27 July Saturday

കൗമാരം വീഴുന്ന സൈബർ കുഴികൾ

ഡോ. പ്രിയ ദേവദത്ത്Updated: Sunday Feb 20, 2022


നിറങ്ങളിൽ മനസ്സുടക്കുന്ന കാലമാണ് കൗമാരം. എന്തിനെയും അനുകരിക്കാൻ ശ്രമിക്കുന്ന കാലം. അതുകൊണ്ടുതന്നെ നവ സാങ്കേതികവിദ്യയുടെ പകിട്ട്‌ കൗമാരക്കാരെ വല്ലാതെ ആകർഷിക്കും. സമൂഹമാധ്യമങ്ങളിൽ അഭിരമിക്കുന്നവർ പലതിന്റെയും അടിമകളായി മാറും. 

സമൂഹമാധ്യമങ്ങൾക്ക് ഒട്ടേറെ മികച്ച വശങ്ങളുണ്ട്.  ലോകത്തെ അടുത്തറിയാൻ ഇന്ന് ഏറെ സഹായിക്കുന്നത്‌ സമൂഹമാധ്യമങ്ങൾ തന്നെ. പക്ഷേ കൗമാരക്കാർ ഇവയുടെ അടിമകളാകുന്നത് അത്യന്തം അപകടകരമാണ്.  പലപ്പോഴും കുട്ടികൾക്ക് അപകടം പതിയിരിക്കുന്ന ചതിയിടങ്ങൾ  അറിയാതെ പോകുന്നു.

പതിയിരിക്കുന്ന അപകടങ്ങൾ
കൗമാരക്കാരെ കീഴടക്കുന്ന ലഹരികൾ പലതാണ്.  രാവിലെ ഉണരുമ്പോൾ തന്നെ ഫോണിൽ പരതുന്നവരെ ഒന്ന് കരുതണം.  സെൽഫി, വാട്സാപ്‌, ട്വിറ്റർ, ഫെയ്‌സ്ബുക്ക്‌, ഇൻസ്റ്റഗ്രാം ഇവയുടെ അമിത ഉപയോ​ഗം പലപ്പോഴും കുട്ടികളെ  അഡിക്‌ഷനിലേക്ക് നയിക്കുന്നതായി കാണാം. ഇവയില്ലാതെ ഒന്നിനും പറ്റാത്ത അവസ്ഥ.

പെൺകുട്ടികളെ ഇന്റർനെറ്റ് വഴി പരിചയപ്പെട്ട് ലൈംഗിക ചൂഷണങ്ങൾക്കിരയാക്കുന്ന സംഭവങ്ങൾ വ്യാപകമാണ്‌.  അശ്ലീലം (പോൺ) ആസ്വദിക്കുന്നവരാണ് മറ്റൊരു കൂട്ടർ.  ഓൺലൈൻ ഗെയിമുകളോട്‌ കമ്പമുള്ളവരും ഏറെ.  

സ്വകാര്യ നിമിഷങ്ങൾ റെക്കോഡ് ചെയ്യപ്പെടുമ്പോഴാണ് കൂടുതൽ കുട്ടികളും കെണിയിൽ കുരുങ്ങുന്നത്, പ്രത്യേകിച്ച് പെൺകുട്ടികൾ. കെണിയൊരുക്കുന്നവരിൽ സംഭാഷണങ്ങളും ദൃശ്യങ്ങളും വിൽപ്പനച്ചരക്കാക്കുന്നവരുമുണ്ട്.  ഈ രീതിയിൽ ഇരകളാക്കപ്പെടുന്നവർ പിന്നീട് കടുത്ത മാനസികസംഘർഷങ്ങളിലേക്കോ ആത്മഹത്യയിലേക്കോ എത്താനുള്ള സാധ്യതയും വളരെയേറെയാണ്.

അടിമത്തം ഉണ്ടോ ? തിരിച്ചറിയാം
സമയവും സന്ദർഭവുമറിയാതെ കംപ്യൂട്ടർ, മൊബൈൽ, ഇന്റർനെറ്റ്‌ തുടങ്ങിയവ തുടർച്ചയായി ഉപയോഗിക്കുന്ന കുട്ടികളെ ശ്രദ്ധയോടെ കാണണം.

ഇന്റർനെറ്റ്‌ നിയന്ത്രണം ഏർപ്പെടുത്തിയാൽ ഇവർ വെറുപ്പ്, കോപം, നിഷേധപ്രകടനം, അക്രമം കാണിക്കൽ, ഉറക്കമില്ലായ്‌മ, ഉൽക്കണ്ഠ,വിശപ്പില്ലായ്‌മ തുടങ്ങിയ അസ്വാഭാവികതകൾ പ്രകടിപ്പിക്കും. പഠനം, സാമൂഹ്യ ബന്ധം, വീട്ടുകാര്യങ്ങൾ എന്നിവയിൽനിന്ന് വിട്ടുനിൽക്കുന്നവർ, വിഷാദമുള്ളവർ, മുൻകാലങ്ങളിൽ താൽപ്പര്യം ഏറെയുണ്ടായിരുന്ന രചനാത്മകമായ കാര്യങ്ങളും യാത്രകളും ഒഴിവാക്കുന്നവർ, സുഹൃത്തുക്കളെ   ഉപേക്ഷിക്കുന്നവർ എന്നിവർക്ക്‌ കൂടുതൽ കരുതൽ നൽകണം. ചുറ്റും നടക്കുന്ന കാര്യങ്ങളിൽ താൽപ്പര്യമില്ലാത്തവരെ രക്ഷിതാക്കൾ പ്രത്യേക ശ്രദ്ധയോടെ കാണുകയും വൈദ്യസഹായം തേടുകയും വേണം.

പരിഹാരങ്ങൾ
കുട്ടികൾക്ക്‌ എന്തും തുറന്നു പറയാൻ പറ്റുന്ന ഒരു കുടുംബാന്തരീക്ഷം ആദ്യം തന്നെ കെട്ടിപ്പടുക്കേണ്ടതാണ്.  കുട്ടികൾ അനുസരണക്കേട് കാട്ടുമ്പോൾ സംയമനത്തോടെ ഇടപെടാനും രക്ഷിതാക്കൾ  ശ്രദ്ധിക്കണം. മൊബൈൽ -ഇന്റർനെറ്റ്‌ ഉപയോഗത്തിൽ  ആവശ്യത്തിന്‌ നിയന്ത്രണം തുടക്കം മുതൽവേണം. അപകടവശങ്ങൾ  ബോധ്യപ്പെടുത്തുകയും വേണം. കഴിവും വിശ്വാസവും വർധിപ്പിക്കാനായികുടുംബ കാര്യങ്ങളിൽ അവരെ പങ്കാളിയാക്കാം. ഒപ്പം കഥ, കവിത, ചിത്രമെഴുത്ത്, സംഗീതം, എഴുത്ത്, നൃത്തം തുടങ്ങിയ സർഗാത്മക മേഖലകളിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടാം.കായിക വിനോദം,  ഗാർഡനിങ്, വായന ഇവ നിത്യവും ശീലമാക്കാം.

നിരന്തര ബോധവൽക്കരണ പരിപാടികൾ സ്കൂൾതലം മുതൽ നടത്തുന്നത് കൗമാരത്തിലെ പ്രതിസന്ധികളെ ആരോഗ്യകരമായി നേരിടാൻ സഹായിക്കും. പഠനത്തോടൊപ്പം   വ്യക്തിനന്മയ്‌ക്കും സമൂഹനന്മയ്‌ക്കും ക്രിയാത്മകമായി സമയം ഉപയോഗപ്പെടുത്താനും കൗമാരക്കാരെ  പരിശീലിപ്പിക്കേണ്ടതുണ്ട്. കൗമാരക്കാരോട്‌  കുശാലാന്വേഷണം നടത്തി നല്ല കേൾവിക്കാരാകാനും രക്ഷിതാക്കൾക്ക്‌ കഴിയണം .

drpriyadevan@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top