18 November Monday

ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലുകളുമായി ഹിഡിംബി വീണ്ടും അരങ്ങിലേക്ക്‌

ജിഷ അഭിനയUpdated: Wednesday Aug 2, 2017

ഭീമസേനന് ഭാരതകഥയില്‍ രണ്ടാമൂഴമെങ്കില്‍ ഹിഡിംബിക്ക് ഊഴങ്ങളേ ലഭിച്ചില്ല. ഹിഡിംബികള്‍ ഉണ്ടാവുകയല്ല, ഉണ്ടാക്കപ്പെടുകയാണ്. ചരിത്രത്തിന്റെ ചില ഓര്‍മ്മപ്പെടുത്തലുകളുമായി കലാനിലയം നാടകവേദി അവതരിപ്പിക്കുന്ന ഹിഡിംബി നാടകം വീണ്ടും അരങ്ങിലേക്ക്. ഹിഡിംബിയായി വേഷമിടുന്നത് പ്രശസ്ത ചലച്ചിത്രതാരം ലക്ഷ്മിപ്രിയയാണ്.  

വിവാഹശേഷം അഭിനയരംഗത്തുനിന്ന് നടികള്‍ പിന്‍വാങ്ങുമ്പോള്‍ അതില്‍ നിന്നും വ്യത്യസ്തയാവുകയാണ് ലക്ഷ്മിപ്രിയ. വിവാഹശേഷമാണ് ലക്ഷ്മിയുടെ രംഗപ്രവേശം. സിനിമ, സീരിയല്‍, നാടകം എന്നിങ്ങനെ ഏതുമേഖലയിലുമുണ്ട് ലക്ഷ്മിപ്രിയയുടെ കൈയ്യൊപ്പ്. ഹിഡിംബിയെ ഒട്ടേറെ വേദികളിലെത്തിച്ചും ലക്ഷ്മി തന്റെ അഭിനയ മികവ് തുറന്നുകാട്ടുകയാണ്.

നാടക അഭിനേത്രിയായി

അഭിനയം ഏറെ ഇഷ്ടമാണെങ്കിലും യാദൃശ്ചികമായാണ് 'ഹിഡിംബി' നാടകത്തിലെത്തിയത്. ഒരിക്കല്‍ വിദ്യാധരന്‍ മാഷാണ് ഇങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിക്കാന്‍ നിര്‍ദേശിച്ചത്. തികച്ചും വ്യത്യസ്തമായ വേഷം. ഒരു ധൈര്യത്തില്‍ നാടകം ചെയ്യാമെന്നേറ്റു. ശാരീരികവും മാനസികവുമായി ഹിഡിംബിയെന്ന കഥാപാത്രമായി മാറാനുള്ള മുന്നൊരുക്കങ്ങളുടെ ദിനം. പത്തു ദിവസം കൊണ്ട് ദീര്‍ഘമായ ഡയലോഗുകളുള്‍പ്പെടെ പഠിച്ച് നാടകം അരങ്ങിലെത്തിച്ചു. 2015 മാര്‍ച്ച് 28ന് കൊല്ലം സോപാനം ഓഡിറ്റോറിയത്തിലായിരുന്നു നാടകത്തിന്റെ ആദ്യാവതരണം. പൂര്‍ണ്ണവിജയം. അനുമോദനങ്ങള്‍. നാടകം തുടരാന്‍ ഇതൊരു ധൈര്യമായി.

ഇരിങ്ങാലക്കുടയിലെ നാടകാവതരണത്തെക്കുറിച്ച് പറയുമ്പോള്‍ ലക്ഷ്മി ഇപ്പോഴും വാചാലയാവുന്നു. അഥവാ കലയോടുള്ള ആത്മസമര്‍പ്പണത്തിന്റെ തെളിവായി ആ ഓര്‍മ്മകളെ അവര്‍ ചേര്‍ത്തുവെക്കുകയാണ്. 'ഗര്‍ഭിണിയായി രണ്ടുമാസമുള്ളപ്പോളാണ് നാടകം അവതരിപ്പിക്കുന്നത്. എന്നാല്‍ ആദ്യരംഗം പിന്നിട്ടപ്പോള്‍ തന്നെ ശക്തമായ ബ്ളീഡിങ്ങ് തുടങ്ങി. ഹിഡിംബി മരത്തില്‍ കയറുന്നതും ചാടുന്നതുമെല്ലാം ചെയ്യുന്നത് കണ്ട് മറ്റുള്ളവര്‍ ആസ്വദിക്കുമ്പോള്‍ ഭര്‍ത്താവ് ജയേഷും അടുത്ത സുഹൃത്തുക്കളും ശ്വാസമടക്കിയിരുന്നു.

അവസാന രംഗമായപ്പോഴേക്കും ശരീരം മുഴുവന്‍ നീലനിറമായി. കര്‍ട്ടന്‍ താഴ്ന്നതും ജയേഷിന്റെ കൈകളിലേക്ക് വീണതും മാത്രം ഓര്‍മ്മയുണ്ട്.' ലക്ഷ്മി പറയുന്നു.ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഗര്‍ഭിണിയായതാണ്. നാടകം കളിക്കണോയെന്ന് ആലോചിച്ച് ചെയ്താല്‍ മതിയെന്ന് തുടക്കത്തില്‍ മറ്റുള്ളവര്‍ പറഞ്ഞപ്പോള്‍ ജയേഷ് ഒന്നു മാത്രം പറഞ്ഞു. 'നീ കാരണം കലാനിലയത്തിന്റെ കര്‍ട്ടന്‍ വീഴരുത്. നാടകം അവതരിപ്പിക്കണം' എന്ന്്. ആ വാക്കുകള്‍ പകര്‍ന്ന കരുത്തിലാണ് ലക്ഷ്മി നാടകം കളിച്ചത്. പിന്നെ ചികിത്സയുടെ ദിനങ്ങള്‍. 'എന്തായാലും ഏഴാം മാസത്തില്‍ തന്നെ അവളിങ്ങെത്തി, മാതംഗി. അമ്മയുടെ കൂടുതല്‍ അഭിനയം കാണാന്‍.' ഇപ്പോള്‍ രണ്ടുവയസ്സുള്ള മാതംഗിയുമുണ്ട് നാടകമായാലും സിനിമയായാലും കാഴ്ചക്കാരിലൊരാളായ് മുന്നില്‍തന്നെ. ഇടക്കാലത്ത് ഹിഡിംബിയായി കലാനിലയം കൃഷ്ണന്‍ നായരുടെ കൊച്ചുമകള്‍ ഗായത്രി ഗോവിന്ദ് അരങ്ങിലെത്തിയെങ്കിലും വീണ്ടും ലക്ഷ്മി തന്നെ ആ വേഷം ഏറ്റെടുക്കുകയായിരുന്നു.

സിനിമയിലേക്ക്

ജോഷി സംവിധാനം ചെയ്ത 'നരന്‍' ആണ് ലക്ഷ്മിയുടെ ആദ്യ സിനിമ. ലയണ്‍, ചക്കരമുത്ത്, നിവേദ്യം, ഭാഗ്യദേവത, കഥ തുടരുന്നു, മോളി ആന്റി റോക്ക്സ് എന്നിങ്ങനെ 150ഓളം സിനിമകളില്‍ ലക്ഷ്മി അഭിനയിച്ചു. ഏറ്റവുമൊടുവില്‍ കമലിന്റെ 'ആമി'യിലും ശ്രദ്ധേയമായ വേഷം ചെയ്തു.

മികച്ച നര്‍ത്തകി കൂടിയാണ് ലക്ഷ്മി. കലാരംഗത്തെ തന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എന്നും പ്രചോദനം നല്‍കുന്നത് ജയേഷാണെന്ന് ലക്ഷ്മി പറയുന്നു. കൊച്ചിയില്‍ സംഗീത വിദ്യാലയം നടത്തുന്ന ജയേഷ് സംഗീതജ്ഞന്‍ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ്. ലക്ഷ്മിയും കുടുംബവും ഇപ്പോള്‍ കൊച്ചിയിലാണ് താമസം.

കാലത്തിന്റെ തനിയാവര്‍ത്തനമായി

ഇത് കേവലം ഹിഡിംബിയെന്ന പെണ്ണിന്റെ കഥയല്ല. അതാണ് നാടകത്തെ കാലികപ്രസക്തമാക്കുന്നതെന്ന് ലക്ഷ്മി പറയുന്നു. അതുകൊണ്ടുതന്നെ നാടകത്തിലെ ഓരോ സെക്കന്റും ഏറെ വിലപ്പെട്ടതാണ്.  ജീവിത പരാജയത്തില്‍പ്പെട്ടുപോയ ഒരു പ്രാകൃതവനിതയുടെ വിലാപങ്ങളല്ല, കാലങ്ങളായുള്ള പുറന്തള്ളപ്പെടലുകളുടെ തനിയാവര്‍ത്തനമാണ് ഹിഡിംബി. ഇതിഹാസത്തിനും ചരിത്രത്തിനുമൊപ്പം കാലം കൈപിടിച്ചു നടന്നവരില്‍ നിന്നും ഹിഡിംബി എങ്ങനെ ഇല്ലാതായി. നാടകം ഒരു തുറന്നുകാട്ടലാണ്. അവനവനിലേക്ക് തന്നെയുള്ള സഞ്ചാരം. കുരുക്ഷേത്ര യുദ്ധം കഴിഞ്ഞ് കുമിഞ്ഞുകൂടിയ ശവശരീരങ്ങള്‍ക്കിടയില്‍ മകന്‍ ഘടോല്‍ക്കചനെ അന്വേഷിച്ചെത്തുന്നിടത്തുനിന്നാണ് നാടകം ആരംഭിക്കുന്നത്.

നാടകത്തില്‍ രണ്ട് സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. തന്റെ ചോരക്കുഞ്ഞുമായി കാട്ടില്‍ അഭയം പ്രാപിക്കുന്ന 'യാമിനി' എന്ന വര്‍ത്തമാന കാലത്തെ പെണ്‍കുട്ടിയാണ് നാടകത്തിന്റെ ഗതി മാറ്റുന്നത്. ഇവിടെ അവള്‍ ഹിഡിംബിയെ കണ്ടുമുട്ടുന്നു. സ്ത്രീകളോടുള്ള പുരുഷന്റെ മനോഭാവത്തിന് അന്നും ഇന്നും ഒരേ രൂപമാണെന്ന തിരിച്ചറിവിലാണ് കഥാപാത്രങ്ങളുടെ പുനരാഖ്യാനം. പ്രണയവും വിദ്വേഷവും പകയും മാതൃത്വവും യുദ്ധവും ജീവിതത്തിന്റെ വ്യത്യസ്ത മുഹൂര്‍ത്തങ്ങളിലൂടെ പ്രദക്ഷിണം ചെയ്യുന്ന അരങ്ങായി ഒരുവേള നാടകം മാറുന്നു.

കലാമണ്ഡലം നീതുദാസാണ് യാമിനിയായി അരങ്ങിലെത്തുന്നത്. രക്തരക്ഷസ്സ്, കടമറ്റത്ത്കത്തനാര്‍, ശ്രീഗുരുവായൂരപ്പന്‍, കായംകുളം കൊച്ചുണ്ണി എന്നീ ദൃശ്യവിസ്മയങ്ങള്‍ അരങ്ങിലെത്തിച്ച കലാനിലയത്തിന്റെ മറ്റൊരു അരങ്ങുസമ്മാനമാണ് ഈ നാടകം. നാടകരചനയും സംവിധാനവും ഗിരീഷ് പി സി പാലവും ക്രിയേറ്റീവ് ഡയറക്ടര്‍ കലാനിലയം അനന്തപത്മനാഭനുമാണ്. ത്രി ഡി ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ പകരുന്ന നാടകകാഴ്ചകള്‍ നവ്യാനുഭവമാണ് പകരുക. ആഗസ്ത് അഞ്ചിന് വൈകിട്ട് ആറിന് കോട്ടയം മാമ്മന്‍മാപ്പിള ഹാളിലാണ് നാടകത്തിന്റെ അടുത്ത വേദി.

പ്രധാന വാർത്തകൾ
 Top