ad
Deshabhimani

നിര്‍മ്മിതബുദ്ധി മേഖല വിദേശ കുത്തകകൾക്കായി തുറന്നിട്ട് കേന്ദ്രം, ആദ്യകരാര്‍ യുഎസ് ടെക് ഭീമൻമാര്‍ക്ക്

AI
avatar
എൻ എ ബക്കർ

Published on Feb 19, 2026, 03:23 PM | 3 min read

ഇന്ത്യയിലെ നിര്‍മ്മിത ബുദ്ധി ഗവേഷണ രംഗത്തെ അടിസ്ഥാന മേഖലകളിൽ പിടിമുറുക്കാൻ അമേരിക്കൻ ഐടി കമ്പനികളായ എൻവിഡിയ(Nvidia)യും ഓപ്പൺ എഐ(OpenAI)യും. ഇരു ഭീമൻമാരും ഇന്ത്യൻ സ്ഥാപനങ്ങളുമായി തന്ത്രപ്രധാന പങ്കാളിത്തങ്ങൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ ബൃഹത്തായ തോതിലുള്ള എഐ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കാനാണ് രണ്ട് യുഎസ് കമ്പനികളും ലക്ഷ്യം വെക്കുന്നത്.


വമ്പൻ വിപണി സ്വന്തമാക്കുക എന്ന പരസ്യ ലക്ഷ്യവുമായി കരാറിലേക്ക് എത്തുകയാണ്. ഭാവിയിൽ രാജ്യത്തെ നിയന്ത്രിക്കാനിരിക്കുന്ന എഐ അധിഷ്ഠിത സാധ്യതാ മേഖലകളിൽ എല്ലാം തന്നെ ഇവരുടെ സാന്നിധ്യവും സ്വാധീനവും നിലനിൽക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും.

രാജ്യതലസ്ഥാനം വേദിയായ എഐ ഉച്ചകോടിയിൽ (India AI Impact Summit 2026)ആണ് സഹകരണ പ്രഖ്യാപനം. എൻവിഡിയ ഇന്ത്യയിലെ ഡാറ്റ സെന്റർ,എഞ്ചിനീയറിംഗ്,ക്ലൗഡ് സേവന മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി സഹകരണമുറപ്പിച്ചു. Yotta Data Services, E2E Networks, Larsen & Toubroഎന്നിങ്ങനെ രാജ്യത്തെ ഐടി നിര കമ്പനികളുമായി ഉയർന്ന ശേഷിയുള്ള GPUഅധിഷ്ഠിത AIക്ലസ്റ്ററുകൾ സ്ഥാപിക്കാനുള്ള കരാറുകൾ പ്രഖ്യാപിച്ചിക്കയും ചെയ്തു.


ഇന്ത്യയിൽ “സോവറൺ AI”സംവിധാനങ്ങൾക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിലും എൻവിഡയുടെ സാന്നിധ്യം ഉണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകൾ. ഒരു രാജ്യത്തിന്റെ എ ഐ സംവിധാനങ്ങൾ വിദേശ കമ്പനികളെയോ വിദേശ ഡാറ്റ സെന്ററുകളെയോ ആശ്രയിക്കാതെ,സ്വന്തം രാജ്യത്തിനകത്ത് തന്നെ വികസിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതാണ് ഈ സംവിധാനം. ഇതിലേക്കാണ് കടന്നു കയറ്റം അനുവദിക്കേണ്ടി വരുന്നത്.

ചൈന പോലുള്ള രാജ്യങ്ങൾ സ്വന്തം മോഡലുകൾ വികസിപ്പിച്ച് സോവറിൻ എ ഐ സമീപനം നേരത്തെ തന്നെ സ്വീകരിച്ചിട്ടുണ്ട്. ഫ്രാൻസും ഈ രംഗത്ത് മേൽക്കൈ നേടി.


Related News

എൻവിഡിയയ്ക്ക് പുറമെ ചാറ്റ് ജിപിടി (ChatGPT) ടാറ്റ കൺസൾട്ടൻസി സര്‍വ്വീസുമായി ചേര്‍ന്ന് ഇന്ത്യയിൽ എഐ ഡാറ്റ സെന്റർ ശേഷി വർധിപ്പിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ഡാറ്റ സെന്റർ വിഭാഗവുമായി ചേർന്ന് ഉയർന്ന ശേഷിയുള്ള കംപ്യൂട്ടിംഗ് സൗകര്യങ്ങൾ സജ്ജമാക്കാനാണ് പദ്ധതി. ഇത് ഇന്ത്യയിൽ അവരുടെ സേവനങ്ങളുടെ പ്രാദേശിക ഹോസ്റ്റിംഗിനും, കോർപ്പറേറ്റ് ഉപയോക്താക്കൾക്കുള്ള എന്റർപ്രൈസ് എഐ വിഭാഗത്തിനും പ്രവര്‍ത്തിക്കാൻ ആവശ്യമായ വേഗവും കൃത്യതയും ഉറപ്പാക്കുക ലക്ഷ്യമാക്കിയാണ്.


ചാറ്റ് ജിപിടിയുടെ ലോകത്തെ രണ്ടാമത്തെ വലിയ വിപണിയായി ഇന്ത്യ മാറിയെന്ന് ഓപ്പൺ എഐ നേരത്തെ വെളിപ്പെടുത്തിയിരുന്നു. തുടക്കം തന്നെ ഓരോ ആഴ്ചയിലും 100ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കൾ കയറി ഇറങ്ങുന്ന വിപണിയാണ് അവര്‍ക്ക് ഇന്ത്യ.


ഇന്ത്യയിൽ ഇതുവരെ ചാറ്റ് ജിപിടി പോലെയുള്ള ആഗോള നിലവാരത്തിലുള്ള വലിയ ഭാഷാ മാതൃക (LLM)വികസിപ്പിച്ചിട്ടില്ല. ചൈനയിലെ ഡീപ് സീക്ക് പോലുള്ള മോഡലുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ ഈ രംഗത്തെ ഗവേഷണവും, വൻതോതിൽ വേണ്ടതായ കംപ്യൂട്ടിംഗ് ശേഷിയും ഇപ്പോഴും വളർച്ചാ ഘട്ടത്തിലാണ്.


എൻവിഡിയ, ചാറ്റ് ജിപിടി തുടങ്ങിയ കമ്പനികളുമായുള്ള കരാറുകൾ ഭാവിയിൽ ഇന്ത്യയെ ആഗോള AIമാപ്പിൽ കൂടുതൽ ശക്തമായ സ്ഥാനത്തേക്ക് ഉയർത്താൻ സഹായിക്കാമെന്നാണ് വാദം. വിദേശ ടെക് ഭീമൻ കമ്പനികളുടെ നിക്ഷേപം ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തും എന്നും അവകാശപ്പെടുന്നു.


ലോകത്തിലെ തന്നെ ആദ്യത്തെ അഞ്ച് ട്രില്യൻ ഡോളര്‍ മൂലധനം സമാഹരിച്ചിട്ടുള്ള കുത്തക ഭീമൻ കമ്പനിയാണ് എൻവിഡിയ. ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയില്‍ വരും വര്‍ഷങ്ങളില്‍ 100ബില്യണ്‍ (10000കോടി)ഡോളര്‍ വരെ നിക്ഷേപിക്കാന്‍ എന്‍വിഡിയയ്ക്ക് പദ്ധതിയുണ്ട്. രണ്ട് അമേരിക്കൻ കമ്പനികളും ഒരേ നാണയത്തിന്റെ ഇരു വശങ്ങൾ പോലെ പ്രവ‍ര്‍ത്തിക്കുന്നു.



എന്നാൽ സ്വദേശീയമായ എഐ ഗവേഷണവും ഭാഷാ അധിഷ്ഠിത ഡാറ്റ ശേഖരണവും ശക്തിപ്പെടുത്താൻ പ്രായോഗിക മാതൃകകൾ ഇല്ലാത്തതാണ് ഇന്ത്യയുടെ വെല്ലുവിളി. ദേശീയ സുരക്ഷ, പ്രതിരോധം, ബാങ്കിംഗ് മേഖല എന്നിവയിൽ വിദേശ ആശ്രയം കുറയ്ക്കുക പ്രധാനമാണ്. രാജ്യത്തിന്റെ പൗരന്മാരുടെ ഡാറ്റ രാജ്യത്തിനുള്ളിൽ തന്നെ സൂക്ഷിക്കുകയും നിയമപരമായി സംരക്ഷിക്കുകയും ചെയ്യുക പ്രധാനമാണ്. ഇതോടൊപ്പം രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും സാമൂഹിക ഘടനയും ഭാഷകളുടെയും സമൂഹങ്ങളുടെയും വളര്‍ച്ചയും നിലനിൽപ്പും വരെ എഐ ആശ്രിതമായി നിര്‍ണ്ണയിക്കപ്പെടുന്ന സാഹചര്യം വന്നു ചേരാവുന്നതാണ്.


ഐടി രംഗത്ത് അടിസ്ഥാന തലത്തിലുള്ള വികസന മുരടിപ്പിന്റെ ഈ സഹചര്യം വലിയ വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് വഴി രാജ്യത്തെ അമേരിക്കൻ കമ്പനികൾക്ക് തുറന്ന് കൊടുക്കാൻ നി‍ര്‍ബന്ധിതമാക്കുകയാണ് ചെയ്തിരിക്കുന്നത് എന്നും വിമര്‍ശകര്‍ ചൂണ്ടി കാണിക്കുന്നു.


ലോക രാഷ്ട്രങ്ങൾ പങ്കാളികളായ എ ഐ ഇംപാക്ട് ഉച്ചകോടിക്ക് ആഥിത്യം വഹിക്കുമ്പോൾ പോലും ഒരുക്കങ്ങളും തയാറെടുപ്പുകളും ദുര്‍ബലമായി. അംഗ രാജ്യങ്ങളുടെ പരിഹാസം ഏറ്റു വാങ്ങുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടു. എഐ രംഗത്തെ ഗൗരവത്തിൽ എടുക്കുന്നതിലെ സര്‍ക്കാരിന്റെ പരാജയവും, ഇതിന്റെ പ്രാധാന്യം ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ ദുര്‍ബലതകളും വെളിപ്പെടുത്തുകയും ചെയ്തു.






deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home