10 June Saturday

മണ്ണിനുമുണ്ടൊരു കഥ പറയാന്‍

പി വി ജീജോ jeejodeshabhimani@gmail.comUpdated: Sunday Apr 23, 2023

ഡോ. എം ലളിതാംബിക

സ്‌കൂളിൽനിന്നോ മറ്റോ അധ്യാപകർ ‘തലയിലെന്താ കളിമണ്ണാണോ’എന്ന്‌ ചോദിച്ചതായി ഡോ. ലളിതാംബിക ഓർക്കുന്നില്ല. എന്നാൽ പലരും ഇത്‌ പറഞ്ഞ്‌ കളിയാക്കുന്നത്‌ കേട്ടിട്ടുണ്ട്‌. കളിമണ്ണിന്റെ മൂല്യമറിയാത്തവരാണിങ്ങനെ പരിഹസിക്കുന്നതെന്ന്‌ ശാസ്‌ത്രജ്ഞയായ ഡോ.എം ലളിതാംബിക പറയും. കാരണം കളിമണ്ണിനെക്കുറിച്ച്‌ പഠിച്ച്‌ , ഗവേഷണ പരീക്ഷണങ്ങളിലൂടെ  കണ്ടെത്തലുകൾ നടത്തി മണ്ണിനെക്കുറിച്ചറിയേണ്ടതെല്ലാം അന്വഷിച്ച ജീവിതമാണവരുടേത്‌. അത്രയേറെ മണ്ണിൽ അർപ്പിതമായ ശാസ്‌ത്രജീവിതം.

പരീക്ഷണശാലയ്‌ക്കപ്പുറം മണ്ണിലിറങ്ങി നിരീക്ഷണ പരീക്ഷണങ്ങൾ നടത്തിയ ലളിതാംബിക രാജ്യത്തെ രസതന്ത്ര ശാസ്‌ത്രജ്ഞരിൽ   പ്രമുഖയാണ്‌. തന്റെ ശാസ്‌ത്ര അറിവുകളിലൂടെ  മൺപാത്രനിർമാണ തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ കണ്ടെത്തലുകൾ നടത്തിയിട്ടുണ്ടവർ. വീണുടഞ്ഞുപോകുന്ന പാത്രങ്ങൾപോലെ മൺപാത്ര തൊഴിലാളികളുടെ ജീവിതം തകരാതിരിക്കാൻ പാത്രനിർമാണത്തിൽ നൂതന രീതികൾ വികസിപ്പിച്ചു നൽകി. ശാസ്‌ത്രത്തിന്റെ നൈപുണിശേഷികൾ വിനിയോഗിച്ച്‌ സാധാരണക്കാരുടെ ജീവിതത്തിന്‌ സമാശ്വാസമേകിയ ഡോ. ലളിതാംബികയെ ഈയടുത്ത്‌  കൗൺസിൽ ഫോർ ഇന്ത്യൻ സെറാമിക് സൊസൈറ്റിആദരിച്ചു.  സൊസൈറ്റിയുടെ 2022ലെ ശ്രീകിഷൻ മോഡി മെമ്മോറിയൽ അവാർഡ് ഈ ശാസ്‌ത്രജ്ഞയ്‌ക്കായിരുന്നു.

മണ്ണിനെ പഠിച്ചും പരീക്ഷിച്ചും

മണ്ണും മനുഷ്യനുമെന്നത്‌ ലളിതാംബികയ്‌ക്ക്‌ കേവലം പ്രബന്ധ വിഷയമല്ല. കേരളത്തിന്റെ മണ്ണ്‌, അതിന്റെ ഘടന, ജൈവിക രാസ–- സ്വാഭാവ സവിശേഷതകൾ ഇവയെക്കുറിച്ചെല്ലാമുള്ള പഠന മനനങ്ങളായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഈ ശാസ്‌ത്രജ്ഞയുടെ നാല്‌ പതിറ്റാണ്ടോളം നീണ്ട ഗവേഷണപരീക്ഷണ പ്രവർത്തനങ്ങളിൽ പ്രധാനം.  ഇന്ത്യയാകെയും വിദേശരാജ്യങ്ങളിലും മണ്ണിനെക്കുറിച്ച്‌ അറിയാനും പഠിക്കാനുമായി സഞ്ചരിച്ചു. പരമ്പരാഗത കളിമൺ വ്യവസായ മേഖലയിലെ തൊഴിലാളികൾ ഈ  ശാസ്‌ത്രകാരിയോട്‌ ഇന്ന്‌ കടപ്പെട്ടിരിക്കുന്നു. ഐഐടിയിൽനിന്ന്‌ രസതന്ത്രത്തിൽ ഡോക്ടറേറ്റ്‌ നേടി. സ്വായത്തമാക്കിയ അറിവുകൾ പരീക്ഷണശാലയിൽനിന്ന്‌ ജനങ്ങളിലെത്തിക്കാൻ ശ്രദ്ധിച്ചു. അതിന്റെ മികച്ച ഫലങ്ങൾ ഇന്ന്‌ കളിമൺപാത്രമുണ്ടാക്കുന്ന കുംഭാരന്മാരുടെ ജീവിതത്തിൽ കാണാം. ചൂളയിൽ വയ്‌ക്കുന്ന പാത്രങ്ങളേറെയും പൊട്ടി കണ്ണീരും പട്ടിണിയും നിറഞ്ഞ  കുംഭാരന്മാരുടെ ജീവിതത്തിന്‌ ചെറിയാരു കൈത്താങ്ങ്‌. ലളിതാംബികയുടെ ഇടപെടലിന്റെ സാക്ഷ്യപത്രങ്ങൾ പാലക്കാട്‌ മുണ്ടൂരിലെ ഐആർടിസിയിലുണ്ട്‌.

കൗൺസിൽ ഫോർ ഇന്ത്യൻ സെറാമിക് സൊസൈറ്റിയുടെ  2022ലെ ശ്രീകിഷൻ മോഡി മെമ്മോറിയൽ അവാർഡ്‌ ഡോ. എം ലളിതാംബിക സ്വീകരിക്കുന്നു

കൗൺസിൽ ഫോർ ഇന്ത്യൻ സെറാമിക് സൊസൈറ്റിയുടെ 2022ലെ ശ്രീകിഷൻ മോഡി മെമ്മോറിയൽ അവാർഡ്‌ ഡോ. എം ലളിതാംബിക സ്വീകരിക്കുന്നു

ചിത്രങ്ങൾ പതിച്ച്‌  മിനുങ്ങി ചിരിതൂകി നിൽക്കുന്ന സുന്ദരമായ മൺകുടങ്ങൾ, പൂപ്പാത്രങ്ങൾ... മൺപാത്രങ്ങളുടെ മനോഹരമായ മ്യൂസിയംപോലെയാണ്‌ ഈ കാഴ്‌ചകൾ. കേരള ശാസ്‌ത്ര സാഹിത്യ പരീഷത്തിന്‌ കീഴിലുള്ള ഐആർടിസിയുടെ ഡയറക്ടർ, പോട്ടറി വിഭാഗം മേധാവി എന്നീ നിലകളിലുള്ള പ്രവർത്തനത്തിലാണ്‌  പാത്രനിർമാണത്തിൽ ശാസ്‌ത്രവും കലയും സംയോജിപ്പിച്ച പുതുരീതി വികസിപ്പിച്ചത്‌. മൂല്യവർധിത ഡെക്കോഫാഷൻ രീതിയാണിതിൽ പ്രധാനം. പ്രകൃതി ദൃശ്യങ്ങൾ, ഉപഭോക്താവിന്റെ അഭിരുചിക്കനുസരിച്ച്‌, കോവളമോ മിയാമിബീച്ചോ   മറീനയോ ഏതും സാങ്കേതിക വിദ്യയുടെ സഹായത്താൽ പാത്രത്തിൽ പതിപ്പിച്ച്‌ സുന്ദരമാക്കും. ജർമനിയിലും മറ്റും ജീവിതത്തിലെ പ്രധാന സന്ദർഭങ്ങളിൽ സ്വർണവും വിലകൂടിയ സാധനങ്ങളും സമ്മാനിക്കുന്നതല്ല രീതി. മറിച്ച്‌ മൺപാത്രങ്ങളിൽ സ്വർണമോ പ്ലാറ്റിനമോ വെള്ളിയോ പൂശി  അതിഥികൾക്കും  ഉറ്റവർക്കും കൈമാറും. ഇത്തരമൊരു ജീവിതസംസ്‌കാരം കേരളത്തിലും വളർത്താനായാൽ നമ്മുടെ പരമ്പരാഗത മൺപാത്രമേഖലയ്‌ക്ക്‌ വലിയ മുതൽക്കൂട്ടാകുമെന്ന്‌ ലളിതാംബിക പറയുന്നു.  

കുംഭാര സമൂഹത്തെക്കുറിച്ച്‌  വിശദമായി പഠിച്ചശേഷം ലളിതാംബിക ഐആർടിസിയിൽ ആധുനിക പോട്ടറി വീൽ, പഗ്മിൽ എന്നിവ പരിചയപ്പെടുത്തി. അതവരെ പരിശീലിപ്പിക്കുകയും ചെയ്തു. നിലത്തിരുന്ന്‌ കൈകൊണ്ട്‌ തിരിക്കുന്ന യന്ത്രങ്ങൾ മാറ്റി. മണ്ണരക്കാനും യന്ത്രങ്ങൾ വികസിപ്പിച്ചു. പാത്രങ്ങൾ  പൊട്ടുന്നത്‌ ചൂള അശുദ്ധമായതിനാലാണെന്ന അന്ധവിശ്വാസത്തിലായിരുന്നു തൊഴിലാളികൾ. എന്നാൽ കക്കയാണിതിലെ വില്ലനെന്ന്‌ ഡോ. ലളിതാംബിക കണ്ടെത്തി. കക്ക ചൂടാകുമ്പോൾ കാർബൺ ഡയോക്‌സൈഡ്‌ പുറത്തുവിടും. എല്ലാം പൊട്ടും. ഇതിന്‌ പ്രതിവിധിയായിരുന്നു മണ്ണരക്കുന്ന യന്ത്രം. സിഡിഎസ്‌ ധനസഹായത്തിൽ  മണ്ണരയ്‌ക്കുന്ന യന്ത്രം സ്ഥാപിച്ചു. അതോടെ  പ്രശ്‌ന പരിഹാരമായി. ദിവസം അമ്പത്‌ കിലോ മണ്ണരയ്‌ക്കാവുന്ന യന്ത്രങ്ങൾ വികസിപ്പിച്ചു. അവവച്ച്‌ വീടുകളിലിരുന്ന്‌ ധാരാളം തൊഴിലാളികളിന്ന്‌ പാത്രമുണ്ടാക്കുന്നു.   

ഐഐടിയിലെ  മലയാളി വിദ്യാർഥിനി

അമ്പത്‌ വർഷം  മുമ്പ്‌ കാൺപുർ ഐഐടിയിൽനിന്നാണ്‌ ലളിതാംബിക ഡോക്ടറേറ്റ്‌ നേടുന്നത്‌. ഇലക്‌ടോകെമിസ്‌ട്രിയിലായിരുന്നു ഗവേഷണം. അന്ന്‌ അഞ്ച്‌ പെൺകുട്ടികളായിരുന്നു  ഐഐടിയിൽ. അതിലെഏക മലയാളി പെൺകുട്ടി. ഒരു പക്ഷെ ഐഐടിയിൽ നിന്ന്‌ ഡോക്ടറേറ്റ്‌ കരസ്ഥമാക്കുന്ന ആദ്യ മലയാളി വിദ്യാർഥിനിയും ലളിതാംബികയാകാം. അവിടെയുണ്ടായിരുന്ന ലോക പ്രശസ്‌തരായ  ശാസത്രകാരന്മാർ ഡോ. സി എൻ ആർ റാവു, പ്രൊഫ. നരസിംഹൻ, എം വി ജോർജ്‌ തുടങ്ങിയവർ   പ്രചോദനമായി.  ജീവിതത്തിൽ പ്രണയത്തിന്റെ രസതന്ത്രത്തിനും ഐഐടി സാക്ഷിയായി. എംടെക്കിന്‌ പഠിക്കുന്ന ആർ വി ജി മേനോനുമായുള്ള  അടുപ്പം ഈ ക്യാമ്പസിൽ നിന്നായിരുന്നു. ശാസ്‌ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. ആർ വി ജി മേനോനുമായുള്ള ബന്ധം  ജീവിതപങ്കാളിയെന്ന നിലയിൽ സുവർണ ജൂബിലി പിന്നിടുന്ന സന്തോഷവുമുണ്ടിവർക്ക്‌. പുണെയിലെ നാഷണൽ കെമിക്കൽ ലബോറട്ടറി (CSIR)യിൽ ശാസ്‌ത്രജ്ഞയായാണ്‌ തുടക്കം. ദീർഘകാലം തിരുവനന്തപുരത്തെ ഗവേഷണ സ്ഥാപനമായ നിസ്‌റ്റി (NIIST)  ലും  പ്രവർത്തിച്ചു. 2003-ൽ വിരമിച്ചശേഷം ഐആർടിസിയിൽ. ക്ലേ സയൻസ് ആൻഡ്‌ ടെക്നോളജിയാണ് വൈദഗ്ധ്യ മേഖല.

മണ്ണിനെക്കുറിച്ചൊരു പുസ്‌തകം

ഇംഗ്ലണ്ടിലെ സെയിന്റ്‌ ഓസ്‌റ്റിനിലേതുപോലെ  ധാതുലവണങ്ങളാലും സവിശേഷ ഘടനയാലും പ്രധാനമാണ്‌ കേരളത്തിലെ കളിമണ്ണും.  പള്ളിപ്പുറത്തും കുണ്ടറയിലും അരുവാക്കോടും മാടായിയിലുമെല്ലാമുള്ളത്‌ സവിശേഷതകളേറെയുള്ളതാണ്‌. ഇതേപ്പറ്റി സർവേ നടത്തിയിട്ടുണ്ട്‌ ഡോ.ലളിതാംബിക. നമ്മുടെ മണ്ണിന്റെ ഘടന, സവിശേഷതകൾ, സംസ്‌കാരം, ചരിത്രം ഇവയെല്ലാം പ്രതിപാദിക്കുന്ന പുസ്‌തകമെന്ന സ്വപ്‌നത്തിലാണീ എൺപതുകാരി ഇപ്പോൾ. ഒപ്പം മറ്റൊരു മോഹവുമുണ്ട്‌. വീട്ടകങ്ങളെയടക്കം അലങ്കരിക്കാവുന്ന കളിമൺപാത്രങ്ങൾ നിർമിക്കാൻ മ്യൂസിയങ്ങളോട്‌ ചേർന്ന്‌ ഒരിടം, സുന്ദരമായ കലാരൂപങ്ങൾ പതിച്ച്‌  അവിടങ്ങളിൽനിന്ന്‌ പാത്രങ്ങളുണ്ടാക്കി നൽകാനൊരു കേന്ദ്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top