24 October Thursday

ദിവസം 100 രൂപ; ഹോട്ടലുകൾക്ക്‌ ഫുഡോയെസിന്റെ ഉറപ്പ്‌

ശ്രീരാജ്‌ ഓണക്കൂർUpdated: Monday Aug 23, 2021

അനു കൃഷ്‌ണനും മനു കൃഷ്‌ണനും


കൊച്ചി
ഭക്ഷണത്തിനായി ഒരു സോഷ്യൽ മീഡിയ ആപ്. വയനാട്‌ സുൽത്താൻബത്തേരി സ്വദേശികളും സഹോദരങ്ങളുമായ അനു കൃഷ്ണനും മനു കൃഷ്ണനുമാണ്‌ ഈ ആപ്പിനുപിന്നിൽ. രാജ്യാന്തര ഓൺലൈൻ ഭക്ഷണവിതരണ കമ്പനികൾക്ക്‌ വെല്ലുവിളിയാകുകയാണ്‌ ഇവരുടെ ഫുഡോയെസ് (foodoyes) എന്ന ആപ്. ഹോട്ടൽ ഉടമകളിൽനിന്ന്‌ ഓരോ ഓർഡറിനും 10 മുതൽ 40 ശതമാനംവരെ കമീഷൻ വാങ്ങുന്ന ഓൺലൈൻ കമ്പനികളിൽനിന്ന്‌ വ്യത്യസ്‌തരാണ്‌ ഫുഡോയെസ്‌.

ഫുഡോയെസിൽ ലിസ്‌റ്റ്‌ ചെയ്യാൻ ദിവസം 100 രൂപ നൽകിയാൽ മതി. ദിവസം 10 ഓർഡറുകളിൽ താഴെമാത്രമാണുള്ളതെങ്കിൽ 50 രൂപ. ഓർഡർ ലഭിച്ചില്ലെങ്കിൽ പൈസ നൽകേണ്ട. എറണാകുളം നഗരത്തിലെ ഇരുപത്തഞ്ചോളം റസ്‌റ്റോറന്റുകൾ ഫുഡോയെസിനുകീഴിൽ അണിനിരന്നിട്ടുണ്ട്‌. കാസർകോട്‌, മലപ്പുറം, ‌തൃശൂർ, വയനാട്‌ ജില്ലകളിലെ ഹോട്ടലുകളുമായി ഫുഡോയെസ്‌ കൈകോർത്തുവരുന്നു.

നാലരവർഷംമുമ്പ്‌ ബംഗളൂരുവിൽ എക്സ്‌പർട്‌ ക്യൂബ്‌ എന്ന കുവൈറ്റ്‌ കമ്പനിയിലായിരുന്നു അനു കൃഷ്‌ണന്‌ ജോലി. അന്ന്‌ ഒരു വിദേശ ഓൺലൈൻ ഭക്ഷണവിതരണ കമ്പനിവഴി ബിരിയാണി വാങ്ങി. വൻ വില നൽകിയെങ്കിലും അളവിലും ഗുണത്തിലും കുറവുണ്ടായിരുന്നു. ഈ സംഭവമാണ്‌ ഫുഡോയെസിന്‌ ജന്മം നൽകിയത്‌. 

സാധാരണക്കാരന്‌ കീശ കീറാതെ ഓൺലൈൻ ഭക്ഷണം ലഭ്യമാക്കലാണ്‌ ലക്ഷ്യമെന്ന്‌ സഹോദരങ്ങൾ പറയുന്നു. ഹോട്ടലിൽ വിൽക്കുന്ന അതേ വിലയ്‌ക്ക്‌ ഭക്ഷണമെത്തിക്കാൻ ഫുഡോയെസിനാകുമെന്ന്‌ ഇരുവരും പറയുന്നു. വിതരണചാർജ്‌ മാത്രമാണ്‌ അധികം ഈടാക്കുക. വിതരണക്കാർ ‘ക്വിക്കർ’ കമ്പനിയാണ്‌. മൂന്നു കിലോമീറ്റർ ചുറ്റളവിൽ 20 രൂപയാണ്‌ വിതരണചാർജ്‌. തുടർന്നുള്ള ഓരോ കിലോമീറ്ററിനും 10 രൂപവീതം നൽകണം. ആൻഡ്രോയ്‌ഡിലും ഐഒഎസിലും ഫുഡോയെസ് ആപ്‌ ഉപയോഗിക്കാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top