത്.  നിരവധി രംഗവേദികൾ പിന്നിടുമ്പോഴും ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ  കാണാൻ പ്രാപ്തമാക്കുന്നത് ആത്മവിശ്വാസവും ജീവിതത്തോടുള്ള കടപ്പാടും. ഒന്നാം ക്ലാസ്സ് മുതൽ നൃത്തം ചെയ്യാൻ തുടങ്ങി. അമ്മയാണ് കലാവാസനകളെ പ്രോത്സാഹിപ്പിച്ചത്. പള്ളുരുത്തി എസ്ഡിപി ഹൈസ്‌കൂളിലെ വിജയകുമാരി ടീച്ചറുടെ പ്രോത്സാഹനം മുതൽകൂട്ടായി.

 രംഗവേദികളിൽ ചെറുപ്പം മുതലേ നിരവധി സമ്മാനങ്ങൾ ലഭിച്ചത് ഇന്നും കരുത്താകുന്നു. ദൂരദർശൻ, ഏഷ്യാനെറ്റ്, അമൃത ചാനലുകളിലുൾപ്പെടെ സീരിയൽ ചെയ്തു. ആലിലത്താലി, അരനാഴികനേരം, പറയിപെറ്റ പന്തിരുകുലം, ജനുവരി തുടങ്ങി നിരവധി സീരിയലുകളിൽ അഭിനയിച്ച്  15 വർഷമായി സിനിമാ സീരിയൽ രംഗത്ത് സജീവം. ടെലിവിഷൻ പരിപാടികളിൽ പാട്ടുകാരിയും നൃത്തക്കാരിയുമായി തിളങ്ങി. രണ്ട് പെൺമക്കളുണ്ട്. അഭിനയത്തിന്റെ നേട്ടം കാണാൻ അമ്മ ശ്യാമള എറണാകുളം കാക്കനാട്ടെ വീട്ടിൽ കൂടെയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top