31 March Friday

വരാഹാവതാരം കഥകളിയില്‍

ഡോ. ശശിധരൻ ക്ലാരി aparnasreek94@gmail.comUpdated: Sunday Jan 29, 2023

പുതിയ ആട്ടക്കഥ ഉണ്ടാകുക, അത് അരങ്ങിലെത്തുക എന്നതൊക്കെ വർത്തമാനകാല കഥകളിയുടെ അപൂർവതയാണ്. ആ വിധത്തിലുള്ള ഒന്നാണ് തിരുവേഗപ്പുറ ക്ഷേത്രപരിസരത്ത്‌ അരങ്ങേറിയ വരാഹാവതാരം കഥകളി. അതിന്റെ സാഹിത്യപാഠം ചെറുളിയിൽ നാരായണന്റേതാണ്. രംഗപാഠം ചിട്ടപ്പെടുത്തി ക്രമീകരിച്ചത്‌ കലാമണ്ഡലം സാജനും. സംഗീത സംവിധാന നിർവഹണം മനോജ് പുല്ലൂരിന്റേത്.

ധർമ സംസ്ഥാപനാർഥം അവതാരമെടുക്കുന്ന മഹാവിഷ്ണുവിന്റെ ദശാവതാരത്തിൽ മൂന്നാമത്തേതായിട്ടാണ് വരാഹാവതാരം കഥ പുരാണങ്ങളിലുള്ളത്. ആസുരക്രിയാ പ്രതീകമായ ഹിരണ്യാക്ഷൻ, ഭൂമീദേവിയെ സമുദ്രത്തിലാഴ്ത്തുന്നതും വിഷ്ണു വരാഹമായവതരിച്ച് ഭൂമിയെ ഉയർത്തുന്നതുമായ കഥ ഒരുപക്ഷേ,  കഥകളിയരങ്ങിന് പുതിയ അനുഭവമാണ്‌. വെൺമണി മഹൻ നമ്പൂതിരിപ്പാട് (1844 –1893) രചിച്ച ഹിരണ്യാക്ഷവധവും മൂവാറ്റുപുഴ അകത്തൂട്ട് ദാമോദരൻ കർത്താവ് (1850-1922) എഴുതിയ വരാഹാവതാരവുമൊക്കെ ആട്ടക്കഥാസാഹിത്യചരിത്രത്തിൽ കാണാമെങ്കിലും അവ രംഗവേദിക്ക്‌ അന്യമെന്നുതന്നെയാണ് അനുമാനം.  

വരാഹാവതാരം കഥ ആട്ടക്കഥയിലുള്ളതുപോലെ, കഥകളിയിലും നാലുരംഗമായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. വന്ദനശ്ലോകത്തോടെ തുടക്കം. ആദ്യരംഗത്തിൽ ഹിരണ്യാക്ഷന്റെ (കത്തിവേഷം) തിരനോട്ടം. ശ്ലോകം, ‘പാടി ' രാഗത്തിൽ  ശൃംഗാര രസത്തിന്റെ ധ്വനി. സാരിനൃത്തച്ചുവടുകളോടെ ഭൂമിദേവി (സരസ്വതി മുടിയോടെയുള്ള സ്ത്രിവേഷം) യുടെ രംഗപ്രവേശം. ഹിരണ്യാക്ഷൻ ഭൂമിദേവിയെ കാണുന്നു. കാമാഭ്യർഥന, ശൃംഗാരപദം (കാമസായക നിലയേ...) അതിനുള്ള നിഷേധാത്മാക മറുപടിയും (അരുതരുതെന്നോടേവം...).  ഭൂമിദേവിയെ ആലിംഗനം ചെയ്യാൻ മുതിർന്നപ്പോൾ പർവതഗുഹകളിലും മറ്റും ഇന്ദ്രാദികളായ ദേവന്മാർ ഒളിച്ചിരിക്കുന്നത് കണ്ട് കോപിഷ്ഠനായ ഹിരണ്യാക്ഷൻ (ഇത് പുരാണത്തിലുള്ളതല്ല) ഭൂമിദേവിയെ സമുദ്രത്തിലേക്കു താഴ്ത്തുന്നു.

രണ്ടാം രംഗം. ഹിരണ്യാക്ഷൻ, തന്റെ ശത്രുവായ വിഷ്ണുവിനെത്തേടിയുള്ള യാത്രയ്ക്കിടെ നാരദമുനിയെ കണ്ടുമുട്ടുന്നു. നാരദനോട് യാത്രോദ്ദേശ്യം പറയുന്നു. നാരദനാകട്ടെ, മാധവൻ മായാരൂപം പൂണ്ട് ആഴിതന്നടിത്തട്ടിലെത്തിയിട്ടുണ്ടാകുമെന്നും ഭൂമി ദേവിയെ രക്ഷിക്കുമെന്നും അറിയിക്കുന്നു. അങ്ങനെ ഇരുവരും സമുദ്രതീരത്തേക്കുതിരിക്കുന്നു. ഈ സന്ദർഭത്തിൽ ഭൂമിദേവിയാകട്ടെ, തന്റെ സങ്കടം മഹാവിഷ്ണുവിനെ അറിയിക്കുന്നു.
മൂന്നാം രംഗം- തുടക്കം വരാഹാവതാരം. തിരനോട്ടവും തന്റേടാട്ടവും. പിന്നെ സമുദ്രത്തിലേക്കു ചാടി ഭൂമിയെകൊമ്പിലുയർത്തി നിൽക്കുന്നു. നാലാം രംഗത്തിൽ നാരദൻ, ഹിരണ്യാക്ഷന് വരാഹമൂർത്തിയെ കാണിച്ചുകൊടുക്കുന്നു. വരാഹം ഭൂമിദേവിയെ അനുഗ്രഹിച്ചയക്കുമ്പോൾ ഹിരണ്യാക്ഷൻ തടയുന്നു. പിന്നെ പോർവിളിയും യുദ്ധവും പതിവ് കഥകളിരംഗംപോലെ. യുദ്ധത്തിൽ, വരാഹം ഹിരണ്യാക്ഷനെ വധിക്കുന്നു. നാരദൻ വരാഹത്തെ സ്തുതിക്കുന്നതോടെ കഥകളിക്കു സമാപ്തി.പദങ്ങളിലെ സാഹിത്യമേന്മയാണ്‌ ആട്ടക്കഥയുടെ മേന്മയും. സാരിനൃത്തത്തിനുപയോഗിച്ച വരികൾ തന്നെ ഉത്തമോദാഹരണം.

‘താരകന്യകമാർ നെയ്ത്തിരി നീട്ടീടുന്നു
മോഹനം മന്ദാനിലൻ ശ്രുതിയൊന്നു ചേർത്തീടുന്നു
ഏണാങ്കനതിമോദാൽ പുഞ്ചിരി തുകീടുന്നു
മേദിനിദേവി ത്വലാസ്യയായ് മാറീടുന്നു
അരിമുല്ല ലതികകൾ കാറ്റിലുലയുന്നതും
അവനിതന്നിരുൾ മൂടി, ബന്ധമഴിഞ്ഞപോലെ '


വരികളുടെ ആലാപനത്തിന്; പാടി, നീലാംബരി, കല്യാണി, ബേഗഡ, മധ്യമാവതി, ആഹരി, ശങ്കരാഭരണം, ഘണ്ടാരം, ദ്വിജാവന്തി, പുറനീര്, ബിലഹരി, കേദാരഗൗള, ഭൂപാളം എന്നീ രാഗങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. ആദ്യരംഗാവതരണത്തിൽ കോട്ടക്കൽ കേശവൻ കുണ്ടലായർ (ഹിരണ്യാക്ഷൻ), ഇന്ദുജ ചെറുളിയിൽ (ഭൂമിദേവി), കലാ സാജൻ (നാരദൻ), വിഷ്ണുവെള്ളയ്ക്കാട് (വരാഹം) എന്നിവരാണ് വേഷമിട്ടത്. സദനം ശിവദാസ്, ജിഷ്ണു ഒരുപുറശേരി, സാരംഗ് പുല്ലർ (പാട്ട്), കലാ നന്ദകുമാർ, ഹരി പനാവൂർ (ചെണ്ട), കലാ അനിഷ്, കലാ സുധീഷ് (മദ്ദളം), കലാനിലയം പത്മനാഭൻ, കലാനിലയം രാജീവ് (ചുട്ടി) എന്നിവരാണ് മറ്റുകലാകാരന്മാർ. രംഗശ്രീ ഞാളാർകുറിശി വക കോപ്പും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top