25 October Friday

മൃത്യുപൂജയില്‍ നിന്ന് മര്‍ത്യപൂജയിലേക്ക്

ഡോ. കെ എസ് രവികുമാര്‍Updated: Sunday Aug 21, 2016

അയ്യപ്പപ്പണിക്കര്‍ അന്തരിച്ചിട്ട് ഒരു പതിറ്റാണ്ടാകുന്നു. മലയാളകവിതയില്‍ വലിയ മാറ്റംവരുത്തിയ കവിമാത്രമായിരുന്നില്ല അദ്ദേഹം. വൈവിധ്യമാര്‍ന്ന സംഭാവനകള്‍കൊണ്ടും സന്ദര്‍ഭോചിതമായ ഇടപെടലുകള്‍കൊണ്ടും മലയാളസാഹിത്യത്തെ നിരന്തരം നവീകരിക്കുകയും പോഷിപ്പിക്കുകയുംചെയ്ത, ഏതെങ്കിലും ഒരു കള്ളിയില്‍ ഒതുങ്ങാത്ത, സാംസ്കാരിക പ്രതിഭാസമായിരുന്നു അയ്യപ്പപ്പണിക്കര്‍.

മലയാളസാഹിത്യരംഗത്ത് 1950കളുടെ തുടക്കംമുതല്‍ അയ്യപ്പപ്പണിക്കരുടെ സാന്നിധ്യമുണ്ട്. താന്‍ കവിതയെഴുതിത്തുടങ്ങിയ കാലത്ത് നിലനിന്നിരുന്ന രീതികളെ മാറ്റിപ്പണിയാന്‍ അക്കാലംമുതല്‍ അദ്ദേഹം ശ്രമിച്ചു. പാശ്ചാത്യസാഹിത്യത്തിലെ ആധുനികകവിതാപരിചയം അതിനു വഴികാട്ടിയായി. ഒപ്പം മലയാളത്തില്‍ പുതിയ രീതിയിലുള്ള കവിതയ്ക്ക് അംഗീകാരം ലഭിക്കാന്‍വേണ്ട ആശയാന്തരീക്ഷം രൂപപ്പെടുത്താനും അയ്യപ്പപ്പണിക്കര്‍ ശ്രമിച്ചു. പുതിയ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന ഉള്‍ക്കാമ്പുള്ള ലേഖനങ്ങളിലൂടെയാണ് അത് നിര്‍വഹിച്ചത്.

കുരുക്ഷേത്രം’(1960) എന്ന കവിതയോടെയാണ് അയ്യപ്പപ്പണിക്കര്‍ എന്ന കവി മലയാളകവിതാരംഗത്ത് സജീവ ചര്‍ച്ചാവിഷയമായത്. ആ കവിത, അന്നുവരെയുണ്ടായിരുന്ന മലയാളകവിതയുടെ പൊതുരീതിയില്‍നിന്ന് പ്രമേയത്തിലും ശില്‍പ്പഘടനയിലും ഭിന്നമായിരുന്നു. കുരുക്ഷേത്രം’മലയാളകാവ്യരംഗത്ത് അനായാസം സ്വീകരിക്കപ്പെട്ടില്ല. ദുര്‍ഗ്രഹമെന്ന പ്രതീതിയുളവാക്കിയ ശില്‍പ്പവും ഘടനയുമായിരുന്നു ആ കവിതയ്ക്ക്. എന്നാല്‍, അതിലെ കാഴ്ചപ്പാടുകള്‍ക്ക് ലോകാവസ്ഥയോട് വിമര്‍ശനാത്മകമായി പ്രതികരിക്കുന്ന സ്വഭാവമുണ്ടായിരുന്നു; ചിലപ്പോഴൊക്കെ അതില്‍ ഒരു പ്രവചനസ്വരവും മുഴങ്ങി.

തുടര്‍ന്നുള്ള പതിറ്റാണ്ടില്‍ മലയാളകവിതയിലെ ആധുനികതാപ്രസ്ഥാനത്തിന്റെ ഉച്ചാവസ്ഥയെ പ്രതിനിധാനംചെയ്യുന്ന മൃത്യുപൂജ’(1963), പ്രിയതമേ പ്രഭാതമേ’(1965), അഗ്നിപൂജ’(1966), ‘കുടുംബപുരാണം’(1968) തുടങ്ങിയ കാവ്യചരിത്രത്തില്‍ ഇടംപിടിച്ച കവിതകള്‍ അദ്ദേഹം എഴുതി. ആധുനികതാപ്രസ്ഥാനത്തിന്റെ പ്രിയപ്രമേയങ്ങളായ മരണാഭിരതിയോടും അസ്തിത്വവ്യഥയോടും ഒക്കെ ഇതിലെ പല കവിതകള്‍ക്കും ആശയബന്ധമുണ്ടായിരുന്നു. ഒപ്പം അവയില്‍ സാമൂഹികവിമര്‍ശനത്തിന്റെ സ്വരവും മുഴങ്ങിയിരുന്നു. ഇരുണ്ട ഹാസ്യത്തിന്റെ (Black humour) സ്പര്‍ശം ആ രചനകളെ വ്യത്യസ്തമാക്കി.

അയ്യപ്പപ്പണിക്കരുടെ കവിത 1970കളോടെ വീണ്ടും പരിവര്‍ത്തനവിധേയമായി. രചനാപരമായ സ്വാതന്ത്യ്രത്തിന്റെ വഴികളിലേക്ക് അത് മുന്നേറി. കവിതയെക്കുറിച്ച് അക്കാലത്ത് നിലനിന്നിരുന്ന സങ്കല്‍പ്പങ്ങളെ അതിവര്‍ത്തിച്ച് വൃത്തവ്യവസ്ഥ, ഏകാഗ്രത, ഘടനാപരമായ സമഗ്രത തുടങ്ങിയ വളയങ്ങളെ ഭേദിച്ച് അത് പുറത്തുചാടി. അത്തരം രചനകളില്‍ ചിലത് ബാലിശമായ കൌതുകങ്ങള്‍മാത്രമായി ഒടുങ്ങി. ചില രചനകള്‍ രൂക്ഷവിമര്‍ശനംകൊണ്ട് സമൂഹമനഃസാക്ഷിയെ നേരിട്ടു. പലപ്പോഴും കാവ്യരചനയെ സംബന്ധിച്ച സ്ഥിരധാരണകളെ അവ പിടിച്ചുകുലുക്കി. വിദൂഷകന്റെ ചിരിയും ജീവിതവിമര്‍ശകന്റെ നിരീക്ഷണങ്ങളും ദാര്‍ശനികന്റെ ചിന്തകളും അവയില്‍ ഇടകലര്‍ന്നു. കുഞ്ചന്‍നമ്പ്യാരുടെ പാരമ്പര്യത്തില്‍നിന്ന് നാട്ടുമൊഴിവഴക്കങ്ങളുടെ സാധ്യതകളും സമകാലിക ലോകകവിതയില്‍നിന്ന് പരീക്ഷണകൌതുകങ്ങളും അയ്യപ്പപ്പണിക്കര്‍ സ്വന്തം കവിതയില്‍ സമന്വയിപ്പിച്ചു.

എഴുപതുകളുടെ മധ്യത്തോടെ അയ്യപ്പപ്പണിക്കരുടെ കവിത, മുമ്പില്ലാത്തവിധം രാഷ്ട്രീയധ്വനികള്‍ പ്രകടിപ്പിച്ചു. അടിയന്തരാവസ്ഥയില്‍ എഴുതിയ കടുക്ക’(1976), മോഷണം’(1976), സമാചാരം’ (1976) തുടങ്ങിയ കാര്‍ട്ടൂണ്‍ കവിതകള്‍ അവയിലെ പ്രച്ഛന്നവിമര്‍ശനംകൊണ്ട് ആ രാഷ്ട്രീയാവസ്ഥയോട് പ്രതികരിച്ചു. എണ്‍പതുകളുടെ തുടക്കത്തില്‍ സൈലന്റ്വാലി സംരക്ഷണത്തിനുവേണ്ടി കവികള്‍ മുന്നിട്ടിറങ്ങിയ കാലത്ത്, അയ്യപ്പപ്പണിക്കര്‍ കാടെവിടെ മക്കളെ’(1983) പോലെയുള്ള രചനകളുമായി  ആ മുന്നേറ്റത്തില്‍ അണിചേര്‍ന്നു. ഈ കാലയളവിലെ അദ്ദേഹത്തിന്റെ മിക്കവാറും കവിതകള്‍ സാമൂഹികവിമര്‍ശനത്തിന്റെ വൈവിധ്യമാര്‍ന്ന സാധ്യതകള്‍ ആവിഷ്കരിച്ചു. മര്‍ത്യപൂജ’(1985)യിലൂടെ തന്റെ മാനവദര്‍ശനം അദ്ദേഹം ഈകാലത്ത് അവതരിപ്പിക്കുകയും ചെയ്തു.

ഈ രീതിയിലുള്ള രചനകള്‍ക്കിടയില്‍ത്തന്നെയാണ് അദ്ദേഹം ‘ഗോത്രയാനം’(1989) എന്ന ഇതിഹാസഘടനയുള്ള കവിത എഴുതിയത്. അതില്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ മനുഷ്യവംശമഹാഗാഥ പാടാനാണ് അദ്ദേഹം ശ്രമിച്ചത്. തന്റെ ഏറ്റവും മികച്ച കവിതയായി അയ്യപ്പപ്പണിക്കര്‍ കരുതിപ്പോന്നത് ഗോത്രയാനത്തെയാണ് എന്നുതോന്നുന്നു. അത് ഗൃഹസദസ്സുകളില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം അക്കാലത്ത് താല്‍പ്പര്യപ്പെട്ടു.

നിരന്തരം സ്വയം പുതുക്കുക എന്നതായിരുന്നു കവിതയില്‍ അയ്യപ്പപ്പണിക്കരുടെ രീതി. അതിനുവേണ്ടിയുള്ള ശ്രമത്തിനിടയില്‍ ചിലപ്പോഴത് കവിതയുടെ വഴിയില്‍നിന്ന് മാറി, ആഖ്യാനങ്ങളുടെ രീതിയിലേക്ക് പകര്‍ന്നാടി. അപ്പോഴൊക്കെയും രചനാരംഗത്ത് നിലനിന്നിരുന്ന വ്യവസ്ഥാപിതത്വത്തെ മറികടക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ഈ സമീപനം പുലര്‍ത്തിയ രചനകളിലൂടെ ജീവിതാന്ത്യംവരെയും സ്വയംവരച്ച കളത്തില്‍ ഒതുങ്ങാത്ത ഒരു സര്‍ഗാത്മകവ്യക്തിത്വമായി നിരന്തരം പരിണമിക്കാന്‍ അയ്യപ്പപ്പണിക്കര്‍ക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ കാവ്യജീവിതചരിത്രത്തെ മൃത്യുപൂജയില്‍നിന്ന് മര്‍ത്യപൂജയിലേക്ക് ഒരു യാത്ര എന്ന് വിശേഷിപ്പിക്കാമെന്നുതോന്നുന്നു.

അയ്യപ്പപ്പണിക്കരുടെ സാംസ്കാരികവ്യക്തിത്വത്തിന്റെ ഒരുമുഖം മാത്രമായിരുന്നു കവി. അദ്ദേഹം സാഹിത്യ– സാംസ്കാരിക വിഷയങ്ങളെക്കുറിച്ച് നിരന്തരം പഠനങ്ങള്‍ എഴുതി. പുതിയ കവിതയ്ക്കും പുതിയ സാഹിത്യത്തിനും പുതിയ കലയ്ക്കുംവേണ്ടിയുള്ള അന്തരീക്ഷസൃഷ്ടി നടത്തി. അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍’ എന്ന ഗ്രന്ഥപരമ്പരയില്‍ അത്തരം ലേഖനങ്ങള്‍ സഞ്ചയിച്ചു. കവിതയ്ക്കുവേണ്ടി കേരളകവിത’എന്ന ആനുകാലികം നടത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. അതിലൂടെ പല തലമുറയില്‍പ്പെട്ട കവികളെ അവതരിപ്പിച്ചു; യുവകവികളെ കലവറയില്ലാതെ പ്രോത്സാഹിപ്പിച്ചു. ശിഷ്യര്‍ക്ക് അതീവം ആദരണീയനായ അധ്യാപകനായിരുന്നു അയ്യപ്പപ്പണിക്കര്‍. സാഹിത്യത്തിലെയും സംസ്കാരികരംഗത്തെയും പുതിയ പ്രവണതകളെ പരിപോഷിപ്പിച്ച ക്രാന്തദര്‍ശിയായ ചിന്തകനും സാഹിത്യകൃതികളുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന സൂക്ഷ്മദൃക്കായ നിരൂപകനുമായിരുന്നു അദ്ദേഹം. ഷേക്സ്പിയര്‍ കൃതികള്‍ ഉള്‍പ്പെടെ നിരവധി ലോകക്ളാസിക്കുകളെ മലയാളത്തിലെത്തിക്കാന്‍ വേണ്ടിയുള്ള വിവര്‍ത്തനസംരംഭങ്ങളുടെ മാര്‍ഗദര്‍ശിയുമായി അദ്ദേഹം. കേരളസംസ്കാരത്തെയും മലയാളസാഹിത്യത്തെയും ഇംഗ്ളീഷിലൂടെ പുറംലോകത്തിന് പരിചയപ്പെടുത്തിക്കൊടുത്ത പല പദ്ധതികളുടെയും സംവിധായകനും പുതിയ എഴുത്തുകാരുടെ വളര്‍ച്ചയ്ക്ക് വഴിതെളിച്ച നവഭാവുകത്വത്തിന്റെ അന്തരീക്ഷസ്രഷ്ടാവുമായിരുന്നു അയ്യപ്പപ്പണിക്കര്‍. 

താന്‍ ആര്‍ജിച്ച അടിയുറച്ച പാണ്ഡിത്യത്തിന്റെയും ഗൌരവമുള്ള ചിന്തയുടെയും ആഴമുള്ള ജീവിതാവബോധത്തിന്റെയും ഘനഭാരം ഒട്ടും തോന്നാത്ത വിധത്തില്‍ പ്രസന്നവും സ്നേഹനിര്‍ഭരവുമായ വ്യക്തിത്വമായിരുന്നു, നേരിട്ടു പരിചയമുള്ളവരെ സംബന്ധിച്ചിടത്തോളം അയ്യപ്പപ്പണിക്കര്‍. ഭാഷാവൈചിത്യ്രം തിളങ്ങുന്ന നര്‍മോക്തികള്‍കൊണ്ട്, ചുറ്റുമുള്ളവരെയും തന്നെത്തന്നെയും നിരന്തരം കളിയാക്കുകയും വിമര്‍ശിക്കുകയും വിചാരണ ചെയ്യുകയും ചെയ്തു അദ്ദേഹം. രോഗാതുരനായി മരണാസന്നനായിക്കഴിഞ്ഞപ്പോള്‍, താന്‍ ഇപ്പോള്‍ അയ്യപ്പപ്പണിക്കര്‍ അല്ല വയ്യപ്പപ്പണിക്കര്‍’ ആണെന്നു പറയാനുള്ള നിസ്സംഗതയും അദ്ദേഹത്തിനുണ്ടായിരുന്നു.

ഇരുപതാംനൂറ്റാണ്ടിന്റെ മധ്യംമുതല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കംവരെയുള്ള കാലത്തെ മലയാളസാഹിത്യത്തിനും സാംസ്കാരികലോകത്തിനും അയ്യപ്പപ്പണിക്കര്‍ നല്‍കിയ സംഭാവനകള്‍ ബഹുതലസ്പര്‍ശിയും ഈടുറ്റവയുമായിരുന്നു. ഈ യാഥാര്‍ഥ്യം ഇപ്പോള്‍, അദ്ദേഹത്തിന്റെ അഭാവത്തില്‍ നമുക്ക് കൂടുതല്‍ കൂടുതല്‍ ബോധ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

(ഡോ. കെ അയ്യപ്പപ്പണിക്കര്‍ 2006
ആഗസ്ത് 23നാണ് അന്തരിച്ചത്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top