25 March Saturday

ഫ്യൂജോഷി: ജപ്പാൻ തെരുവുകളിലെ ആ 'നശിച്ച' പെണ്ണുങ്ങൾ

ആൻ പാലിUpdated: Sunday Jan 26, 2020

പ്രണയിക്കാനും പ്രണയിക്കപ്പെടാനും മടിച്ചും ഭയന്നും മാറിനിൽക്കുന്ന സ്‌ത്രീകളുടെകൂടി നാടാണ്‌ ജപ്പാൻ. അത്‌ തിരിച്ചറിഞ്ഞിട്ട് അധികമായില്ല. വിവാഹം വരെയെത്തുന്ന സീരിയസ് റിലേഷൻസിനോട്‌ അവജ്ഞ. ഒരു കാമുകനെപ്പോലും സ്വീകരിക്കാൻ മടി. അങ്ങനെ ജപ്പാനിലെ ഇരുപത്തഞ്ചു ശതമാനത്തോളം വരുന്ന ‘കന്യക’കളിൽ ഏറിയപങ്കും രതിജീവിതം അൽപ്പമെങ്കിലും നിറമുളവാക്കാൻ ആശ്രയിക്കുന്നത് ‘മാങ്കാ' കാർട്ടൂണുകളെയാണ്‌. അതിൽത്തന്നെ ഏറ്റവുമധികം വിറ്റഴിയുന്നത് ‘യാഓയി'എന്ന പുരുഷ-സ്വവർഗ കഥകളും. ഫ്യൂജോഷി എന്നാൽ ‘നശിച്ച പെണ്ണുങ്ങൾ’എന്നാണർഥം. മാങ്കായും വായിച്ച്‌ സമയത്ത്‌ കല്യാണവും കഴിക്കാതെ സ്വന്തമായി ജോലിചെയ്‌ത്‌ ഒറ്റയ്‌ക്ക്‌ ജീവിക്കുന്ന പെണ്ണുങ്ങളെ പരിഹസിക്കാൻ ഉപയോഗിക്കുന്ന പദം! ആർക്കും പ്രയോജനമില്ലാത്തവളായി മാറുന്ന സ്‌ത്രീകളെന്ന് പുച്ഛിച്ചു തള്ളുമ്പോഴും പരസ്‌പരം ഇടപഴകാൻ മടിക്കുന്ന ജപ്പാനിലെ യുവതലമുറ അവിടത്തെ സർക്കാരിനു പോലും ആശങ്ക പകരുന്നുണ്ട്‌.

ഇതിനെല്ലാമൊരു മറുവശമുണ്ട്‌. കുടുംബസങ്കൽപ്പത്തിൽ വലിയ മാറ്റങ്ങൾക്കൊന്നും വിധേയമാകാത്ത ആളുകളാണ് ജപ്പാനിൽ അധികവും. വിമർശനങ്ങളെ ഉൾക്കൊള്ളാനും തയ്യാറല്ല. ടെക്നോളജിയൊക്കെ കുതിക്കുമ്പോഴും ഉത്തമയായ സ്‌ത്രീയെന്നാൽ, ‘നല്ല ഭാര്യ, ജ്ഞാനിയായ അമ്മ'എന്നാണ് പൊതുബോധം. സ്‌ത്രീയെന്നാൽ കാലത്തിന്റെ കണക്കനുസരിച്ച്‌ അച്ഛനോടും ഭർത്താവിനോടും മകനോടുമെല്ലാം വിധേയപ്പെട്ട് ജീവിക്കാമെന്ന അലിഖിതനിയമത്തിനു മുമ്പിൽ വഴങ്ങിക്കൊടുക്കേണ്ടവളെന്ന ചിന്തയും ശക്തം.  

പ്രകടമാക്കാനാകാത്ത സ്‌നേഹം നിരർഥകമാണ്‌. പിശുക്കന്റെ ക്ലാവുപിടിച്ച നാണയശേഖരം പോലെ ഉപയോഗശൂന്യവുമെന്ന് മലയാളികളുടെ മനസ്സിൽ കോറിയിട്ട പ്രിയകഥാകാരിയെ ഓർമിക്കുന്നു. പരസ്‌പരം ഒന്ന് കെട്ടിപ്പിടിക്കാനോ ചുംബിക്കാനോ മടിക്കുന്ന, കുട്ടികളായി കഴിഞ്ഞാൽ പല മുറിയിൽ അന്തിയുറങ്ങുന്ന, ഭാര്യാഭർത്താക്കന്മാർ ജപ്പാൻകാർക്കിടയിൽ അപൂർവ കാഴ്‌ചയല്ല. സ്വന്തം അച്ഛനും അമ്മയും ഒരിക്കൽപ്പോലും ചേർന്നിരുന്നൊന്ന് സംസാരിക്കുന്നതോ, കൈകൾ ചേർത്തു നടക്കുന്നതോ കണ്ടുവളരാത്ത കുട്ടികൾക്ക്‌ എങ്ങനെയാണ് കുടുംബജീവിതത്തിന്റെ ഊഷ്‌മളതയിൽ വിശ്വാസം വരുന്നത്? പ്രത്യേകിച്ചും 100 ചോദ്യവും നൂറായിരം ഉത്തരവും നിറഞ്ഞ മനസ്സുള്ള ഒരു പെൺകുട്ടിക്ക്? സ്‌നേഹത്തിന് കരുതലൊന്നും തലോടലെന്നും കണ്ണിറുക്കിയുള്ള പുഞ്ചിരിയെന്നുമൊക്കെ സ്വപ്‌നം കാണുന്ന ഒരുവൾക്ക്‌ എങ്ങനെയാണ് അവഗണനയുടെ നിശ്ശബ്ദമായ ഇരുട്ടിൽ നല്ലൊരു കൂട്ടുകാരിയോ ഭാര്യയോ ആകാൻ കഴിയുക? ഒഴിഞ്ഞുമാറിയ നടത്തങ്ങൾക്കൊടുവിൽ ഒറ്റത്തുരുത്തിലാണ് എത്തിപ്പെടുന്നതെന്ന് അവർക്ക് അറിയാത്തതല്ലല്ലോ. അല്ലെങ്കിലും മൂവായിരത്തിലധികം ചെറുദ്വീപുകൾ ചിതറിക്കിടക്കുന്നതിനെയല്ലേ നമ്മൾ ജപ്പാൻ  എന്നുവിളിക്കുന്നത്? ഒരിടത്തുനിന്ന് മറ്റൊന്നിലേക്ക്‌ സഞ്ചരിക്കാൻ വഞ്ചികളില്ലെങ്കിൽ അവയെന്നും ഒറ്റത്തുരുത്തുകൾ തന്നെയല്ലേ?

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top