നമ്മുടെ സമൂഹത്തില്‍ ചില കാര്യങ്ങള്‍ സ്ത്രീകള്‍ക്കായി മാത്രം മാറ്റിവച്ചതാണ്.സ്ത്രീകള്‍ മാത്രം പിന്തുടരേണ്ടവ. അവര്‍ക്കുമാത്രം ബാധകമായവ. അതിലൊന്നാണ് കന്യകാത്വം. ഈ വാക്കിനും അതുപോലുള്ള മറ്റു ചില വാക്കുകള്‍ക്കും പുല്ലിംഗമില്ല.
"പതിവ്രതക്കൊരു പതിവ്രതനില്ല.
ചാരിത്യ്രവതിക്കൊരു ചാരിത്യ്രവാനും.
കന്യകക്കും പകരമില്ല.
പെണ്ണിനു മാത്രം മതി കന്യകാത്വം.
ചാരിത്യ്രശുദ്ധിയും അവള്‍ക്ക് മാത്രം മതി.
ചെളിയില്‍ ചവിട്ടിയാലും കഴുകിയാല്‍
ശുദ്ധിയാകുവോന്‍ പുമാന്‍'' (ഇന്റര്‍നെറ്റില്‍ നിന്ന്)
അമ്മ മകളോടും അച്ഛന്‍ മകനോടും അധ്യാപകന്‍/അധ്യാപിക വിദ്യാര്‍ഥികളോടും ഗുരു ശിഷ്യരോടും രാഷ്ട്രീയ നേതാക്കള്‍ അണികളോടും മതമേധാവികള്‍ വിശ്വാസികളോടും സംസാരിക്കാന്‍ മടിക്കുന്ന, ഒഴിവാക്കാന്‍ ശ്രമിക്കുന്ന ഒരു വിഷയം. നമ്മുടെ രാജ്യത്തിന്റെ വ്യത്യസ്ത ഭൂപ്രദേശങ്ങളിലുള്ളവരും വ്യത്യസ്ത മതവിശ്വാസികളും വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലമുള്ളവരും ഈ വിഷയത്തെ എങ്ങനെ കാണുന്നു എന്നാണ് പ്രിയ തൂവശ്ശേരിയുടെ 26 മിനിറ്റ് ദൈര്‍ഘ്യമുള്ള "My Sacred- Glass Bowl ' (എന്റെ വിശുദ്ധ പളുങ്കുപാത്രം–2013) എന്ന ഡോക്യുമെന്ററി പരിശോധിക്കുന്നത്. ദൂരദര്‍ശനാണ് നിര്‍മിച്ചിരിക്കുന്നത്.
നവവധു കന്യകയാണോ എന്ന് കണ്ടെത്തുന്ന സമ്പ്രദായം രാജസ്ഥാനിലെ ഗ്രാമീണ സ്ത്രീകള്‍ വിവരിക്കുന്നു. തലമുറകളായി പിന്തുടരുന്ന സമ്പ്രദായമാണിത്. നവവധുവിന് ആദ്യരാത്രി ധരിക്കാനായി തുന്നല്‍ക്കാരനെക്കൊണ്ട് ഒരു വെളുത്ത പെറ്റിക്കോട്ട് തയ്പ്പിക്കുന്നു. ഈ പെറ്റിക്കോട്ട് ധരിച്ചുവേണം നവവധു മണിയറയിലേക്ക് പോകാന്‍. എങ്കിലേ അവളെ വരന്റെകൂടെ ഉറങ്ങാന്‍ അനുവദിക്കൂ. പിറ്റേദിവസം രാവിലെ പെറ്റിക്കോട്ട് പരിശോധിക്കും. അതില്‍ ചോരപ്പാടുകള്‍ ഉണ്ടെങ്കിലേ അവളെ കന്യകയായി പരിഗണിക്കൂ. അല്ലാത്തപക്ഷം ഗ്രാമസഭ വിളിച്ചുകൂട്ടി ചര്‍ച്ചചെയ്യും. അവിടെ തന്റെ കന്യകാത്വം തെളിയിക്കുന്നതില്‍ പെണ്‍കുട്ടി പരാജയപ്പെട്ടാല്‍ അവള്‍ വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് വിധിക്കുന്നു. അപ്പോള്‍ ആ വ്യക്തിയുടെ പേര് വെളിപ്പെടുത്താന്‍ അവള്‍ ബാധ്യസ്ഥയാണ്. അവളോ അല്ലെങ്കില്‍ ആ വ്യക്തിയോ വരന്റെ കുടുംബത്തിന് നഷ്ടപരിഹാരം കൊടുത്താല്‍ അശുദ്ധയായ വധുവിനെ സ്വീകരിക്കാന്‍ അവര്‍ തയ്യാറാകും.
അനിമേഷനിലാണ് സിനിമ തുടങ്ങുന്നത്. വളരെ രസിച്ചുകൊണ്ട് ഊഞ്ഞാലാടുന്ന പെണ്‍കുട്ടി. പെട്ടെന്ന് അവളുടെ വെളുത്ത പെറ്റിക്കോട്ടില്‍ തെളിയുന്ന ചുവപ്പ് മെല്ലെ പടരുന്നു. അവള്‍ ആട്ടം നിര്‍ത്തി മരച്ചുവട്ടില്‍ വിശ്രമിക്കുന്നു. അപ്പോള്‍ അടുത്തെത്തിയ അമ്മ അവളെ ആശ്വസിപ്പിക്കുന്നു. പകുതിയോളം ചുവന്ന ദ്രാവകം നിറഞ്ഞ ഒരു പളുങ്കുപാത്രം അമ്മ അവള്‍ക്ക് കൊടുക്കുന്നു. പിന്നീട് മുടി കോതിക്കൊടുക്കുന്നു. ശബ്ദപഥത്തില്‍ താരാട്ട് കേള്‍ക്കാം. അമ്മ പാടുന്നതായിരിക്കാം. ഈ പളുങ്കുപാത്രം തകരാതെ, ഉടയാതെ സംരക്ഷിക്കുക ഇനി അവളുടെ കടമയാണ്, ബാധ്യതയാണ്. അത് അവള്‍ക്കുവേണ്ടി മാത്രമല്ല, മറ്റുള്ളവര്‍ക്കുകൂടി വേണ്ടിയാണ്. ഉടയാത്ത പളുങ്കുപാത്രം അവളുടെ വിശുദ്ധിയുടെ, കന്യകാത്വത്തിന്റെ ചിഹ്നമാണ്.
വിവരണം ഇങ്ങനെ: 'ഞാന്‍ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അമ്മ എന്നെ അരികത്തിരുത്തി മുമ്പൊരിക്കലും കേള്‍ക്കാത്ത സ്വരത്തില്‍ പറഞ്ഞുതുടങ്ങി. എന്റെ വിശുദ്ധ പളുങ്കുപാത്രത്തെക്കുറിച്ച്. നല്ല കുടുംബത്തില്‍ നിന്നുള്ള സ്ത്രീകള്‍ ശരിയായ സമയം വന്നെത്തുന്നതിനു മുമ്പ് ആ വിലപിടിച്ച നിധിയില്‍ ഒരു പോറല്‍പോലും ഏല്‍ക്കാന്‍ അനുവദിക്കില്ല. അമ്മ വ്യക്തമാക്കി. അമ്മ സംസാരിക്കുമ്പോള്‍ അതീവ മൂല്യമുള്ള, തുറന്നുപറയാന്‍ പാടില്ലാത്ത ആ വാക്ക് ഉപയോഗിച്ചില്ലെങ്കിലും എനിക്ക് അറിയാമായിരുന്നു അവര്‍ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന്. അത് കന്യകാത്വത്തെക്കുറിച്ചായിരുന്നു.'
കേരളത്തിലടക്കം ഇന്ത്യക്കകത്തും പുറത്തുമായി നിരവധി മേളകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഡോക്യുമെന്ററിയെക്കുറിച്ച് സംവിധായിക പ്രിയ തൂവശ്ശേരി സംസാരിക്കുന്നു.

മൈ സേക്രഡ് ഗ്ളാസ് ബൌളി'ന്റെ ചിത്രീകരണത്തിനിടെ പ്രിയ
?സമൂഹ മനസ്സില്‍ വളരെ ആഴത്തില്‍ ഉറച്ചതാണ് കന്യകാത്വത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍. തുറന്നു സംസാരിക്കാനോ ചര്‍ച്ചചെയ്യാനോ തയ്യാറാകാതെ ഒഴിവാക്കാന്‍ ശ്രമിക്കുന്ന പല വിഷയങ്ങളില്‍ ഒന്ന്. ഈ സാഹചര്യത്തില്‍ ഒരു സ്ത്രീ ഈ വിഷയത്തെക്കുറിച്ച് സിനിമയുണ്ടാക്കുക എന്നത് സമൂഹത്തിന് ചിന്തിക്കാനേ പറ്റില്ല. എങ്ങനെയാണ് ഈ സിനിമയിലേക്ക് എത്തുന്നത്.
= താങ്കള്‍ പറഞ്ഞത് ശരിയാണ്. കന്യകാത്വം എല്ലാവരെയും സംബന്ധിച്ചും അലോസരപ്പെടുത്തുന്ന വിഷയംതന്നെയാണ്. എന്നാല്‍ ഇക്കാര്യം നാം വളരെക്കുറച്ചുമാത്രം ചര്‍ച്ചചെയ്യുന്നു.
ഈ വിഷയത്തെക്കുറിച്ച് സിനിമയുണ്ടാക്കണമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സിനിമ സംഭവിക്കുകയായിരുന്നു. ഞാന്‍ ഓര്‍ക്കുന്നു, അത് 2009 ലായിരുന്നു. ഒരു സമൂഹ വിവാഹത്തിന്റെ ഭാഗമായി മധ്യപ്രദേശില്‍ കന്യകാത്വ പരിശോധന നടത്തിയതിനെക്കുറിച്ച് ഒരു വാര്‍ത്ത വായിക്കുകയുണ്ടായി. അന്നത്തെ മുഖ്യമന്ത്രിയുടെ കന്യാദാന്‍ പദ്ധതിയുടെ ഭാഗമായിരുന്നു അത്. (2013ല്‍ ഈ സിനിമ ഉണ്ടാക്കിക്കൊണ്ടിരുന്നപ്പോഴും ഇത്തരമൊരു സംഭവം പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു). ഈ സമൂഹ വിവാഹ ത്തില്‍ പങ്കെടുത്ത എല്ലാ സ്ത്രീകളെയും നിര്‍ബന്ധപൂര്‍വം കന്യകാത്വ പരിശോധനക്ക് വിധേയരാക്കി. എന്നെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു അത്. ഇത് മനസ്സില്‍ പല ചോദ്യങ്ങളും ഉയര്‍ത്തി. എന്റെ കന്യകാത്വത്തെ, എന്റെ വളരെ വ്യക്തിഗതമായ തിരഞ്ഞെടുപ്പിനെ, ആരെങ്കിലും ചോദ്യം ചെയ്യുകയാണെങ്കില്‍ എനിക്കതിനെ ചെറുക്കാന്‍/നേരിടാന്‍ കഴിയും. ഗ്രാമീണ പശ്ചാത്തലത്തില്‍നിന്നുള്ള, വിദ്യാഭ്യാസമില്ലാത്ത, സ്വാതന്ത്യ്രമില്ലാത്ത ഈ സ്ത്രീകള്‍ക്ക് അതിന് കഴിയുകയില്ലല്ലോ. അവര്‍ കന്യകയാണെന്ന് തീരുമാനിക്കുന്ന രീതിയാകട്ടെ വിചിത്രവും. ക്ഷതമേല്‍ക്കാത്ത കന്യാചര്‍മമാണ് ഇവിടെ കന്യകാത്വത്തിന്റെ അടയാളം. ഇതാകട്ടെ തീരെ ശാസ്ത്രീയമല്ലതാനും. ഇതുമായി ബന്ധപ്പെട്ട് കുറേ ചിന്തകള്‍ എന്നെ അലട്ടി. പല കാരണങ്ങളാല്‍– സൈക്കിളോടിക്കുന്നതിനാലോ പാടത്ത് കഠിനാധ്വാനം ചെയ്യുന്നതിനാലോ കന്യാചര്‍മത്തിന് ക്ഷതമേല്‍ക്കാം. ഇത്തരം കാരണങ്ങളാല്‍ കന്യാചര്‍മത്തിന് ക്ഷതമേറ്റ ഒരു കന്യകയായ സ്ത്രീയുടെ അവസ്ഥ എന്തായിരിക്കും? സമൂഹം അവളെ കന്യകയല്ലാതായി മുദ്രകുത്തും. അപ്പോള്‍ അവളുടെ ഭാവി എന്തായിരിക്കും? ഈവക കാര്യങ്ങള്‍ ഞാന്‍ സുഹൃത്തുക്കളോട് സംസാരിച്ചുതുടങ്ങി. കന്യകാത്വവുമായി ബന്ധപ്പെട്ട് ഇന്നും തുടരുന്ന പല സങ്കല്‍പ്പങ്ങളെയുംകുറിച്ച് പഠിക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ഈ വിഷയത്തെക്കുറിച്ച് സിനിമയുണ്ടാക്കാന്‍ തീരുമാനിച്ചു.
അടഞ്ഞ മുറിക്കുള്ളില്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതെന്ന് വിശ്വസിക്കുന്ന, വ്യക്തിഗതമായ കാര്യമായി നമ്മുടെ സംസ്കാരം പരിഗണിക്കുന്ന ഈ വിഷയത്തെക്കുറിച്ച് സിനിമയുണ്ടാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രതികരണങ്ങളെക്കുറിച്ച് ഞാന്‍ ബോധവതിയായിരുന്നു.
ചില അനുഭവങ്ങള്‍ ഓര്‍മ വരുന്നു. അക്കാലത്ത് ഞാന്‍ ഡല്‍ഹിയില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ താമസിക്കുന്ന ഒരു ഹോസ്റ്റലിലായിരുന്നു താമസിച്ചിരുന്നത്. കന്യകാത്വവുമായി ബന്ധപ്പെട്ട് വായിച്ചതും കേട്ടതുമൊക്കെയായ കാര്യങ്ങള്‍ കൂടെ താമസിച്ചിരുന്ന ചിലരുമായി ചര്‍ച്ചചെയ്യാറുണ്ടായിരുന്നു. ഇതറിഞ്ഞ മറ്റു ചിലര്‍ പറഞ്ഞത്, അത്ഭുതപ്പെട്ടത് പ്രിയയ്ക്ക് സിനിമയുണ്ടാക്കാന്‍ മറ്റ് വിഷയങ്ങളൊന്നും കിട്ടിയില്ലേ എന്നായിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള അയ്യേ പറച്ചിലുകളും നെറ്റിചുളിക്കലും സംശയത്തോടെയുള്ള നോട്ടവും സമൂഹത്തില്‍ നിലനില്‍ക്കുന്നു. ഇതുതന്നെയാണ് സിനിമയുണ്ടാക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടുപോകാന്‍ എന്നെ പ്രേരിപ്പിച്ചത്. ശരിതെറ്റുകള്‍ തീരുമാനിക്കുകയല്ല, ഒരു സംവാദം ആരംഭിക്കുകയായിരുന്നു ലക്ഷ്യം. ജനങ്ങള്‍ക്ക് ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കാനായി വഴിമരുന്നിടുക.
നിരവധി സ്ത്രീകളെ സംബന്ധിച്ച് ഇത് വളരെ വ്യക്തിപരമായ വിഷയമാണ്. എനിക്കും അങ്ങനെതന്നെയായിരുന്നു. അതുകൊണ്ടാണ് സിനിമ എന്നില്‍നിന്ന്, എന്റെ കഥയില്‍നിന്ന് ആരംഭിക്കുന്നത്. അങ്ങനെ ഞാന്‍ എന്റെ കഥ മറ്റുള്ളവരുമായി പങ്കുവെക്കുകയാണ്. രഹസ്യമാണെന്ന് കരുതുന്നതിനെ പരസ്യമാക്കി മറ്റു സ്ത്രീകളുടെ അനുഭവങ്ങളിലേക്ക് കടക്കുന്നു. വ്യക്തിപരമായതിനെ പൊതുവാക്കുന്നു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലെ സ്ത്രീകളെ ഈ സിനിമ കാണിക്കുകയുണ്ടായി. സ്ത്രീകള്‍ മുന്നോട്ടു വന്ന് സമാനമായ അനുഭവങ്ങള്‍ പങ്കുവെക്കുകയുണ്ടായി. അവര്‍ക്ക് ഈ വിഷയവുമായി വളരെപ്പെട്ടെന്ന് ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞു. എന്നെ വളരെ സ്പര്‍ശിച്ച ഒരനുഭവത്തെക്കുറിച്ച് പറയാം. സിനിമാ പ്രദര്‍ശനത്തിനിടെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയോട് പറയുന്നത് ഞാന്‍ കേട്ടു: ഇത്തരത്തില്‍ ഒരു സിനിമ ഒരു സ്ത്രീക്ക് മാത്രമേ ഉണ്ടാക്കാന്‍ കഴിയൂ. എന്റെ സിനിമക്ക് കിട്ടിയ ഏറ്റവും വലിയ ബഹുമതിയായി ഇതിനെക്കാണുന്നു.
? ഈ സിനിമ പല തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കന്യകാത്വത്തെക്കുറിച്ചുള്ള സാമൂഹികവും സാംസ്കാരികവുമായ കാഴ്ചപ്പാടുകള്‍ മാത്രമല്ല, ഇതിഹാസപുരാണങ്ങളുടെയും മിത്തുകളുടെയും ഒരു തലവും നിയമത്തിന്റേതായ ഒരു തലവുമുണ്ട്. ഈ തലങ്ങള്‍ വിശദീകരിക്കാമോ.
= സിനിമയ്ക്കായി ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിന്റെ ഭാഗമായി ഒരു ചോദ്യാവലി തയ്യാറാക്കി സ്ത്രീകള്‍ക്കിടയില്‍ വിതരണം ചെയ്തിരുന്നു. കന്യക, കന്യകാത്വം എന്നീ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം കടന്നുവരുന്ന ഇമേജ് എന്താണ് എന്നതായിരുന്നു അതിലെ ഒരു ചോദ്യം. പലരും സീതയെപ്പോലുള്ള പുരാണ കഥാപാത്രങ്ങളാണ് മനസ്സില്‍ കടന്നുവരുന്നത് എന്നാണ് എഴുതിയത്. നമ്മുടെ ഇതിഹാസങ്ങളിലെ അഞ്ച് കന്യകകളെക്കുറിച്ച് അന്വേഷിക്കാന്‍ / മനസ്സിലാക്കാന്‍ ഇത് എന്നെ പ്രേരിപ്പിച്ചു (അഹല്യ, ദ്രൌപദി, കുന്തി, താര, മണ്ഡോദരി എന്നിവര്‍). ഇവരെ ആദര്‍ശ സ്ത്രീകളായും പതിവ്രതകളായ ഭാര്യമാരായും ആദരിക്കുന്നു. ഒന്നില്‍ക്കൂടുതല്‍ പുരുഷന്മാരുമായിട്ടുള്ള അവരുടെ ബന്ധവും ചിലപ്പോഴൊക്കെയുള്ള പരമ്പരാഗത വിശ്വാസങ്ങളുടെ ഭഞ്ജനവും മറ്റുള്ളവര്‍ പിന്തുടരരുതെന്ന് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്. കന്യകാത്വത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളെ ഉറപ്പിക്കുന്നതില്‍ ഇത്തരം മിത്തുകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്ന് അപ്പോഴെനിക്ക് മനസ്സിലായി. ഭയത്തെ, അരുതാത്തതാണ്/തെറ്റാണ് എന്ന ബോധത്തെ സ്ത്രീ മനസ്സുകളില്‍ വീണ്ടും വീണ്ടും ഉറപ്പിക്കുന്നു. ഇതിലൂടെ ഒരു ആദര്‍ശ സ്ത്രീ സങ്കല്‍പ്പം വളര്‍ത്തിയെടുക്കുന്നു.
ഡല്‍ഹിയിലെ ബലാത്സംഗത്തിന്റെ പശ്ചാത്തലത്തിലാണ് ഞാന്‍ നിയമവശത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയത്. പല കേസുകളെക്കുറിച്ചും പഠിക്കുമ്പോള്‍, പല വിധികളും പല സംജ്ഞകളും ഞെട്ടിപ്പിക്കുന്നതായിരുന്നു. അതില്‍ ഏറ്റവും ഞെട്ടിപ്പിച്ചത് ഒരു സ്ത്രീയുടെ ലൈംഗിക ചരിത്രത്തെ ആസ്പദമാക്കിയാണ് അവള്‍ കന്യകയാണോ അല്ലയോ എന്ന് തീരുമാനിക്കപ്പെടുന്നത് എന്നതായിരുന്നു.
? ഈ വിഷയത്തില്‍ കേരളവുമായി ബന്ധപ്പെടുത്തി 'പണ്ടോരു മുക്കുവന്‍ മുത്തിനു പോയി' എന്ന ചെമ്മീനിലെ ഗാനവും സാറാ ജോസഫിന്റെ കന്യകയുടെ പുല്ലിംഗം എന്ന ചെറുകഥയില്‍നിന്നുള്ള ചില ഭാഗങ്ങളുമാണുള്ളത്. ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ, ആദ്യത്തെ സാക്ഷര സംസ്ഥാനം ഇങ്ങനെ പല ആദ്യങ്ങളുമുള്ള കേരളത്തില്‍ (കൂടെ നവോത്ഥാന പ്രസ്ഥാനവും), പ്രത്യേകിച്ച് സിനിമകളില്‍, കന്യകാത്വം അല്ലെങ്കില്‍ സ്ത്രീത്വത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ മാറ്റമില്ലാതെ തുടരുകയല്ലേ. അതേസമയം മലയാള സാഹിത്യത്തില്‍ ഇക്കാര്യത്തില്‍ വലിയ മാറ്റം ഉണ്ടായിട്ടുമുണ്ട്.
= ചെമ്മീന്‍ സിനിമ മഹത്തരവും ജനപ്രീതിയുള്ളതും ആയിരിക്കാം. എന്നാല്‍ ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന സ്ത്രീത്വത്തെ സംബന്ധിച്ച സങ്കല്‍പ്പങ്ങള്‍ക്ക് ഞാന്‍ എതിരാണ്. ഈ ഗാനവും സിനിമയുടെ അവസാനഭാഗവും കറുത്തമ്മയുടെ പാപമാണ് ദുരന്തത്തിന് കാരണമെന്ന് നമ്മെ തോന്നിപ്പിക്കുന്നു. കലാരൂപങ്ങള്‍ എങ്ങനെയാണ് കന്യക, പതിവ്രത മുതലായ സങ്കല്‍പ്പങ്ങളെ അരക്കിട്ടുറപ്പിക്കുന്നത് എന്നു കാണിക്കാനാണ് ഈ ഗാനം ഉപയോഗിച്ചത്.
കന്യകയുടെ പുല്ലിംഗം എന്താണ് എന്ന കാര്യം സിനിമയില്‍ ഒരു പ്രധാന വിഷയമായി കൊണ്ടുവരണമായിരുന്നു. സാറാ ടീച്ചറുടെ കഥ വായിച്ചപ്പോള്‍ തോന്നി, ഇതിനേക്കാള്‍ ഭംഗിയായും ശക്തമായും എനിക്ക് ഈ വിഷയം അവതരിപ്പിക്കാന്‍ കഴിയില്ല. അങ്ങനെയാണ് കഥയില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ സിനിമയില്‍ ഇടം പിടിക്കുന്നത്.
(കഥ വായിക്കാത്തവര്‍ക്കായി ആ ഭാഗം ഇവിടെ ചേര്‍ക്കുന്നു:
" അവള്‍ കോവണിപ്പടിയുടെ ഒന്നാം പടി ചവിട്ടിയപ്പോള്‍ മകന്‍ ഗൃഹപാഠത്തില്‍ നിന്ന് മുഖം പൊന്തിച്ച് അടുത്തിരിക്കുന്ന അപ്പനോട് ചോദിക്കുന്നു: അപ്പാ, കന്യകയുടെ പുല്ലിംഗം? മകള്‍ രണ്ടാം പടിയിലേക്കുയര്‍ത്തിയ കാല്‍ പൊടുന്നനെ പിന്‍വലിച്ചു. മുന്നോട്ട് നടക്കാന്‍ പറ്റാത്തവിധം അവള്‍ സ്തബ്ധയായി. അപ്പാ, കന്യകയുടെ പുല്ലിംഗം? മകന്‍ ആവര്‍ത്തിച്ചു. അപ്പന്‍ അവന്റെ നേര്‍ക്ക് മുഖം തിരിച്ചുവെങ്കിലും അപ്പന്റെ മുഖം നിറയെ അക്കങ്ങളും ഗുണന ചിഹ്നങ്ങളുമായിരുന്നു. അതിന് പുല്ലിംഗം ഉണ്ടാവില്ലെടാ അപ്പന്‍ അലസമായി പറഞ്ഞു. മകനത് വിശ്വസിക്കാനായില്ല. ബാക്കിയെല്ലാറ്റിനുമുണ്ടല്ലോ. തെളിവിന് അവന്‍ ഗൃഹപാഠപുസ്തകം ഉയര്‍ത്തിക്കാട്ടി. നീപോയി വല്ല കൂട്ടുകാരോടും ചോദിക്ക് '').

'മൈ സേക്രഡ് ഗ്ളാസ് ബൌളി'ല്‍ നിന്ന്
എന്നാല്‍ ഇത് സിനിമയില്‍ എങ്ങനെ ദൃശ്യവല്‍ക്കരിക്കും എന്നത് വെല്ലുവിളിയായിരുന്നു. ഈ ഭാഗത്ത് ദൃശ്യതലത്തെക്കാള്‍ ശ്രവ്യതലത്തിനാണ് പ്രാധാന്യം. ശബ്ദത്തിന് അനുരൂപകമായ ദൃശ്യങ്ങള്‍ ഉണ്ടാക്കേണ്ടിയിരുന്നു. അങ്ങനെയാണ് ദൈര്‍ഘ്യമേറിയ ഒറ്റഷോട്ടില്‍ സ്ഫടികപ്പാത്രത്തില്‍ ചുവപ്പ് നിറയുന്ന ദൃശ്യങ്ങള്‍ ഉണ്ടായത്.
ശരിയാണ്. ഇക്കാര്യത്തില്‍ സിനിമ ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു. നായകന് എല്ലാമാകാം. ഒന്നിലേറെ സ്നേഹ ബന്ധങ്ങളും ലൈംഗികബന്ധങ്ങളും. എന്നിട്ടും നായകനെ സംബന്ധിച്ച് സിനിമ ശുഭപര്യവസായിയാണ്. അതേസമയം നായിക ആദര്‍ശവതിയും കളങ്കമില്ലാത്തവളും ആയിരിക്കണം. അല്ലെങ്കില്‍ അവളെ സംബന്ധിച്ച് സിനിമ ദുരന്തപര്യവസായിയായിരിക്കും.
? താങ്കളുടെ സിനിമയില്‍ ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ പ്രധാനമായും രണ്ടു സ്ത്രീകളാണ്. (പുരുഷന്മാരില്ല). ഒന്ന് രാജസ്ഥാനിലെ ഹിന്ദു ഗ്രാമീണ സ്ത്രീ. മറ്റൊന്ന് ഡല്‍ഹിയിലെ മധ്യവര്‍ഗ പശ്ചാത്തലമുള്ള, അഭ്യസ്തവിദ്യയായ മുസ്ളിം സ്ത്രീ. (കാര്യങ്ങള്‍ വിശദമാക്കാനുള്ള സൌകര്യത്തിന് വേണ്ടിമാത്രമാണ് മതത്തെ പരാമര്‍ശിച്ചത്). രാജസ്ഥാനിലെ സ്ത്രീ കന്യാത്വത്തെ സംബന്ധിക്കുന്ന അവരുടെ കടുത്ത വിശ്വാസങ്ങളെക്കുറിച്ച് മറയില്ലാതെ തുറന്നു സംസാരിക്കുന്നു. എന്നാല്‍ ഡല്‍ഹിയിലെ സ്ത്രീ ഒന്നും തുറന്നു പറയുന്നില്ല. ചോദ്യകര്‍ത്താവ് കുത്തിക്കുത്തിച്ചോദിക്കുമ്പോഴാണ് അവര്‍ അല്‍പ്പമെങ്കിലും തുറന്നു പറയുന്നത്. ഇത് മധ്യവര്‍ഗത്തിന്റെ കാപട്യത്തെയാണോ കാണിക്കുന്നത്.
= അമ്മമാരായതുകൊണ്ടാണ് ഈ സ്ത്രീകള്‍ക്ക് സിനിമയില്‍ ഇടം കൊടുത്തത്. മാത്രവുമല്ല, അവര്‍ക്ക് പലതും പങ്കുവെക്കാനുമുണ്ട്. അതോടൊപ്പം ഗ്രാമത്തെയും നഗരത്തെയും പ്രതിനിധാനം ചെയ്യുന്ന അമ്മമാരെയാണ് ആവശ്യമുണ്ടായിരുന്നത്. താങ്കള്‍ പറഞ്ഞത് ശരിയാണ്. ഈ വിഷയത്തെക്കുറിച്ച് ക്യാമറയ്ക്ക് മുന്നില്‍ തുറന്നു സംസാരിക്കാന്‍ ഡല്‍ഹിയിലെ സ്ത്രീക്ക് പ്രയാസമുണ്ടായിരുന്നു, മടിയായിരുന്നു. ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും വളരെ കരുതലോടെയാണ് അവര്‍ സംസാരിച്ചത്. അതേസമയം അവരുടെ സംസാരം വളരെ സ്വാഭാവികമായിരുന്നു. ഇക്കാരണത്താലാണ് ശബ്ദത്തിന്റെ പ്രശ്നങ്ങളൊക്കെയുണ്ടായിട്ടും വളരെ മെച്ചമല്ലാതിരുന്നിട്ടും ആ ദൃശ്യങ്ങള്‍ സിനിമയില്‍ ചേര്‍ത്തത്.
ഒരു ഹൈമെനോപ്ളാസ്റ്റി സര്‍ജനെ സിനിമക്കായി ഞാന്‍ ഇന്റര്‍വ്യൂ ചെയ്തിരുന്നു. ഇത് മധ്യവര്‍ഗത്തിന്റെ കാപട്യത്തിന് നല്ല ഉദാഹരണമാണ്. (സാങ്കേതിക കാരണങ്ങളാല്‍ ഈ അഭിമുഖം സിനിമയില്‍ ഉള്‍പ്പെടുത്താനായില്ല). അദ്ദേഹത്തിന്റെ ക്ളിനിക്കില്‍ ശസ്ത്രക്രിയക്ക് എത്തുന്നവര്‍ പ്രധാനമായും മധ്യഉപരി–മധ്യവര്‍ഗ പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്. വിവാഹത്തിന് ഏകദേശം ഒരു മാസം മുമ്പ് രക്ഷിതാക്കള്‍ പെണ്‍കുട്ടിയുമായി ക്ളിനിക്കില്‍ എത്തുന്നു. അവള്‍ ഒരു തെറ്റ് ചെയ്തു. അവള്‍ വിവാഹിതയാവുകയാണ്. ദയവായി തിരുത്തൂ. രക്ഷിതാക്കള്‍ സര്‍ജനോട് അഭ്യര്‍ഥിക്കുന്നു. തിരുത്തുക എന്നാല്‍ കന്യാചര്‍മം പുനഃസ്ഥാപിക്കുന്ന സര്‍ജറി ചെയ്യുക എന്ന് അര്‍ഥം. അടുത്ത പ്രാവശ്യം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ രക്തസ്രാവം ഉണ്ടാകും എന്ന ഉറപ്പ്.
? വിവാഹപൂര്‍വ ലൈംഗിക ബന്ധത്തെ മറച്ചുപിടിക്കാനായി സര്‍ജറി ചെയ്യുന്നതിനെ താങ്കള്‍ എങ്ങനെ കാണുന്നു.
= ഉമ്മവെച്ചാല്‍ ഗര്‍ഭിണിയാകും എന്ന് പണ്ടുകാലത്ത് വിശ്വസിച്ച ഒരാളാണ് ഞാന്‍. ഈ ചിന്ത എന്റെയുള്ളില്‍ എങ്ങനെ കയറിക്കൂടി എന്ന് ഇന്നും പലപ്പോഴും ചിന്തിക്കാറുണ്ട്. ആരോ, എപ്പോഴോ മനസ്സില്‍ കയറ്റിയ ഒരു മിത്ത്! അത് പടര്‍ന്നു പന്തലിച്ച് ചെറുപ്പകാലത്തെപ്പോഴോ ഭയമായി മാറി. വായനയുടെ ഫലമായും പലരുടെയും അനുഭവങ്ങള്‍ കേട്ടും സ്വയം പരീക്ഷിച്ചറിഞ്ഞും ആ മിഥ്യാധാരണ മാറി. ഇന്ന് ഹൈമനോപ്ളാസ്റ്റി സര്‍ജറി ചെയ്യാനായി അണിനിരന്നു നില്‍ക്കുന്നവരില്‍ എന്നിലെ ആ പഴയ അറിവില്ലായ്മയെത്തന്നെയാണ് ഞാന്‍ കാണുന്നത്. ഒരിക്കല്‍ ഈ സിനിമയുടെ പ്രദര്‍ശനത്തിനു ശേഷം ഒരു പെണ്‍കുട്ടി അരികില്‍ വന്ന് വളരെ വൈകാരികമായി സംസാരിച്ചു. ഈ സിനിമയുമായി വളരെയധികം ബന്ധിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു എന്നാണ് അവള്‍ പറഞ്ഞത്. ആ പെണ്‍കുട്ടിയുടെ സഹോദരി ഇപ്പോള്‍ വിവാഹമോചനത്തിന്റെ വക്കിലാണ്. രണ്ടു കുട്ടികളുള്ള അവരെ ഭര്‍ത്താവ് സംശയിക്കുന്നു, ആദ്യരാത്രി അവരുടെ കന്യാചര്‍മം പൊട്ടി രക്തം വന്നിരുന്നില്ല എന്ന ഒരൊറ്റ കാരണത്താല്‍. വിദ്യാസമ്പന്നരായ, നഗരത്തില്‍ ജീവിക്കുന്ന മനുഷ്യര്‍പോലും ഈ മിഥ്യാ ധാരണയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ് എന്ന യാഥാര്‍ഥ്യം എന്നെ ഞെട്ടിച്ചു.
? വളരെ താല്‍പ്പര്യമുണര്‍ത്തുന്നതാണ് സിനിമയുടെ ഘടന. ഒന്ന്, തുടക്കത്തിലും അവസാനഭാഗത്തുമുള്ള മനോഹരമായ അനിമേഷന്‍. രണ്ട്, ആത്മഗതം പോലുള്ള വിവരണം. മൂന്ന്, തിയേറ്ററിന്റെ (നാടകത്തിന്റെ) ഉപയോഗം (പ്രത്യേകിച്ച് പാവകൊണ്ടുള്ള സ്ത്രീരൂപം). നാല്, താരാട്ടിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം. അഞ്ച്, പരസ്യത്തിന്റെ ഉപയോഗം. ഇക്കാര്യം വിശദീകരിക്കാമോ.
= വളരെ വിരസവും അരസികവുമാണ് ഡോക്യുമെന്ററികള്‍ എന്നാണ് നമ്മുടെ ധാരണ. മിക്ക പ്രേക്ഷകരെയും സംബന്ധിച്ച് ഡോക്യുമെന്ററിയെന്നാല്‍ അഭിമുഖങ്ങളും ആര്‍ക്കൈവ് ദൃശ്യങ്ങളും നിറഞ്ഞതാണ്. ഈ ധാരണകളെ എനിക്ക് തകര്‍ക്കണമായിരുന്നു. അതിനായി ഞാന്‍ രൂപത്തെ വ്യത്യസ്തമായി കൈകാര്യം ചെയ്യുകയായിരുന്നു.
എന്റെ കഥ, വീക്ഷണങ്ങള്‍ ശൈലീപരമായി മറ്റു ഭാഗങ്ങളില്‍നിന്ന് വ്യത്യസ്തമായിരിക്കണം എന്നതിനാലാണ് അനിമേഷന്‍ ഉപയോഗിച്ചത്. കേരളത്തില്‍നിന്നുള്ള മിഥുന്‍ മോഹനാണ് അനിമേഷന്‍ ചെയ്തത്. ഞങ്ങള്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. ഞാന്‍ ഡല്‍ഹിയിലും അദ്ദേഹം കേരളത്തിലും. ശൈലി, കഥ, ചിന്തകള്‍, ഓര്‍മകള്‍ എന്നിവയെക്കുറിച്ച് ഞങ്ങള്‍ ദീര്‍ഘമായി ചര്‍ച്ച ചെയ്തു, ഫോണിലൂടെയും ഇന്റര്‍നെറ്റിലൂടെയും. അദ്ദേഹം അതൊക്കെ സ്കെച്ച് ചെയ്തു. ഊഞ്ഞാലുമായുള്ള എന്റെ ബന്ധം. എന്റെ മുടി ചീകിയൊതുക്കുന്ന അമ്മയോടൊപ്പമുള്ള നിമിഷങ്ങള്‍. എന്റെ മനസ്സിലുള്ളതിനെ വളരെ മനോഹരമായി അദ്ദേഹം വരച്ചുണ്ടാക്കി.
സിനിമ സീതയെക്കുറിച്ച് സംസാരിക്കണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതേസമയം ഈ ഭാഗം മാറ്റണമെന്നായിരുന്നു ദൂരദര്‍ശന്റെ ആവശ്യം. കട്കഥ എന്നപാവനാടകം ഞാന്‍ യാദൃശ്ചികമായി ചിത്രീകരിക്കുകയുണ്ടായി. ഇതിന് പലതലങ്ങളുണ്ട്. സ്ത്രീയെ പാവയായും സീതയെ ഇന്നത്തെ സ്ത്രീയായും രാമനെ സമകാലിക സമൂഹമായും ഗവണ്‍മെന്റായും കാണാം. അതുകൊണ്ടാണ് ഈ സീക്വന്‍സിന് ശേഷം കന്യകാത്വ പരിശോധനയുടെ സീക്വന്‍സ് അവതരിപ്പിച്ചത്. ഈ ദൃശ്യങ്ങള്‍ വളരെ താല്‍പ്പര്യമുണര്‍ത്തുന്നതും ശക്തവുമാണ്.
ഹൈമനോപ്ളാസ്റ്റിയെക്കുറിച്ചുള്ള ആ പരസ്യം വലിയ ഓളങ്ങളുണ്ടാക്കി. ഇതേക്കുറിച്ച് ധാരാളം ചര്‍ച്ചകളുണ്ടായി. ഞാന്‍ ഊന്നിയത് ഈ ആശയത്തെ ഇന്ത്യയില്‍ എങ്ങനെ വന്‍തോതില്‍ മാര്‍ക്കറ്റ് ചെയ്യപ്പെടുന്നു എന്നതിലാണ്.
? എന്തിനാണ് സീതയെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാറ്റണമെന്ന് ദൂരദര്‍ശന്‍ ആവശ്യപ്പെട്ടത്.
= സ്ക്രിപ്റ്റിന്റെ ഘട്ടത്തിലായിരുന്നു ഈ നിര്‍ദേശം. സീതയെയും മറ്റ് പുരാണ കഥാപാത്രങ്ങളെയും പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കണമെന്ന് ദൂരദര്‍ശന്‍ ആവശ്യപ്പെട്ടു. ഒരു സ്വതന്ത്ര സിനിമാ സംവിധായിക അല്ലാത്തതിന്റെ (ദൂരദര്‍ശന്‍ ആണല്ലോ സിനിമ നിര്‍മിച്ചത്) ബുദ്ധിമുട്ടുകളില്‍ ഒന്നാണിത്. എന്നാ ല്‍ സിനിമയില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞാന്‍ വാശിപിടിച്ചു. ഈ പ്രൊജക്ടില്‍ ഇടനിലക്കാര്‍ എന്ന് വിശേഷിപ്പിക്കാവുന്ന Public Service Broadcasting Trust (PSBT) ഒരു പോംവഴി നിര്‍ദേശിച്ചു. എല്ലാം ഉച്ചത്തില്‍ വിളിച്ചുകൂവണമെന്നില്ല. പലപ്പോഴും നിശബ്ദമായ പ്രവൃത്തികളായിരിക്കും കൂടുതല്‍ ശക്തം. അങ്ങനെയാണ് സീതയെ പരാമര്‍ശിക്കുന്ന ഭാഗം പാവനാടകത്തിലൂടെ അവതരിപ്പിക്കാന്‍ ഇടയായത്.
? സിനിമയുടെ അവസാനഭാഗത്തെ ദൃശ്യങ്ങള്‍, പച്ചപ്പുല്‍ത്തകിടിയില്‍ ചിതറിക്കിടക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള ആപ്പിളുകളും തുടര്‍ന്നുവരുന്ന അനിമേഷനും. അനിമേഷനില്‍ ആപ്പിള്‍ പറിക്കുന്ന സ്ത്രീരൂപവും തുടര്‍ന്ന്
Virgintiy എന്ന് എഴുതിക്കാണിക്കുന്നതും ലൈംഗികതയെ, കന്യകാത്വത്തെ സംബന്ധിക്കുന്ന ക്രിസ്തീയ പുരാവൃത്തത്തിലേക്ക് നമ്മെ എത്തിക്കുകയാണോ. വിലക്കപ്പെട്ട കനി. ഇതോടെ മൂന്നു പ്രധാന മതവുമായി ബന്ധപ്പെടുത്തി ഈ സങ്കല്‍പ്പങ്ങളെ കാണാന്‍ ശ്രമിക്കുകയാണോ.
= സിനിമയുടെ പ്രദര്‍ശനത്തിനു ശേഷം പ്രേക്ഷകരോട് സംസാരിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് കന്യകാത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ജനങ്ങളുടെ മനസ്സില്‍ കടന്നുവരുന്ന ദൃശ്യങ്ങളും ചിന്തകളും ഇത്തരത്തിലാണെന്നാണ്. ശരിയാണ്, ഇരുപത്തിയാറ് മിനിറ്റിനുള്ളില്‍ ഇക്കാര്യം വിശദമായി അവതരിപ്പിക്കുക സാധ്യമല്ലാത്തതിനാല്‍ ഇത്തരം ധാരണകളിലേക്ക് ഒന്ന് എത്തിനോക്കാന്‍ മാത്രമാണ് ഞാന്‍ ശ്രമിച്ചത്.
ചുവന്ന ആപ്പിളുകളുടെ സന്ദര്‍ഭത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ട്. അര്‍മേനിയയില്‍ വധു കന്യകയാണോ എന്ന് തീരുമാനിക്കുന്നത് ആദ്യരാത്രിയുടെ പിറ്റേന്നത്തെ പ്രഭാതത്തില്‍ കിടക്കവിരിയിലെ രക്തക്കറ പരിശോധിച്ചാണ്. കിടക്കവിരി എല്ലാവര്‍ക്കും കാണാനായി തൂക്കിയിടാറാണ് പതിവ്. നിരീക്ഷണത്തിനു ശേഷം വരന്റെ ബന്ധുക്കള്‍ തൃപ്തരായാല്‍ അവര്‍ വധുവിന്റെ മാതാപിതാക്കള്‍ക്ക് ഒരു സ്ഫടികപ്പാത്രത്തില്‍ ചുവന്ന ആപ്പിളുകള്‍ കൊടുത്തയക്കും. അങ്ങനെ ചുവന്ന ആപ്പിള്‍ കന്യാത്വത്തിന്റെ പ്രതീകമായി മാറി. ഒരു അന്താരാഷ്ട്ര വനിതാദിനത്തില്‍ അര്‍മേനിയയിലെ സ്ത്രീ സംഘടനകള്‍ ചേര്‍ന്ന് ഈ സങ്കല്‍പ്പത്തിനെതിരെ ചുവന്ന ആപ്പിളിന്റെ പ്രതീകാത്മകമായ ശവസംസ്കാരം നടത്തി പ്രതിഷേധിച്ചു. പ്രതിഷേധിക്കാന്‍ ഏതാനും പുരുഷന്മാരും ഉണ്ടായിരുന്നു. അവര്‍ പോസ്റ്ററുകളും പ്ളക്കാര്‍ഡുകളുമായി അര്‍മേനിയയുടെ തലസ്ഥാനമായ യെരെവാനിലൂടെ പ്രകടനം നടത്തി. ഇവിടെമാത്രമാണ് കന്യകാത്വത്തെ സംബന്ധിക്കുന്ന മിത്തുകള്‍ക്കെതിരെയുള്ള കൂട്ടായ്മയെക്കുറിച്ച് ഞാന്‍ വായിച്ചത്. ഈ പ്രതിഷേധത്തെ അഭിനന്ദിച്ചുകൊണ്ട് എനിക്ക് സിനിമ അവസാനിപ്പിക്കണമായിരുന്നു.
?കന്യകാത്വം സ്ത്രീക്കുമാത്രം ബാധകമാണെന്നും പുരുഷന് ബാധകമല്ലെന്നും ഈ വാക്കിന് പുല്ലിംഗമില്ലെന്നും സാറാ ജോസഫിന്റെ കഥയില്‍നിന്നുള്ള ഭാഗങ്ങള്‍ അടിവരയിട്ട് വ്യക്തമാക്കുന്നു. ഇതുപോലെയുള്ള മറ്റൊരു സങ്കല്‍പ്പമാണ്, സ്ത്രീയുടെ നടത്തത്തില്‍നിന്ന് അവള്‍ കന്യകയാണോ എന്ന് തിരിച്ചറിയാന്‍ കഴിയും എന്നത്. അപ്പോള്‍ പുരുഷന്റെ കാര്യത്തിലും ഇത് ബാധകമാണോ എന്ന ചോദ്യം സിനിമ ഉയര്‍ത്തുന്നുണ്ട്. (ആധുനിക വസ്ത്രധാരിണികളായ സ്ത്രീകളുടെ ഇയര്‍ ഫോണില്‍ പാട്ട് കേട്ടുകൊണ്ടുള്ള നടത്തം സിനിമയില്‍ വിശദമായി കാണിക്കുന്നുണ്ട്).
= എനിക്ക് പറയാനുള്ളത് ഇതായിരുന്നു: സ്ത്രീയുടെ നടത്തത്തില്‍നിന്ന് അവള്‍ കന്യകയാണോ എന്ന് തിരിച്ചറിയാം എന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ? എങ്കില്‍ ഈ സീക്വന്‍സിലൂടെ ഞാന്‍ നിങ്ങള്‍ക്ക് ഒരവസരം തരികയാണ്. പല രീതിയില്‍ നടക്കുന്ന നിരവധി സ്ത്രീകളില്‍നിന്ന് കന്യകാത്വം നഷ്ടപ്പെടാത്ത സ്ത്രീകളെ കണ്ടുപിടിക്കാന്‍. രൂക്ഷ പരിഹാസത്തോടെയാണ് ഈ ദൃശ്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഈ സീക്വന്‍സ് കാണുമ്പോള്‍ ചിലര്‍ ചിരിച്ചേക്കാം. സിനിമയിലെ ഓരോ ഷോട്ടിനെയും സംബന്ധിച്ച് എനിക്ക് എന്റേതായ വ്യാഖ്യാനങ്ങളുണ്ട്. അതേസമയം പ്രേക്ഷകരും അതുപോലെത്തന്നെ ചിന്തിക്കണമെന്ന് പ്രതീക്ഷിച്ചുകൂടല്ലോ. പുസ്തകത്തെപ്പോലെ സിനിമയും ചിലപ്പോള്‍ എല്ലാവര്‍ക്കും അവരവരുടേതായ രീതിയില്‍ ദൃശ്യത്തെയും ശബ്ദത്തെയും വ്യാഖ്യാനിക്കാന്‍ അവസരം കൊടുക്കുന്നു എന്നത് ഈ മാധ്യമത്തിന്റെ ശക്തിയും സൌന്ദര്യവുമാണ്.
**********

'പിഞ്ച് ഓഫ് സാള്‍ട്ടി'ന്റെ ചിത്രീകരണത്തിനിടെ പ്രിയയും (വലത്ത്) സംഘവും
കോഴിക്കോട്ടുകാരിയായ പ്രിയ തിരുവനന്തപുരത്തെ മാര്‍ ഇവാനിയോസ് കോളേജിലും ജാമിയ മിലിയ യൂണിവേഴ്സിറ്റിയിലുമായി മാസ് കമ്യൂണിക്കേഷനില്‍ ബിരുദം നേടി. പഠനത്തിന്റെ ഭാഗമായി ഇവാനിയോസ് കോളേജില്‍വച്ച് 'സുവര്‍ണ രേഖകള്‍ക്കപ്പുറം' എന്ന ഡോക്യുമെന്ററിയും, ജാമിയയില്‍വെച്ച്
Khanabadosh എന്ന ഡോക്യുമെന്ററിയും സംവിധാനം ചെയ്തു. ഈ സിനിമകളും പല മേളകളിലും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഡല്‍ഹിയില്‍ താമസിക്കുന്ന പ്രിയ എന്‍ഡിടിവി പോലുള്ള ചാനലുകളിലും മറ്റും പലനിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ പുതിയ ഡോക്യുമെന്ററിയുടെ പണിപ്പുരയിലാണ്.
–ചിത്രീകരണത്തിന്റെ കാര്യത്തില്‍ വളരെ വെല്ലുവിളികള്‍ നിറഞ്ഞ സിനിമയാണ്
'A Pinch of Salt' എന്ന് നാമകരണം ചെയ്ത പുതിയ ഡോക്യുമെന്ററി. ഗുജറാത്തിലെ കച്ച് മരുഭൂമിയിലാണ് പൂര്‍ണമായും ചിത്രീകരിച്ചത്. ഉപ്പ് കുറുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ട അഗരിയ ജനവിഭാഗത്തിലെ സ്ത്രീകളെക്കുറിച്ചാണ് സിനിമ. ഒരു സീസണില്‍, അതായത് എട്ട് മാസക്കാലയളവില്‍, മൂന്നു ഘട്ടങ്ങളായാണ് ഉപ്പുണ്ടാക്കുക. ഈ പ്രക്രിയയും ഈ ജോലിയില്‍ ഏര്‍പ്പെട്ട സ്ത്രീകളുടെ ജീവിതവുമാണ് ഡോക്യുമെന്ററി. പ്രധാനപ്പെട്ട ഒരു കാര്യം, സ്ത്രീകള്‍ മാത്രമാണ് സിനിമയുടെ പിന്നണിയില്‍. ക്യാമറ, ശബ്ദം എല്ലാം കൈകാര്യം ചെയ്യുന്നത് സ്ത്രീകള്‍. സ്ത്രീകളെക്കുറിച്ച് സ്ത്രീകളുടെ സിനിമ. അടുത്തവര്‍ഷം മെയ് മാസത്തോടുകൂടി സിനിമ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രിയയുടെ വിശ്വാസം .
(ദേശാഭിമാനി വാരികയില്‍ നിന്ന്)
ചിത്രം ഇവിടെ കാണാം
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..