print edition ബാഴ്സ 10/10

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഗലറ്റസാറിക്കെതിരെ ബാഴ്സലോണയ്-ക്കായി ജോയോ കാൻസെലോ ഗോൾ നേടുന്നു
ഇസ്താംബുൾ/ലണ്ടൻ : സീസണിൽ തുടർച്ചയായ പത്താം ജയം സ്വന്തമാക്കി ബാഴ്സലോണ. ചാന്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാം മത്സരത്തിൽ തുർക്കി ക്ലബ് ഗലറ്റസാറിയെ 4–1ന് തകർത്തു. സ്പാനിഷ് ലീഗിൽ എട്ട് കളിയും ജയിച്ച ഹാൻസി ഫ്-ളിക്കിന്റെ സംഘം ഒന്നാമതാണ്.
അഴ്സണൽ ലില്ലെയെ മൂന്ന് ഗോളിന് തകർത്തു.
മാഞ്ചസ്റ്റർ യുണൈറ്റഡ് അത്ലറ്റികോ മാഡ്രിഡിനോട് രണ്ട് ഗോളിന് തോറ്റു. നാപോളിയെ വിയ്യാറയൽ 3–1ന് കീഴടക്കിയപ്പോൾ ഇന്റർ മിലാനെ 4–3ന് ക്ലബ് ബ്രുജ് ഞെട്ടിച്ചു. ഗലറ്റസറിയോട് ഒരു ഗോൾ വഴങ്ങിയശേഷമായിരുന്നു ബാഴ്സയുടെ തിരിച്ചുവരവ്. അലെക്സി ബട്രോകോവിന്റെ ഗോളിലാണ് ഗലറ്റസാറി ലീഡ് നേടിയത്.
എന്നാൽ ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുന്പ് ജോയോ കാൻസെലോ കറ്റാലൻമാരെ ഒപ്പമെത്തിച്ചു. ഇടവേളയ്ക്കുശേഷം ഫെർമിൻ ലോപെസ്, ആന്തണി ഗോഡൻ, കരിം അദെയെമി എന്നിവർ ചേർന്ന് ജയം പൂർത്തിയാക്കി. ലമീൻ യമാൽ രണ്ട് ഗോളിന് അവസരമൊരുക്കി.
രണ്ടാംജയത്തോടെ ബാഴ്സ ഒന്നാമത് തുടർന്നു.
ലില്ലെയ്ക്കെതിരെ അഴ്സണലിനായി ജുറിയെൻ ടിംബെർ, എബെറെഷി എസെ, ബുകായോ സാക്ക എന്നിവർ ഗോൾ നേടി. ഗോൾ വ്യത്യാസത്തിൽ അഴ്സണൽ രണ്ടാമതാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നില കൂടുതൽ പരുങ്ങലിലായി. അവസാന അഞ്ച് കളിയിൽ മൈക്കേൽ കാരിക്കിന്റെ സംഘത്തിന് ജയമില്ല. അത്ലറ്റികോയ്ക്കായി പാബ്ലോ ബരിയോസും അദെമോല ലൂക്മാനുമാണ് ഗോൾ നേടിയത്.
കളിയുടെ അവസാന ഘട്ടത്തിൽ പ്രതിരോധക്കാരൻ ലെനി യോറോ ചുവപ്പുകാർഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് കൂടുതൽ ക്ഷീണമായി. നിക്കോളോ ട്രെസോൾഡിയുടെ ഹാട്രിക്കിലാണ് ക്ലബ് ബ്രുജ് ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനെ തകർത്തത്. ഇന്ററിനായി ലൗതാരോ മാർട്ടിനെസ് ഇരട്ടഗോളടിച്ചു. സ്ലാവിയ പ്രാഗിനെ തോൽപ്പിച്ച് അസെർബയ്ജാൻ ക്ലബ് സാബാ ചാന്പ്യൻസ് ലീഗിൽ ആദ്യ ജയം സ്വന്തമാക്കി.









0 comments