കരിയർ ലോകത്തെ പുതിയ തരംഗം; എന്താണ് 'ജോബ് ഹഗ്ഗിംഗ്'?

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ക്വയറ്റ് ക്വിറ്റിങിനും കരിയർ കുഷ്യനിങിനും പിന്നാലെ തൊഴിൽ ലോകത്ത് പുതിയൊരു പദപ്രയോഗം കൂടി തരംഗമാകുന്നു; 'ജോബ് ഹഗ്ഗിംങ്'. കേൾക്കുമ്പോൾ സ്നേഹം തോന്നുന്നൊരു വാക്കാണെങ്കിലും സംഗതി അല്പം ഗൗരവകരമാണ്. നിലവിലെ ജോലിയിൽ വലിയ സന്തോഷമില്ലെങ്കിൽ പോലും, സാമ്പത്തിക അനിശ്ചിതത്വവും തൊഴിൽ വിപണിയിലെ മന്ദഗതിയും ഭയന്ന് ഉള്ള ജോലിയിൽ തന്നെ 'കെട്ടിപ്പിടിച്ചു' തൂങ്ങിക്കിടക്കുന്ന രീതിയാണിത്. പുതിയൊരു പരീക്ഷണത്തിന് മുതിരാതെ സുരക്ഷിതത്വം മാത്രം നോക്കി ഈ താവളം തിരഞ്ഞെടുക്കുകയാണ് ഭൂരിഭാഗം ജീവനക്കാരും.
പാൻഡെമിക് കാലത്തിന് തൊട്ടുപിന്നാലെ മെച്ചപ്പെട്ട അവസരങ്ങൾ തേടി ഇടയ്ക്കിടെ ജോലി മാറുന്നത് (ജോബ് ഹോപ്പിങ്) പുരോഗതിയുടെ ലക്ഷണമായാണ് കരുതിയിരുന്നത്. എന്നാൽ ഇന്ന് ആ സാഹചര്യം പാടെ മാറി. മോൺസ്റ്ററിന്റെ '2025 ജോബ് ഹഗ്ഗിങ് റിപ്പോർട്ട്' പ്രകാരം 75 ശതമാനം ജീവനക്കാരും 2027 വരെ നിലവിലെ ജോലിയിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. ഇതിൽ പകുതിയോളം (48%) പേരും കരിയറിലെ സംതൃപ്തി കൊണ്ടല്ല, മറിച്ച് സാമ്പത്തിക അരക്ഷിതാവസ്ഥയും ഭയവും കാരണമാണ് ജോലിയിൽ തുടരുന്നത്.
കൃത്യസമയത്ത് ലഭിക്കുന്ന ശമ്പളം (27%), ജോലിയുടെ സുരക്ഷിതത്വം (26%) എന്നിവയാണ് ഇവരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങൾ. ശമ്പളം മുടങ്ങില്ലെന്ന ഉറപ്പും പെട്ടെന്ന് ജോലി നഷ്ടപ്പെട്ടാൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളുമാണ് പലരെയും പുതിയ പരീക്ഷണങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യുവാക്കളെ അപേക്ഷിച്ച് മുതിർന്ന തലമുറയിലുള്ളവരാണ് (Gen X, Baby Boomers) ഈ പ്രവണത കൂടുതൽ കാണിക്കുന്നത്.
സാമ്പത്തിക അനിശ്ചിതത്വത്തിന് പുറമെ എഐ, ഓട്ടോമേഷൻ എന്നിവ കരിയറിൽ വരുത്തുന്ന മാറ്റങ്ങളും ജീവനക്കാരിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തിൽ ഒരു പുതിയ ജോലിയിലേക്ക് മാറുന്നത് വലിയ പ്രതിസന്ധിയാണെന്ന് പലരും കരുതുന്നു. എന്നാൽ, ഒരേ സ്ഥാനത്ത് തന്നെ വർഷങ്ങളോളം തുടരുന്നത് കരിയർ വളർച്ചയെ മുരടിപ്പിക്കുമെന്നും പ്രൊഫഷണൽ സ്റ്റാഗ്നേഷൻ (സ്തംഭനാവസ്ഥ) ഉണ്ടാക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
സ്ഥിരത നൽകുമെങ്കിലും വളർച്ചയില്ലാത്ത ഒരേ ജോലിയിൽ തന്നെ തുടരുന്നത് കരിയറിൽ മടുപ്പുണ്ടാക്കാനും ഉന്മേഷം കുറയ്ക്കാനും കാരണമാകും. കമ്പനികളെ സംബന്ധിച്ചിടത്തോളം ജീവനക്കാർ മാറാത്തത് ഗുണകരമാണെന്ന് തോന്നാമെങ്കിലും, പുതിയ ആശയങ്ങളും ഊർജ്ജസ്വലതയും കുറയാൻ ഇത് വഴിവെച്ചേക്കാം.
എന്നാൽ 'ജോബ് ഹഗ്ഗിങിനെ' തന്നെ ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുമെന്ന് കരിയർ കോച്ചുമാർ ചൂണ്ടിക്കാട്ടുന്നു.
ഇതിനായി 'പിവറ്റിങ് ഇൻ പ്ലേസ്' (ജോലിയിൽ തന്നെ തുടർന്ന് മാറ്റങ്ങൾ കൊണ്ടുവരുന്നത്) എന്ന രീതിയാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. അതായത്, നിലവിലുള്ള കമ്പനിയിൽ തന്നെ പുതിയ കാര്യങ്ങൾ പഠിക്കാനും മറ്റു വിഭാഗങ്ങളുമായി സഹകരിച്ച് പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ശ്രമിക്കുന്നതിലൂടെ ജോലി മാറാതെ തന്നെ കരിയറിൽ വളരാൻ സാധിക്കും. ഒരേ കമ്പനിയിൽ തുടരുമ്പോൾ തന്നെ പുതിയ സ്കില്ലുകൾ വർദ്ധിപ്പിക്കുന്നത് സുരക്ഷിതത്വത്തോടൊപ്പം വളർച്ചയും ഉറപ്പാക്കാൻ സഹായിക്കും.











0 comments