25 October Friday

ആത്മാവില്‍ കുച്ചിപ്പുടി

വിജയ് സി എച്ച് vijaych8222@gmail.comUpdated: Sunday Sep 24, 2023

കണ്ണൂർ യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് നാലു തവണ തുടർച്ചയായി ‘നൃത്ത പ്രതിഭ'യായ, ദേശീയ യുവജനോത്സവത്തിൽ ഗോൾഡ് മെഡൽ നേടിയ അശ്വിനി നമ്പ്യാർ സംസാരിക്കുന്നു.

തളിക കാണും മുമ്പേ

നാട്യത്തിന്റെയും ചുവടുകളുടെയും ശാസ്ത്രീയ വശങ്ങൾ അറിയാത്ത സാധാരണ പ്രേക്ഷകർ ഏതിനം നൃത്തമാണ് വേദിയിൽ അരങ്ങേറുന്നത് എന്നു തിരിച്ചറിയുന്നത് വേഷവിധാനം നോക്കിയാണ്. നൃത്താവസാനം ഒരു തളികയുടെ വക്കുകളിൽ ചവിട്ടിനിന്നും ജലം നിറച്ച മൊന്ത ശിരസ്സിൽ സ്ഥാപിച്ചുമുള്ള അവതരണം കുച്ചിപ്പുടിക്കു മാത്രമുള്ളതാണ്‌.  ഇപ്പോൾ ചടുലമായ ചുവടുകളും വിഭിന്നമായ അംഗചലനങ്ങളും ആഹാര്യവും കണ്ടാൽത്തന്നെ ഇവ കുച്ചിപ്പുടിയുടെയാണെന്നു സഹൃദയർ തിരിച്ചറിയുന്നു. ഇതു സൂചിപ്പിക്കുന്നത് കുച്ചിപ്പുടിക്ക്‌ ജനപ്രീതി ഏറിവരുന്നുവെന്നാണ്‌.  

ആഴവും സൗന്ദര്യവും

കുച്ചിപ്പുടിയിൽ ദർശിക്കാനായ ആഴവും സൗന്ദര്യവുമാണ് ഈ കലയിലേക്ക്‌ എന്നെ അടുപ്പിച്ചത്. അംഗചലനങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്ന നൃത്തരൂപമാണ് കുച്ചിപ്പുടി.  അടവുകളും ഒപ്പം വസ്ത്രവും തികഞ്ഞ അഭിനയ, അനുഷ്ഠാന സ്വാതന്ത്ര്യം നൽകുന്നു. പരമ്പരാഗത അടവുകളാണ് പലതും. പുരാണങ്ങളിൽനിന്ന്‌ തെരഞ്ഞെടുത്ത കഥകളുടെ നൃത്തനാടക ആവിഷ്കാരങ്ങളാണല്ലോ അടിസ്ഥാനപരമായി കുച്ചിപ്പുടി. ഗ്രാമീണ നൃത്തകലകളുടെ സ്വാധീനമാണ് ഈ അവതരണത്തിന്റെ ജനപ്രിയത.

മഞ്ജു ഭാർഗവി

മഞ്ജു ഭാർഗവിയുമൊത്തു നടനമാടാൻ കഴിഞ്ഞത് ധന്യതകളിലൊന്നാണ്‌. 2019-ൽ അവർതന്നെ ചിട്ടപ്പെടുത്തിയ കുച്ചിപ്പുടി ഐറ്റത്തിൽ  ചുവടുവയ്ക്കാൻ കഴിഞ്ഞു. തിരുവനന്തപുരവും ചെന്നൈയും ഉൾപ്പെടെ നിരവധി വേദികളിൽ അവതരിപ്പിച്ചു.

പഠിപ്പും പരിശീലനവും

നൃത്തത്തിന്റെ ബാലപാഠം നാട്ടിലെ ലീലാമണി ടീച്ചറുടെ കീഴിൽ അഞ്ചാം വയസ്സിൽ തുടങ്ങി. തുടർന്ന്‌ കേരള കലാമണ്ഡലത്തിൽ ചേർന്നു. കുച്ചിപ്പുടിയുടെ ആഴങ്ങളിലേക്ക്‌ എന്നെ നയിച്ചത് ഡോ. വസന്ത് കിരൺ ആയിരുന്നു. കുച്ചിപ്പുടി ഗ്രാമത്തിലെ മുതിർന്ന ഗുരുവായ ചിന്താ രവി ബാലകൃഷ്ണയിൽ നിന്ന് ട്രെഡീഷണൽ രൂപങ്ങൾ ഓൺലൈനായി അഭ്യസിക്കുന്നു. കണ്ണൂർ സർവകലാശാലയിൽനിന്ന്‌ എംഎസ്‌സി-യും തഞ്ചാവൂരിലെ തമിഴ് സർവകലാശാലയിൽനിന്ന് എംഎ-യും ട്രിച്ചിയിലെ കലൈ കവിരി കോളേജ് ഓഫ് ഫൈൻ ആർട്സിൽനിന്ന് എംഎഫ്‌എ-യും നേടി. ‘The Concept of Sringara in Swathi Thirunal Padams' എന്ന പ്രബന്ധം ഗവേഷണ ബിരുദത്തിന്‌ സമർപ്പിച്ചിട്ടുണ്ട്.

കുച്ചിപ്പുടി ഗ്രാമത്തിലേക്കൊരു യാത്ര

കുച്ചിപ്പുടിയുടെ ഉത്ഭവം തേടി, താളങ്ങളും ഓളങ്ങളും തേടി ആന്ധ്രയിലെ കൃഷ്ണ ജില്ലയിലുള്ള കുച്ചിപ്പുടി ഗ്രാമത്തിലേക്കള്ള യാത്ര ഒരു സ്വപ്നമാണ്‌. മഹാഗുരു വെമ്പട്ടി ചിന്ന സത്യത്തിന്റെ ഭവനം സന്ദർശിക്കണം.

കുടുംബ പശ്ചാത്തലം

കണ്ണൂരിലെ ഏച്ചൂർ ഗ്രാമത്തിൽ ജനിച്ചു വളർന്നു. നിർമലയും രവീന്ദ്രൻ നമ്പ്യാരും മതാപിതാക്കൾ. ഏക സഹോദരൻ നിഥിൻ. ബംഗളൂരുവിലെ റീവ സർവകലാശാലയിൽ നൃത്താധ്യാപികയായി ജോലി ചെയ്യുന്നു. ഭർത്താവ് രജത് ദുബൈയിൽ എൻജിനിയറാണ്. മകൻ മിഹിർ ശ്രീധറിന് രണ്ടു വയസ്സ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top