26 September Monday

കാവാരികുളം കണ്ടന്‍ കുമാരനും ദളിത് പ്രശ്നവും

ഡോ. ഇടയ്‌ക്കാട് മോഹന്‍Updated: Sunday Oct 13, 2019

ചരിത്രം, രാഷ്ട്രീയം, സംസ്‌കാരം എന്നീ മേഖലകളിലെ ശക്തമായ സമകാലിക ദളിത് മുന്നേറ്റങ്ങള്‍ക്ക് ആശയപരമായ ദാര്‍ഢ്യം പകരാന്‍ ഈ പുസ്‌തകം ഉപകരിക്കും

അയിത്തംകൊണ്ടും അടിമത്തംകൊണ്ടും അദൃശ്യരാക്കി നിർത്തിയ ദളിതരുടെ വിമോചനപ്പോരാട്ടങ്ങളെ മേലാള ചരിത്രരചനാ പദ്ധതി ബഹിഷ്‌കരിക്കുകയാണുണ്ടായത്. കീഴാള ചരിത്രാഖ്യാനങ്ങളിലൂടെ ആ പോരാട്ടങ്ങളും അവയുടെ നേതാക്കളും പ്രഭാവത്തോടെ ചരിത്രത്തിലേക്കു മടങ്ങിവരികയാണിപ്പോൾ. അത്തരമൊരു വീണ്ടെടുക്കലിന്റെ ധർമമാണ് പ്രൊഫ. എസ് കൊച്ചുകുഞ്ഞ് രചിച്ച കാവാരികുളം കണ്ടൻകുമാരൻ: ഒരു ചരിത്രപഠനം എന്ന കൃതി നിർവഹിക്കുന്നത്. ചരിത്രാധ്യാപകനായിരുന്ന ഗ്രന്ഥകാരൻ, നവോത്ഥാന നായകനായ കാവാരികുളം കണ്ടൻ കുമാരനെ മുൻനിർത്തിയാണ്‌ കേരളത്തിലെ ദളിത് പ്രശ്നത്തെ അഭിസംബോധന ചെയ്യുന്നത്‌.  വിമർശനാത്മക ചരിത്രവിശകലന രീതിയിലൂടെ മലയാളത്തിലെ കീഴാള ചരിത്രസാഹിത്യത്തെ സമ്പന്നമാക്കുന്നു ഈ കൃതി. 

കേരള നവോത്ഥാനത്തിന്റെ സാമ്പത്തികവശങ്ങൾക്കു കൊടുക്കുന്ന ഊന്നലാണ് പ്രൊഫ. എസ് കൊച്ചുകുഞ്ഞിന്റെ അന്വേഷണത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. അടിമത്തത്തിൽനിന്നുള്ള വിമോചനത്തോടൊപ്പം അന്നത്തെ ഭൂകേന്ദ്രിതമായ സാമ്പത്തിക ജീവിതത്തിന്റെ മറ്റു മുഖ്യപ്രശ്നങ്ങളായ  ഭൂമിയില്ലായ്‌മയും കൂലിയില്ലായ്‌മയും ഉന്നയിക്കാൻ ദളിത് നവോത്ഥാന നായകർ മാത്രമാണ് തയ്യാറായത് എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

  അനേകം ഉന്നത വ്യക്തിത്വങ്ങളെ സംഭാവന ചെയ്യാൻ കഴിഞ്ഞെങ്കിലും  സാമൂഹ്യമായി ദളിതരുടെ കർതൃശേഷി  ഉയരാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഉൽപ്പാദനോപാധി എന്നനിലയിൽ ഭൂമിയുടെ ഉടമസ്ഥത അവർക്കില്ലാതെ പോയതാണ്. ഒരുകാലത്ത് അടിമപ്പണി ചെയ്‌ത്‌ മണ്ണിനെ പൊന്നാക്കി ഫ്യൂഡൽ പത്തായപ്പുരകൾ നിറച്ച അധഃസ്ഥിതർക്കെങ്ങനെ ചരിത്രത്തിന്റെ കൃതജ്ഞതപോലും നിഷേധിക്കപ്പെട്ടുവെന്ന് പുസ്‌തകം പരിശോധിക്കുന്നു. 
 
സർക്കാർ ഉദ്യോഗ അവകാശത്തിനുവേണ്ടിയുള്ള മലയാളി–-ഈഴവ മെമ്മോറിയലുകളിലും രാഷ്ട്രീയാധികാര പങ്കാളിത്തത്തിനും സർക്കാർ ജോലിക്കുംവേണ്ടിയുള്ള നിവർത്തനപ്രസ്ഥാനത്തിലും ദളിതരുടെ പ്രശ്നങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്ന്‌ ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. ‘നിവർത്തന പ്രസ്ഥാനാനന്തരം രൂപംകൊണ്ട രാഷ്ട്രീയ പ്രസ്ഥാനങ്ങളോട് പ്രത്യേകിച്ച്‌ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് അധഃസ്ഥിതർ മുഖംതിരിച്ചു നിന്നിരുന്നെങ്കിൽ കേരളത്തിലെ അധഃസ്ഥിതരുടെ സാമൂഹികാവസ്ഥ ഉത്തരേന്ത്യൻ അധഃസ്ഥിതരുടേതിൽനിന്ന് ഒട്ടും വ്യത്യസ്‌തമാകുമായിരുന്നില്ല' എന്ന  നിരീക്ഷണം പ്രസക്തം.
 
1863 ഒക്ടോബർ 25-നു തിരുവല്ലയ്‌ക്കടുത്ത്‌  മല്ലപ്പള്ളി പെരുമ്പള്ളിയിൽ ജനിച്ച കണ്ടൻ കുമാരൻ ബ്രഹ്മപ്രത്യക്ഷ സാധുജന പരിപാലന പറയർ സംഘം എന്ന സംഘടന സ്ഥാപിച്ചുകൊണ്ടാണ് സാമുദായിക പരിഷ്‌കരണ പ്രവർത്തനങ്ങളിൽ ഇടപെട്ടത്.  സമുദായാംഗങ്ങൾക്ക് ‘ഭൂമിയും, വിദ്യാഭ്യാസവും, സർക്കാർ ജോലിയും' ആയിരുന്നു  ലക്ഷ്യം. ഭജനമഠങ്ങൾ എന്ന ആഴ്‌ചക്കൂട്ടായ്‌മ നിശാപാഠശാലകളായി മാറ്റുകയും പരിഷ്‌കൃത ജീവിതത്തെപ്പറ്റി സമുദായാംഗങ്ങളെ പഠിപ്പിക്കുകയും ചെയ്‌തു. സംഘടനാ പ്രവർത്തനത്തിൽ വ്യക്തിശാക്തീകരണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം ധ്യാനംകൊണ്ട്‌ മനസ്സും കായികാഭ്യാസംകൊണ്ട്‌ ശരീരവും ദൃഢപ്പെടുത്താനാണ് അണികളോട് ആഹ്വാനംചെയ്‌തത്. 52 ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചു പ്രവർത്തിപ്പിക്കുക മാത്രമല്ല സ്വന്തം സമുദായത്തിലെ കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയെടുക്കാനും അദ്ദേഹം പരിശ്രമിച്ചു.
 
ചരിത്രം, രാഷ്ട്രീയം, സംസ്‌കാരം എന്നീ മേഖലകളിലെ ശക്തമായ സമകാലിക ദളിത് മുന്നറ്റങ്ങൾക്ക് ആശയപരമായ ദാർഢ്യം പകരാൻ ഈ പുസ്തകം ഉപകരിക്കും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസാധനം ചെയ്‌ത 98 പുറമുള്ള ഈ കൃതിക്ക് പ്രൗഢമായ അവതാരിക എഴുതിയിരിക്കുന്നത് കൊല്ലം ശ്രീനാരായണ കോളേജിലെ മുൻ ഇംഗ്ലിഷ് അധ്യാപകൻ പ്രൊഫ. കെ ജയരാജനാണ്. ചെറുത്തുനിൽപ്പിന്റെയും അതിജീവനത്തിന്റെയും പുസ്‌തകമെന്ന് അദ്ദേഹം വിലയിരുത്തുന്ന ഈ കൃതി വായിക്കാൻ മാത്രമല്ല പഠിക്കാനുമുള്ളതാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top