26 March Sunday

മടിച്ചുനില്‍ക്കേണ്ട ... ശീലമാക്കാം ആര്‍ത്തവ കപ്പുകള്‍

ബിന്ദു പി വി Updated: Wednesday Oct 11, 2017

ആര്‍ത്തവദിനങ്ങളില്‍ സാനിറ്ററി പാഡുകളും ടാബൂണുകളും നല്‍കിയിരുന്ന സേവനം ഇനിയൊരു കപ്പിലൊതുക്കാം. അതെ മെനസ്ട്രല്‍ കപ്പുകളെന്ന ആര്‍ത്തവ കപ്പുകള്‍തന്നെ . ഒന്നു മടിച്ചുവെങ്കിലും  മലയാളി സ്ത്രീകളും മെനസ്ട്രല്‍ കപ്പുകളിലേക്ക് വഴിമാറി തുടങ്ങിയിരിക്കുന്നു.  പ്രധാനനഗരങ്ങളിലെ വലിയ മെഡിക്കല്‍ സ്റ്റോറുകളില്‍  മെനസ്ട്രല്‍ കപ്പുകളും ഇടംപിടിച്ചതിനു പിന്നിലും ആ മാറ്റമാണ്. സംശയിക്കേണ്ട പാഡുകള്‍ക്കും ടാമ്പൂണുകള്‍ക്കും പകരം  നല്ലൊരും  ബദലാണ് ഈ ആര്‍ത്തവകപ്പുകള്‍. ഒപ്പം പരിസ്ഥിതി സൌഹൃദവും. ഉപയോഗത്തെ കുറിച്ചുള്ള അജ്ഞതയായിരുന്നു ആര്‍ത്തവകപ്പുകളെ സ്വീകരിക്കാന്‍  മടിച്ചിരുന്നതിന് പിന്നില്‍ .  എന്നാല്‍ സംഭവം തീര്‍ത്തും സിമ്പിളാണ്. പരമ്പരാഗത രീതികളെക്കാള്‍ ശുചിത്വം ഉറപ്പുവരുത്തുന്ന ഇവ ആരോഗ്യത്തിന് ഹാനികരമല്ലെന്ന് ആരോഗ്യവിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.നമ്മളിതേ കുറിച്ച് കേട്ടുവരുന്നു എന്നേയുള്ളൂ . 1930കളില്‍തന്നെ യൂറോപ്പില്‍ ഇവ പ്രചാരത്തിലുണ്ടായിരുന്നു.
                         

എന്താണ് മെനസ്ട്രല്‍ കപ്പ്
യോനിക്കുള്ളിലേക്ക് കടത്തിവെച്ച്  ആര്‍ത്തവരക്തം ശേഖരിക്കുന്ന, കഴുകി വീണ്ടും വീണ്ടും ഉപയോഗിക്കാവുന്ന സിലിക്കോണോ ലാറ്റസ്സോ കൊണ്ട് നിര്‍മ്മിച്ചവയാണ്  മെനസ്ട്രല്‍ കപ്പുകള്‍. തിരിച്ചുപിടിച്ചിരിക്കുന്ന ഒരു മണിയുടെ രൂപത്തിലുള്ള വളയ്ക്കാന്‍ കഴിയുന്ന ഇവ കഴുകി വൃത്തിയാക്കി വീണ്ടും വീണ്ടും ഉപയോഗിക്കാമെന്നതും ഇതിന്റെ മേന്‍മയാണ്.  ചെറിയ പരിശീലനമുണ്ടെങ്കില്‍ ആര്‍ക്കും വളരെ എളുപ്പത്തില്‍ ഇതുപയോഗിക്കാം.

12 മണിക്കൂര്‍ വരെ പ്രയോജപ്പെടുന്നവയായതിനാല്‍ ഇടക്കിടെ പാഡ് മാറ്റേണ്ടി വരുന്നതിന്റെ ബുദ്ധിമുട്ടും ഇല്ല. സാനിറ്ററി പാഡുകളില്‍ ആര്‍ത്തവ രക്തം ആഗിരണം ചെയ്യുന്നതിന് പകരം ആര്‍ത്തവകപ്പില്‍ അവ ശേഖരിക്കുകയാണ്  ചെയ്യുന്നത്. ആര്‍ത്തവം തുടങ്ങുമ്പോള്‍ ഈ കപ്പ് മടക്കി യോനിക്കുള്ളില്‍ വെക്കാം. ആറുമണിക്കുറോ എട്ടുമണിക്കൂറോ  പിന്നിടുമ്പോള്‍ ഇവ ഊരിയെടുത്ത് രക്തം പുറത്തുകളഞ്ഞ് കഴുകി വൃത്തിയാക്കി വീണ്ടും യോനിക്കുള്ളില്‍ കടത്തിവെയ്ക്കാം.  കപ്പിന്റെ താഴത്തെ തണ്ട് പോലുള്ള അഗ്രത്തില്‍ വലിച്ചതിനു ശേഷം അമര്‍ത്തി ഇത് പുറത്തു എടുക്കാവുന്നതാണ് . ആദ്യം ഉപയോഗിക്കുമ്പോള്‍ അല്‍പം പരിശീലനം വേണമെന്നുമാത്രം.
ഓരോ ആര്‍ത്തവ ചക്രത്തിനു ശേഷവും  തിളപ്പിച്ച വെള്ളത്തിലിട്ടു അണുവിമുക്തമാക്കി വീണ്ടും ഉപയോഗത്തിനായി സൂക്ഷിച്ചു വെക്കാം.

പത്ത് വര്‍ഷം വരെ ഒരു കപ്പ്തന്നെ ഉപയോഗിക്കാമെന്നതും മെച്ചമാണ്. പാഡ് പോലുള്ളവ ഉപയോഗശേഷം കളയുന്നതിനുള്ള  പ്രായോഗിക ബുദ്ധിമുട്ട് ഇതിനില്ല. ദീര്‍ഘദൂര യാത്രകളിലും പൊതുസ്ഥലങ്ങളിലും പാഡുമാറ്റുന്നതിന്റെ വിഷമതയറിയാതെ സുഖമായിരിക്കാം.പലയിടത്തും ശുചിമുറികള്‍ ഉണ്ടെങ്കിലും പാഡുകള്‍ കളയാനുള്ള സംവിധാനം ഉണ്ടാകുകയില്ല. നിലവില്‍ ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ അടുക്കള മാലിന്യത്തിനൊപ്പമാണ് പാഡുകളും കളയുന്നത്. അതിനെല്ലാം പരിഹാരമാണ് മെനസ്ട്രല്‍ കപ്പുകള്‍.

അമിത ആര്‍ത്തവമുള്ളവര്‍ക്കാണ് മെനസ്ട്രല്‍ കപ്പുകള്‍ കൂടുതല്‍ പ്രയോജനപ്പെടുക.പാഡുകള്‍ ആഗിരണം ചെയ്യുന്നതിനേക്കാള്‍ ഇരട്ടിയിലധികം രക്തം ഇതില്‍ ശേഖരിക്കാം. അന്തരീക്ഷ വായുവുമായി സമ്പര്‍ക്കമില്ലാത്തതിനാല്‍ ദുര്‍ഗന്ധത്തിനും സാധ്യതയില്ല. യോനിക്കുള്ളില്‍ കടത്തിവെക്കുന്ന ടാമ്പൂണുകള്‍ പോലുള്ളവ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അണുബാധകള്‍ക്കും ഇതുപയോഗിക്കുമ്പോള്‍ സാധ്യത കുറവാണ്.മെനസ്ട്രല്‍ കപ്പുകള്‍ പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി  ഇത് വരെ ആധികാരികമായി കണ്ടെത്തിയിട്ടില്ല. എങ്കിലും കോപ്പര്‍ ടി പോലുള്ള ഗര്‍ഭ നിരോധനമാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുള്ളവര്‍ മെനസ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം. ആര്‍ത്തവ കപ്പുകള്‍ യോനിക്കുള്ളിലേക്ക് കടത്തുമ്പോള്‍ കോപ്പര്‍ ടി ക്ക് സ്ഥാനഭ്രംശം വരാന്‍ സാധ്യതയുണ്ട്. അതുപോലെ അനുയോജ്യമായ വലിപ്പത്തിലുള്ളവ തെരഞ്ഞെടുക്കുകയും വേണം. പല വലുപ്പത്തിലുമുള്ള കപ്പുകള്‍ വിപണിയില്‍ ലഭ്യമാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും നാപ്കിനുകള്‍ നശിപ്പിക്കാന്‍ സാധിക്കാത്തത് വലിയ പ്രശ്നമായിരുന്നു. ഒപ്പം ഗുരുതര പാരിസ്ഥിതിക പ്രശ്നവും.ഇതിനൊരു പരിഹാരമാണ് ആര്‍ത്തവ കപ്പുകള്‍.  എല്ലാ ജില്ലകളിലും ആവശ്യക്കാരുണ്ടെങ്കിലും എറണാകുളം, തിരുവനന്തപുരം  ജില്ലകളിലാണ് ഇവയ്ക്ക് ആവശ്യക്കാരേറെ. കൂടുതലായും ഓണ്‍ലൈന്‍ വിപണികളില്‍നിന്നാണ് ലഭ്യമാകുന്നത്. കൂടുതലും വിവാഹിതരും പ്രസവം കഴിഞ്ഞവരുമാണ് ഈ കപ്പുകള്‍ ഉപയോഗിച്ചു നോക്കുന്നത്. വിദേശങ്ങളിലെ പോലെ കൌമാരക്കാര്‍ ഇവിടെ ഇത് ഉപയോഗിച്ചു തുടങ്ങിയിട്ടില്ല.

ആദ്യം ഉപയോഗിക്കുമ്പോള്‍ അല്‍പം പരിശീലനം ആവശ്യമുണ്ടെന്നേയുള്ളൂ. മെനസ്ട്രല്‍ കപ്പ് യോനിക്കുള്ളില്‍ കടത്തിവെക്കുമ്പോഴും അവ പുറത്തെടുക്കുമ്പോഴും കൈകള്‍ വൃത്തിയായി കഴുകിയിരിക്കണം.  ദീര്‍ഘകാല ഉപയോഗം കണക്കിലെടുത്താല്‍ സാനിറ്ററി പാഡുകളെക്കാള്‍ ലാഭകരവുമാണ്.

ഇവിടെയുമുണ്ട് "വി കപ്പി"നൊരിടം

മെനസ്ട്രല്‍ കപ്പുകളെ കുറിച്ച് സമൂഹം കൂടുതലായി അറിഞ്ഞുവരുന്നതേയുള്ളൂവെങ്കിലും രശ്മി രാജഷ്േ അതിന്റെ സാധ്യത നേരത്തെ തിരിച്ചറിഞ്ഞു. നാലുവര്‍ഷംമുമ്പ് എര്‍ത്ത്കെയര്‍ സൊലൂഷ്യന്‍സിന്റെ പുതിയ ഉല്‍പ്പന്നമായി വി കപ്പ് നിര്‍മ്മിക്കുവാന്‍ ഇറങ്ങിതിരിച്ചതും അതുകൊണ്ടാണ്. ഇന്നും മെനസ്ട്രല്‍  കപ്പുകളുടെ കേരളത്തിലെ ഏക ഉല്‍പാദകരും തൃശൂര്‍ ആസഥാനമായുള്ള എര്‍ത്ത് കെയര്‍ സൊലൂഷ്യന്‍സ് ആണ്. 2014ലാണ് ആദ്യമായി വി കപ്പ് എന്ന പേരില്‍ ആര്‍ത്തവ കപ്പുകള്‍ പുറത്തിറക്കിയത്.

പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന വസ്തുകള്‍ക്ക് ബദലൊരുക്കുന്ന സ്ഥാപനമാണ് എര്‍ത്ത്കെയര്‍. സാനിറ്റഡി പാഡുകളുടെ പുറന്തള്ളലിലൂടെ ഉണ്ടാകുന്ന മലിനീകരണം എങ്ങിനെ കുറയ്ക്കാമെന്ന ആലോചനയാണ് രശ്മിയേയും സുഹൃത്തുക്കളേയും മെനസ്ട്രല്‍ കപ്പിലേക്കെത്തിക്കുന്നത്. അതിനായി ആദ്യം പുറത്തുനിന്നും മെനസ്ട്രല്‍ കപ്പുകള്‍ വരുത്തി ഉപയോഗിച്ചു നോക്കി. ഏറെ സൌകര്യമാണെന്ന് കണ്ടതോടെ അവയുടെ ഉല്‍പാദനത്തിലേക്ക് കടക്കുകയായിരുന്നു.

ഉല്‍പാദനം തുടങ്ങിയ ആദ്യനാളുകളില്‍ ആവശ്യക്കാര്‍ വളരെ കുറവായിരുന്നുവെന്നും ഇപ്പോള്‍ കൂടുതല്‍പേര്‍ വി കപ്പ് അന്വേഷിച്ച് എത്തുന്നുണ്ടെന്നും കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ കൂടിയായ രശ്മി പറഞ്ഞു. മുംബൈയിലാണ് വി കപ്പ് നിര്‍മ്മിക്കുന്നത്. പോളണ്ടാണ് വി കപ്പിന്റെ പ്രധാന വിപണി. vcup.co.in എന്ന വെബ്സൈറ്റില്‍ ബന്ധപെട്ടാല്‍ ഓണ്‍ലൈനായി വി കപ്പ് വാങ്ങാം.

മാലിന്യ സംസ്ക്കരണത്തിനായി  വീടുകളില്‍ ഉപയോഗിക്കുന്ന വെര്‍മി കമ്പോസ്റ്റിങ് എന്നിവയടക്കം നിരവധി ഉല്‍പ്പന്നങ്ങള്‍ എര്‍ത്ത് കെയര്‍ നിര്‍മ്മിക്കുന്നുണ്ട്.
രശ്മിക്കൊപ്പം ഭര്‍ത്താവ് രാജേഷ് പാര്‍ട്ട്ണര്‍മാരായ മുകുന്ദന്‍ എം, പ്രവീണ്‍ മരണാട്ട്, രോഹിത് ജി എം എന്നിവരാണ് എര്‍ത്ത് കെയറിന്റെ പിന്നിലുളളത്.

bindulalji@gmail.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top