02 June Friday

മിഴാവിന്റെ താളത്തിൽ, മാർഗിയുടെ തണലിൽ

ജിഷ അഭിനയUpdated: Tuesday Sep 25, 2018

ആത്മസമർപ്പണമാണ്‌ കലയുടെ ആദ്യപാഠമെന്ന്‌ തെളിയിച്ച കലാകാരിയാണ്‌ മാർഗി ഉഷ.  ഒരു ജീവിതം മുഴുവൻ അവർ കൂടിയാട്ടത്തിനു സമർപ്പിച്ചു. ഗുരുക്കന്മാരുടെ അനുഗ്രഹവും ഒരു പിടി ശിഷ്യസമ്പത്തും കൈമുതലാക്കി അവർ  തന്റെ യാത്ര തുടരുന്നു.
അരങ്ങിലെ നിലവിളക്കിന്റെ മൂന്നുതിരിവെട്ടത്തിൽ കുലവാഴയും കുരുത്തോലയും പട്ടും കരിക്കിൻകുലയും മനസ്സിൽ നിറം പകരുമ്പോൾ മിഴാവിന്റെ താളത്തിൽ ‘അഭിനയത്തിന്റെ അമ്മ’ യുടെ പകർന്നാട്ടത്തിന്‌ തുടക്കമാകുന്നു. മാർഗി ഉഷ. തൃശൂർ ചെറുതുരുത്തി വള്ളത്തോൾ നഗറിലാണ്‌ ജനനം. പരേതരായ ശങ്കരക്കുറുപ്പിേന്റയും കല്യാണിക്കുറുപ്പിന്റേയും മകൾ. കുട്ടിക്കാലമത്രയും കേട്ടുവളർന്നത്‌ കലാമണ്ഡലത്തിൽ നിന്നുള്ള താളമേളങ്ങൾ. ചെറുതുരുത്തി സ്‌കൂളിലെ പഠന കാലത്ത്‌ നൃത്തയിനങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. പത്താം ക്ലാസ്‌ കഴിഞ്ഞയുടൻ കലാമണ്ഡലത്തിലെ അധ്യാപകനായ പി കെ നാരായണൻ നമ്പ്യാർ ആശാനാണ്‌  ഉഷയോട്‌ കലാമണ്ഡലത്തിൽ കൂടിയാട്ട പഠനത്തിനായി നിർദ്ദേശിച്ചത്‌.

മാർഗിയിലേക്ക്‌

കലാമണ്ഡലത്തിലെ പഠനശേഷം മാർഗി സതിയാണ്‌ മാർഗിയിലെ കലാകാരിയായി വരാൻ ക്ഷണിച്ചത്‌. ‘മായാസീതാങ്കം’ അവതരണത്തിലെ ഒരു കലാകാരിക്ക്‌ പകരമായി ഉഷ അവിടെയെത്തി. പിന്നീട്‌ സ്ഥിരം കലാകാരിയായി. 1991 മുതൽ ഇന്നുവരെ ആ തണൽ നൽകുന്ന സ്‌നേഹബന്ധങ്ങളുടെ മൂല്യം ഏറെ വിലപ്പെട്ടതെന്ന്‌  ഉഷ ഓർമിക്കുന്നു. കൂടിയാട്ടത്തിന്റെ സ്‌ത്രീപക്ഷമായ  നങ്ങ്യാർക്കൂത്തിലൂടെ ഏറെ ശ്രദ്ധേയയാണ്‌ അവർ.  പകർന്നാട്ടത്തിലൂടെ അഭിനേത്രി എന്ന നിലയിൽ സ്വന്തമായൊരു ഇടം രൂപപ്പെടുത്തിയെടുക്കാൻ ഉഷക്ക്‌ കഴിഞ്ഞു. മാർഗിയിൽ കൂടിയാട്ടത്തിലും നങ്ങ്യാർകൂത്തിലും കലാകാരിയും അധ്യാപികയുമാണ്‌ ഉഷ.
ഡി അപ്പുക്കുട്ടൻ നായർ എന്ന ചീഫ്‌ എഞ്ചിനീയറാണ്‌ മാർഗിയുടെ സ്ഥാപകൻ. 1970 കളിൽ വടക്കൻ കേരളത്തിന്‌ മാത്രം പോര, തെക്കിനും വേണം ഈ കലാസാമ്രാജ്യമെന്ന തോന്നലിലാണ്‌ അദ്ദേഹം സ്ഥാപനം ആരംഭിച്ചത്‌. തുടക്കത്തിൽ വിദേശികൾ ഉൾപ്പെടെയുള്ളവർക്ക്‌ കഥകളി കാണാൻ അവസരമൊരുക്കുകയെന്നതായിരുന്നു ലക്ഷ്യം. എന്നാൽ പിന്നീട്‌ 80 കൾ ആയപ്പോഴേക്കും കൂടിയാട്ടത്തെക്കൂടി അദ്ദേഹം അവിടെ കൊണ്ടുവരികയായിരുന്നു.
പൈങ്കുളം രാമചാക്യാരാണ്‌ കൂടിയാട്ടമെന്ന കലാരൂപത്തെ ക്ഷേത്ര മതിൽക്കെട്ടിൽ നിന്നും പുറത്തുകൊണ്ടു വന്ന്‌ കൂടുതൽ ജനകീയമാക്കിയത്‌. കലയുടെ മഹത്തായ വിപ്ലവത്തിനാണ്‌ അക്ഷരാർഥത്തിൽ അദ്ദേഹം തിരികൊളുത്തിയത്‌. ആ വെളിച്ചത്തിൻ പ്രഭയിൽ ഏറെ പേർ പിന്നീട്‌ പിൻമുറക്കാരായെന്നതും ആനന്ദകരം.
നങ്ങ്യാരമ്മക്കൂത്ത്‌, ഒരുവിവാഹത്തിന്റെ കഥ
ഒരിക്കൽ കൂടിയാട്ടത്തിലെ നടിയുടെ അഭിനയം കണ്ട്‌  കുലശേഖരവർമ  രാജാവിന്‌ അവരോട്‌ സ്‌നേഹം തോന്നി. അവളെ വിവാഹം കഴിക്കുകയും ചെയ്‌തു. എന്നാൽ  അക്കാലത്ത്‌ ആ വിവാഹത്തിന്റെ പേരിൽ സമുദായം അവരെ ഭ്രഷ്‌ട്‌ കൽപ്പിച്ചു. ഇതേ തുടർന്ന്‌ പ്രിയതമയ്‌ക്ക്‌ വേണ്ടി, അവരുടെ തുടർ കലാവതരണത്തിനായി രാജാവ്‌  പ്രത്യേകം വേദി സജ്ജമാക്കി, അവിടെ നങ്ങ്യാരമ്മക്കൂത്ത്‌ എന്ന പേരിൽ അവതരണം ആരംഭിച്ചു.

സ്വതന്ത്രവഴികൾ

നിരവധി ആഖ്യാനങ്ങൾ മാർഗി ഉഷ സ്വതന്ത്രമായി ചിട്ടപ്പെടുത്തി അവതരിപ്പിച്ചിട്ടുണ്ട്‌. കവി അയ്യപ്പപ്പണിക്കരുടെ ‘ജന്മപരിണാമം’ എന്ന കവിതയെ ആസ്‌പദമാക്കി ‘രാധാമാധവം’ എന്ന പേരിൽ നങ്ങ്യാർക്കൂത്ത്‌  രചിച്ചു. കവിതയുടെ പ്രസക്ത ഭാഗങ്ങൾ  ചേർത്ത്‌ അഞ്ചു  ‌ശ്ലോകം സംസ്‌കൃതത്തിൽ തയ്യാറാക്കി. ബാക്കി ആട്ടപ്രകാരമായും ചിട്ടപ്പെടുത്തി  അവതരിപ്പിച്ചു.  രാധയോടാണ്‌ കൃഷ്‌ണന്‌ സ്‌നേഹക്കൂടുതലെന്ന രുഗ്‌മിണിയുടെ പരിഭവങ്ങളും അതിന്റെ കഥാപരിണാമങ്ങളുമാണ്‌ കഥാതന്തു. യഥാർഥത്തിൽ ഇത്‌ നിരവധി ആസ്വാദകരെ ആനന്ദത്തിലാഴ്‌ത്തിയെന്നത്‌ ഒരു കലാകാരിയെന്ന നിലയിൽ ഉഷക്ക്‌ അഭിമാനം പകരുന്നു.


ഭദ്രകാളി ചരിതത്തിൽ  ഭദ്രകാളി ജനനവും ദാരികവധവും ചിട്ടപ്പെടുത്തിയിട്ടുണ്ട്‌. ശ്രീപത്‌മനാഭദർശനം, ഗീതോപദേശം എന്നിവ കൂടാതെ കഥകളിയിലെ നിഴൽക്കുത്ത്‌ നങ്ങ്യാർകൂത്തായും അരങ്ങിലെത്തിച്ചു. സ്വാതി തിരുനാൾ കൃതിയെ ആധാരമാക്കി  “ശ്രീപത്മനാഭദർശനം’ നങ്ങ്യാർകൂത്ത് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ അനുമതിയോടെ  തിരുവനന്തപുരം ശ്രീപത്മനാഭസ്വമി ക്ഷേത്രത്തിലെ നാടകശാലയിലും തുടർന്ന് പല വേദികളിലും അവതരിപ്പിക്കുന്നു.
ഭഗവത്ഗീതാസാരത്തെ ആധാരമാക്കിയ “ഗീതോപദേശം’ നങ്ങ്യാർകൂത്ത്  ഉഷയിലെ കലാകാരിയെ വേറിട്ടതാക്കുന്നു. വേലൻപാട്ട് എന്ന അനുഷ്ഠാനകലയിലൂടെ പ്രചരിച്ചുവന്ന മാവാരതം നിഴൽക്കുത്തു പാട്ടിനെ  പന്നിശ്ശേരി നാണുപിള്ള നിഴൽക്കുത്ത് ആട്ടക്കഥയാക്കി. ഈ ആട്ടക്കഥയെ ആധാരമാക്കി ചിട്ടപ്പെടുത്തിയ “നിഴൽക്കുത്ത്’    വിവിധ വേദികൾ പിന്നി ട്ടു.  

നങ്ങ്യാരാട്ടവും ,നങ്ങ്യാർക്കൂത്തും
ആസ്വാദനത്തിന്റെ തലങ്ങളിലേക്ക്‌ കാണികളെ എത്തിക്കുന്ന നേർത്ത ചില വ്യത്യാസങ്ങളാണ്‌  നങ്ങ്യാരാട്ടവും  നങ്ങ്യാർക്കൂത്തും തമ്മിൽ.   കൂടിയാട്ടം  തുടങ്ങിയ കലാരൂപങ്ങൾക്ക്‌ ആസ്വാദകർ ഉണ്ടെങ്കിലും പലർക്കും ഇത്‌ പൂർണ്ണാർഥത്തിൽ മനസിലാക്കാനാകുന്നില്ല. ഈ ഒരു അറിവിലാണ്‌ നങ്ങ്യാരാട്ടം എന്ന കലാരൂപവുമായ്‌ മാർഗി ഉഷ രംഗത്തെത്തുന്നത്‌.  സംഗീതനിബദ്ധമാണ്‌ നങ്ങ്യാരാട്ടം.  കൂടിയാട്ടത്തിലെ ഭാവാഭിനയങ്ങളോടും മുദ്രകളോടും വാദ്യോപകരണങ്ങളുടെ (മിഴാവ്, മദ്ദളം, ഇടക്ക, കുഴിതാളം) അകമ്പടിയോടുകൂടി കവിത ആലപിച്ച് അവതരിപ്പിക്കുന്ന പുതിയ നൃത്തരൂപമാണ് “നങ്ങ്യാരാട്ടം’. വേഷ വിതാനത്തിൽ ചെറിയ മാറ്റങ്ങളുമുണ്ടാകും.  എന്നാൽ നങ്ങ്യാർക്കൂത്തിൽ ചിട്ടപ്രകാരമുള്ള ആട്ടം തന്നെയാണുള്ളത്‌.
11 ദിവസത്തോളം തുടർന്നുനിന്ന കൂടിയാട്ടത്തെ മണിക്കൂറുകൾ   മാത്രമായി ചിട്ടപ്പെടുത്തിയാണ്‌ ഇപ്പോൾ അവതരിപ്പിക്കുന്നത്‌. സത്ത നഷ്‌ടമാവാതെ ആസ്വാദകരിലേക്ക്‌ പകർന്നു നൽകുകയെന്നതാണ്‌ പ്രധാനം.  ആസ്വാദകൻ കലയിൽ ആഗ്രഹിക്കുന്നതെന്തോ അതു സമ്മാനിക്കാൻ കലാകാരനായാൽ കാലവും സമയവുമെല്ലാം അപ്രസക്തമാകുകയാണ്‌ ഇവിടെ.  14 വർഷത്തോളമായി സ്‌കൂൾ കലോത്സവത്തിൽ ഉഷ ടീച്ചറുടെ കുട്ടികൾ മത്സരാർഥികളായെത്തുന്നുണ്ട്‌. പലരും കലോത്സവം ലക്ഷ്യമാക്കി പഠിക്കുന്നുണ്ട്‌. എന്നാൽ ചില കുട്ടികൾ അഭ്യസനം തുടരുന്നു ‌. സംസ്‌കൃതനാടകമായതിനാൽ സംസ്‌കൃതം കൂടി കുട്ടികൾക്ക്‌ ഇവിടെ പഠിക്കണം. പരിശീലനത്തിന്റെ വിവിധ വഴികളിൽ നിന്ന്‌ കുട്ടികൾ സംസ്‌കൃതവും സ്വാഭാവികമായി പഠിക്കും.

പുരസ്‌ക്കാരങ്ങൾ
ക്ഷേത്ര അനുഷ്ഠാന കലാവേദി അവാർഡ്, നവരസം അവാർഡ് (നവരസം സംഗീത സഭ), കലാരത്ന പുരസ്കാരം (അഖില കേരള കലാകാര ക്ഷേമ സമിതി),  ഡോ. വി. എസ്. ശർമ്മ എൻഡോവ്മെന്റ് (കേരള കലാമണ്ഡലം), കലാശ്രേഷ്ഠ പുരസ്കാരം (വയലാർ രാമവർമ്മ സാംസ്കാരികവേദി), നടനജ്യോതി പുരസ്കാരം (ഭരത് കലാകേന്ദ്ര)  എന്നിവ ലഭിച്ചു.

നിരവധി വിദേശരാജ്യങ്ങളിൽ കൂടിയാട്ടവും നങ്ങ്യാർക്കൂത്തും അവതരിപ്പിച്ചിട്ടുണ്ട്‌.  കൂടിയാട്ടം ലോക പൈതൃക അനുഷ്ഠാന കലയായി പാരീസിലെ യുനെസ്കോ ആസ്ഥാനത്ത് പ്രഖ്യാപിക്കുന്ന സന്ദർഭത്തിൽ അവതരിപ്പിച്ച ശൂർപ്പണഖാങ്കം കൂടിയാട്ടത്തിൽ സീതയുടെ കഥാപാത്രമായി അരങ്ങേറാനുള്ള അവസരം ലഭിച്ചു. 'ദാരികവധം' നങ്ങ്യാർകൂത്ത് ഇന്ത്യയുടെ പലഭാഗങ്ങളിലായി 75ൽ പരം വേദികൾ പിന്നിട്ട് കഴിഞ്ഞു. ആദ്യമായിട്ടാണ് നങ്ങ്യാർകൂത്ത് കൂത്തമ്പത്തിന് പുറത്ത് ഒരു നടി ഒരു കഥ തന്നെ അഭിനയിച്ച് 75ലധികം വേദികൾ പിന്നിടുന്നത്.തിരുവനന്തപുരം  മലയിൻകീഴിൽ  ‘കേദാര’ത്തിൽ ഭർത്താവ്‌ ജോബിയോടൊപ്പം  താമസം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top