27 October Sunday

കറുപ്പിന്റെ ചന്തം

ജിഷ അഭിനയUpdated: Saturday Dec 16, 2017

പുരുഷവിപണി കേന്ദ്രീകൃത കാഴ്ചപ്പാടിന്റെ കെട്ടുപാടിൽ പിണഞ്ഞുഴലുകയാണ് സ്ത്രീ സൗന്ദര്യബോധം. അവിടെ വെളുത്തവൾക്കാണ് ഡിമാൻഡ്. ലോക സാമൂഹ്യാവസ്ഥയിൽ വർണ വിവേചനം വംശീയ വിവേചനത്തിന്റെ ഭാഗമായാണ് ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. നിറത്തിന്റെ പേരിൽ
വേട്ടയാടപ്പെട്ട ഇരുണ്ട കാലഘട്ടത്തിൽനിന്നും പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെയാണ് കറുത്തവന്
മനുഷ്യനെപ്പോലെ ജീവിക്കാനുള്ള സാമൂഹ്യ സാഹചര്യം സൃഷ്ടിക്കപ്പെട്ടത്.

പടിഞ്ഞാറെ തൊടിയുടെ കിഴക്കേ മൂലയിൽ പേനക്കത്തിയൊന്ന് മണ്ണിൽ ചുഴറ്റി ചുരണ്ടിയെടുത്ത്, പച്ചമഞ്ഞൾ വെള്ളം തൊട്ട് അമ്മിച്ചെരുവിലുരച്ച് മുഖത്തിട്ട് തേച്ചുതന്ന് അമ്മമ്മ പറയും, 'കുട്ടിക്ക് പൊന്നിൻകുടമാകണ്ടേ? വെളുക്കാൻ നല്ലതാ ഈ പച്ചമഞ്ഞള്'. ആ പതിവ് അമ്മമ്മ തുടർന്നു. പക്ഷെ എന്തോ അമ്മിക്കല്ലും ഞാനും മാത്രം വെളുത്തില്ല. ഒടുക്കം അമ്മമ്മ പറഞ്ഞു.'കറ്ത്തിട്ടായാലെന്താ, എന്റെ കുട്ടീടെ മുഖത്തിന് നല്ല ഐശ്വര്യാ', ആ വാക്കുകൾ പകർന്ന ഊർജം മുറുകെ പിടിച്ച് ഞാൻ നടന്നു.

ഇടയിലെപ്പോഴോ 'ആരാധക' ശല്യം തീർക്കാൻ വകേലാങ്ങളയെയും കൊണ്ട് പോയി മടങ്ങുമ്പോൾ അവൻ ചോദിച്ചു,'നീയിങ്ങിനെ കറുത്തിരുന്നിട്ട് ഇങ്ങനെ ശല്യം, അപ്പോ വെളുത്തിട്ടായിരുന്നെങ്കിലോ?' അന്നും കണ്ണാടി കണ്ടറിഞ്ഞു ഞാൻ കറുത്തിട്ടന്നെ. പ്രതികാരം തീർക്കാനെന്നോണം ആ കറുപ്പിന്റെ മേലെ കറുത്ത പൊട്ടുകുത്തി സ്വയം ചേർത്ത് പിടിച്ചു വിളിച്ചു, 'കറുമ്പത്തി'.

കറുപ്പും വെളുപ്പുമുള്ള ഈ ദ്വന്ദ്വയുദ്ധത്തിന് യുഗങ്ങളേറെ പഴക്കം. പെണ്ണുടലിന്റെ സൗന്ദര്യാത്മകതയെ വെളിപ്പെടുത്താനുള്ള അളവുകോലായി വെളുപ്പിനെ ദൃശ്യവൽകരിച്ചു. മാട്രിമോണിയിൽ പരസ്യങ്ങളിൽ പോലും ആദ്യ വാചകമായി 'വെളുത്ത യുവതി' എന്ന വിശേഷണം കടന്നുവന്നു.
കണ്ണാടി മിനുക്കിയേറ്റം ചന്തം കൂട്ടിടാനൊരുങ്ങുന്നോളുടെ സഞ്ചാരത്തിനുമുണ്ട് ഇന്നലെയുടെ പഴക്കം. സമൂഹം അവളെയും പറഞ്ഞുപഠിപ്പിച്ച സൗന്ദര്യധാമങ്ങളുടെ വാർപ്പുമാതൃകകൾ എല്ലാ വെളുത്ത പെണ്ണുങ്ങളുടേതായിരുന്നു. ചരിത്രത്തിൽനിന്നും 'ഒരുങ്ങിയിറങ്ങുക'യായിരുന്നു അവിടെ അവൾ. അവനില്ലാത്ത ലോകത്ത് 'അവൾ' മാത്രം. മൂല്യബോധങ്ങൾ തകരുന്നിടത്ത് സൗന്ദര്യം വിൽപനാധിഷ്ഠിതമായ കേവലം ആശയമാകുന്നു. അവിടെ തുറക്കപ്പെടുകയാണ് 'ബ്യൂട്ടിപാർലർ'. അമ്മൂമ്മമാരുടെ അടുക്കളനുറുങ്ങിൽനിന്നും ശീതീകരിച്ച മുറിയിലെ ചക്രക്കസേരകളിലേക്ക് സ്ത്രീകളെ എത്തിച്ചിടത്ത് നിന്നും തുടങ്ങുന്നു മലയാളിയുടെ ബ്യൂട്ടിപാർലർ സംസ്‌കാരം.

പുരുഷവിപണി കേന്ദ്രീകൃത കാഴ്ചപ്പാടിന്റെ കെട്ടുപാടിൽ പിണഞ്ഞുഴലുകയാണ് സ്ത്രീ സൗന്ദര്യബോധം. അവിടെ വെളുത്തവൾക്കാണ് ഡിമാൻഡ്. ലോക സാമൂഹ്യാവസ്ഥയിൽ വർണ വിവേചനം വംശീയ വിവേചനത്തിന്റെ ഭാഗമായാണ് ചരിത്രം അടയാളപ്പെടുത്തിയിരിക്കുന്നത്. നിറത്തിന്റെ പേരിൽ വേട്ടയാടപ്പെട്ട ഇരുണ്ട കാലഘട്ടത്തിൽനിന്നും പതിറ്റാണ്ടുകളുടെ പോരാട്ടത്തിലൂടെയാണ് കറുത്തവന് മനുഷ്യനെപ്പോലെ ജീവിക്കാനുള്ള സാമൂഹ്യ സാഹചര്യം സൃഷ്ടിക്കപ്പെട്ടത്. കടുത്ത വിഭാഗീയതയാണ് യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം ഒരു ജനത അനുഭവിക്കേണ്ടിവന്നത്.

ഭക്ഷണം, വസ്ത്രം, പാർപ്പിടം, തൊഴിൽ, ആരോഗ്യം, രാഷ്ട്രീയം എന്നുവേണ്ട പൊതുഇടത്തിലെല്ലാം കറുത്തവൻ അരികുചേർക്കപ്പെട്ടു. വനിതകൾക്ക് വോട്ടവകാശം ലഭ്യമായത് 20ാം നൂറ്റാണ്ടിലാണ്. ജർമ്മനിയിൽ 1918ലും യുഎസിൽ 1920ലും വോട്ടവകാശം സാധ്യമായി. എന്നാൽ സൗത്ത് ആഫ്രിക്കയിൽ വെള്ളക്കാരികൾക്ക് 1930ൽ വോട്ടവകാശം അനുവദിച്ചപ്പോൾ കറുത്തവർഗക്കാരികൾക്കാകട്ടെ 1994ൽ മാത്രമാണ് വോട്ടവകാശം അനുവദിച്ചത്. എഴുത്തുകാരി ആലിസ് വാക്കർ 'കളറിസം' എന്ന വാക്ക് പ്രയോഗിച്ചത് കറുത്തതൊലിയുടെ ഈ വിവേചന രാഷ്ട്രീയം മുൻനിർത്തിയാണ്. സിംബാംബ്‌വെ മുൻപ്രസിഡന്റ് റോബർട്ട് മുകാബെയുടെ 'വെളുത്ത നിറമുള്ള കാറിന് കറുത്ത നിറമുള്ള ടയർ ഉപയോഗിക്കുന്ന കാലമത്രയും വംശീയത തുടരും' എന്ന വിവാദ പ്രസ്താവന വർണവിവേചനത്തിനപ്പുറം തുടരുന്ന വംശീയമായ അടിച്ചമർത്തപ്പെടലുകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ബോസ്‌നിയൻ ഗ്രാമത്തിന്റെ യുദ്ധപശ്ചാത്തലത്തിൽ ക്രൊയേഷ്യൻ എഴുത്തുകാരി സ്ലാവെങ്ക ഡ്രാക്കുലിക് എഴുതിയ നോവലാണ് 'എസ്'. പട്ടാള ക്യാമ്പിലെ കൊടിയ പീഡനങ്ങൾ സഹിച്ചുജീവിക്കുന്നതിനിടെ 'എസ്'ന് ഒരു മേക്കപ് ബോക്‌സ് കളഞ്ഞുകിട്ടുന്നു. അതിലെ ലിപ്‌സ്റ്റിക് കൊണ്ട് ചുണ്ടു ചുവപ്പിച്ചും മസ്‌കാര അണിഞ്ഞും അന്ന് ക്യാപ്റ്റന്റെ മുറിയിലേക്ക് അവൾ ഒരുങ്ങി ചെന്നു. മുഖചമയത്തിലൂടെ തനിക്ക് മറ്റൊരാളായി മാറാനാകുമെന്ന ആത്മവിശ്വാസം അവളെ പ്രതിരോധത്തിന്റെ ഭാഷ പഠിപ്പിക്കുന്നു. നോവൽഗതിയെ മൊത്തം മാറ്റിമറിക്കുകയാണ് ഈ ഒരൊറ്റ 'മേക്ക്അപ്'.

മതവുമായി ഇടകലർന്നതാണ് ഇന്ത്യൻ സാമൂഹ്യ ജീവിതം. വർണ സൗന്ദര്യ ബോധം ദൈവസങ്കൽപ്പങ്ങളിൽപോലും വിപ്ലവം സൃഷ്ടിച്ചിരിക്കുന്നു. പ്രാചീനമതകാലഘട്ടത്തിൽ സ്ത്രീ ദൈവങ്ങൾ കറുത്തവരും നിലവിലെ സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് വിരുദ്ധവും ആയിരുന്നു. കാളി മുതൽ അറിയുന്നതും അറിയപ്പെടാത്തതുമായ ഗോത്രവർഗ പാരമ്പര്യ ദൈവങ്ങൾക്കെല്ലാം രൗദ്രഭാവം തന്നെയായിരുന്നു. പിന്നീട്  ചിത്രകലയിൽ വന്ന നൈപുണ്യമാണ് സൗന്ദര്യ സങ്കൽപത്തെ മാറ്റി മറിച്ചത്. രവിവർമ്മ ചിത്രങ്ങളിലൂടെയാണ് ഭാരത സൗന്ദര്യ സങ്കൽപങ്ങൾക്ക് വരേണ്യവർഗ ചിന്ത കടന്നുവന്നതെന്ന് പറയുന്നതിൽ തെറ്റില്ല. തലയോട്ടിമാലയും പുലിത്തോലും ദംഷ്ട്രകളും പ്രതിരോധത്തിന്റെ ചിഹ്നങ്ങളായിരുന്നെങ്കിൽ സ്ത്രീയിലെ സൗന്ദര്യ ശാസ്ത്രത്തെ പ്രയോഗവൽകരിച്ച ചിത്രങ്ങളാണ് പിന്നീടുള്ള ദേവീസങ്കൽപങ്ങളിൽ കാണാനാവുക. കറുപ്പിൽ നിന്നും വെളുപ്പിലേക്കുളള മാറ്റവും സ്‌ത്രൈണത സ്ഫുരിക്കുന്ന ഭാവങ്ങളും ആടയാഭരണങ്ങളും പട്ടുപുടവയും കടന്നുവന്നതിൽ ഒളിഞ്ഞിരിക്കുന്നത് മേൽകോയ്മ രാഷ്ട്രീയമാണ്.

അധിനിവേശ സംസ്‌കാരം കറുപ്പിനെ അടിയാളനിറമായി അടയാളപ്പെടുത്തി. ആര്യന്മാരുടെ അധിനിവേശത്തോടെ വരേണ്യ താൽപര്യങ്ങൾ മേൽകോയ്മ നേടുകയും ദ്രാവിഡമായ ചിഹ്നങ്ങളും കലകളും സമൂഹത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയും ചെയ്തു. പൗരാണിക കാലത്ത് സ്ത്രീയെ അടയാളപ്പെടുത്തിയത് മാതൃത്വം, ലൈംഗികത, ശക്തി, രൗദ്രത തുടങ്ങിയ ഭാവങ്ങളിലായിരുന്നു. എന്നാൽ പിന്നീട് കേവല ലൈംഗികതയിലേക്ക് ചുരുക്കപ്പെടുകയും 'ശരീരം' എന്ന  ഒറ്റബുദ്ധി ചിന്താധാരയിലേക്ക് മാറുകയുമാണുണ്ടായത്.

സ്ത്രീ ശരീരം പുരുഷന് ആകർഷണം തോന്നാനും സൃഷ്ടി സ്ഥിതി പരിപാലന വ്യവസ്ഥയിൽ നിലകൊള്ളേണ്ടതാണെന്നുമുള്ള മിഥ്യാസങ്കൽപത്തെ നാമറിയാതെ ഉപബോധമനസ്സിൽ പ്രതിഷ്ഠിച്ചിരിക്കുന്നു. ഇത്തരം വ്യവസ്ഥാപിത സങ്കൽപ്പങ്ങൾക്കെതിരെ പ്രതിരോധത്തിന്റെ ഇടങ്ങൾ സൃഷ്ടിക്കേണ്ട സ്ത്രീകൾ തന്നെ ഈ മനോസങ്കൽപത്തിലേക്ക് വീണുപോകുന്നു എന്നതാണ് ദൗർഭാഗ്യകരം. ഒറ്റപ്പെട്ട ശബ്ദങ്ങൾ ഉയരുന്നെങ്കിലും 'ഉടലിന്റെ രാഷ്ട്രീയം' വേണ്ടവിധത്തിൽ സ്ത്രീമനസ്സുകളിൽ എത്തിയിട്ടില്ല.

ആഗോളമൂലധനം കമ്പോളത്തിൽ സ്ത്രീശരീരത്തെ ഉപഭോഗ വസ്തുവായി മാത്രം കാണുന്നു. നമ്മുടെയെല്ലാം ജീവിതത്തിൽ ഒളിച്ചുകടത്തപ്പെടുന്ന പരസ്യ സംസ്‌കാരം കറുപ്പിനും വെളുപ്പിനുമിടയിൽ സൃഷ്ടിക്കുന്ന വലിയൊരു കമ്പോളമുണ്ട്. ഇടത്തരക്കാരനും അതിന് മുകളിലുള്ളവരുടെ ജീവിതത്തിൽ ഇത്തരം പരസ്യങ്ങൾ നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്. ഈ പരസ്യ സംസ്‌കാരമാണ് കേരളത്തിലെ ബ്യൂട്ടിപാർലറുകളിലേക്ക് സ്ത്രീയെ കൊണ്ടുചെന്നെത്തിച്ചത്. മലയാള സിനിമയും ദൃശ്യമാധ്യമങ്ങളും ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. 70കളുടെ തുടക്കം മുതൽ സിനിമയിലെ നായികമാർ ഈ ബ്യൂട്ടിപാർലർ വക്താക്കളാകുന്നു. ഇത് സാമൂഹിക പദവി പകരുന്ന ഒന്നാണെന്ന ബോധം ഊട്ടിയുറപ്പിക്കുന്നു. ഈ നായികമാരെയാണ് പിന്നീട് അടുക്കളയിലെ സ്ത്രീ മാതൃകയാക്കുന്നത്.

ഇരുണ്ട മുഖവുമായി പുറത്തിറങ്ങാൻ മടിക്കുന്ന പെൺകുട്ടിയോട് വെളുക്കാനുള്ള മാർഗം പറഞ്ഞുകൊടുത്ത ഫെയർനെസ് ക്രീമിന്റെയും സോപ്പിന്റെയും വക്താക്കളായെത്തിയ നമ്മുടെയെല്ലാം ആരാധകരായ വെളുത്ത താരങ്ങളാണ്.

ബ്യൂട്ടിപാർലർസ്പാബ്യൂട്ടി ക്ലിനിക്ക്, പേരുകളിൽ മാത്രം വൈവിധ്യം. തുടക്കത്തിൽ ഈ മേഖലയിലെ തൊഴിലെടുക്കുന്ന സ്ത്രീകളെ പുച്ഛത്തോടെ നോക്കികണ്ടെങ്കിലും പിന്നീട് കടന്നു വന്ന പ്രൊഫഷണലിസം ഈ മേഖലക്ക് മികച്ച സാമൂഹ്യപദവി പകർന്നു നൽകി. കൂടുതൽ സ്ത്രീകൾ ഈ മേഖലയെ മികച്ച തൊഴിലായി തെരഞ്ഞെടുത്തു. ബ്യൂട്ടി ക്ലിനിക്കുകൾ മലയാളി സ്ത്രീയുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറി. ഒരു പരിധിവരെ സൗന്ദര്യ സങ്കൽപങ്ങളിലെ മിഥ്യാധാരണയിൽ കുരുങ്ങി അപകർഷതാബോധത്തിൽ കഴിഞ്ഞ സ്്രതീകൾക്ക് ആത്മവിശ്വാസം പകർന്നു നൽകുന്നതിന് ബ്യൂട്ടിപാർലറുകൾക്കായിട്ടുണ്ട് എന്നതും പരാമർശിക്കാതെ പോകാനാവില്ല. പുരുഷബ്യൂട്ടിപാർലറുകളുടെ എണ്ണം വർധിക്കുന്നു എന്നതും കാണാതെ വയ്യ.
നിന്റെ ശരീരം നിനക്കൊരിക്കലും സ്വന്തമല്ലെന്ന ഓർമപ്പെടുത്തലുകളിൽ നിന്നും എന്റെ ശരീരമാണെന്റെ സ്വാതന്ത്ര്യം എന്ന തിരിച്ചിറിവിലേക്ക് നടന്നെത്തുകയാണ് നമ്മുടെ കുട്ടികൾ. മലയാള സാഹിത്യത്തിലെ ശാന്തയും നളിനിയും ലീലയും കറുത്ത ചെട്ടിച്ചികളും ഇന്നും മനസ്സിൽ ജീവിക്കുന്നത് സൗന്ദര്യത്തിന്റെ മൂർത്തീഭാവങ്ങളായിതന്നെയാണ്. അടുത്തിടെ കേരളത്തിലെ മാധ്യമ പ്രവർത്തക ഫേസ്ബുക്കിൽ ഒരനുഭവം കുറിച്ചിട്ടു, 'നിന്നെപ്പോലൊരു പെണ്ണിനെ ഇഷ്ടത്തോടെ നോക്കി നിൽക്കുന്നെങ്കിൽ അതു പെലെ ആയിരിക്കും', അവളിലെ ആ കറുപ്പിനെ നോക്കി പറഞ്ഞതിലെ യുക്തി, അതാണ് ഒരു ബ്യൂട്ടിപാർലറിലേക്കുള്ള ചൂണ്ടുപലകയും.

ഇന്ത്യയിൽ സൗന്ദര്യ വർധക വസ്തുക്കളുടെ വിപണി വൻകുതിപ്പിലേക്കാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. 2035 ആകുമ്പോൾ നിലവിലുള്ള 42,000 കോടി(6.5 ബില്യൻ ഡോളർ)യിൽനിന്ന് 2,26,000 കോടി(35 ബില്യൻ)യിലേക്ക് വ്യവസായം വളരുമെന്നാണ് അസോചെം (ദി അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ഓഫ് ഇന്ത്യ) അവകാശപ്പെടുന്നത്. പ്രതിവർഷം  20 ശതമാനം വളർച്ചയാണ് ഈ മേഖല രേഖപ്പെടുത്തുന്നത്.

കൗമാരക്കാരാണ് സൗന്ദര്യവർധനക്ക് കൂടുതൽ പണം ചെലവഴിക്കുന്നതെങ്കിലും മുഖക്കുരു മാറ്റാനും തലമുടി വളരാനും ലിപ്‌സ്റ്റിക്കിനും നെയിൽപോളിഷിനും പെർഫ്യൂമിനും വാരിക്കോരി ചെലവാക്കാൻ സ്ത്രീകളും ഒട്ടും മടി കാണിക്കുന്നില്ല. സിനിമാ, ഫാഷൻ രംഗങ്ങളിലെ സെലിബ്രിറ്റികൾ പരസ്യത്തിൽ അഭിനയിക്കുന്നതോടെ ഉൽപ്പന്നത്തിന് സ്വീകാര്യത വർധിക്കുന്നു. മിസ് വേൾഡ് പോലുള്ള അന്താരാഷ്ട്ര മത്സരങ്ങളിലെ ഇന്ത്യയുടെ വിജയവും യോഗയുടെ വർധിക്കുന്ന ജനപ്രീതിയും സൗന്ദര്യവർധകവസ്തുക്കളെ കൂടുതൽ പ്രിയങ്കരമാക്കുന്നു. ലിപ്‌സ്റ്റിക്, നെയിൽ വാർണിഷ്, ലിപ്‌ഗ്ലോസ് എന്നിവയാണ് കൂടുതലായി വിൽക്കപ്പെടുന്നത്.
കെമിക്കൽ ഉൽപ്പന്നങ്ങളേക്കാൾ നാച്വറൽ, ഹെർബൽ ഇനങ്ങൾക്കാണ് വിപണിയിൽ ആവശ്യക്കാരേറെ. പ്രകൃതിദത്ത ഉൽപ്പന്നങ്ങളോടാണ് 71 ശതമാനവും താൽപര്യം പ്രകടിപ്പിച്ചതെന്ന് അസോചെം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

നാട്ടിൽ അങ്ങോളമിങ്ങോളം തുറക്കുന്ന ബ്യൂട്ടി പാർലറുകളുടെ എണ്ണം തന്നെ അത്ഭുതാവഹമാണ് പണ്ടൊക്കെ വിവാഹം കഴിയുന്നതോടെ സൗന്ദര്യസംരക്ഷണമൊക്കെ അവസാനിക്കുകയാണ്. എന്നാൽ ഇന്ന് പ്രായമായവർ വരെ ഇക്കാര്യത്തിൽ വളരെ  ശ്രദ്ധാലുക്കളാണ്. ഏതെങ്കിലും ചടങ്ങുകളിൽ പങ്കെടുക്കാൻ മാത്രം മേക്കപ്പിന് ബ്യൂട്ടി പാർലറുകളെ ആശ്രയിച്ചിരുന്നവർ ഇന്ന് പുറത്തേക്കിറങ്ങാൻ പോലും മേക്കപ്പ് നിർബന്ധമാക്കുകയാണ്.

കേരളത്തിലിറങ്ങുന്ന വനിതാ മാസികകളിൽ സൗന്ദര്യവർധക വസ്തുക്കളുടെ ഉപയോഗവും അതിന്റെ പരസ്യങ്ങളും ഇന്നത്തെ കമ്പോളവ്യവസ്ഥ വ്യക്തമാക്കുന്നു. ഓരോ ചാനലുകളും ഡാൻസും പാട്ടുമായി ആണിനും പെണ്ണിനും മത്സരങ്ങൾ സംഘടിപ്പിക്കുമ്പോൾ സൗന്ദര്യ സങ്കൽപങ്ങളാണ് മാറിമറിയുന്നത്. ഇതോടെ അവർ ഉപയോഗിച്ച മേക്കപ്പ് ഇനങ്ങൾക്കും വിപണിയിൽ പ്രിയമേറുകയാണ്. പരസ്യസ്വാധീനത്താൽ ഓരോ സ്ത്രീയും അവരറിയാതെതന്നെ ആയിരങ്ങൾ സൗന്ദര്യവർധനയ്ക്കായി ചെലവാക്കുകയാണ്.

കാച്ചിയ വെളിച്ചെണ്ണയും വച്ച് മുല്ലപ്പൂവും ചൂടി എത്തുന്ന നാടൻ പെണ്ണ് എന്ന സൗന്ദര്യസങ്കൽപം മാറുകയാണ്. 'വലിച്ചു നീട്ടിയ' നീളൻ മുടിയും ബ്യൂട്ടി ക്രീമും ആണ് പെൺകുട്ടികളുടെ, സ്ത്രീകളുടെ  ഇന്നത്തെ 'സൗന്ദര്യം'.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top