30 March Thursday

മെഹ്ഫില്‍ പാടി ഹൃദയങ്ങളില്‍ ചേക്കേറി

സി വി രാജീവ്‌ / cv.rajeev@gmail.comUpdated: Sunday Jul 3, 2022

‘‘ഇരുലോകം ജയമണി നബിയുള്ള...’’പാട്ടോർമയുടെ ചെപ്പിൽ താളമേളങ്ങൾക്കൊപ്പം നിറയുകയാണ്‌ മധുരസ്വരം.  ഈണങ്ങൾപോലും ആദരിക്കുന്ന ജീവിതപ്പാതയിലേക്ക്‌ വീണ്ടും നടക്കുമ്പോൾ റംലാബീഗം പറയുന്നു–-‘‘വളരെയധികം സന്തുഷ്ടയാണ്‌. തിരിഞ്ഞുനോക്കുമ്പോൾ നിരാശയില്ല.’’ കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടുകളിലൂടെയും ആസ്വാദകമനസ്സുകളിൽ ചിരപ്രതിഷ്‌ഠ നേടിയ റംലുമ്മ ഇപ്പോൾ വിശ്രമത്തിലാണ്‌.

 സമുദായനേതാക്കളുടെ വിലക്ക്‌

റംലാബീഗം അടയാളപ്പെടുത്തിയത്‌ വേറിട്ട ചരിത്രം. മുസ്ലിംസ്‌ത്രീ വേദികളിൽ കലാപരിപാടി അവതരിപ്പിക്കരുതെന്ന മതപണ്ഡിതരുടെ തീട്ടൂരത്തെ ഭയക്കാതെയായിരുന്നു യാത്ര. കഥാപ്രസംഗം അവതരിപ്പിച്ചാൽ കൊല്ലുമെന്ന്‌ ഭീഷണിയുണ്ടായി. ആവിഷ്‌കാരത്തിനും കലയ്‌ക്കും തടയിടാനുള്ള നീക്കങ്ങൾ പുതിയ രൂപത്തിൽ അരങ്ങേറുമ്പോൾ റംലാബീഗവും ഭർത്താവ്‌ അബ്ദുൾസലാമും അന്ന്‌ പ്രകടിപ്പിച്ച നിശ്ചയദാർഢ്യത്തിന്‌ ഇന്നും പ്രസക്തിയേറെ. വേദികളെ കീഴടക്കിയ ആ സർഗസപര്യക്ക്‌ കാലം അടയാളമിടുന്നത്‌ 75 വർഷം. ഹൃദ്‌രോഗം ഉൾപ്പെടെയുള്ള അസുഖങ്ങൾ ബുദ്ധിമുട്ടിക്കുന്നു. പാടുമ്പോഴേക്കും കിതപ്പ്‌.

ആലപ്പുഴയിലെ ആസാദ്‌ ക്ലബ്‌


ആലപ്പുഴയാണ്‌ റംലാബീഗത്തിന്റെ ജന്മദേശം. ഏഴുവയസ്സുമുതൽ ആലപ്പുഴയിൽ അമ്മാവൻ സത്താർ ഖാന്റെ ആസാദ്‌ മ്യൂസിക്‌ ക്ലബ്ബിലെ പ്രധാന ഗായികയായിരുന്നു. പട്ടാണി കുടുംബത്തിലായതിനാൽ ഹിന്ദിയായിരുന്നു പ്രിയഭാഷ. ചെറുപ്പത്തിൽ പാടിയതേറെയും ഹിന്ദി. കല്യാണശേഷം 1963 മുതലാണ്‌ കഥാപ്രസംഗത്തിലേക്കും മാപ്പിളപ്പാട്ടിലേക്കും വരുന്നത്‌. കാഥികൻ വി സാംബശിവന്റെ തബലിസ്റ്റായിരുന്ന അബ്ദുൾസലാമായിരുന്നു ഭർത്താവ്‌. (മരിച്ചിട്ട്‌ 35 വർഷമായി). അദ്ദേഹമാണ്‌ റംലയെ മലയാളവും കഥാപ്രസംഗവും മാപ്പിളപ്പാട്ടുമെല്ലാം പഠിപ്പിച്ചത്‌. ഇതുവരെ 23 കഥാപ്രസംഗം അവതരിപ്പിച്ചു. ഇസ്ലാമിക ചരിത്രമായിരുന്നു 20 എണ്ണവും. കേശവദേവിന്റെ ഓടയിൽനിന്ന്‌, കാളിദാസന്റെ ശാകുന്തളം, കുമാരനാശാന്റെ നളിനി എന്നിവയും കഥാപ്രസംഗമായി അവതരിപ്പിച്ചു.  അഞ്ഞൂറോളം ഓഡിയോ കാസറ്റിലും 35 എച്ച്‌എംവി റെക്കോഡിലും പാടി.

കൊടുങ്കാറ്റ്‌


മുസ്ലിംസ്‌ത്രീ കഥാപ്രസംഗം നടത്തുന്നത്‌ അംഗീകരിക്കാൻ 1970കളിൽ സമുദായനേതാക്കൾക്കായില്ല. മതപണ്ഡിതൻമാർ റംലയുടെ വേദികളെ എതിർത്തു. ‘പൊതുരംഗത്ത്‌ ഇറങ്ങുന്നവരെ എറിഞ്ഞുകൊല്ലണം–- അതായിരുന്നു അവരുടെ ഫത്‌വ.
കണ്ണൂർ ചൊവ്വയിലായിരുന്നു ആദ്യ സംഭവം–- 1976ൽ. ‘കർബലയിലെ രക്തക്കളം’ കഥയായിരുന്നു നിശ്ചയിച്ചത്‌. ടിക്കറ്റുള്ള പരിപാടിയായിരുന്നു. ഒരുകാരണവശാലും പരിപാടി അവതരിപ്പിക്കരുതെന്ന്‌ മതപണ്ഡിതർ നിർബന്ധംപിടിച്ചു. ആലപ്പുഴയിൽനിന്നു വരുന്ന റംലാബീഗത്തെ എറിഞ്ഞുകൊല്ലണമെന്നുവരെ ആഹ്വാനമുണ്ടായി. കണ്ണൂരിൽ താമസിക്കുന്ന ഹോട്ടലിലെത്തി കുറച്ചാളുകൾ ഭീഷണി മുഴക്കി–--‘‘പരിപാടി നടത്താൻ പറ്റില്ല. റംലാബീഗത്തിന്റെ രക്തക്കളമായിരിക്കും അവിടെ’’ എന്നുവരെ. ഭർത്താവ്‌ ഇടപെട്ട്‌ കഥ അവതരിപ്പിക്കാൻ തീരുമാനിച്ചു. പൊലീസ്‌ അകമ്പടിയോടെയാണ്‌ വേദിയിൽ എത്തിയത്‌. കഥ അൽപ്പം മുന്നോട്ടുപോയപ്പോൾ ആളുകൾ ടിക്കറ്റെടുത്ത്‌ കയറാൻ തുടങ്ങി. അരമണിക്കൂറിനകം സദസ്സ്‌ നിറഞ്ഞു. പിന്നീട്‌ എതിർത്ത ആളുകൾ വന്ന്‌ മാപ്പുപറഞ്ഞു. പിന്നീട്‌ നാലുദിവസം അവിടെ സമീപത്തായി നിരവധി വേദി  കിട്ടി.
അതിനുശേഷം കോഴിക്കോട്‌ കൊടുവള്ളിയിലും സമാന സംഭവമുണ്ടായി. പഞ്ചായത്ത്‌ റോഡ്‌ ടാറിടാനുള്ള ധനശേഖരണാർഥമായിരുന്നു ബദ്‌റുൽ മുനീർ, ഹുസ്‌നുൽ ജമാൽ കഥാപ്രസംഗം. പ്രോഗ്രാം നിർത്തിപ്പോകണമെന്ന്‌ ആക്രോശം. ‘ഇസ്ലാമിനെ താറടിക്കാനോ, അതോ റോഡ്‌ ടാറിടാനോ’ എന്ന്‌ നോട്ടീസും ഇറക്കി. പരിപാടി കഴിഞ്ഞപ്പോൾ ആളുകൾ വന്ന്‌ മാപ്പുചോദിച്ചു. മുസ്ലിംസ്‌ത്രീ പൊതുരംഗത്തിറങ്ങിയത്‌ ആയിരുന്നു അവരുടെയൊക്കെ പ്രശ്‌നം.

ഇ എം എസ്‌

ഇ എം എസ്‌ മുഖ്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രസംഗത്തിനുശേഷം മുംബൈയിൽ കഥാപ്രസംഗം അവതരിപ്പിച്ചു.‘ഓടയിൽനിന്ന്‌’ ആയിരുന്നു കഥ. അന്ന്‌ ഇം എം എസ്‌ വലിയ പ്രോത്സാഹനമേകി. അദ്ദേഹം കഥാപ്രസംഗം കേട്ടു. സമുദായത്തിൽനിന്നുള്ള എതിർപ്പ്‌ അദ്ദേഹത്തോടു സംസാരിക്കുമ്പോൾ ‘‘അതൊന്നും പ്രശ്‌നമില്ല, മുന്നോട്ടുപോകൂ–-’’ എന്ന്‌ ധൈര്യം തന്നു. മുൻമുഖ്യമന്ത്രി സി എച്ച്‌ മുഹമ്മദ്‌കോയയും പ്രോത്സാഹനമേകി. 1971ൽ 22–-ാം വയസ്സിൽ സിംഗപ്പുർ, മലേഷ്യ എന്നിവിടങ്ങളിൽ വേദികൾ കിട്ടി. 1972 മുതൽ ഗൾഫ്‌ നാടുകളിൽ സ്ഥിരം പോകുമായിരുന്നു.

മലബാറിന്റെ മൊഞ്ചിലേക്ക്‌

ഉമ്മയുടെ നാട് കോഴിക്കോട്‌ ഫറോക്ക്‌ പേട്ടയാണ്‌. മലബാറിൽ ആദ്യം പരിപാടിക്ക്‌ വരുന്നത്‌ കോഴിക്കോട്‌ പരപ്പിൽ സ്‌കൂളിലേക്കാണ്‌. അന്ന്‌ ബാബുരാജിനെ പരിചയപ്പെട്ടു. ബാബുരാജിന്റെ മെഹ്‌ഫിൽ കൂട്ടായ്‌മകളിലും പാടിയിട്ടുണ്ട്‌. പിന്നീട്‌ വി എം കുട്ടിയുടെ ട്രൂപ്പിലും സ്ഥിരമായി. അങ്ങനെ ആലപ്പുഴക്കാരി മലബാറിന്റെ ഹൃദയങ്ങളിൽ ചേക്കേറി. 2005 മുതൽ കോഴിക്കോട്ട്‌ താമസമാക്കി. ഇപ്പോൾ കാക്കഞ്ചേരിക്കടുത്ത്‌ പള്ളിക്കൽ ബസാറിൽ മകൾ റസിയാബീഗത്തിനൊപ്പമാണ്‌ താമസം. കോവിഡ്‌ വ്യാപനശേഷം പൊതുവേദികളിൽ പോകാറില്ല. കലാകാരൻമാർക്ക്‌ താങ്ങാകുന്ന സർക്കാരിന്റെ സഹായം കിട്ടുമെന്ന പ്രതീക്ഷയിലാണ്‌ ഇവർ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top