25 March Saturday

ആണധികാരവും തലയില്‍ ഒഴുകുന്ന സാമ്പാറും..ആന്‍ പാലി എഴുതുന്നു

ആന്‍ പാലിUpdated: Monday Sep 14, 2020

'ആഢ്യത്തവും കുലമഹിമയും കൃത്യാനുപാതത്തിൽ ചേർത്തുവെച്ച നല്ലൊരു പ്രസ്താവന പറഞ്ഞതിന്റെ സന്തോഷത്തിൽ ആന്റി മേശയുടെ ഇരുവശങ്ങളിലുമിരുന്ന പുരുഷന്മാരുടെ മുഖത്തേയ്ക്കു നോക്കി. അവരെല്ലാം ഒരുമിച്ചുള്ള ഒരു പൊട്ടിച്ചിരിയുടെ ശബ്ദം എന്റെ വീടിനുള്ളിൽ മുഴങ്ങി'...ആന്‍ പാലി എഴുതുന്നു.

അന്ന് ഞങ്ങൾക്ക് ഉച്ചകഴിഞ്ഞാവും മിക്കവാറും കെമിസ്റ്ററി ലാബ്. രണ്ടു മണിക്കൂർ നീണ്ട പ്രാക്ടിക്കൽ ക്ലാസ്സിനൊടുവിൽ നേരെ വണ്ടി കേറി വീട്ടിൽ പോകാം. അതുകൊണ്ടുതന്നെ ബാഗും ചോറ്റുംപാത്രവുമൊക്കെ തൂക്കിയാണ് ലാബിലേക്കുള്ള യാത്ര. അവിടെ തിണ്ണയിൽ നിരന്നിരുന്നാണ് എല്ലാവരുടെയും ഉച്ചയൂണ്.

ഒരുദിവസം കൂടെയുള്ള കൂട്ടുകാരികളിൽ ഒരുവളുടെ പാത്രം തുറന്നപ്പോൾ ചോറ് മാത്രമേയുള്ളൂ, കറിയില്ല. അതെന്താ കറി വെക്കാൻ മമ്മി മറന്നു പോയോ എന്ന് ചോദിച്ചപ്പോൾ പപ്പയെക്കൊണ്ട് രാവിലെ ചെക്കപ്പിന് പോവുന്നതിന്റെ തിരക്കായതു കൊണ്ട് കറിയൊന്നും ഉണ്ടാക്കിയില്ല എന്ന് മറുപടി. റോഷ്നിയുടെ പപ്പാ എക്സ്-മിലിറ്ററി ആണ്, കൊളെസ്ട്രോളും ഷുഗറുമൊക്കെ ഇടയ്ക്കിടെ നുഴഞ്ഞുകയറി വരുമ്പോൾ ആന്റി അങ്കിളിനെ വേഗം ആശുപത്രിയിലോട്ടു കൊണ്ടുപോകും. "എന്നാലിപ്പോ എന്താ നിങ്ങളൊക്കെ കറി കൊണ്ടുവരൂന്നു എനിക്കറിയാല്ലോ ..."റോഷ്‌നി ചിരിച്ചോണ്ട് എന്റെ പാത്രത്തിൽ നിന്നും മീൻകറിയും വെണ്ടയ്ക്കമെഴുക്കുപിരട്ടിയും കയ്യിട്ടു വാരി. അല്ലെങ്കിലും ആരെയും ഒന്നിനെയും കൂസാത്തവളാണ് റോഷ്‌നി. എന്ത് ആനപ്രശ്നമുണ്ടെങ്കിലും നമുക്കെന്താ നമ്മുടെ കയ്യിൽ തോട്ടിയുണ്ടല്ലോ എന്ന് പറയുന്ന ഒരുത്തി. സ്റ്റാഫ്‌റൂമിൽ നിന്നും സുന്ദരിയായ ആനിടീച്ചർ ഇളം നീല നിറമുള്ള സാരിയുമുടുത്തു നടന്നു വരുന്നത്‌ കണ്ടപ്പോളേക്കും അവസാനത്തെ ഉരുള വേഗം വായിലാക്കി ഞങ്ങൾ കൈ കഴുകാൻ ഓടി.

ഒരു ചെറിയ പേപ്പറിൽ അന്നത്തെ ലാബിന് വേണ്ട കെമിക്കല്സും മേടിച്ചു എന്റെ പിപ്പെറ്റും ബ്യുറെറ്റുമായി ഒരു നീണ്ട മൽപ്പിടുത്തം പ്ലാൻ ചെയ്തു നിൽക്കുമ്പോൾ അതാ വീണ്ടും റോഷ്‌നി. "ഞാനൊരു കാര്യം പറയട്ടെ."
"വേഗം പറഞ്ഞോ"
"അതെ മമ്മി ഇന്ന് രാവിലെ ചിക്കൺ ഉണ്ടാക്കിയിരുന്നു"
ഞാൻ കണ്ണുരുട്ടി , " എന്നിട്ടാണോടീ ദുഷ്ടേ നീയത് കൊണ്ടുവരാത്തത്?"
"അതല്ലെടീ, പപ്പക്ക് കൊളെസ്ട്രോളും ബിപിയും നല്ല കൂടുതലാണ്, എണ്ണയുള്ള ഭക്ഷണമൊന്നും കൊടുക്കരുതെന്ന് ഡോക്ടർ പ്രത്യേകം പറഞ്ഞു, അതോണ്ട് മമ്മി ഇത്തിരി കാര്യമായിട്ട് ശ്രദ്ധിച്ചു കറിയുണ്ടാക്കിയതാ, പപ്പക്ക് ദേഷ്യം വന്നു."
"സാരോല്ല, വീട്ടിൽ ചെന്നിട്ടു കഴിക്കാലോ..."ഞാൻ വീണ്ടും പിപ്പെറ്റിലെ തുള്ളികളുടെ കണക്കെടുക്കാൻ തുടങ്ങി.
"ഇല്ലെടീ, രാവിലെ ഡൈനിങ് ടേബിളിൽ അത് കണ്ടതും പപ്പാ നാലു ചീത്തവിളി, എന്നിട്ടത് പാത്രത്തോടെ എടുത്തു മുറ്റത്തേക്കൊരേറ്. എനിക്ക് കുഴപ്പവില്ല, ഞാൻ നോക്കിയപ്പോ റോജുമോൻ ആ പാത്രവെടുത്തു കൊണ്ട് നിന്ന് കരച്ചിൽ, അവനാ സങ്കടമായത്."
ഞാൻ റോഷ്നിയുടെ മുഖത്തേയ്ക്ക് നോക്കിയില്ല. മനംപിരട്ടുന്ന കെമിക്കലിന്റെ മണം കൊണ്ടാണോ ഞങ്ങളുടെ കണ്ണുകൾ നീറിത്തുടങ്ങി. ആനിമിസ്സിനോട് വയ്യാന്നു പറഞ്ഞു ഞങ്ങൾ വേഗം ലാബിൽ നിന്നും പുറത്തിറങ്ങി, ക്യാംപസിലെ ഒരിക്കലും പൂക്കാത്ത ഒരു അരളിമരച്ചുവട്ടിൽ പോയിരുന്നു.

റോഷ്നിയുടെ പപ്പയുടെ മുൻശുണ്ഠിയും പട്ടാളച്ചിട്ടയുമൊക്കെ പലതവണ അവൾതന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണോ എന്നറിയില്ല, അവളുടെ പപ്പാ മരിച്ചതിന്റെ രണ്ടു ദിവസം കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ എല്ലാവരും ഏറെ ശാന്തരായിക്കണ്ടത്.ആർക്കും പറയത്തക്ക പരിഭവങ്ങളോ സങ്കടങ്ങളോ ഇല്ല. റോഷ്ണിയാണെങ്കിൽ പണിക്കാരുടെഒപ്പം നിന്ന് മുറ്റത്തെ റബ്ബറിലയൊക്കെ അടിച്ചുകൂട്ടി തീയിടുന്നു. എന്നെകണ്ടപ്പോളും സാധാരണ വിശേഷം പറച്ചിലുകളല്ലാതെ കൂടുതൽ വിഷമങ്ങളൊന്നുമില്ല. എല്ലാം ഒന്നൊഴിവായിക്കിട്ടിയതിന്റെ ആശ്വാസമാകാം.

കാലം കാത്തു വെച്ച കൗതുകങ്ങൾ പോലെ ഞാനും റോഷ്‌നിയും വീണ്ടും ഒരേ നഗരത്തിലെ രണ്ടാത്മാക്കളായി, പതിനഞ്ചു മിനിട്ടു മാത്രം ദൂരമുള്ള രണ്ടു അപ്പാർട്‌മെന്റുകളിൽ ജീവിതത്തെ സ്വപ്നം കാണുന്നവരായി. ഇടയ്ക്കെന്നോ നാട്ടിൽ നിന്നും റോഷ്നിയുടെ അമ്മയും അവളെക്കാണുവാനെത്തി. ഇരട്ടകുട്ടികളേയും ഭർത്താവിനെയും അമ്മയേയും കൂട്ടി അവൾ എന്നെയും സന്ദർശിക്കാനെത്തി.

റോഷ്ണിക്കു ഏറെ പ്രിയപ്പെട്ട ഇഡ്ലിയും സാമ്പാറും പൊട്ടുകടലച്ചട്ണിയുമാണ് ഞാനന്നവർക്കുണ്ടാക്കിയത്. സാമ്പാർ തേങ്ങാ വറുത്തരച്ചു ഒടുവിൽ മല്ലിയിലയും നെയ്യും തൂവി വെച്ചു. പൊട്ടുകടലയിൽ കറിവേപ്പിലയും പച്ചമുളകും ചുവന്നുള്ളിയും ചേർത്ത് തരുതരുപ്പായി അരച്ച് വെളിച്ചെണ്ണ ചാലിച്ചു.

ആന്റിക്കാണ് ആദ്യം വിളമ്പിയത്. ഇഡ്ഡ്ലി പൊട്ടിച്ചു സാമ്പാറിൽ മുക്കി വായിൽ വെച്ച ഉടൻ ആന്റി പുരികം വളച്ചു," മോളെ , ഇതെന്താ ഇതിൽ തേങ്ങാ ഇട്ടിരിക്കുന്നെ ?"
"ഞാനിങ്ങനെ ഇടയ്ക്കു തേങ്ങാ വരുത്തരച്ചും സാമ്പാർ വെക്കും. ആന്റി ഇങ്ങനെ കഴിച്ചിട്ടില്ലേ?"
"ഇല്ലെന്നേ ,പിന്നെ , ഇതെന്താ മോളെ തേങ്ങാ ഇല്ലാഞ്ഞിട്ടാണോ ഈ കടലഅരച്ച് ചട്നിയാണെന്നും പറഞ്ഞു വെച്ചിരിക്കുന്നത്? ഓ,ഇങ്ങനെ എങ്ങാനും ഉഴപ്പൻ സാമ്പാർ വെച്ചാൽ റോഷ്‌നീടെ പപ്പാ എന്റെ തലേക്കൂടി കോരിയൊഴിക്കും. ഇതിപ്പോ പാലി പാവമായതോണ്ട് രക്ഷപ്പെട്ടു, അല്ലെ?"

ആഢ്യത്തവും കുലമഹിമയും കൃത്യാനുപാതത്തിൽ ചേർത്തുവെച്ച നല്ലൊരു പ്രസ്താവന പറഞ്ഞതിന്റെ സന്തോഷത്തിൽ ആന്റി മേശയുടെ ഇരുവശങ്ങളിലുമിരുന്ന പുരുഷന്മാരുടെ മുഖത്തേയ്ക്കു നോക്കി. അവരെല്ലാം ഒരുമിച്ചുള്ള ഒരു പൊട്ടിച്ചിരിയുടെ ശബ്ദം എന്റെ വീടിനുള്ളിൽ മുഴങ്ങി. ഞാൻ ആ ചിരി നന്നായി ശ്രദ്ധിച്ചു കേട്ടു. പരസ്പരം നോക്കുവാനുള്ള ധൈര്യമില്ലാതിരുന്നിട്ടുകൂടി അവയ്ക്കിടയിൽ എന്റെയോ എന്റെ സുഹൃത്തിന്റെയോ ശബ്ദങ്ങളില്ലായിരുന്നുവെന്നു ഒരിക്കൽക്കൂടി ഉറപ്പുവരുത്തി.

#annpalee #idlisambar #foodstories

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top