രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളത്തിന് ലീഡ്

തിരുവനന്തപുരം: സൗരാഷ്‌ട്രക്കെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് 73 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. 19 റണ്ണെടുക്കുന്നതിനിടെ അവസാനത്തെ അഞ്ച് വിക്കറ്റ് നഷ്‌ടപ്പെട്ട കേരളം മികച്ച ലീഡ് നേടാനുള്ള അവസരം തുലച്ചു. ഒന്നാം ഇന്നിങ്സിൽ 233 റണ്ണിന് പുറത്തായി. സൗരാഷ്‌ട്ര 160 റണ്ണാണ് എടുത്തത്. രണ്ടാം ദിവസം കളി നിർത്തുന്പോൾ സൗരാഷ്‌ട്ര രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് നഷ്‌ടത്തിൽ 47 റണ്ണെടുത്തു. കേരളത്തിന്റെ ലീഡ് 26 റണ്ണായി ചുരുങ്ങി. സ്‌കോർ: സൗരാഷ്‌ട്ര 160, 47/1 കേരളം 233.
രോഹൻ കുന്നുമ്മലും(80) ബാബാ അപരാജിതുമാണ്(69) കേരളത്തിന് ലീഡ് സമ്മാനിച്ചത്. അങ്കിത് ശർമയുടെ 38 റണ്ണും തുണയായി. ക്യാപ്‌റ്റൻ മുഹമ്മദ് അസ്‌ഹറുദീനും വരുൺ നായനാരും റണ്ണെടുക്കാതെ പുറത്തായി. അഹമ്മദ് ഇമ്രാന്റെ സംഭാവന പത്ത് റണ്ണാണ്. സൗരാഷ്ട്രക്കായി ക്യാപ്‌റ്റൻ ജയ്ദേവ് ഉനദ്ഘട്ട് നാല് വിക്കറ്റെടുത്തു.
രണ്ട് വിക്കറ്റിന് 82 റണ്ണെന്ന നിലയിൽ കളി തുടങ്ങിയ കേരളത്തിന് അഹമ്മദ് ഇമ്രാന്റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. സെഞ്ചുറിക്ക് 20 റൺ അകലെ മടങ്ങിയ രോഹൻ 96 പന്തിൽ 12 ഫോറും ഒരു സിക്‌സറുമടിച്ചു. അങ്കിത് ശർമയും ബാബ അപരാജിതും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ലീഡ് ഒരുക്കിയത്. ഇരുവരും ചേർന്ന് 78 റണ്ണടിച്ചു.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ സൗരാഷ്‌ട്രക്ക് ഹാർവിക് ദേശായിയുടെ(5) വിക്കറ്റ് നഷ്ടമായി. എം ഡി നിധീഷിന്റെ പന്തിൽ രോഹൻ കുന്നുമ്മൽ ക്യാച്ചെടുത്തു. ഗജ്ജർ സമ്മാറും(20) ജയ് ഗോഹിലും(22) ക്രീസിലുണ്ട്.








0 comments