27 July Saturday

സ്വയംതൊഴിലിൽ ശ്രീദേവി'സ്‌റ്റൈൽ'

കെ പ്രിയേഷ്Updated: Tuesday Feb 27, 2018

ഒന്നുമില്ലായ്മയുടെ നാളുകളെ മറികടക്കാൻ ശ്രീദേവിയെ സഹായിച്ചത് തയ്യൽമെഷീൻ. സ്വയം തൊഴിൽ സംരംഭമായി തയ്യലിനെ അവർ സ്വീകരിച്ചു. 15 വർഷം മുമ്പ് തുടങ്ങിയ ശ്രീദേവിയുടെ സംരംഭം ഇന്ന് ഒട്ടേറെ വനിതകൾക്ക് വരുമാനം നൽകുന്ന തലത്തിലേക്ക് വളർന്നു. കണ്ണൂർ കുറ്റ്യാട്ടൂരിലെ ഈ നാൽപതുകാരിയുടെ  ജീവിതം സംരംഭകത്വമേഖലയിലേക്ക് കടന്നു വരാനാഗ്രഹിക്കുന്നവർക്ക് പാഠപുസ്തകം കൂടിയാണ്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീദേവിക്ക് അമ്മ  തയ്യൽ മെഷീൻ വാങ്ങിക്കൊടുത്തത്. കൗതുകത്തിന് പഠിച്ചു തുടങ്ങിയ തയ്യൽ ഭാവി ജീവിതത്തിന് വഴികാട്ടുമെന്ന് അന്നു ശ്രീദേവി വിചാരിച്ചിരുന്നില്ല. പത്താം ക്ലാസിൽ പഠിക്കവേ ഇവരുടെ കരവിരുതിന് അംഗീകാരം ലഭിച്ചു. അന്ന് സംസ്ഥാന പ്രവൃത്തിപരിചയ മേളയിൽ പാഴ്‌വസ്തുക്കൾ കൊണ്ടുള്ള നിർമാണത്തിൽ ശ്രീദേവിക്ക് ഒന്നാംസ്ഥാനം ലഭിച്ചു. 'എന്തുകൊണ്ട് ഇത്തരം കഴിവുകളെ വരുമാനമാക്കി മാറ്റിക്കൂടാ' എന്ന് ശ്രീദേവി ചിന്തിച്ചു.

ആദ്യം വീട്ടിൽ തുടങ്ങിയ ടെയ്‌ലറിങ്ങ് ആൻഡ് ഫാഷൻ ഡിസൈനിങ്ങ് യൂണിറ്റ് പിന്നീട് ചെറിയ വാടകമുറിയിലേക്ക് മാറി. സംസാര ശേഷിയില്ലാത്ത മൂന്ന് സ്ത്രീകളായിരുന്നു ആദ്യം യൂണിറ്റിലെ ജീവനക്കാർ. ഇന്ന് 18 വീട്ടമ്മമാർ ഇവിടെ ജോലി ചെയ്യുന്നു. അഞ്ച് സ്ത്രീകൾ ജോലി ചെയ്യുന്ന പലഹാര യൂണിറ്റുമുണ്ട്.
സ്ത്രീകൾ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാവേണ്ടത് മാറുന്ന സമൂഹത്തിന്റെ ആവശ്യമാണെന്ന് ശ്രീദേവി പറയുന്നു. കുടുംബശ്രീയാണ് ശ്രീദേവിയുടെ പ്രവർത്തനങ്ങൾക്ക് ദിശാബോധം പകർന്നത്.  നാട്ടിൻപുറത്തെ പൊതുപ്രവർത്തനത്തിലും സംരംഭകത്വത്തിനും കരുത്തായത് കുടുംബശ്രീയാണ്. 

വർഷങ്ങളുടെ അനുഭവം ശ്രീദേവിയെ ഒരു അധ്യാപിക കൂടിയാക്കി. റൂഡ്‌സെറ്റ് തളിപ്പറമ്പ്, ജില്ലാ വ്യവസായ കേന്ദ്രം, അസാപ്, പോളിടെക്‌നിക്ക് തുടങ്ങിയ സ്ഥാപനങ്ങളിൽ സ്വയം സംരഭകത്വ പരിശീലകയായും പ്രവർത്തിക്കുന്നുണ്ട്.
ഗ്രന്ഥശാലകളിൽ ശില്പ നിർമ്മാണം, വിജ്ഞാനം, ഗ്ലാസ് പെയിന്റിങ്ങ് എന്നിവയിൽ ക്ലാസുകളുമെടുക്കും. പട്ടികജാതി വർക്കിങ്ങ് ഗ്രൂപ്പ് അംഗമായും പ്രവർത്തിക്കുന്നു. 

ഒരു ബ്യൂട്ടി തെറാപ്പി സെന്ററും തുടങ്ങാനിരിക്കുകയാണ്. മികച്ച സംരംഭകയ്ക്കുള്ള ഡോ.ബി ആർ അംബേദ്കർ സേവശ്രീ ഫെലോഷിപ്പ്, ജില്ലാതല അയ്യങ്കാളി ട്രസ്റ്റിന്റെ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങളും ശ്രീദേവിയെ തേടിയെത്തിയുണ്ട്. കുറ്റിയാട്ടൂർ ഉത്രാടം ഹൗസിൽ പി മരത്തന്റെയും എ അമ്മാളുവിന്റെയും  മകളാണ് ശ്രീദേവി. ഭർത്താവ് പി കൃഷ്ണൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top