ad
Deshabhimani

ചാറ്റ് ജിപിടിയും ഡീപ്സീക്കും രാജ്യം കീഴടക്കി മുന്നേറുന്നു, "സര്‍വം" അവതരിപ്പിച്ച് മുഖം രക്ഷിക്കാൻ കേന്ദ്ര സര്‍ക്കാര്‍

sarvam story
വെബ് ഡെസ്ക്

Published on Feb 18, 2026, 04:49 PM | 3 min read

ചാറ്റ് ജിപിടി ഇന്ത്യൻ വിപണിയിൽ വൻ സ്വീകാര്യത നേടി മുന്നേറുന്നു. ഓരോ ആഴ്ചയിലും 100ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കൾ കയറി ഇറങ്ങുന്നു. ചാറ്റ് ജിപിടിയുടെ ലോകത്തെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ മാറിയെന്ന് ഓപ്പൺ എഐ സമ്മതിക്കുന്നു. ഗൂഗിളിന്റെ ജെമിനെെയും, ചൈനയുടെ ഡീപ്സീക്കും പുതുമുഖമായ ആന്ത്രോപികിന്റെ ക്ലോഡും എല്ലാം ഇതിനൊപ്പം വിപണി വീതിച്ചെടുത്ത് മത്സര രംഗത്തുണ്ട്.


വളരെ വൈകി ഈ രംഗത്ത് സ്വന്തം പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഇന്ത്യ. ഡീപ് സീക്കിന്റെ കൂടി വരവിന് പിന്നാലെയാണ് സ്വന്തമായി ശക്തമായ ഒരു ലാര്‍ജ് ലാംഗ്വേജ് മോഡൽ (LLM)എന്ന ചിന്തയിലേക്ക് ഉണര്‍ന്നത്. ഇതിനായി 12ഐ ടി കമ്പനികൾക്കായി ദൗത്യം വീതിച്ചു നൽകി. ഏകദേശം 2,100കോടി രൂപ ചെലവഴിച്ചു. കമ്പനികൾ സ്വന്തമായ മോഡലുകളെ പരിശീലിപ്പിച്ച് പുറത്തിറക്കി.


ഇവയിൽ 'സര്‍വം'എന്ന മോഡൽ പ്രതീക്ഷ നൽകുന്നതായാണ് പുതിയ വാര്‍ത്ത.ആധാര്‍ മുൻ ചീഫ് ബയോമെട്രിക് ആര്‍കിടെക്റ്റ് വിവേക് രാഘവൻ,ഐഐടി മദ്രാസ് അധ്യാപകൻ പ്രത്യൂഷ് കുമാര്‍ എന്നവര്‍ ചേര്‍ന്നുള്ള സ്റ്റാര്‍ട്ടപ് ആണ് സര്‍വത്തിന് പിന്നിൽ. 246.7കോടി രൂപയാണ് ഇവര്‍ക്ക് നൽകിയത്. 22ഇന്ത്യൻ ഭാഷകളിൽ ഇതിന് പ്രവര്‍ത്തിക്കാൻ കഴിയുമെന്നാണ് വാര്‍ത്തകൾ. ഇത് എത്രമാത്രം മത്സര ക്ഷമമാണ് എന്ന് കാത്തിരുന്ന് കാണണം.


എ ഐ ഇംപാക്ട് ഉച്ചകോടി തുടങ്ങിയതും


രാജ്യം ആദ്യമായി വേദിയായ എ ഐ ഇംപാക്ട് സമ്മേളനം വലിയ ആഘോഷമായാണ് നടത്തിയത്. ഉച്ചകോടിയുടെ ആദ്യ ദിനം സംഘാടന പിഴവിന്റെ പേരിൽ വാര്‍ത്തകളിൽ നിറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഫല പ്രദമായ ഇടപെടൽ ഇല്ലാത്തതും ദീര്‍ഘവീക്ഷണം കുറഞ്ഞ നിലപാടുകളും പൊതു ചര്‍ച്ചകളിൽ എത്തി. രാജ്യത്ത് സ്വന്തമായി ഡീപ്സീക് മാതൃകയിലുള്ള ഒരു എൽ എൽ എം എന്തുകൊണ്ട് സാധ്യമാവുന്നില്ല എന്ന ചോദ്യം കൂടുതൽ ശക്തമായി ഉയര്‍ന്നു വന്നു.


ഈ സാഹചര്യത്തിൽ,സര്‍വം പറഞ്ഞു നിൽക്കാനുള്ള ഒരു മോഡലായി മാറുമോ എന്ന പ്രതീക്ഷാണ്. ടെക്സ്റ്റ് ടു സ്പീച്ച് മോഡലുകൾ,ഡിജിറ്റലൈസേഷൻ നൽകുന്ന സര്‍വ്വം വിഷൻ,വോയസ് ക്ലോണിങ്,കസ്റ്റമര്‍ കെയര്‍ ആവശ്യങ്ങൾക്കുള്ള കോൺവര്‍സേഷൻ ഏജന്റ് തുടങ്ങിയ മോഡല്‍ സൗകര്യങ്ങൾ സര്‍വത്തിന്റെ തുടക്കത്തിൽ അവകാശപ്പെടുന്നു.


ബുദ്ധിയും ശേഷിയും ഉണ്ടായിട്ടും


എഐ ഇംപാക്ട് ഉച്ചകോടിക്ക് മുന്നോടിയായാണ് ഓപ്പൺ എഐയുടെ സിഇഒ സാം ആൾട്ട്മാൻ ചാറ്റ് ജീപിടിയോടുള്ള ഇന്ത്യക്കാരുടെ വർധിക്കുന്ന താൽപ്പര്യത്തെ കണക്കു സഹിതം ചൂണ്ടികാണിച്ചത്. ടൈംസ് ഓഫ് ഇന്ത്യയിൽ എഴുതിയ ലേഖനത്തിലായിരുന്നു കണക്കുകൾ. ഇതോടെ ഇന്ത്യൻ അധികാരികൾക്ക് എന്തു കൊണ്ട് സ്വന്തമായി ഇത്തരത്തിലൊന്ന് സാധ്യമാക്കാനാവുന്നില്ല എന്ന ചോദ്യം വീണ്ടും ശക്തമായി ഉയര്‍ന്നു.


ചാറ്റ് ജിപിടി തുടക്കത്തിൽ തന്നെ ഇന്ത്യയിലെ വിവിധ പ്രാദേശിക ഭാഷകളിൽ ലഭ്യമാക്കാൻ ഇതിന് പിന്നിൽ പ്രവര്‍ത്തിച്ചവര്‍ക്ക് കഴിഞ്ഞിരുന്നു. ഇത് ഉൾപ്പെടെയുള്ള കാരണങ്ങൾ അവരുടെ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ചതിനും പെട്ടെന്നുള്ള വിജയത്തിനും സഹായകരമായതായി വിവരിക്കപ്പെടുന്നു. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യൻ ഭാഷകളിൽ ഇപ്പോൾ മികച്ച രീതിയിൽ ചാറ്റ് ജിപിടി ആശയവിനിമയം നടത്തുന്നുണ്ട്. വിദ്യാർത്ഥികൾ,പ്രൊഫഷണലുകൾ,ഐടി ജീവനക്കാർ എന്നിവരാണ് രാജ്യത്ത് ചാറ്റ് ജിപിടി പ്രധാനമായും ഉപയോഗിക്കുന്നത്. 


ചൈന തിരിച്ചടിച്ചതും ഞെട്ടിച്ചതും ചരിത്രം


 എഐ മോഡലുകളെക്കുറിച്ച് അമേരിക്കന്‍ കമ്പനികള്‍ ഊതിപ്പെരുപ്പിച്ച പൊതുധാരണകളാണ് നിലവിലുണ്ടായിരുന്നത്. ഇതിനെ നേരിടാൻ ചൈന ഡീപ്‌സീക്ക് അവതരിപ്പിച്ചതോടെ അവകാശവാദങ്ങളും വീമ്പ് പറച്ചിലുകളും ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. ഓഹരിവിപണികളിലും ഭൗമരാഷ്ട്രീയത്തിലും രാജ്യാന്തര നയതന്ത്ര ബന്ധങ്ങളിലുമൊക്കെ ഡീപ്‌സീക്ക് വലിയ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ഇതിന് തൊട്ട് പിന്നാലെ ഫ്രാൻസ് കേന്ദ്രമായുള്ള ക്ലോഡ് എ ഐയും മത്സരത്തിന് എത്തി.


2022ല്‍ അമേരിക്കന്‍ കമ്പനിയായ ഓപ്പണ്‍ എഐ ചാറ്റ് ജിപിടി അവതരിപ്പിച്ചതോടെയാണ് കൃത്രിമ ബുദ്ധി ലോകശക്തികള്‍ക്ക് ഒരു മത്സര വിഷയമായത്. പിന്നാലെ ഗൂഗിളും മെറ്റയുമൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വന്‍ മുതല്‍മുടക്ക് നടത്തി. അമേരിക്കന്‍ മോഡലുകളോട് എതിരിടാൻ ആദ്യത്തെ ചൈനീസ് ബദല്‍ വികസിപ്പിച്ചത് സെര്‍ച്ച് എഞ്ചിന്‍ കമ്പനിയായ ബൈഡു ആയിരുന്നു. ഇതിന് തുടര്‍ച്ചയായി എത്രയും പെട്ടെന്ന് അവര്‍ ഡീപ്‌സീക് അവതരിപ്പിച്ചു. ലോകത്തെ തന്നെ ഞെട്ടിച്ചു. ഇത്തരം മത്സരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങളും ബൗദ്ധിക ശേഷിയും ഒക്കെ ഇന്ത്യയിലും സുലഭമാണ്.


2024ഡിസംബര്‍ 24നാണ് ഡീപ്‌സീക് വി-3മോഡല്‍ അവതരിപ്പിച്ചത്. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ എഐ മോഡലിന് എന്‍വിഡിയയുടെ വില കുറഞ്ഞ ചിപ്പുകളായ എച്ച് 800ആണ് ഉപയോഗിച്ചതെന്നും ചെലവ് 60ലക്ഷം ഡോളറില്‍ താഴെ മാത്രമാണെന്നും ഡീപ്‌സീക് വെളിപ്പെടുത്തി.


ഇതോടെ,വിപണിയിലെ അമേരിക്കൻ പക്ഷ കുമിളകള്‍ ഒന്നൊന്നായി പൊട്ടി തുടങ്ങി. സമീപഭാവിയില്‍ അമേരിക്കന്‍ ക്ലൗഡ് കമ്പനികള്‍ എഐ മേഖലയില്‍ 25000 കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് വീമ്പ് പറഞ്ഞു കൊണ്ടിരിക്കെയാണ് അവിടേക്ക് വെറും 60ലക്ഷം ഡോളറിന്റെ കണക്കുമായി ചൈനക്കാരുടെ രംഗപ്രവേശം ഉണ്ടായത്.


അന്ന് ഒരു അഭിമുഖത്തിൽ ഓപ്പണ്‍ എഐ സിഇഒ സാം ആള്‍ട്ട്മാനോട് ‘ഇന്ത്യയില്‍ നിന്നുള്ള ഏതെങ്കിലും സ്റ്റാര്‍ട്ടപ്പിന് ചാറ്റ് ജിപിടി പോലെ ഒരു അടിസ്ഥാന മോഡലെങ്കിലും വികസിപ്പിക്കാന്‍ കഴിയുമോ?’എന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചു. "ഒരു പ്രതീക്ഷയും വേണ്ട,ഞങ്ങളോട് മത്സരിക്കാനാകില്ല"എന്നായിരുന്നു പ്രതികരണം. ഈ അപമാനിക്കലിന് മറുപടി നൽകും എന്ന ചര്‍ച്ചകളും പ്രസ്താവനകളും ധാരാളമായി ഉണ്ടായി. എങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആവശ്യകത തിരിച്ചറിയാനും വെല്ലുവിളി ഏറ്റെടുക്കാനും സമയമെടുത്തു. ഇപ്പോൾ സര്‍വ പ്രതീക്ഷകളും അര്‍പ്പിച്ചാണ് സര്‍വത്തെ ഉയര്‍ത്തി കാട്ടുന്നത്. സര്‍വത്തിന്റെ സവിശേഷ ലെൻസ് അണിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എ ഐ ഇംപാക്ട് ഉച്ചകോടിയുടെ ഉദ്ഘാടന വേദിയിൽ പ്രത്യക്ഷപ്പെട്ടത്. വെറും കാഴ്ചയ്ക്ക് അപ്പുറം പ്രയോഗിക ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇനിയും വരാനിരിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home