ad
Deshabhimani

ആറ്‌ ടീമുകൾ, ആദ്യ ദിനം രണ്ട്‌ കളികൾ; കെസിഎല്ലിന് ഇന്ന് തുടക്കം

KCL 2027 season

ക്യാപ്‌റ്റൻമാരായ സാലി സാംസൺ ( കൊച്ചി ബ്ലൂ ടൈഗേഴ്സ്), വത്സൽ ഗോവിന്ദ് ( കൊല്ലം സെയിലേഴ്‌സ്‌), കൃഷ്ണ പ്രസാദ് ( ട്രിവാൻഡ്രം റോയൽസ്), സച്ചിൻ ബേബി ( ആലപ്പി റിപ്പിൾസ്), എം എസ് അഖിൽ ( തൃശൂർ ടൈറ്റൻസ് ), 
രോഹൻ കുന്നുമ്മൽ (കലിക്കറ്റ് ഗ്ലോബ്സ്റ്റാഴ്‌സ്‌) 
എന്നിവർ വേദിയിൽ

വെബ് ഡെസ്ക്

Published on Aug 20, 2026, 07:21 AM | 1 min read

​തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) മൂന്നാം സീസൺ ഇന്ന്‌ തുടങ്ങും. സെപ്‌തംബർ അഞ്ച് വരെ തിരുവനന്തപുരം കാര്യവട്ടത്തുള്ള ​ഗ്രീൻഫീൽഡ് സ്‌റ്റേഡിയമാണ്‌ വേദി. ഫൈനൽ സെപ്‌തംബർ അഞ്ചിന്‌.


ഉദ്‌ഘാടന മത്സരത്തിൽ ഇന്ന്‌ പകൽ 2.30 ന് കലിക്കറ്റ് ഗ്ലോബ് സ്‌റ്റാഴ്‌സും തൃശൂർ ടൈറ്റൻസും ഏറ്റുമുട്ടും. രാത്രി 7.30-ന് നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സും ഏരീസ് കൊല്ലം സെയ്‌ലേഴ്‌സും തമ്മിലാണ്‌ കളി.


കപ്പിൽ കുറഞ്ഞതൊന്നും ലക്ഷ്യംവയ്‌ക്കുന്നില്ലെന്ന്‌ ആറ്‌ ടീമുകളുടെയും ക്യാപ്‌റ്റൻമാർ പറഞ്ഞു. പുതിയൊരു ടീമിനെ നയിക്കുകയെന്നത് വലിയ വെല്ലുവിളിയാണെങ്കിലും മികച്ച താരനിരയോടെയാണ്‌ ഇറങ്ങുന്നതെന്ന്‌ ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി പറഞ്ഞു. കഴിഞ്ഞ രണ്ട് സീസണിലും സെമിയിൽ കാലിടറിയെങ്കിലും ഇത്തവണ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന്‌ തൃശൂർ ടൈറ്റൻസ് ക്യാപ്റ്റൻ എം എസ് അഖിൽ വ്യക്തമാക്കി.


യുവതാരങ്ങളുടെ ഉ‍ൗർജം കരുത്തേകുമെന്നാണ്‌ കലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിന്റെ പ്രതികരണം. പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഉൾപ്പെടുന്ന മികച്ച ടീമാണൈന്ന്‌ ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദും വ്യക്തമാക്കി. കഴിഞ്ഞ സീസണുകളിൽ ഫൈനൽവരെ എത്താനും കിരീടം നേടാനും കഴിഞ്ഞതിന്റെ മികവ് ഇത്തവണയും ആവർത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഏരീസ് കൊല്ലം സെയിലേഴ്‌സ്‌ നായകൻ വത്സൽ ഗോവിന്ദ് പ്രതികരിച്ചു. എല്ലാ മേഖലകളിലും മികച്ച സന്തുലിതാവസ്ഥയുള്ള ടീമായതിനാൽ ആദ്യ മത്സരം മുതൽ തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സലി സാംസൺ പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home