27 July Saturday

ലക്കത്തിലേക്ക് വരൂ, കുളിച്ച് കുളിര്‍ന്ന് പോകാം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 28, 2023

ലക്കം വെള്ളച്ചാട്ടം

 മൂന്നാര്‍

പൊരിവെയിലത്തും നല്ല തണുത്ത വെള്ളത്തില്‍ കുളിക്കണോ? ലക്കം വെള്ളച്ചാട്ടത്തിലേക്ക് പോര്. കടുത്ത ചൂടില്‍നിന്നും മൂന്നാര്‍ മറയൂര്‍ മേഖലയിലെത്തുന്ന സഞ്ചാരികള്‍ക്ക് തണുപ്പിന്റെ ആവരണം അണിഞ്ഞുനില്‍ക്കുന്ന ലക്കം വെള്ളച്ചാട്ടം പ്രിയതാവളമാകുന്നു. പ്രദേശത്ത് ഇപ്പോള്‍ പകല്‍ നല്ല ചൂടും രാത്രി തണുപ്പുമാണ്. ഇരവികുളം നാഷണൽ പാർക്കിൽ ഉൾപ്പെട്ട ഈ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മനുഷ്യ സ്‍പർശമേൽക്കാത്ത ആനമുടി മലനിരകളിൽനിന്നാണ് വെള്ളം ഒളുകിയെത്തുന്നത്. ശുദ്ധമായ ജലം വെള്ളച്ചാട്ടത്തെ സമ്പന്നമാക്കുന്നു. ഈ നീരൊഴുക്കിന്റെ സമീപത്തൊന്നും മനുഷ്യവാസമില്ലാത്തതിനാൽ ഒട്ടും മാലിന്യം കലരാതെയാണ് താഴെക്ക് പതിക്കുക. ഒട്ടും അപകടമില്ലാതെ ചെറിയ കുട്ടികൾക്ക് പോലും സുരക്ഷിതമായി കുളിക്കാം. സുരക്ഷാ

വലയമൊരുക്കി വനപാലകരുമുണ്ട്. 

മൂന്നാർ മറയൂർ പാതയിൽ 24കിലോമീറ്റർ സഞ്ചരിച്ചാല്‍ മൂന്നാർ വനം വന്യജീവി വകുപ്പിന്റെ കീഴിലുള്ള ലക്കം വെള്ളച്ചാട്ടം കാണാം. വേനലവധിക്കാലം തുടങ്ങിയതോടെ സഞ്ചാരികളുടെ തിരക്കും വർധിച്ചു. അവധിക്കാലത്തിന് മുമ്പ് നൂറിൽ താഴെയായിരുന്നു സഞ്ചാരികളുടെ എണ്ണമെങ്കിൽ ഇപ്പോൾ 500 മുതൽ 750 വരെയാണ്. ഒരാൾക്ക് 50രൂപയാണ് നിരക്ക്. അന്തരീക്ഷത്തിൽ നല്ല ചൂടാണെങ്കിലും വെള്ളത്തിന് നല്ല തണുപ്പായതിനാൽ സഞ്ചാരികൾ ദീർഘനേരം വെള്ളത്തിൽ ചിലവഴിക്കും. മൂന്നാറിലെത്തുന്ന ഏതൊരു സഞ്ചാരിക്കും രസം പകരുന്നതാണ് ലക്കം വെള്ളച്ചാട്ടം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top