മൂക്കും ചെവിയും ഇല്ലാത്തവരുടെ നാട്


കെ രാജേന്ദ്രൻ
Published on May 10, 2026, 12:00 AM | 3 min read
കാഠ്മണ്ഡു നഗരഹൃദയത്തിൽനിന്ന് എട്ടു കിലോമീറ്റർ അകലെയാണ് കിർത്തിപുർ. ഒരുകാലത്ത് കിർത്തിപുർ മൂക്കും ചെവിയും ഇല്ലാത്തവരുടെ നാടായിരുന്നു. പിന്നീടിത് ഷാ രാജവംശത്തിന്റെ ആസ്ഥാനമായ നാരായൺ ഹിതി കൊട്ടാരത്തിന്റെ ദിക്കുനോക്കി തുപ്പുന്നവരുടെ നാടായി മാറി. കിർത്തിപുരിന്റെ വടക്കുദിക്കിലാണ്, 240 വർഷക്കാലം നേപ്പാളിനെ അടക്കിവാണിരുന്ന നാരായൺ ഹിതി കൊട്ടാരം. കിർത്തിപുരിലെത്തിയപ്പോൾ ആശയക്കുഴപ്പമായി.
ഏതാണ് വടക്കുദിക്ക്?
കിർത്തിപുരിലെ പുതുതലമുറയ്ക്ക് ഇത്തരം ചോദ്യങ്ങളിൽ ഒട്ടും താൽപ്പര്യമില്ല. നല്ല വിദ്യാഭ്യാസം തേടി എത്രയുംവേഗം നാടുവിടണം. ഗൾഫിലേക്കോ ഇന്ത്യയിലേക്കോ കുടിയേറി എത്രയുംവേഗം നല്ലൊരു ജോലി സമ്പാദിക്കണം. കിർത്തിപുരിന്റെ ചരിത്രം ചോരപുരണ്ടതാണ്. പൃഥ്വി നാരായൺ ഷാ രാജാവ് കിർത്തിപുരിൽ നടത്തിയ പടയോട്ടങ്ങളുടെയും കൂട്ടക്കൊലകളുടെയും ചരിത്രത്തെക്കുറിച്ച് അറിയാവുന്നവർ വളരെ കുറച്ചുപേരേ ഉള്ളൂ. അവരിൽ ഒരാളാണ് നാരങ്ങവിൽപ്പനക്കാരനായ ഗംഗാലാൽ ഷേസ്ത. "ഇവിടെനിന്ന് വടക്കുദിക്കിലാണ് നാരായൺ ഹിതി കൊട്ടാരം. ഞാനും എന്നെപ്പോലുള്ള കുറച്ച് വയോധികരും രാവിലെ എണീറ്റാൽ അരിശം തീർക്കാനായി കൊട്ടാരത്തിന്റെ വടക്കുദിക്ക് നോക്കി തുപ്പാറുണ്ട്.’ ഗംഗാലാൽ നേപ്പാളിലെ നേവാർ ഗോത്രവിഭാഗത്തിൽപ്പെട്ടയാളാണ്. പൃഥ്വി നാരായൺ ഷാ രാജാവ് മൂക്കും ചെവിയും മുറിച്ചുമാറ്റിയവരിൽ ഗംഗാലാലിന്റെ മുതുമുത്തച്ഛനും ഉണ്ടായിരുന്നത്രേ.
കിർത്തിപുർ
ഒളിച്ചോടിയെത്തിയ രാജാവ്
പതിനെട്ടാം നൂറ്റാണ്ടിന്റെ രണ്ടാംഘട്ടം. അന്ന് ഗൂർഖ രാജവംശം ദുർബലമായിരുന്നു. 12–ാംവയസ്സിൽ പൃഥ്വി നാരായൺ ഷാ അധികാരമേറ്റതോടെ ഗൂർഖകളുടെ രജതരേഖ തെളിഞ്ഞു. ഒരിക്കൽ വാരാണസിയിലെത്തിയ രാജാവ് സർക്കാർ അതിഥിമന്ദിരത്തിൽ താമസിച്ചു. വിശന്നപ്പോൾ ഭക്ഷണം വേണമെന്ന് ആജ്ഞാപിച്ചു. ഭക്ഷണം വൈകിയതിൽ ക്ഷുഭിതനായ രാജാവ്, അതിഥിമന്ദിരത്തിലെ ഒരു ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. ക്ഷോഭമടങ്ങിയപ്പോഴാണ് രാജാവിന് സ്വയം ബോധമുണ്ടായത്. താനിപ്പോൾ ജീവിക്കുന്നത് നേപ്പാളിലല്ല, ബ്രിട്ടീഷുകാർ ഭരിക്കുന്ന ഇന്ത്യയിലാണെന്ന്.
പൃഥ്വി നാരായൺ ഒളിവിൽ പോയി. പിടികൂടാനായി ബ്രിട്ടീഷ് പൊലീസ് വലവിരിച്ചു. ഒളിവുജീവിതത്തിനിടയിൽ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽ ഒരു നേപ്പാളി സന്യാസിയെ കണ്ടുമുട്ടി. തന്നെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് താണുകേണപേക്ഷിച്ചു. രക്ഷിച്ചാൽ വിലമതിക്കാനാകാത്ത സമ്മാനം നൽകുമെന്നും ഉറപ്പുനൽകി. സന്യാസി പൃഥ്വി നാരായൺ ഷായെ സന്യാസിവേഷം ധരിപ്പിച്ചു. ബ്രിട്ടീഷ് പൊലീസിന്റെ കണ്ണുവെട്ടിച്ച് അതിർത്തി കടത്തി സുരക്ഷിതമായി പടിഞ്ഞാറൻ നേപ്പാളിലെ പാൽപ്പയിലെത്തിച്ചു. കാലം കുറെ പിന്നിട്ടു. തന്ത്രശാലിയും ശക്തിശാലിയുമായ പൃഥ്വി നാരായൺ ഷാ നേപ്പാൾ മുഴുവൻ പിടിച്ചടക്കി. അനിഷേധ്യനായ രാജാവായി.
ഒരിക്കൽ കൊട്ടാരമുറ്റത്തെ പുൽത്തകിടിയിലൂടെ ഉലാത്തുന്നതിനിടയിൽ ഒരു സന്യാസി രാജാവിനെ കാണാനെത്തി. സന്യാസി സ്വയം പരിചയപ്പെടുത്തി- "മഹാരാജാവേ... അങ്ങയെ പണ്ട് വാരാണസിയിൽനിന്ന് രക്ഷപ്പെടുത്തിയ ആ സന്യാസിയാണ് ഞാൻ. അങ്ങ് അന്ന് വാഗ്ദാനം ചെയ്ത ആ സമ്മാനം വാങ്ങാനായാണ് ഞാൻ മുഖംകാണിക്കാൻ എത്തിയത്.’ പൃഥ്വി നാരായൺ ഷാ കുറെ നേരം പൊട്ടിച്ചിരിച്ചത്രേ. പിന്നാലെ കൊട്ടാരം സൈനികർ സന്യാസിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പഴയ രക്ഷപ്പെടുത്തൽ കഥ പറഞ്ഞ് തന്നെ അവഹേളിക്കില്ലെന്ന ഉറപ്പ് വാങ്ങിയശേഷം സന്യാസിയെ വെറുംകൈയോടെ പാൽപ്പയിലേക്ക് തിരിച്ചയച്ചു.
പ്രതികാരത്തിന്റെ പുതിയ മുഖം
പൃഥ്വി നാരായൺ ഷായെ വളർത്തിയത് കിർത്തിപുരുകാരുടെ കൈപ്പിഴയാണെന്നാണ് ഗംഗാലാലിനെപ്പോലുള്ള പ്രായമേറിയ തദ്ദേശീയർ പറയുന്നത്."ഞങ്ങളുടെ മുൻഗാമികൾ ഒരിക്കൽ പൃഥ്വി നാരായൺ ഷായെ കൈയോടെ പിടികൂടിയതാണ്. രാജവംശത്തിൽപ്പെട്ടവനല്ലേ എന്നു കരുതി വിട്ടയച്ചു. അന്നത്തോടെ തീർത്തിരുന്നെങ്കിൽ ഇന്ത്യയിലേതിനുംമുമ്പ് നേപ്പാളിൽ ജനാധിപത്യം വരുമായിരുന്നു.’ ഹിമാലയ താഴ്‌വരയിൽ, മഞ്ഞുമലകളിൽനിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന മനോഹരമായ ചെറിയൊരു നാട്ടുരാജ്യമായിരുന്നു കിർത്തിപുർ.
നേവാർ ഗോത്രവിഭാഗക്കാരുടെ ആവാസകേന്ദ്രം. 800 വീടുകൾമാത്രമാണ് അന്ന് ഗ്രാമത്തിലുണ്ടായിരുന്നത്. കിർത്തിപുരുകാർ നല്ല പോരാളികളായിരുന്നു. 1736ൽ നാരാഭൂപൽ ഷായുടെയും പിന്നീട് രണ്ടുതവണ മകൻ പൃഥ്വി നാരായൺ ഷായുടെയും നേതൃത്വത്തിൽ ഗൂർഖാലികൾ കിർത്തിപുരിനെ ആക്രമിച്ച് കീഴടക്കാൻ നോക്കി. പക്ഷേ, നേവാറികളുടെ പോരാട്ടവീര്യത്തിനുമുന്നിൽ ആ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
നാരായണ്‍ ഹിതി കൊട്ടാരം
ഒരിക്കൽ പൃഥ്വി നാരായൺ ഷാ രാജാവിനെ കൈയോടെ പിടികൂടി. രാജാവിനെ കൊന്നാൽ ദൈവകോപം ഉണ്ടാകുമെന്നു കരുതി അനുകമ്പയോടെ വെറുതെ വിട്ടു. പക്ഷേ, പൃഥ്വി നാരായൺ ഷാ പിന്മാറാൻ തയ്യാറായില്ല. കിർത്തിപുർ തന്ത്രപ്രധാനപ്രദേശമാണ്. കിർത്തിപുർ പിടിച്ചാൽ കാഠ്മണ്ഡു പിടിക്കാം. പോരാളികളെ ആയുധംകൊണ്ട് കീഴടക്കാനാകില്ലെന്നു കരുതിയ പൃഥ്വി നാരായൺ ഷാ പുതിയ തന്ത്രം പയറ്റി– ഉപരോധം. ഭക്ഷ്യവസ്തുക്കളും അവശ്യസാമഗ്രികളും കിർത്തിപുരിലെത്തുന്നത് തടഞ്ഞു. അതോടെ ജനങ്ങൾ പട്ടിണിയിലായി. പലരും വിശപ്പ് സഹിക്കാനാകാതെ മരിച്ചുവീണു. പോരാളികളുടെ ശൗര്യം ചോർന്നതോടെ പൃഥ്വി നാരായൺ ഷായ്ക്ക് കാര്യങ്ങൾ എളുപ്പമായി. രാജാവ് കിർത്തിപുരിനെ കീഴടക്കി. നാട്ടുകാരെ മുഴുവൻ വരിയായി നിർത്തി. രാജാവ് അനുകമ്പ പ്രകടിപ്പിച്ചു. "ഒരിക്കൽ എന്നെ കൊല്ലാതെ വെറുതെ വിട്ടവരാണ്. നിങ്ങളെ ഞാനും കൊല്ലില്ല.’ ആശ്വാസത്തിന്റെ നെടുവീർപ്പിട്ടവർക്ക് പിഴച്ചു. മരണത്തേക്കാൾ വലിയ ശിക്ഷയാണ് കിർത്തിപുരുകാർക്ക് നൽകിയത്.
13 വയസ്സിനുമുകളിലുള്ള എല്ലാവരുടെയും മൂക്കും ചെവിയും ഛേദിച്ചു. അവയെല്ലാം ഗ്രാമത്തിലെ ഒരു പാറയ്ക്കുതാഴെ കുഴിച്ചിട്ടു. 865 പേരുടെ മൂക്കും ചെവികളും മുറിച്ചെടുത്തതായി നേപ്പാളി ചരിത്രകാരനായ കുമാർ പ്രധാൻ എഴുതിയ "ഗൂർഖ കോൺക്വസ്റ്റ്’ എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ചെറുതും വലുതുമായ നാട്ടുരാജ്യങ്ങളെയെല്ലാം കീഴടക്കി പൃഥ്വി നാരായൺ ഷാ നേപ്പാൾ എന്ന രാജ്യം രൂപീകരിച്ചു. നേരിട്ടും ജനാധിപത്യം എന്ന ഓമനപ്പേരിൽ പാവസർക്കാരുകളെ വാഴിച്ചും ഷാ രാജവംശം 240 വർഷം നേപ്പാൾ അടക്കിവാണു.
ആ കാലഘട്ടം മുഴുവൻ രാജഭരണം അവസാനിപ്പിച്ച്, സമ്പൂർണ ജനാധിപത്യം വേണമെന്ന ആവശ്യവുമായി കിർത്തിപുരിലെ ജനങ്ങൾ സമരം ചെയ്തിരുന്നു. ജനാധിപത്യത്തിനായുള്ള പ്രക്ഷോഭങ്ങൾക്കുമുന്നിൽ തലകുനിച്ച്, കിരീടവും ചെങ്കോലും താഴെവച്ച് 2008ന് ഗ്യാനേന്ദ്ര രാജാവ് നാരായൺ ഹിതി കൊട്ടാരത്തിൽനിന്ന് പടിയിറങ്ങി. അന്ന് മധുരം കഴിച്ചും പടക്കം പൊട്ടിച്ചുമാണ് കിർത്തിപുരുകാർ,നൂറ്റാണ്ടുകൾക്കുമുമ്പ് മുൻഗാമികളുടെ മൂക്കും ചെവിയും മുറിച്ചവരുടെ പതനം ആഘോഷിച്ചത്.
സഞ്ചാരികളും ചരിത്രകാരന്മാരും ഗവേഷകരും ഇന്ന് കിർത്തിപുരിലെത്താറുണ്ട്. പൃഥ്വി നാരായൺ ഷായുടെ നേതൃത്വത്തിലുള്ള ഗൂർഖ പട്ടാളം ഗ്രാമത്തിലെത്തിയ കവാടവും കിർത്തിപുരുകാർ ചെറുത്തുനിന്ന പ്രദേശവും ഉമാമഹേശ്വർ, ബാഗ് ഭാരിരാഭ് തുടങ്ങിയ ക്ഷേത്രങ്ങളും രാജഭരണത്തിന്റെ ക്രൂരതകളെക്കുറിച്ച് സസൂക്ഷ്മം വാചാലരാകുന്ന ഗംഗാലാൽ ഷേസ്തയെപ്പോലുള്ള കുറെ മുത്തച്ഛന്മാരെയും ഇവിടെ കാണാം. രാജാധിപത്യം തിരികെവരുമോ എന്ന ആശങ്ക പുതിയ തലമുറയ്ക്കുണ്ട്. എന്നാൽ, മുതിർന്നവർക്ക് അത്തരമൊരു ആശങ്ക ഒട്ടുമില്ല. അതിന്റെ കാരണം ഗംഗാലാൽ ഷേസ്ത പറയുന്നതിങ്ങനെ:- "മൂക്കും ചെവിയും ഇല്ലാത്തവരായി ജീവിക്കാൻ ആരും ആഗ്രഹിക്കുന്നില്ല.’










0 comments