28 May Sunday

ഒരേ താളത്തിൽ ഒരുമിച്ച് തുഴഞ്ഞ്

സുപ്രിയ സുധാകർUpdated: Sunday Jun 12, 2022


ചേർത്തുപിടിച്ച പെൺമനസ്സുകളെല്ലാം ഒരേ താളത്തിൽ. ജീവിതം കരുപ്പിടിപ്പിക്കാൻ മനസ്സിനേക്കാൾ മുന്നിലോടുന്ന കൈവേഗം. സംഗീതയുടെ ‘ഈവി'ൽ വിജയമൊരുക്കുന്ന രസതന്ത്രം ഇതാണ്. സ്വയം സംരംഭക ആകുന്നതോടൊപ്പം ജീവിതസാഹചര്യത്തോട്‌ പോരാടുന്ന നിരവധി സ്‌ത്രീകളെക്കൂടി ചേർത്തുപിടിക്കുകയാണ്‌ ‘ഈവി’ലൂടെ നീലേശ്വരം സ്വദേശി കെ സംഗീത. ഖാദി, കൈത്തറി വസ്‌ത്രങ്ങൾ പുത്തൻ ട്രെൻഡിനനുസരിച്ച്‌ ഡിസൈൻ ചെയ്‌ത്‌ മാർക്കറ്റിൽ എത്തിക്കുകയാണ്‌  ഈവി (എംപവർമെന്റ്‌ ഓഫ്‌ വിമെൻ എന്റർപ്രണർഷിപ്‌)ലൂടെ. ഇതോടൊപ്പം നിരവധി സ്‌ത്രീകൾക്ക്‌ തൊഴിലെന്ന സുരക്ഷിതത്വംകൂടിയാണ്‌ ഈവ്‌.

ചിത്രങ്ങളിലൂടെ കഥപറയുന്ന മധുബനി ജൂട്ട്‌ ദുപ്പട്ടകളും സാരികളും രാജസ്ഥാനിലെയും ബിഹാറിലെയും കൈത്തറി സംഘങ്ങൾ മുഖേന വിൽപ്പനയ്‌ക്ക്‌ എത്തിക്കാനുള്ള തിരക്കിലാണ്‌ സംഗീത. രാജ്യത്തെ പരമ്പരാഗത കൈത്തറിഗ്രാമങ്ങളിലെ നെയ്‌ത്തുസംസ്‌കാരവും രീതികളും സന്നിവേശിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുന്നു. സംഗീതയുടെ ഈ നിശ്ചയദാർഢ്യത്തിലൂടെ കുത്തകക്കമ്പനികളോടു മത്സരിച്ച്‌‌ മികച്ച സ്ഥാനം നേടാൻ  ഈവിന്‌ സാധിച്ചു‌. 

ബിസിനസ്‌ മോഹവുമായി നീലേശ്വരത്തുനിന്ന്‌ കണ്ണൂരിൽ എത്തിയ സംഗീത ഇപ്പോൾ വർഷം 30 ലക്ഷം രൂപ ടേണോവർ നേടുന്ന സംരംഭത്തിന്റെ അമരക്കാരിയാണ്‌.  ബയോകെമിസ്‌ട്രി അധ്യാപിക, തന്റെ ഇഷ്ട ഫീൽഡായ ഫാഷനിലേക്ക്‌ ചുവടുമാറ്റിയത്‌ മുൻപരിചയം ഇല്ലാതെയാണ്‌. ബിസിനസ്‌ മീറ്റുകളിൽനിന്നു ലഭിച്ച പ്രചോദനം മുന്നോട്ടുള്ള യാത്രയ്‌ക്ക്‌ ഊർജമായി‌.

ലോകപ്രശസ്‌തി നേടിയ കൈത്തറിയും ഖാദിയും പുത്തൻ ട്രെൻഡിനൊപ്പം അവതരിപ്പിച്ചാലോയെന്ന ചിന്തയാണ്‌ ആദ്യം സംഗീതയിലേക്ക്‌ എത്തിയത്‌. സംരംഭം വിശദീകരിച്ചുകൊണ്ട്‌ നടത്തിയ യോഗത്തിൽ നിന്നുതന്നെ 18 വീട്ടമ്മമാരെ സംരംഭകരായി കിട്ടി. ഭർത്താവ്‌ അഭയനുമൊന്നിച്ച്‌ ഈവ്‌ ആരംഭിക്കുമ്പോൾ  വായ്‌പയായി എടുത്ത 10 ലക്ഷം രൂപയാണ്‌ മുടക്കുമുതൽ. സാധാരണക്കാരായ സ്‌ത്രീകളെക്കൂടി ഉൾപ്പെടുത്തിയുള്ള സംരംഭം തുടങ്ങാനുള്ള ചിന്തയാണ്‌ ഓഫ്‌ലൈനായും ഓൺലൈനായും വിപണനം ചെയ്യാൻ കഴിയുന്ന ഈവിലേക്ക്‌ എത്തിച്ചേന്നത്‌. കേരള സ്റ്റാർട്ടപ് മിഷന്റെ കീഴിൽ ധർമശാലയിൽ പ്രവർത്തിക്കുന്ന മൈസോൺ  ഇൻകുബേഷൻ സെന്ററിന്റെ എംഡി സുഭാഷ് ബാബു ഈവിന്‌ ആവശ്യമായ ടെക്നോളജി സപ്പോർട്ടുമായി എത്തി.

നെയ്‌ത്തുകാരിൽനിന്ന്‌ തുണി വാങ്ങി ഫാഷൻ ട്രെൻഡുകൾക്ക്‌ അനുസരിച്ച്‌ സംഗീത ഡിസൈൻ ചെയ്യാൻ തുടങ്ങിയതോടെ കഥ മാറി.  പുതിയ ഡിസൈനുകൾക്കായി ആളുകൾ കാത്തുനിൽക്കാൻ തുടങ്ങി.തുന്നൽ യൂണിറ്റുകളിലെയും വീടുകളിൽനിന്ന്‌ വസ്‌ത്രം തയ്‌ക്കുന്നവരെയും കണ്ടെത്തി ഈവിന്റെ വസ്‌ത്രനിർമാണ ചുമതലയേൽപ്പിച്ചു. പിന്നീട് ഇവ വിൽപ്പന നടത്താനുള്ള സ്‌ത്രീകളെയും കണ്ടെത്തി.‘eweworld.com’ എന്ന വെബ്‌സൈറ്റ്‌ മുഖേനയാണ്‌  വിൽപ്പന പ്രധാനമായും. വിൽപ്പന ഏറ്റെടുക്കുന്നവർക്ക്‌ അവരുടെ പേരിൽത്തന്നെ സബ്‌ഡൊമൈനായി വെബ്‌സൈറ്റ്‌ ലഭിക്കുമെന്നതാണ്‌ പ്രത്യേകത. ഓൺലൈനായും ഓഫ്‌ലൈനായും വസ്‌ത്രങ്ങൾ വാങ്ങാം. രാജ്യത്തിനു പുറത്തുനിന്നും ഓർഡറുകൾ ലഭിക്കുന്നുണ്ടെന്ന്‌ സംഗീത പറയുന്നു‌.

കൈത്തറി, ഖാദിക്ക്‌ പുറമെ കോട്ടൺ,  ലിനൻ, വസ്ത്രങ്ങളും കൂടാതെ ഗ്രാമീണമേഖലയിലെ സ്ത്രീകൾ ഉണ്ടാക്കുന്ന പ്രകൃതിസൗഹൃദമായ ബാഗുകൾ, ആഭരണങ്ങൾ, വീട്ടുപയോഗത്തിനുള്ള ഉൽപ്പന്നങ്ങൾ, മുള, ചൂരൽ ഉൽപ്പന്നങ്ങൾ എന്നിവയും ഈവിന്റെ ഷോറൂമിൽ ലഭിക്കും.


supriyasudhakar87@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top