ഫ്‌ളോറിഡ വെടിവെപ്പ്: കൊലയാളിക്ക് ഉപദേശം നൽകിയത് ചാറ്റ്ജിപിടി; എഐ പ്ലാറ്റ്‌ഫോമിനെതിരെ അന്വേഷണം

മിയാമി: കഴിഞ്ഞ വർഷം ഫ്‌ളോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ നടന്ന വെടിവെപ്പിൽ എഐ പ്ലാറ്റ്‌ഫോമായ ചാറ്റ്ജിപിടിയുടെ പങ്ക് അന്വേഷിക്കുന്നു. രണ്ട് പേരുടെ മരണത്തിന് കാരണമായ ആക്രമണത്തിൽ, ആയുധങ്ങൾ തിരഞ്ഞെടുക്കുന്നതിനും പദ്ധതി തയ്യാറാക്കുന്നതിനും കൊലയാളിക്ക് ചാറ്റ്ജിപിടി സഹായം നൽകിയതായി റിപ്പോർട്ട്.
സംഭവത്തിൽ എഐ പ്ലാറ്റ്‌ഫോമുകളുടെ സുരക്ഷാ മാനദണ്ഡങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. ആയുധങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങളും ആക്രമണം നടത്തേണ്ട രീതിയും ചാറ്റ്ജിപിടി കൊലയാളിക്ക് വിവരിച്ചു നൽകിയെന്നാണ് ഫ്‌ളോറിഡ അറ്റോർണി ജനറൽ ജെയിംസ് ഉത്‌മെയ്ർ വ്യക്തമാക്കുന്നത്.
ഏത് തരം തോക്കുകൾ ഉപയോഗിക്കണം എന്നതിനൊപ്പം, 'ക്ലോസ് റേഞ്ചിൽ' വെടിയുതിർത്താൽ കൂടുതൽ ആഘാതം സൃഷ്ടിക്കാമെന്നും ചാറ്റ്ജിപിടി ഉപദേശിച്ചു. ക്യാമ്പസിൽ ആളുകൾ കൂടുതൽ ഒത്തുകൂടുന്ന ഇടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും എഐ നൽകിയതായാണ് കണ്ടെത്തൽ.
സംഭവത്തിൽ ചാറ്റ്ജിപിടിയുടെ മാതൃകമ്പനിയായ ഓപ്പൺഎഐക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടോ എന്ന് അധികൃതർ പരിശോധിച്ചുവരികയാണ്. ഒരു വ്യക്തിയാണ് ഇത്തരം നിർദ്ദേശങ്ങൾ നൽകിയിരുന്നതെങ്കിൽ അയാൾക്കെതിരെ കൊലക്കുറ്റം ചുമത്തുമായിരുന്നു എന്ന് അറ്റോർണി ജനറൽ പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി രേഖകൾ ഹാജരാക്കാൻ പ്രോസിക്യൂട്ടർമാർ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഫ്‌ളോറിഡയിലുണ്ടായത് ദാരുണമായ സംഭവമാണെന്ന് പ്രതികരിച്ച ഓപ്പൺഎഐ, തങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അവകാശപ്പെട്ടു. ഇന്റർനെറ്റിൽ നേരത്തെ തന്നെ ലഭ്യമായ പൊതുവായ വിവരങ്ങളാണ് ചാറ്റ്ജിപിടി നൽകിയത്.
ഒരു തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളെയും തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രതിയുടേതെന്ന് കരുതുന്ന അക്കൗണ്ട് വിവരങ്ങൾ കൈമാറിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.











0 comments