07 June Wednesday

വംശീയതയുടെ നിറം ചേർന്ന കലാപഭൂമിയിൽ...

കെ ആർ അജയൻUpdated: Thursday Aug 27, 2020

ഒരുവേള തടാകത്തിലേക്ക് പറന്നിറങ്ങിയാലോ എന്നുവരെ തോന്നിപ്പിക്കുന്ന വിഭ്രമാവസ്ഥ. പട്ടാളം മാത്രം സഞ്ചരിക്കുന്ന വഴിയാണ് താഴേക്കെന്ന് ഡ്രൈവർ പറഞ്ഞു. സാധാരണക്കാർ ആരും അങ്ങോട്ടു പോകാറില്ല. അത്യഗാധം എന്നുപറഞ്ഞാൽ അത് ശരിയാകില്ല. ചുറ്റും ഉയരം കുറഞ്ഞ വൃക്ഷങ്ങളുടെ സമ്മേളനം. ഇരുണ്ട കാട്. റോബർട്ട് ഫ്രോസ്റ്റിന്റെ വിശ്രുതമായ  കവിതപോലെ അത് മനസ്സിൽ ഇപ്പോഴും തണുത്തുറഞ്ഞുനിൽക്കുന്നു.

അഞ്ചു കിലോമീറ്റർ പിന്നിട്ട് ക്ലെംത എന്ന ഗ്രാമത്തിലെത്തുന്നു.  റോഡുപണിക്കാരുടെ അധിവാസ പ്രദേശമാണിത്. അവരിലൂടെ രൂപപ്പെട്ട താൽക്കാലിക ഗ്രാമം, അതിർത്തി അടുത്താണെന്ന് അടയാളപ്പെടുത്തുന്നു. ഞങ്ങളുടെ വാഹനം ഉൾപ്പെടെ  ഇന്ത്യൻ പട്ടാളത്തിന്റെ നിരീക്ഷണ വലയത്തിലാണ്.  അതുവരെ പ്രവർത്തിച്ച മൊബൈൽ നെറ്റ്വർക്ക് എല്ലാം നിശ്ചലമായി. അത്യാവശ്യം ഫോൺ ചെയ്യണമെന്നുണ്ടെങ്കിൽ പട്ടാളത്തെ സമീപിക്കാം. അവരുടെ വയർലെസ് ഫോണിന് ചെറിയ തുകയേയുള്ളൂ.
ഇന്ത്യ‐ചൈന അതിർത്തിയായ ബുംലയിലേക്കുള്ള വഴി

ഇന്ത്യ‐ചൈന അതിർത്തിയായ ബുംലയിലേക്കുള്ള വഴി

പൊട്ടിച്ചിട്ടപോലെ പാറകൾ തകർന്നുകിടക്കുന്നതിന്റെ ഇടയിലൂടെയാണ് മുന്നോട്ടുള്ള വഴി.  വഴുക്കുന്ന പാത. ചിലയിടത്ത് കോൺക്രീറ്റ് ഉണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ല. ഇരുവശവും തടാകമായതിനാൽ വെള്ളം കയറിയിറങ്ങി ഒഴുകുന്ന വഴി.  ചാറ്റൽ മഴയും മഞ്ഞും ഒപ്പമുണ്ട്.  ഇവിടം നീർത്തട സംരക്ഷണ പ്രദേശമാണ്.  ഖമോഖർ എന്ന തടാകം അരികിലുണ്ട്.  അതിന്റെ ജൈവ‐ സസ്യസമ്പത്തിനെക്കുറിച്ച്  ബോർഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. തൊട്ടുതാഴെ നാല് താഴ്വരകൾ ചേരുന്നതിന് മധ്യേ  മറ്റൊരു തടാകം ഇരുണ്ട പച്ചയിൽ അനക്കമറ്റു കിടക്കുകയാണ്. ഒരിടത്തേക്കും ഒഴുകാതെ കെട്ടിക്കിടക്കുന്ന ജലാശയം. അതിലേക്ക് ഇറങ്ങാനുള്ള വഴി വളഞ്ഞുപുളഞ്ഞ് താഴ്വരയ്ക്ക് മാലചാർത്തി കിടപ്പുണ്ട്. എത്ര നോക്കിനിന്നാലും മടുപ്പുതോന്നാത്ത കാഴ്ച. ഒരുവേള തടാകത്തിലേക്ക് പറന്നിറങ്ങിയാലോ എന്നുവരെ തോന്നിപ്പിക്കുന്ന വിഭ്രമാവസ്ഥ. പട്ടാളം മാത്രം സഞ്ചരിക്കുന്ന വഴിയാണ് താഴേക്കെന്ന് ഡ്രൈവർ പറഞ്ഞു. സാധാരണക്കാർ ആരും അങ്ങോട്ടു പോകാറില്ല. അത്യഗാധം എന്നുപറഞ്ഞാൽ അത് ശരിയാകില്ല. ചുറ്റും ഉയരം കുറഞ്ഞ വൃക്ഷങ്ങളുടെ സമ്മേളനം. ഇരുണ്ട കാട്. റോബർട്ട് ഫ്രോസ്റ്റിന്റെ വിശ്രുതമായ  കവിതപോലെ അത് മനസ്സിൽ ഇപ്പോഴും തണുത്തുറഞ്ഞുനിൽക്കുന്നു.

ഇന്ത്യ‐ചൈന അതിർത്തിയിൽ മേയുന്ന യാക്കുകൾ

ഇന്ത്യ‐ചൈന അതിർത്തിയിൽ മേയുന്ന യാക്കുകൾതകർന്നുതരിപ്പണമായ വഴി കടന്നുകയറുന്നത് അടുത്ത കുന്നിലേക്ക്.  ആകാശനീലയിലേക്ക് പറന്നുല്ലസിക്കുന്ന ത്രിവർണപതാക ദൂരെ കാണാം. ചുറ്റിലും യാക്കുകൾ കൂട്ടത്തോടെ മേയുന്ന പുൽമേടുകൾ. അതിനിടയിൽ തട്ടിത്തകർത്ത് ഒഴുകുന്ന അരുവികൾ.  അതിനപ്പുറം   ചൈനയാണ്. പട്ടാള ബാരക്കുകൾക്കിടയിലൂടെ വാഹനം ഓടുന്നു. ഓരോ പട്ടാളക്കാരനും സൂക്ഷ്മനിരീക്ഷണ കണ്ണുകളുമായി ജാഗരൂകരാണ്. പാറിപ്പറക്കുന്ന പതാകയ്‌ക്ക്‌ കീഴെ വാഹനം നിന്നു. ജന്മരാഷ്ട്രത്തിന്റെ എല്ലാ തുടിപ്പുകളോടെയും കൂറ്റൻ പതാക പാറിപ്പറക്കുന്നു. പതാകച്ചുവട്ടിൽ കൂട്ടിയിട്ട കല്ലുകൾക്കുമീതെ ചിലരെല്ലാം നിൽപ്പുണ്ട്. എല്ലാവരും ഫോട്ടോ ഷൂട്ടിങ്‌ തിരക്കിലാണ്. ബൂംലയെത്തുന്നു,  ഇനി കാൽനട ദൂരമേയുള്ളൂ  ചൈനാ അതിർത്തിയിലേക്ക്. ത്രിവർണ പതാകക്കു ശേഷമുള്ള ദൂരം ഫോട്ടോ നിഷിദ്ധമാണ്. ക്യാമറ കൊണ്ടുപോകാം. എങ്കിലും പട്ടാളം പറയുന്നതുവരെ പുറത്തെടുക്കരുത്. കാരണം ഇത് നമ്മുടെ തന്ത്രപ്രധാന മേഖല. അതിർത്തിയിലേക്ക് തുറന്നിരിക്കുന്ന കണ്ണും ചെവിയും മനസ്സും.  ഇരുവശവും ബാരക്കുകളുള്ള വഴിക്ക് 200 മീറ്റർ ദൂരമേയുള്ളൂ. ഒന്നുരണ്ടു പട്ടാളക്കാർ അരികിലെത്തി കുശലം ചോദിച്ചു. സ്നേഹമസൃണമായ സ്വീകരണം. രണ്ടുപേർ ബിസ്ക്കറ്റും ചൂടു ചായയും സമ്മാനിച്ചു. ആദ്യം വന്നവർ ഞങ്ങളുടെ യാത്രാരേഖകളും മറ്റും പരിശോധിച്ചു. ഒരു പട്ടാളക്കാരനെ ഒപ്പം അയക്കാമെന്നും അദ്ദേഹം പറയുന്നതെല്ലാം പൂർണമായും അനുസരിക്കണമെന്നും നിർദേശിച്ചു.ക്യാമറ മാത്രമെടുത്ത് ബാഗുകൾ ഉൾപ്പെടെയുള്ളതെല്ലാം വാഹനത്തിൽ സൂക്ഷിച്ച് ഞങ്ങൾ നടന്നു.

രാജ്യാതിർത്തി പലയിടത്തും കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ സാധാരണ കാഴ്ചയിൽ നിന്ന് വ്യത്യസ്തം. ഇന്ത്യൻ പട്ടാളത്തിന്റെ താൽക്കാലിക ടെന്റുകളും ദേശീയപതാക ഉയർത്തിയ കൽക്കെട്ടും മാത്രമേയുള്ളൂ. അവയോടു ചേർന്ന് പർവതങ്ങളിലേക്ക് നീണ്ടുപോകുന്ന വഴിയെന്ന് തോന്നിപ്പിക്കുന്ന പ്രദേശം. വിസയും പ്രത്യേക അനുവാദവും ഒന്നുമില്ലാതെ വിദേശരാജ്യത്തിന്റെ പടിമുറ്റത്താണ് ഞങ്ങൾ നിൽക്കുന്നത്. മുന്നിലെ വഴിക്കുതാഴെ കുന്നിൻതലകളിൽ യാക്കുകൾ മേയുന്നു. അവിടെ ചിതറിത്തെറിച്ചപോലെ കുന്നുകൾക്ക് മഞ്ഞിൻതൊപ്പി. അതിർത്തി വേലികളൊന്നുമില്ല. പുൽമേടുകളും ചെറിയ പാറക്കൂട്ടങ്ങളും നിറഞ്ഞ ഉയരംകുറഞ്ഞ കുന്നുകൾ. ഇന്തോ‐ ചൈന സാഹോദര്യത്തിന്റെ സന്ദേശമെഴുതിയ ബോർഡിനരികിലും ചെറിയെരു തടാകമുണ്ട്. അത്രത്തോളം തെളിഞ്ഞതല്ല. യാക്കുകൾ കയറിയിറങ്ങിയതാവണം കലങ്ങലിന് കാരണം. തൊട്ടടുത്തുളള ചെറിയ പാറയ്ക്കു ചുവട്ടിൽ പട്ടാള ബാരക്കുണ്ട്. അരിലേക്കുള്ള വഴി കല്ലുപാകി വൃത്തിയാക്കിയിട്ടുണ്ട്. അരികിൽ വെളുത്ത നിറമടിച്ച ഉരുളൻകല്ലുകൾ പ്രത്യേക ചന്തത്തിൽ ഉറപ്പിച്ചിട്ടുണ്ട്.

അത്യാവേശമാകണം,  ഞാൻ മെല്ലെ ആ വഴി പോലെ തോന്നിയ സ്ഥലത്തേക്കിറങ്ങി ചിത്രങ്ങളെടുത്തു. യാക്കിൻ കൂട്ടത്തിനരികിലേക്ക് പോകാനുള്ള ധൈര്യമില്ല.  എന്നാലും ക്യാമറയ്‌ക്ക് അവ പിടിതരുന്ന അകലംവരെ നടന്നു. പെട്ടെന്ന് ആരോ എന്റെ ടീഷർട്ടിന്റെ പിൻകഴുത്തിൽ പിടികൂടി. ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോൾ രണ്ടു പട്ടാളക്കാർ. നമ്മുടെ പട്ടാളമാണെങ്കിലും എന്നെ അനങ്ങാനാകാത്തവിധം പിടിച്ചിരിക്കുകയാണ്. അവരുടെ കണ്ണുകൾ കത്തുന്നു.  എനിക്ക് ഒട്ടും മനസ്സിലാകാത്ത ഹിന്ദിയിൽ അവർ ആക്രോശിക്കുന്നു. പിന്നെ നിമിഷങ്ങൾക്കുള്ളിൽ എന്നെയുംകൊണ്ട് പിന്നിലേക്ക് നടന്നു. ദേശീയ പതാകയ്ക്കു ചുവട്ടിലെ ചെറിയ ടെന്റിനുമുന്നിൽ അപരാധിയെപ്പോലെ ഞാൻ നിന്നു. ഒപ്പമുള്ള സുഹൃത്തുക്കൾ ആരും ഈ ദൃശ്യങ്ങളൊന്നും കാണുന്നില്ല. അവരെല്ലാം അവരുടേതായ ലോകങ്ങളിലാണ്.  യാത്രാരേഖകളും തിരിച്ചറിയൽ കാർഡും ക്യാമറയിലെ കാഴ്ചകളുമെല്ലാം പട്ടാളക്കാർ വിശദമായി പരിശോധിച്ചു. ഈ കടന്നുകയറ്റം തന്നെ ധാരാളമാണ്,ഇന്ത്യ‐ചൈന അതിർത്തിയായ ബൂംല ഒരു പ്രശ്നമുണ്ടാകാൻ. അകലെ കുന്നുകൾക്കുമകലെ ചൂണ്ടി, പട്ടാളക്കാർ പറഞ്ഞു. അത് ചൈനീസ് പോസ്റ്റാണ്. നിങ്ങളെ രക്ഷിക്കാൻ ഞങ്ങൾക്കു പോലുമാകില്ല. വെടിയുതിർത്ത ശേഷമായിരിക്കും വിവരം പോലും കിട്ടുന്നത്. ബൂംലയിലെ തണുപ്പിൽ അതുവരെ പിടിച്ചുനിന്ന ഞാൻ വിറയ്ക്കാൻ തുടങ്ങി. സംഗതി സത്യമാണ്, പതാകയ്ക്ക് അപ്പുറമുള്ള സ്ഥലം നോമാൻസ് ലാൻഡാണ്. അവിടെ പട്ടാളവാഹനത്തിനു മാത്രമാണ് പ്രവേശം. അല്ലാതെയുള്ളതെല്ലാം വെടിവെച്ചിടാൻ പ്രത്യേക ഉത്തരവൊന്നും വേണ്ട.

അശോകചക്രം തെളിയുന്ന ത്രിവർണപതാക കാറ്റിലുലയുന്നു. അതിനുതാഴെ കൂട്ടിയിട്ടിരിക്കുന്ന കരിങ്കൽകഷണങ്ങൾക്ക് പ്രത്യേക നിറമാണ്. സ്വാഭാവികമായി തിളങ്ങുന്നവ കൂടാതെ നിറമടിച്ച് സുന്ദരമാക്കിയ ആ കല്ലുകൾക്കുമീതെ ചില വർഷവും തീയതിയുമൊക്കെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് സൗഹൃദത്തിന്റെ അടയാള വിശേഷങ്ങൾ. ഓരോ വർഷവും അതിർത്തിയിലെത്തുന്ന ചൈനീസ് പട്ടാള ഉദ്യോഗസ്ഥർ അവരുടെ സന്ദർശന സ്മരണയ്ക്കായി നൽകിപ്പോകുന്നതാണ് ഈ കല്ലുകൾ. ചൈന തുടങ്ങുന്നിടത്ത് നമ്മുടെ പട്ടാളവും ഇതേ രീതി പിന്തുടരുന്നു. എന്റെ ഭയം മാറിയിട്ടില്ലെന്ന് തോന്നിയിട്ടാവണം, ഒരു പട്ടാളക്കാരൻ അരികിലേക്ക് വിളിച്ച് അതിർത്തി സൗഹൃദത്തിന്റെ കഥകൾ പറഞ്ഞു. പറഞ്ഞുതുടങ്ങിയപ്പോൾ അത് കേൾക്കാൻ നിരവധിപേരെത്തി.

ഇന്ത്യ‐ചൈന അതിർത്തിയിലെ നോമാൻസ്‌ ലാൻഡ്‌

ഇന്ത്യ‐ചൈന അതിർത്തിയിലെ നോമാൻസ്‌ ലാൻഡ്‌

അതിർത്തി ആയതിനാൽ എല്ലാ സീസണിലും പട്ടാളക്കാർ ഇവിടെയുണ്ട്. മഞ്ഞുവീണുതുടങ്ങുമ്പോൾ ചൈനീസ് പട്ടാളം കുന്നിറങ്ങി കൂടുതൽ അരികിലേക്ക് വരും. വർഷത്തിലൊരിക്കൽ ഇരു രാജ്യങ്ങളുടെയും പട്ടാളക്കാർ ഒത്തുചേരുന്ന സന്ദർഭങ്ങളുമുണ്ട്. ഹെലിക്കോപ്ടറുകളിൽ അങ്ങോട്ടുമിങ്ങോട്ടും പറന്ന് ബാരക്കുകളിലെത്തി ആതിഥ്യം സ്വീകരിച്ചുമടങ്ങുന്ന ശത്രുക്കൾ. അതിർത്തിയിലെ അതിരുകൾ മായുന്ന ദിനങ്ങൾ.  
അതിർത്തിയിലേക്ക് ചൂണ്ടിയിരിക്കുന്ന ടെലസ്കോപ്പിലൂടെ നോക്കാൻ പട്ടാളക്കാർ അനുവാദം തന്നു.  ഞാൻ കണ്ണിമയ്ക്കാതെ നോക്കി. അകലെ കുന്നുകൾക്കകലെ താജ്മഹൽ പോലെ തോന്നിക്കുന്ന ഒരു കെട്ടിടം. അതിനു ചുറ്റും മതിൽകെട്ടി ചൈനീസ് പട്ടാളക്കാർ. പഗോഡാകൃതിയിലുള്ള മറ്റൊരു കെട്ടിടത്തിന്റെ മൂലയിൽ ടെലസ്കോപ്പിലൂടെ നമ്മളെ നോക്കുകയാണ് അവർ. പിന്നെ സ്ഥിരമായി സന്ദർശകരുള്ളതിനാൽ അത്ര കർശനമല്ല കാര്യങ്ങൾ. എങ്കിലും പാലിക്കേണ്ടത് പാലിക്കുക തന്നെ വേണം.

  

ബുംലയിലെ ഇന്ത്യൻ അതിർത്തി. ചൈനീസ്‌ സൈനിക ഉദ്യോഗസ്ഥർ ഇവിടം  സന്ദർശിക്കുമ്പോൾ അത്‌ രേഖപ്പെടുത്തി സൂക്ഷിക്കുന്ന കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു

ബുംലയിലെ ഇന്ത്യൻ അതിർത്തി. ചൈനീസ്‌ സൈനിക ഉദ്യോഗസ്ഥർ ഇവിടം സന്ദർശിക്കുമ്പോൾ അത്‌ രേഖപ്പെടുത്തി സൂക്ഷിക്കുന്ന കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു

റോക്ക് ഓഫ് പീസ് എന്നാണ് കൂട്ടിയിട്ടിരിക്കുന്ന കൽക്കൂമ്പാരത്തിന്റെ പേര്. സിനോ‐ ഇന്ത്യൻ സാഹോദര്യത്തിന്റെ ഓർമയ്‌ക്ക് എന്ന് അതിൽ രേഖപ്പെടുത്തിയിരിക്കുന്നു. അതിന്റെ ചുവട്ടിൽനിന്ന് ക്യാമറക്കണ്ണിലൂടെ ഞാൻ വീണ്ടും വീണ്ടും ചൈനയെ നോക്കി. പരമാവധി സൂം ചെയ്യുമ്പോൾ പതിഞ്ഞു, ചൈനയുടെ അതിർത്തി കാവൽമാടം.
 തണുത്ത കാറ്റ് വീശിയടിക്കുന്നു. വരുംനാളുകളിൽ ഈ പ്രദേശമാകെ മൂടാനുള്ള മഞ്ഞിന്റെ വരവറിയിക്കുന്ന കാറ്റ്. കൂടുതൽ സമയം ഇവിടെ നിൽക്കാൻ പാടില്ലെന്ന് പട്ടാളക്കാർ ഓർമിപ്പിക്കുന്നുണ്ട്. പക്ഷേ, അത്രപെട്ടെന്ന് മടങ്ങാത്ത അവസ്ഥയിലല്ലല്ലോ ഞങ്ങൾ. സഞ്ചാരികളിൽ ആദ്യമാദ്യം വന്നവരെ പട്ടാളം മടക്കി അയക്കുന്നു. കുറെനേരം കൂടി നിന്ന് പട്ടാളക്കാർക്ക് അഭിവാദ്യമർപ്പിച്ച് ഞങ്ങളും നടന്നു.
ചൈനയുടെ അതിർത്തി നിരീക്ഷണാലയം.  ക്യാമറാസൂമിൽ പതിഞ്ഞത്‌

ചൈനയുടെ അതിർത്തി നിരീക്ഷണാലയം. ക്യാമറാസൂമിൽ പതിഞ്ഞത്‌


‘ഇവിടെ എത്തുന്ന എല്ലാവർക്കും നമസ്കാരം. ഞാനും എന്റെ ഭർത്താവും കൊട്ടാരക്കരയിൽ നിന്ന് വരികയാണ്. ഇവിടെ ജോലി ചെയ്യുന്ന ഓരോ ജവാന്മാർക്കും സല്യൂട്ട് പറയുന്നു‐ പാർവതി. ജയ്ഹിന്ദ്.’ ബൂംലയിലെ പട്ടാള മ്യൂസിയത്തിലെ സന്ദർശകരിൽ ഒരാൾ കുറിച്ചിട്ടതാണ്. മ്യൂസിയത്തിനുള്ളിലെ ബോർഡിൽ കാർഡ് മെസ്സേജുകൾ കുത്തിവയ്ക്കാൻ സംവിധാനമുണ്ട്. മറ്റൊന്ന് ഇങ്ങനെ,  ‘ഞങ്ങള്‌ മലപ്പുറത്തൂന്ന് വന്നിരിക്ക്ണ്. ഇബിടം ഒന്ന് കാണാന്.’ ഗണ്ണുകൾ കഥ പറയുന്ന മഞ്ഞുപുതച്ച താഴ്വാരങ്ങൾ താണ്ടി ഞങ്ങളും ഇവിടെ എത്തി. പച്ച മലയാളത്തിൽ ഇത്തരം ഒരുപാട് കുറിപ്പുകൾ. പക്ഷേ, മ്യൂസിയത്തിന് ചുറ്റുമുള്ള ബോർഡുകളിൽ കേരളം മാത്രം പരാമർശവിഷയമല്ല. മറ്റെല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളും ഇടംപിടിച്ചിടത്ത് കേരളം ഇല്ലാത്തതിൽ പ്രതിഷേധം ഞങ്ങൾ രേഖപ്പെടുത്തി. പക്ഷേ, ആരും ചെവിക്കൊള്ളാനില്ല എന്നതാണ് സത്യം. ബൂംലയുടെ ഓർമയ്ക്കായി അവിടത്തെ ചിത്രം പതിപ്പിച്ച ടീഷർട്ടും താക്കോൽ കൊളുത്തുകളും പട്ടാളം വിൽപ്പന നടത്തുന്നുണ്ട്. കൂടാതെ ഫോട്ടോ ആൽബങ്ങളും. ഇതൊക്കെ വാങ്ങി പുറത്തിറങ്ങി ഞങ്ങൾ വാഹനത്തിലേക്ക് നടന്നു.
  തവാങ്ങിലേക്കുള്ള മടക്കയാത്രയിൽ മാധുരി തടാകം കൂടി കാണണമെന്ന് തീരുമാനിച്ചു. സങ്കേത്സ്കർ തടാകമെന്നാണ് യഥാർത്ഥ പേര്. രാകേഷ് റോഷൻ 1997ൽ സംവിധാനംചെയ്ത കൊയ്ല എന്ന ചിത്രമാണ് തടാകത്തിന് മാധുരി ലേക്ക് എന്ന പേര് ചാർത്തിക്കൊടുത്തത്.  ഷാരൂഖ്ഖാനും അമരീഷ്പുരിയുമെല്ലാം തകർത്തഭിനയിച്ച ആക്‌ഷൻ ത്രില്ലർ. മാധുരി ദീക്ഷിതിന്റെ നൃത്തരംഗം ചിത്രീകരിച്ചത് ഇവിടെയാണ്.
സങ്കേത്‌സ്‌കർ (മാധുരി) തടാകം

സങ്കേത്‌സ്‌കർ (മാധുരി) തടാകം

ബൂംലയിൽ നിന്ന് ഏതാണ്ട് ഒരു കിലോമീറ്റർ തിരിച്ചിറങ്ങിയപ്പോൾത്തന്നെ ഒരു ഗ്രാമം ശ്രദ്ധയിൽപ്പെട്ടു. ഡ്രൈവർക്ക് ആ ഗ്രാമത്തെക്കുറിച്ച് പറയാൻ മടിയുള്ളതുപോലെ. കൂടുതൽ തിരക്കിയപ്പോഴാണ് അവിടെയുള്ളവർ മോൻപ വിഭാഗക്കാർ അല്ലെന്നും റോഡ് പണിക്കായി വന്ന ബംഗാളി‐ബംഗ്ലാദേശി കുടുംബങ്ങളാണെന്നും അയാൾ പറഞ്ഞത്.  എന്നാൽ ഗ്രാമത്തിലുള്ള ക്ഷേത്രം ഹിന്ദുക്കളുടേതെന്ന് അയാൾ എടുത്തുപറഞ്ഞു. അരുണാചൽ ഗ്രാമീണരിൽ വേരാഴ്ത്തിയിട്ടുള്ള വംശീയ വിദ്വേഷമാണ് ഡ്രൈവറുടെ വാക്കുകളിലൂടെ പുറത്തു ചാടിയത്. പൂർണമായും ഇന്ത്യൻ പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. എങ്കിലും തവാങ്ങിൽനിന്നുള്ള തദ്ദേശീയ ഗ്രൂപ്പുകളുടെ ൈകയിലാണ് അജ്കാർ തടാകത്തിന് ചുറ്റുമുള്ള ഈ താൽക്കാലിക ഗ്രാമം. അതിർത്തിയോടു ചേർന്നുകിടക്കുന്നതിനാൽ അനധികൃത വ്യാപാരങ്ങൾ പലതും പുഷ്ടിപ്പെടാൻ ഇവിടം കാരണമാകുന്നുണ്ടോയെന്ന് ന്യായമായും സംശയിക്കാം. കേരതെങ്ങിലേക്ക് ഇവിടെ നിന്ന് 12 കിലോമീറ്ററുണ്ട്.
    ഇന്ത്യ ഏകീകരണ കാലത്തിനുമുമ്പുതന്നെ വംശീയ പ്രശ്നങ്ങൾ വടക്കൻ പ്രദേശങ്ങളിൽ സജീവമായിരുന്നു. ബ്രിട്ടനിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനുമുമ്പുതന്നെ ഉൾഫ പോലുള്ള വിഘടനവാദ ഗ്രൂപ്പുകളുടെ പ്രവർത്തനം അരലക്ഷത്തോളം പേരുടെ മരണത്തിന് കാരണമായിട്ടുണ്ട്. 
ഉൾഫ ഉൾപ്പെടെയുള്ളവ വംശീയ വിദ്വേഷം ആളിക്കത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഗോത്രങ്ങൾക്കിടയിലെ പൗരാണികമായ സാംസ്കാരിക സവിശേഷതയും പ്രാമാണിത്വവും അംഗീകരിക്കപ്പെടണമെന്ന മുദ്രാവാക്യത്തിലൂന്നിയാണ് ഉൾഫയുടെ വളർച്ച. ഇത് വംശങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ തീവ്രത വർധിപ്പിച്ചുകൊണ്ടിരുന്നു.
1992 മുതൽ 2001 വരെയുള്ള കണക്കുപ്രകാരം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉണ്ടായ വംശീയ കലാപങ്ങളിൽ ഏതാണ്ട് 12181 പേർ കൊല്ലപ്പെട്ടതായി രേഖയുണ്ട്. അതിൽ താരതമ്യേന കുറവ് അരുണാചൽപ്രദേശിലാണെന്ന്‌ പറയാം. ഏറ്റവും കൂടുതൽ അസമിലും ത്രിപുരയിലും.
   എഴുപതുകളുടെ അവസാനം അസമിൽ രൂപപ്പെട്ട സ്വതന്ത്ര അസംവാദം വടക്കുകിഴക്കൻ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡ് (എൻഡിഎഫ്ബി) ബോഡോലാൻഡ്‌ എന്ന ആവശ്യം മുന്നോട്ടുവച്ച് പ്രക്ഷോഭത്തിനിറങ്ങി. ഇതിന്റെ ഭാഗമായി പരമ്പരാഗത ആദിവാസി സമൂഹവും ബംഗാളികൾ ഉൾപ്പെടുന്ന കുടിയേറ്റക്കാരും വ്യാപകമായി അക്രമത്തിനിരയായി. ഇതിനു ബദലായി ആദിവാസി ഗ്രൂപ്പുകളുടെയും ബംഗാളികളുടേതുമായി വംശീയ സംഘടനകൾ രൂപംകൊണ്ടു.  ആദിവാസി കോബ്ര മിലിട്ടൻസ് ഓഫ് അസം(അക്മ), ബംഗാൾ ലിബറേഷൻ ടൈഗേഴ്സ് (ബിഎൽഡി) എന്നിവ ഉദാഹരണം.  ഇവർ പിൽക്കാലത്ത് കൈകോർത്തതോടെ ഗോത്രങ്ങൾ തമ്മിലുള്ള സംഘർഷം ശക്തിപ്രാപിച്ചു. 1996 ജൂണിൽ ബോഡോ ഗ്രാമങ്ങൾക്കുനേരെയുണ്ടായ ആക്രമണങ്ങൾ ഇതിന്റെ തുടർച്ചയാണ്.

1996 മേയ്‌ മാസത്തിൽ ബോഡോകൾക്കും സന്താളുകൾക്കും ഇടയിലുണ്ടായ സംഘർഷം 37 ഗ്രാമങ്ങളുടെ സ്വൈരജീവിതമാണ് തകർത്തത്. അതിൽ 27 ഗ്രാമങ്ങളും സന്താളുകളുടേതായിരുന്നു. 1508 കുടുംബങ്ങളെ സംഘർഷം ബാധിച്ചതായി അന്വേഷണ രേഖകളുണ്ട്.  അന്നുമാത്രം ഇരുഭാഗത്തുനിന്നും 20 പേർ കൊല്ലപ്പെട്ടു.

1996 മേയ്‌ മാസത്തിൽ ബോഡോകൾക്കും സന്താളുകൾക്കും ഇടയിലുണ്ടായ സംഘർഷം 37 ഗ്രാമങ്ങളുടെ സ്വൈരജീവിതമാണ് തകർത്തത്. അതിൽ 27 ഗ്രാമങ്ങളും സന്താളുകളുടേതായിരുന്നു. 1508 കുടുംബങ്ങളെ സംഘർഷം ബാധിച്ചതായി അന്വേഷണ രേഖകളുണ്ട്.  അന്നുമാത്രം ഇരുഭാഗത്തുനിന്നും 20 പേർ കൊല്ലപ്പെട്ടു.

പൊട്ടിപ്പുറപ്പെട്ട കലാപങ്ങളിൽ എല്ലാം വംശീയതയുടെ നിറംകൊടുത്തതും അതിലൂടെ  സ്വേച്ഛാപരമായ അധികാരം അരക്കിട്ടുറപ്പിക്കുന്നതുമായിരുന്നു വിഭാഗീയപ്രവർത്തനങ്ങൾ.  ചേരിതിരിഞ്ഞുള്ള സംഘർഷങ്ങൾ രാജ്യസുരക്ഷയെപ്പോലും അപകടത്തിലാക്കുന്ന അവസ്ഥയുണ്ടായപ്പോൾ  സൈന്യത്തിന്റെ ഇടപെടലുണ്ടായി. അതോടൊപ്പം ഭരണവർഗ അധികാരം സുഗമമാക്കുന്നതിനായി ഇത്തരം തീവ്രവാദ ഗ്രൂപ്പുകളെ ഒപ്പം നിർത്തുന്നതിനും രാഷ്ട്രീയനേതൃത്വം മത്സരിച്ചു.  ഓരോ ഗോത്രത്തിനും അവരുടേതായ വിമോചനം എന്ന കാര്യത്തിൽ ഉറച്ചുകൊണ്ട്‌ നിൽക്കുന്ന പ്രസ്ഥാനങ്ങൾ എല്ലാകാലത്തും അസമിൽ സജീവമാണ്.  ബോഡോലാൻഡ് ലിബറേഷൻ ടൈഗേഴ്സ് ഫോഴ്സ്(ബിഎൽടിഎഫ്) പ്രത്യേക ബോർഡോ രാജ്യത്തിനു വേണ്ടിയാണ് പോരടിച്ചത്. അവർ പിൽക്കാലത്ത് ബിഎൽടിയുമായി സന്ധി ചേർന്ന് സംയുക്ത പ്രക്ഷോഭം നടത്തി. ദൈമാസസ് എന്ന ഗോത്ര സമൂഹത്തിന്റെ വിമോചന സ്വപ്നവുമായാണ് ഡിഎച്ച്ഡി(ദൈമ ഹാലൻ ദോഗ) രൂപംകൊണ്ടത്.  യുപിഡിഎസ് (യുണൈറ്റഡ് പീപ്പിൾസ് ഡെമോക്രാറ്റിക് സോളിഡാരിറ്റി) കർബീസ് എന്ന ഗോത്രസമൂഹത്തിന്റെ വിമോചനവും പ്രത്യേക പ്രവിശ്യയുമാണ് സ്വപ്നം കണ്ടത്.
ഖമോഖർ തടാകം

ഖമോഖർ തടാകം


   ഹിന്ദു‐മുസ്ലിം വിഭാഗങ്ങളിൽപ്പെട്ട ആയിരക്കണക്കിനുപേർക്ക് അസം ഉപേക്ഷിക്കേണ്ടിവന്നു. അരുണാചലിലെ ചക്മ വിഭാഗത്തിൽപ്പെട്ട ആദിവാസി ഗോത്ര സമൂഹത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കി. 1964 ലെ കപ്താൽ ഡാം ദുരന്തത്തെതുടർന്ന് കുടിയേറിയ അരലക്ഷത്തോളം ചക്മ വിഭാഗക്കാർ ഉണ്ടായിരുന്നു എന്നാണ് കണക്ക്.  ബുദ്ധിസ്റ്റ് പാരമ്പര്യം അവകാശപ്പെടുന്ന ഈ വിഭാഗത്തിന്റെ നിലനിൽപ്പ് ഇപ്പോഴും ചോദ്യം ചെയ്യപ്പെടുകയാണ്.
   വഴിയിൽ കുറുകെ വീഴുന്ന വെള്ളച്ചാട്ടത്തിന് അപ്പുറം കടക്കുമ്പോൾ സങ്കേത്സ്കർ ഗ്രാമമായി. ഇവിടെ കാര്യമായ ആൾപ്പാർപ്പില്ല.  ടിഗോംപയിലേക്കുള്ള വഴിതിരിയുന്നത് ഇവിടെയാണ്.  കീ ഗോംപെ എന്നാൽ തക്സങ് ഗോംപെ. ഭൂട്ടാനിൽ ഇതേ പേരിൽ അതിപ്രശസ്തമായ ഒരു മൊണാസ്ട്രിയുണ്ട്. എന്നാൽ ഈ തക്സങ് പടിഞ്ഞാറൻ അരുണാചലിന്റെ തെക്കൻ പ്രദേശത്താണ്. ബുദ്ധഗുരു പത്മസംഭവയുടെ സാന്നിധ്യമാണ് ഇവിടെയും  വിശ്വാസത്തിലുള്ളത്. മാധുരി തടാകത്തിനരികിൽ 12,500നും 13,000 അടിക്കും ഉയരത്തിലാണ് ഗോപെ.  ഭൂട്ടാനിലെ തക്സങ്  സന്ദർശിച്ചിട്ടുള്ളതിനാൽ ഇവിടെ മൊണാസ്ട്രി ഞങ്ങൾ ഒഴിവാക്കി. ബുദ്ധക്കൊടികൾ നീണ്ടുയർന്നുനിൽക്കുന്ന വഴിയിൽ ആകെ പട്ടാള ചിഹ്നങ്ങളാണ്. ഉയരം കുറച്ച് തടിയിൽ തീർത്ത വേലിക്കെട്ടുണ്ട്. അതിനരികിൽ ഉരുളൻ കല്ലുകൾ പാകിയ വഴി. ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന്റെ പ്രതീതി ഉണർത്തുന്ന താഴ്വര. കുന്നിൻചുവട്ടിൽ ഇരിക്കാനും സല്ലപിക്കാനും തടിയിൽ തീർത്ത കസേരകൾ. വഴിയിറങ്ങിച്ചെല്ലുമ്പോൾ മരങ്ങൾ നടുവിൽ കാറ്റിൽ ഇളകി തുള്ളുന്ന തടാകം. ‘ദേഖാ തുജേ തോ ഹേ ഗയ് ദിവാനീ...’  മനസ്സിൽ കൊയ്ലയിലെ ആ മനോഹര ഗാനത്തിനൊപ്പം മാധുരി ദീക്ഷിത് ചുവടുവയ്ക്കുന്നു. തടാകക്കരയിൽ വളരെ ഉയരത്തിൽ കാറ്റിലിളകിമറിയുന്ന ദേശീയ പതാക. അതിനു ചുവട്ടിൽനിന്ന് ചിത്രമെടുക്കാനുള്ള തിരക്കിലാണ് നിരവധിപേർ. തടാകത്തിനരികിൽ പുഴ ഒഴുകിയെത്തുന്നതിനുകുറുകെ ഒരു തടിപ്പാലം.  ബുദ്ധക്കൊടികൾ പൈൻ മരങ്ങളിലേക്ക് പടർന്നുകയറിയ വഴി. തണുത്ത കാറ്റിൽ തടാകം ഇളകുന്നതിന്റെ മൃദുമന്ത്രണം. പാലത്തിനരികിൽ ചെറിയൊരു കോട്ടേജുണ്ട്. അതിന്റെ മുറ്റത്തുനിന്നാൽ അങ്ങകലെ കുന്നുകളിൽനിന്ന് കുന്നുകളിലേക്ക് വ്യാപിക്കുന്ന പൈൻ മരക്കാട്. തടാകത്തിന് അത്ര ആഴമില്ല.  ക്രിസ്റ്റൽ ക്ലിയർ എന്ന വിശേഷണം ചേർന്ന വെള്ളം. അതിനുമീതെ നിരവധി കളിയോടങ്ങൾ. തടാകത്തിൽ ഇറങ്ങി നിൽക്കുന്ന താഴ്വരയ്‌ക്ക് ഇരുണ്ടനിറം. ഞങ്ങളുടെ മലയാളശബ്ദം കേട്ടിട്ടാവണം കഫറ്റീരിയക്കു മുന്നിലിരുന്ന പെൺകുട്ടി അരികിലേക്ക് വന്നു, പാർവതി. ബൂംലയിലെ പട്ടാള മ്യൂസിയത്തിൽ മലയാളം കത്തെഴുതിവച്ചവൾ. കത്തിന്റെ കാര്യം പറയുമ്പോൾ അവളും ഭർത്താവും പൊട്ടിച്ചിരിച്ചു. ക്യാമറയിൽ ചിത്രങ്ങൾ പകർത്തുമ്പോൾ ഇ മെയിൽ വിലാസം തരാൻ മറന്നില്ല. നാട്ടിലെത്തിയാൽ ചിത്രങ്ങൾ അയച്ചുകൊടുക്കാമെന്ന് സമ്മതിച്ചിരുന്നു. അതിപ്പോഴും കടമായി കൂടെയുണ്ട്. ഈ വിലാസം നഷ്ടപ്പെട്ടതാണ് കാരണം. മാധുരി തടാകത്തിലെ കോട്ടേജിന്റെ പേര്  സിഡ്സ് നെസ്റ്റ് എന്നാണ്. അതിന്റെ നിർമ്മാണ പുരാണമെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. കൊറിയ ബ്രിഗേഡ് സഹായത്തോടെ 19‐ാം ഗഡ്വാൾ റൈഫിൾസ് 62 ദിവസം കൊണ്ട് പൂർത്തിയാക്കി 2009 ആഗസ്‌ത്‌ 27 ന് ഉദ്ഘാടനം ചെയ്‌തു.
സങ്കേത്‌സ്‌കർ (മാധുരി) തടാകം സന്ദർശിക്കാനെത്തിയ  മോംഗ്യൻ പരമ്പരാഗത വേഷം ധരിച്ച അമ്മമാർ

സങ്കേത്‌സ്‌കർ (മാധുരി) തടാകം സന്ദർശിക്കാനെത്തിയ മോംഗ്യൻ പരമ്പരാഗത വേഷം ധരിച്ച അമ്മമാർ


   തവാങ്ങിന്റെ പരമ്പരാഗത മോംഗ്യൻ വേഷം ധരിച്ച മൂന്നു മുത്തശ്ശിമാർ ഇന്ത്യൻ പതാകയ്‌ക്ക് അരികിലുണ്ട്.  സാമ്പ്രദായിക വേഷവിധാനവും മാറുമറയുന്ന കല്ലുമാലയും ൈകയിലെ മന്ത്രമാലയും എല്ലാം കണ്ടുനിൽക്കാൻ വല്ലാത്ത അഴക്. പരിചയപ്പെട്ട് അവർക്കിടയിൽ നിൽക്കുമ്പോൾ യുവാവായ ലാമ അരികിലേക്ക് വന്നു. അമ്മമാർക്ക് തുണയായി എത്തിയതാണ് ലാമ. ഞങ്ങളെ മൊണാസ്ട്രയിലേക്ക് ക്ഷണിക്കാനും അദ്ദേഹം മറന്നില്ല. പതിനാലാമത് ദലൈ ലാമ ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് പലായനം ചെയ്‌ത വഴിയാണിത്.  വിശദവിവരമൊന്നും പറയാൻ തനിക്കറിയില്ലെന്നും ഇതുവഴി കുന്നിറങ്ങി ചക്സം പാലത്തിലൂടെ കിപ്ടി ഗ്രാമം കടന്ന് സേല പാസ് ചുറ്റി എത്തിയെന്ന്‌ മാത്രമറിയാം.
    അന്ന് രാത്രിയോടെ തവാങ്ങിൽ ഞങ്ങളുടെ തങ്ങലിടത്ത് തിരിച്ചെത്തിയെങ്കിലും ചക്സാം പാലം മനസ്സിലുണ്ടാക്കിയ ആകാംക്ഷ തീരെ ചെറുതായിരുന്നില്ല. പിറ്റേന്ന് കിട്പിയിലേക്കും അവിടെ നിന്ന് ചക്സാംപാലം കടന്ന് മുക്തോ ഗ്രാമത്തിലും യാത്ര ചെയ്താലോയെന്ന ചിന്ത എല്ലാവരിലും ശക്തമായി. ആദ്യം തീരുമാനിച്ചപ്രകാരം ആയിരുന്നെങ്കിൽ ഞങ്ങൾ കിട്പി വഴിയാണ് തവാങ്ങിൽ എത്തേണ്ടിയിരുന്നത്. എന്നാൽ യാത്രാബുദ്ധിമുട്ടും കാലാവസ്ഥയുമൊക്കെയാണ് ദിരാങ്  വഴി സേലപാസ് ഇറങ്ങാൻ പ്രേരിപ്പിച്ചത്  . (തുടരും)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top