വെല്ലുവിളികളെ അതിജീവിച്ച് വെള്ളിത്തിളക്കത്തിൽ വിദർശ

നിങ്ങളൊരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ നേടിത്തരാൻ പ്രപഞ്ചം മുഴുവൻ നിങ്ങളുടെ കൂടെയുണ്ടാകും, പൗലോ കൊയ്ലോയുടെ ഈ വരികൾക്ക് ജീവൻ നൽകുകയാണ് വിദർശ കെ വിനോദ്. സാധാരണ കുടുംബത്തിൽ നിന്നെത്തി അതിജീവനത്തിന്റെ കഥയെഴുതി ഏഷ്യൻ ഗെയിംസ് വേദിയിൽ വെള്ളിത്തിളക്കത്തോടെ നിൽക്കുന്ന വിദർശയുടെ യാത്ര അത്ര എളുപ്പമുള്ളതായിരുന്നില്ല. പരിമിതികളിൽ തളരാതെ, സ്വപ്നങ്ങൾക്ക് ചിറകുനൽകി രാജ്യത്തിന്റെ അഭിമാനമായി മാറിയ വിദർശക്ക് പറയാനുള്ളത് നിശ്ചയദാർഢ്യത്തിന്റെ കഥയാണ്.
2022ൽ ആദ്യ കേരള ഒളിമ്പിക്സ് ഗെയിംസിൽ പങ്കെടുക്കുമ്പോൾ വിദർശക്ക് സ്വന്തമായി എയർ റൈഫിൾ പോലും ഇല്ലായിരുന്നു. സുഹൃത്തിന്റെ റൈഫിൾ ഉപയോഗിച്ചാണ് അന്ന് മത്സരിച്ചത്. ഷൂട്ടിംഗ് ഇനത്തിൽ കേരളത്തിന് അഭിമാനമായി മാറിയ വിദർശക്ക് തുടർന്നും നേട്ടങ്ങൾ കൈവരിക്കുന്നതിന് 2024ൽ സർക്കാർ 5 ലക്ഷം രൂപ സമ്മാനമായി നൽകി. ഇന്ത്യക്ക് വേണ്ടി ഒളിമ്പിക്സ് മെഡൽ നേടണമെന്ന സ്വപ്നം നെഞ്ചിലേറ്റി നടക്കുന്ന വിദർശ ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടുമ്പോൾ അത് ഓരോ മലയാളിക്കും അഭിമാന മുഹൂർത്തമാണ്.
ഗുരുവായൂരപ്പൻ കോളേജിലെ പഠനകാലത്ത് എൻസിസി ട്രയലിലൂടെയാണ് വിദർശയിലെ ഈ കഴിവ് തിരിച്ചറിഞ്ഞത്. സാമ്പത്തിക ചെലവ് കൂടുതലായതിനാൽ തന്നെ പരിശീലനം നിർത്താൻ ആദ്യം കുടുംബം പറഞ്ഞെങ്കിലും, വിദർശയുടെ നിശ്ചയദാർഢ്യമാണ് എല്ലാ പിന്തുണയും നൽകാൻ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. ഷൂട്ടിംഗിൽ മെഡലുകൾ വാരിക്കൂട്ടുകയെന്ന വിദർശയുടെ അടങ്ങാത്ത ആഗ്രവും താല്പര്യവുമാണ് ഈ നേട്ടത്തിൽ കൊണ്ടെത്തിച്ചത്.
2019ൽ അസമിൽ വെച്ചുനടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ 50 മീറ്റർ വ്യക്തിഗത വിഭാഗത്തിൽ ഇന്ത്യയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 12 പെൺകുട്ടികളിൽ കേരളത്തിനെ പ്രതിനിധീകരിച്ച ഏക താരമായിരുന്നു വിദർശ. ഇതേ വർഷം തന്നെ സൗത്ത് സോൺ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും കേരള ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിലും മെഡലുകൾ കരസ്ഥമാക്കി സംസ്ഥാന ചാമ്പ്യനുമായി. കോഴിക്കോട് ജില്ലാ റൈഫിൾ ക്ലബ്ബിലെ അംഗമായ വിദർശ ഇന്ത്യൻ ടീം കോച്ച് ആയ മനോജ് കുമാറിന്റെ കീഴിലായിരുന്നു പരിശീലനം നടത്തിയിരുന്നത്. ദേശീയ മത്സരങ്ങൾക്ക് പങ്കെടുക്കുന്നതിനായി തിരുവനന്തപുരം വട്ടിയൂർക്കാവ് നാഷണൽ ഗെയിംസ് ഷൂട്ടിംഗ് റേഞ്ചിലാണ് വിദർശ ഇപ്പോൾ പരിശീലനം നടത്തുന്നത്.
"വളരെ സന്തോഷമുണ്ട്, ഇതെന്റെ ആദ്യത്തെ വലിയ മത്സരമായിരുന്നു, മികച്ച രീതിയിൽ തന്നെ മത്സരിക്കാൻ ശ്രമിച്ചു" ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ ശേഷം വിദർശ പ്രതികരിച്ചു. മത്സരത്തിനായി താൻ പൂർണമായും തയ്യാറാണെന്നും അവർ പറഞ്ഞു. 10 മീറ്റർ എയർ റൈഫിളിന് പുറമെ തന്റെ ഇഷ്ട ഇനമായ 50 മീറ്റർ റൈഫിൾ 3 പൊസിഷനിലും വിദർശ ഇന്ത്യയ്ക്കായി മത്സരിക്കുന്നുണ്ട്. കോഴിക്കോട് തിരുവമ്പാടി കൊച്ചാലുങ്കൽ വിനോദ് കെ ഡിയുടേയും അനിതയുടെയും മകളാണ് വിദർശ. ഷൂട്ടിംഗ് പരിശീലകനും റൈഫിൾ ഷൂട്ടിംഗ് താരവുമായ മനു എസ് രവിയാണ് ജീവിതപങ്കാളി.









0 comments